Skip to main content

മുഹമ്മദ് ഖുത്വുബ്

1919 ഏപ്രില്‍ 26ന് ഈജിപ്തിലെ അസ്‌യൂത്ത് പ്രവിശ്യയില്‍ മോശ എന്ന ഗ്രാമത്തില്‍ മുഹമ്മദ് ഖുത്വുബ് ജനിച്ചു. പിതാവ് ഖുത്വുബ് ഇബ്‌റാഹീം കര്‍ഷകനായിരുന്നു, മാതാവ് ഫാത്വിമ ഉസ്മാന്‍ വൈജ്ഞാനിക പാരമ്പര്യമുള്ള ഒരു  കുടുംബത്തിലെ അംഗവും. പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ സയ്യിദ് ഖുത്വുബ് അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരനായിരുന്നു.

1940ല്‍ മുഹമ്മദ് ഖുത്വുബ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. വിദ്യാഭ്യാസ മനഃശാസ്ത്ര വിഷയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. പിന്നെ നാല്‌വര്‍ഷം അധ്യാപകനായി ജോലി നോക്കി. അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരിഭാഷകനായും ജോലി നോക്കി.

1952 മുതല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെട്ടു. 1954ല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെതിരെ നടപടിയുടെ ഭാഗമായി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്തു. അതില്‍ ഖുത്വുബ് സഹോദരന്‍മാരും ഉണ്ടായിരുന്നു. സയ്യിദ് ഖുത്വുബിന്റെ സഹോദരനായി എന്നത് മാത്രമായിരുന്നു കുറ്റം. ജയില്‍ ജീവിതം അദ്ദേഹത്തെ കര്‍മ്മധീരനാക്കി. ഖുത്വുബ് കുടുംബം മുഴുവന്‍ തടവറയിലെ പീഡനങ്ങള്‍ക്കും ക്രൂരമര്‍ദനങ്ങള്‍ക്കും ഇരയായി. സയ്യിദ് ഖുത്വുബിനെ തൂക്കിലേറ്റി. 

ജയില്‍ മോചിതനായ ശേഷം മുഹമ്മദ് ഖുത്വുബ് കൈറോ വിട്ടു. പിന്നീട് രണ്ടു വര്‍ഷത്തോളം ബനീസുഹൈഫ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. 1972ല്‍ മുഹമ്മദ് ഖുത്വുബ് സുഊദി അറേബ്യയിലേക്ക് പോയി. തുടര്‍ന്ന് മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ ശരീഅത്ത് കോളജില്‍ ദീര്‍ഘകാലം ജോലി നോക്കുകയും ചെയ്തു. പിന്നീട് ജിദ്ദയിലെ കിംഗ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയിലേക്ക് മാറി. 

തുടര്‍ന്നുള്ള ജീവിതകാലം വൈജ്ഞാനിക പ്രബോധന മേഖലകളായിരുന്നു. സുഊദിയിലെ പണ്ഡിതന്‍മാര്‍ക്ക് അദ്ദേഹത്തോട് ആദരവായിരുന്നു. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ തൗഹീദ് വിഷയകമായി പാഠപുസ്തക രചന അദ്ദേഹത്തെ ഏല്‍പ്പിച്ചതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. 1938ലെ ഫൈസല്‍ അവാര്‍ഡ് നല്‍കി സുഊദി ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു.  

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 2014 ഏപ്രില്‍ നാലിന് അദ്ദേഹം ദിവംഗതനായി. 

കൃതികള്‍:
 
അല്‍ ഇന്‍സാന്‍ ബൈനല്‍ മാദ്ദിയ്യതിവല്‍ ഇസ്‌ലാം (മനുഷ്യന്‍ ഭൗതികതക്കും ഇസ്‌ലാമിനും മധ്യേ), മന്‍ഹജുത്തര്‍ബിയതില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക ശിക്ഷണരീതി), ജാഹിലിയ്യത്തുല്‍ ഖര്‍നില്‍ ഇശ്‌രീന്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അന്ധകാരം) അത്തത്വവ്വറു വസ്സുബാതു ഫീ ഹയാത്തില്‍ ബശരിയ്യ (മനുഷ്യ ജീവിതത്തിലെ പരിവര്‍ത്തനവും സ്ഥിരതയും), അല്‍ മദാഹിബുല്‍ ഫിക്‌രിയ്യ അല്‍ മുആസിറ (സമകാലിക ചിന്താ പ്രസ്ഥാനങ്ങള്‍), ശുബ്ഹാതുന്‍ ഹൗലല്‍ ഇസ്‌ലാം (തെറ്റിദ്ധരിക്കപ്പെടുന്ന മതം), മന്‍ഹജുല്‍ ഫന്നില്‍ ഇസ്‌ലാമി (ഇസ്‌ലാമിക കലാരീതി), ദിറാസത്തുല്‍ ഖുര്‍ആനിയ്യ (ഖുര്‍ആനിക പഠനങ്ങള്‍), മഅ്‌റകത്തുല്‍ഖാലിദ് (പാരമ്പര്യത്തോടുള്ള പോരാട്ടം), കൈഫ നക്തുബു അത്താരീഖല്‍ ഇസ്‌ലാമി (എങ്ങനെ ഇസ്‌ലാമിക ചരിത്രമെഴുതാം), അല്‍ മുസ്‌ലിമൂന വല്‍ ഔലമ (മുസ്‌ലിംകളും ആഗോളവത്കരണവും), അല്‍ മുസ്തശ്‌രിഖൂന വല്‍ ഇസ്‌ലാം (ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമും) തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു.
 

Feedback