Skip to main content

ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്

മഹാനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനു ശേഷം കേരളത്തിന്റെ ഖ്യാതി പുറംലോകത്തെത്തിച്ച വിശ്വോത്തര പണ്ഡിതന്‍, ചിന്തകന്‍, ്രപബോധകന്‍, പ്രതാധിപര്‍ എന്നീ നിലകളിലെല്ലാം ്രപശസ്തനാണ് ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്. 

പണ്ഡിതനും വാഗ്മിയുമായിരുന്ന മക്കാര്‍ മൗലവിയുടെയും പുരാതന കുടുംബാംഗമായ ആമിനാ ബീവിയുടെയും മകനായി 1925 ജൂണില്‍ ആലുവാക്കടുത്തുള്ള വെളിയത്തുനാട് എന്ന സ്ഥലത്താണ് മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ജനനം. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. 

പഠനത്തില്‍ ഒന്നാമന്‍

അഞ്ചാം ക്ലാസില്‍ ആലുവായിക്ക് പുറമെ കെ.എം. ഇബ്‌റാഹീം മൗലവി, എ.കെ. അഹ്മദ് മൗലവി, എ.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയ പല ്രപമുഖരും വിദ്യാര്‍ഥികളായിരുന്നു. പഠനത്തിലും ്രപസംഗം, കവിതാ രചന പോലുള്ള പാഠ്യേതര വിഷയങ്ങളിലും വാശിയോടെ മത്സരിക്കാറുണ്ടായിരുന്നു. പഠനത്തില്‍ ആലുവായെ തോല്‍പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഅല്ലഖാതുസ്സബ്ഇലെ കവിതകള്‍ ഹൃദിസ്ഥമാക്കുന്നതിലും യൂക്ലിഡിന്റെ ക്ഷേ്രത ഗണിത തത്വങ്ങള്‍ സ്വായത്തമാക്കുന്നതിലും മുന്നിലായിരുന്നു. എം.സി.സി. അബ്ദുറഹ്മാന്‍ മൗലവിയുടെ ്രശമഫലമായാണ് മ്രദാസ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ആ സ്ഥാപനത്തിനു ലഭിച്ചത്. 

അറബിക് കോളജ് എന്ന പേരില്‍ അറിയപ്പെട്ട വേറെ ഒരു മതസ്ഥാപനവും അന്ന് കേരളത്തില്‍ ഇല്ലായിരുന്നു. 1946 ല്‍ ആ സുവര്‍ണ കാലഘട്ടം അവസാനിച്ചു. ആ വര്‍ഷം ദാറുല്‍ ഉലൂം അടച്ചുപൂട്ടാന്‍ ഇടയായി. അധ്യാപകരും വിദ്യാര്‍ഥികളും തിരൂരങ്ങാടി തറമ്മല്‍ പള്ളിയിലേക്ക് മാറി. അതോട് കൂടി അവര്‍ പലരും പല ഭാഗത്തായി. 

അനന്തരം അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തിസ്സ്വാലിഹാത് അറബിക് കോളജില്‍ ചേര്‍ന്ന് മൗലവി ഫാസില്‍ ബാഖവി ബിരുദം നേടി. 1949ല്‍ അഫ്‌സലുല്‍ ഉലമാ ബിരുദവും കരസ്ഥമാക്കി. അനന്തരം ഫറോക് റൗളത്തുൽ ഉലൂം അറബിക് കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. അക്കാലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ നിര്‍ദേശാനുസരണം സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലില്‍ നിന്നും അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്നതിന് മുഹ്‌യുദ്ദീന്‍ ആലുവായിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ഉത്തരവായി. തുടര്‍ന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ആലുവായി അസ്ഹര്‍ സര്‍വകലാശാലയിലെ ഉസൂലുദ്ദീന്‍ കോളജില്‍ നിന്നും 1953ല്‍ 93 ശതമാനം മാര്‍ക്കോടെ ആലിമിയ്യ ബിരുദം നേടി. ഈജിപ്ത് ജീവിതത്തിന്നിടയില്‍ തന്റെ വൈജ്ഞാനിക സാഹിത്യ നിലവാരം പരിപോഷിപ്പിക്കുന്നതിനും പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനും സമയം കണ്ടെത്തി. 

