Skip to main content

ശൈഖ് സയ്യിദ് സാബിഖ്

ഇരുപതാം നൂറ്റാണ്ടിലെ ഫഖീഹും ഫിഖ്ഹ് വിജ്ഞാനത്തെ മുസ്‌ലിം യുവ തലമുറയ്ക്ക് അയത്‌ന ലളിതമാക്കിക്കൊടുത്ത ഗുരുവുമാണ് സയ്യിദ് സാബിഖ്. ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയങ്ങള്‍ പണ്ഡിതന്മാര്‍ക്കു പോലും ദുര്‍ഗ്രാഹ്യമായ വിഷയമായിരുന്നു. അതിനെ ലളിതവത്കരിക്കുകയും ആര്‍ക്കും തെളിവുകളുടെ പിന്‍ബലത്തോടെ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നതാണ് സയ്യിദ് സാബിഖിന്റെ പ്രത്യേകത. ഫിഖ്ഹുസ്സുന്ന എന്ന ഒറ്റകൃതിയിലൂടെതന്നെ അദ്ദേഹം ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു.

1915ല്‍ ഈജിപ്തിലെ മനൂഫിയ പ്രവിശ്യയിലെ ഇസ്ത്വന്‍ഹാ എന്ന ഗ്രാമത്തിലാണ് സയ്യിദ് സാബിഖ് ജനിച്ചത്. ജന്മദേശത്തെ പ്രാഥമിക പാഠശാലയില്‍ വിദ്യാഭ്യാസമാരംഭിച്ചു. ബാല്യത്തില്‍തന്നെ തജ്‌വീദ് സഹിതം വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് മുസ്ലിം ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാലയായ ജാമിഉല്‍ അസ്ഹറില്‍ ചേര്‍ന്നു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് യൂസുഫുല്‍ ഖര്‍ദാവി തുടങ്ങിയവര്‍ അക്കാലത്ത് അവിടെ വിദ്യാര്‍ഥികളായിരുന്നു.

അസ്ഹറിലെ ശരീഅ കോളെജില്‍ പഠിച്ച അദ്ദേഹം കര്‍മശാസ്ത്ര വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനകാലത്ത് തന്നെ അല്‍ഇഖ്‌വാന്‍ വാരികയില്‍ ശുദ്ധിയുടെ കര്‍മശാസ്ത്രത്തെക്കുറിച്ച് ചെറുലേഖനങ്ങളെഴുതാന്‍ തുടങ്ങി. തെളിവുകള്‍ പരിഗണിക്കാതെയുള്ള മദ്ഹബ്പക്ഷപാതിത്വത്തെ നിരാകരിച്ചുകൊണ്ടും ഖുര്‍ആനെയും സുന്നത്തിനെയും ഇജ്മാഇനെയും തെളിവുകള്‍ക്കായി അവലംബിച്ചുകൊണ്ടുമുള്ള സവിശേഷ രീതിയാണ് ശൈഖ് സ്വീകരിച്ചത്.

നാല്പതുകളുടെ മധ്യത്തില്‍ (ഹി.1365) അദ്ദേഹം ഫിഖ്ഹുസ്സുന്നയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. ശുദ്ധിയുടെ കര്‍മശാസ്ത്രം പ്രതിപാദിക്കുന്ന ചെറിയൊരു വാള്യമായിരുന്നു അത്. 

ഏതെങ്കിലും ഒരു മദ്ഹബിനോട് ബന്ധമില്ലാത്ത നബിചര്യയിലധിഷ്ഠിതമായ കര്‍മശാസ്ത്ര രംഗത്ത് ഇസ്്‌ലാമിക ഗ്രന്ഥങ്ങള്‍ക്കിടയിലുണ്ടായിരുന്ന വലിയൊരു വിടവ് നികത്താന്‍ ഫിഖ്ഹുസ്സുന്നക്ക് സാധിച്ചു. കടുത്ത മദ്ഹബ് പക്ഷപാതികളായ ചിലരെല്ലാം ഫിഖ്ഹുസ്സുന്നയെ ആക്ഷേപിച്ചിട്ടുണ്ട്. അത് മദ്ഹബ് നിരാസത്തിന് ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു അവരുടെ വിമര്‍ശനം. മതനിരാസത്തിന്റെ വകഭേദം മാത്രമാണ് മദ്ഹബ് നിരാസമെന്നായിരുന്നു അവരുടെ വിമര്‍ശം.

