Skip to main content

ഇബ്‌നു റുശ്ദ്

വ്യത്യസ്തങ്ങളായ വിവിധ വിഷങ്ങളിലും മേഖലകളിലും അഗാധമായ അറിവുള്ള മഹാപണ്ഡിതനായിരുന്നു തത്വചിന്തകനായ ഇബ്‌നു റുശ്ദ്. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങളുണ്ടായിരുന്നില്ല എന്നു തന്നെ പറയാം. 

ഖുര്‍ആന്‍, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം, ജീവ ശാസ്ത്രം, തത്വശാസ്ത്രം, ഗോള ശാസ്ത്രം, സാഹിത്യം, യുക്തി, ഹദീസ്, ഇസ്‌ലാമിക കര്‍മശാസ്ത്രം  തുടങ്ങിയവയൊക്കെ കൈവെള്ളയിലെ രേഖയെന്നോണം വ്യക്തമായിരുന്നു ഇബ്‌നു റുശ്ദിന്റെ മനസ്സില്‍. പാശ്ചാത്യലോകത്തെ മുഴുവന്‍ തന്റെ ചിന്താസരണികള്‍ കൊണ്ട് കീഴടക്കിയ ഇബ്‌നു റുശ്ദ് ഗ്രീക്ക് തത്വചിന്താധാരകള്‍ ഇസ്‌ലാമിനനുയോജ്യമായി സമന്വയിപ്പിക്കുകയും ചെയ്തു.

1126ല്‍ സ്‌പെയിനില്‍ ഇസ്‌ലാമിന്റെ കളിത്തൊട്ടിലായിരുന്ന ഖുര്‍ത്വുബ (കോര്‍ദോവ)യിലാണ് ഇബ്‌നു റുശ്ദ് ജനിക്കുന്നത്. ഇബ്‌നു റുശ്ദിന്റെ പിതാമഹന്‍ അവിടത്തെ ഇമാമും ജഡ്ജിയും അറിയപ്പെട്ട പണ്ഡിതനുമായിരുന്നു. അറിവുമായി ആഴത്തില്‍ ബന്ധമുള്ള തന്റെ കുടുംബ പാരമ്പര്യം ഇബ്‌നു റുശ്ദിന്റെ ബുദ്ധിവളര്‍ച്ചയെയും ഗണ്യമായി സ്വാധീനിച്ചു. നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അസാമാന്യ സാമര്‍ഥ്യവും ദീര്‍ഘവീക്ഷണത്തോടെയുള്ള ധാരണകളും അദ്ദേഹത്തെ എല്ലാവരുടെയും സ്വപ്‌നസ്ഥാനമായ കോര്‍ദോവയിലെ ജഡ്ജി സ്ഥാനത്തേക്ക് നയിച്ചു. തന്റെ പിതാമഹന്‍ അലങ്കരിച്ച അതേ ഇരിപ്പിടം!

ജഡ്ജിയായി സേവനമനുഷ്ഠിക്കുമ്പോള്‍ തന്നെ മികച്ച ഭിഷഗ്വരനായും ഇബ്‌നു റുശ്ദ് പേരെടുത്തു. ഇത് രണ്ടും ചെയ്തുകൊണ്ടിരിക്കെ തന്നെ എഴുതാനും സമയം കണ്ടെത്തിയ ഇബ്‌നു റുശ്ദ് വൈദ്യശാസ്ത്രത്തില്‍ ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അതില്‍ ഏറെ പ്രസിദ്ധമായതാണ് പിന്നീട് ലാററിന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്യപ്പെട്ട 'അല്‍ കുല്ലിയാത്തു ഫിത്വിബ്ബ്' എന്ന ഗ്രന്ഥം. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ വൈഭവത്തെക്കുറിച്ച് പറയുന്നത് “കര്‍മശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ എത്ര കൃത്യമാണോ അതു പോലെയാണ് വൈദ്യശാസ്ത്രത്തിലും'' എന്നാണ്.

വൈദ്യശാസ്ത്രത്തിലെ പ്രതിഭ പോലെയായിരുന്നു തത്വശാസ്ത്രത്തിലെ ഇബ്‌നു റുശ്ദിന്റെ പ്രാവീണ്യവും. അരിസ്റ്റോട്ടിലിന്റെ പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അറബി ഭാഷയിലുള്ളൂ എന്നു മനസ്സിലാക്കിയ അദ്ദേഹം അരിസ്റ്റോട്ടിലിന്റെയും പ്ലേറേറാ പോലുള്ള വിഖ്യാത ചിന്തകരുടെയും പുസ്തകങ്ങള്‍ മുഴുവനായി തര്‍ജമ നടത്തി. 

അരിസ്റ്റോട്ടിലിന്റെ പൂര്‍ണത മുററുന്ന തത്വശാസ്ത്ര ഗ്രന്ഥങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ച് നിരീക്ഷിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഇബ്‌നു റുശ്ദിലെ പ്രതിഭ ക്രിസ്ത്യാനികളെയും ജൂതന്‍മാരെയും അത്ഭുതപ്പെടുത്തുകയും ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. 

ഇത് ഇബ്‌നു റുശ്ദിന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വഴി തുറക്കുകയും അരിസ്റ്റോട്ടിലിന്റെയും മററു ഗ്രീക്ക് തത്വചിന്തകരുടെയും ചിന്തകളെയും പൈതൃകങ്ങളെയും കുറിച്ച് പഠിക്കാനുള്ള അവസരം ലഭ്യമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പഠനങ്ങളും ചിന്തകളും ആ ജനതയിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്തി. അരിസ്റ്റോട്ടിലിന്റെ ചിന്തകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും കണ്ടെത്തലുകളും 'അവറോയിസം' എന്ന പുതിയ പ്രയോഗത്തിന് തന്നെ കാരണമായി. ഒരു സമൂഹം കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ മുഴുവന്‍ തനിയെ കൈകാര്യം ചെയ്ത ആ മഹാ ദാര്‍ശനികന്‍ 1198 ഡിസംബര്‍ 10ന് മൊറോക്കോയില്‍ വച്ച് അന്തരിച്ചു.

പ്രധാന രചനകള്‍:


ഹാഫുത് അത്തഹാഫുത്, അല്‍ കശ്ഫു അല്‍ മന്‍ഹജില്‍ അദില്ലതി ഫീ അഖീദതി അഹ് ലുല്‍ മില്ലതി, ബിദായതുല്‍ മുജ്തഹിദു വ നിഹായതുല്‍ മുഖ്ത്വസ്വിദ്

Feedback