വിഖ്യാത പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയും ഫിഖ്ഹുസ്സുന്നയെ വിമര്‍ശനാത്മകമായി നിരൂപണം ചെയ്തിട്ടുണ്ട്. ഇത് സംബന്ധമായി 'തമാമുല്‍ മിന്ന ബിത്തഅ്‌ലീഖി അലാ ഫിഖ്ഹിസ്സുന്ന' എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളിലാണ് അദ്ദേഹം ഫിഖ്ഹുസ്സുന്നയെ വിമര്‍ശിക്കുന്നത്. ഫിഖ്ഹുസ്സുന്നയില്‍ തെളിവിന്നുപയോഗിച്ച ചില ഹദീസുകള്‍ ശൈഖ് അല്‍ബാനിയുടെ വീക്ഷണത്തില്‍ ദുര്‍ബലമാണ്. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ് ആ ഹദീസുകള്‍ ഉദ്ധരിച്ചതെന്നും അവയെ വിശകലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്നുമായിരുന്നു ശൈഖ് സയ്യിദ് സാബിഖിന്റെ ന്യായം. ഏത് വിജ്ഞാനവും അതിന്റെ വക്താക്കളില്‍ നിന്ന് ശങ്കയില്ലാതെ സ്വീകരിക്കാം എന്ന തത്വം നടപ്പാക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

അല്‍അസ്ഹറില്‍ നിന്ന് ബിരുദം നേടിയ സയ്യിദ് ഈജിപ്തില്‍ വഖഫ് മന്ത്രാലയത്തില്‍ ഉദ്യോഗം സ്വീകരിച്ചു. വഖഫ് മന്ത്രാലയത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായാണ് സേവനം തുടങ്ങിയത്. താമസിയാതെ വഖഫ് മന്ത്രാലയത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്റെയും മസ്ജിദ് വകുപ്പിന്റെയും മേധാവിയായി ഉയര്‍ത്തപ്പെട്ടു. ഈ ഘട്ടത്തില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയും യൂസുഫുല്‍ ഖര്‍ദാവിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. വഖഫ് മന്ത്രിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് അദ്ദേഹം അസ്ഹറിലേക്ക് മടങ്ങിപ്പോയി. അവസാനകാലത്ത് അദ്ദേഹം സുഊദി അറേബ്യയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. യൂനിവേഴ്‌സിറ്റിയിലെ ഖദാഉശ്ശര്‍ഇയ്യാ വിഭാഗത്തിന്റെയും ഉസൂലുദ്ദീന്‍ കോളെജിലെ ഹയര്‍ സ്റ്റഡീസ് വിഭാഗത്തിന്റെയും തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. മരിക്കുന്നതിനു രണ്ട് വര്‍ഷം മുമ്പുവരെ അധ്യാപനവൃത്തി തുടര്‍ന്ന ശൈഖിന് ലോകത്തിന്റെ നാനാഭാഗത്തും പ്രഗത്ഭരായ ശിഷ്യ സമ്പത്തുണ്ട്.

1948ല്‍ നഖ്‌റാഷി പാഷ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് സയ്യിദ് സാബിഖ് അറസ്റ്റു ചെയ്യപ്പെട്ടു. നഖ്‌റാഷിപാഷ വധാര്‍ഹനാണെന്ന് സയ്യിദ് സാബിഖ് ഫത്‌വ നല്‍കിയെന്ന കുറ്റമായിരുന്നു സയ്യിദിനെതിരെ ഉന്നയിക്കപ്പെട്ടത്. നീണ്ട വിചാരണക്കുശേഷം ആരോപണം സത്യമല്ലെന്ന് തെളിയുകയും കോടതി അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. 

1949ല്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് യുസൂഫുല്‍ ഖര്‍ദാവി തുടങ്ങിയവരോടൊപ്പം അദ്ദേഹം വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയിലില്‍ കര്‍മശാസ്ത്ര ക്ലാസുകള്‍ നടത്തിയും ഗ്രന്ഥരചനനടത്തിയും സമയം ചെലവഴിച്ചു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയോട് വല്ല കര്‍മശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ചും ആരെങ്കിലും സംശയം ചോദിച്ചാല്‍ സയ്യിദ് സാബിഖിനോട് ചോദിക്കാന്‍ അദ്ദേഹം ഉപദേശിക്കുമായിരുന്നു.

അഖാഇദുല്‍ ഇസ്‌ലാമിയ്യ, അനാസ്വിറുല്‍ഖുവ്വ ഫില്‍ ഇസ്‌ലാം, ഇസ്‌ലാമുനാ ദഅ്‌വതുല്‍ ഇസ്‌ലാമിയ്യ, മഖാലാതുന്‍ ഇസ്‌ലാമിയ്യ, മുലഖ്ഖസ് അഅ്‌ലാ മില്‍ ഹജ്ജ്, ബാഖതുസഹര്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ രചനകളാണ്.

ഫിഖ്ഹുസ്സുന്ന മലയാളത്തിലേക്ക് മൊഴി മാറ്റിക്കൊണ്ട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹി. 1413ല്‍ അദ്ദേഹത്തെ ഫൈസല്‍ അവാര്‍ഡിന്നര്‍ഹമാക്കിയതും ഫിഖ്ഹുസ്സുന്നയാണ്.

ശൈഖ് സയ്യിദ് സാബിഖ് 2000 ഫെബ്രുവരി 27ന് (1420 ദുല്‍ഖഅദ് 21ന്) അന്ത്യ യാത്രയായി.
 

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446