1955ല്‍ സ്വദേശത്തേക്ക് മടങ്ങിയ ആലുവായ് ഓള്‍ ഇന്ത്യ റേഡിയോവിലെ അറബി പ്രക്ഷേപണ വിഭാഗത്തില്‍ ജോലി നോക്കി. അതോടൊപ്പം ഡല്‍ഹിയില്‍ തന്നെയുള്ള ഇന്ത്യന്‍ സാംസ്‌കാരിക അക്കാദമികളിലും സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലുകളിലും സജീവ സാന്നിദ്ധ്യമായി. രചന, തര്‍ജമ തുടങ്ങിയ സാഹിതീയവും വൈജ്ഞാനികവുമായ രംഗത്ത് തന്റെ സമയം വിനിയോഗിച്ചു. ഇസ്‌ലാമിക വിജ്ഞാനങ്ങളും അറബി ഭാഷയും പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാമിക പ്രബോധനത്തിലും അദ്ദേഹം ജാഗരൂകനായി. 

അല്‍ അസ്ഹറിലെ ഇംഗ്ലീഷ് ലക്ചറര്‍

1963ല്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ സഹായത്തോടെ അറബി സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നതിനായി വീണ്ടും അദ്ദേഹം അല്‍ അസ്ഹറിലേക്ക് പോയി. 1964ല്‍ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ലക്ചററായി അദ്ദേഹം നിയമിതനായി. അപൂര്‍വ പണ്ഡിതന്‍മാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ബഹുമതിയാണ് അസ്ഹറില്‍ അധ്യാപകനായി നിയമിതനാവുകയെന്നത്. അതോടൊപ്പം അല്‍ അസ്ഹര്‍ മാഗസിന്റെ ഇംഗ്ലീഷ് വിഭാഗം എഡിറ്ററായും വെസ്റ്റ് ഏഷ്യയിലേക്ക് അയക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 1970ല്‍ കൈറോയിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിക്കുന്ന സ്വൗതുല്‍ ഹിന്ദ് എന്ന പത്രത്തിന്റെ എഡിറ്ററായും അദ്ദേഹം സ്ഥാനമേറ്റെടുത്തു. 

1971ല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടുകൂടി അദ്ദേഹം ഡോക്ടറേറ്റ് നേടി. 'ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും' എന്നതായിരുന്നു ഗവേഷണ വിഷയം. തദ്‌വിഷയകമായി അറബി ഭാഷയില്‍ സമര്‍പ്പിക്കപ്പെട്ട പ്രഥമ ഗവേഷണ പ്രബന്ധമായിരുന്നു ആലുവായിയുടേത്.

സഊദി അറേബ്യയിലെ മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ 1977ല്‍ അധ്യാപകനായും ഖത്തറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അല്‍ ഖലീജതുല്‍ യൗം' എന്ന അറബി  പത്രത്തിന്റെ ഇസ്‌ലാമിക കാര്യങ്ങളിലെ ഉപദേഷ്ടാവും പത്രത്തിന്റെ എഡിറ്ററായും 1985ല്‍ അദ്ദേഹം നിയമിക്കപ്പെട്ടു. ഇസ്‌ലാമിക പ്രശ്‌നങ്ങളെ കുറിച്ച് ദിനേനയുള്ള കോളമുള്‍പ്പെടെ വാരാന്ത്യമുള്ള ഇസ്‌ലാമിക സ്‌പെഷല്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 

അല്‍ അസ്ഹര്‍ മാഗസിന്‍ (ഇംഗ്ലീഷ്) ഈജിപ്ത്, അല്‍ രിസാല (ഈജിപ്ത്), മിമ്പറുല്‍ ഇസ്‌ലാം (ഈജിപ്ത്), സഖാഫതുല്‍ ഹിന്ദ് (ഇന്ത്യ), അല്‍മദീന (സൗദി അറേബ്യ), മജല്ലതു ജാമിഅഃ അല്‍ ഇസ്‌ലാമിയ്യ (സൗദി അറേബ്യ), അദ്ദഅ്‌വ (ഇന്ത്യ), മനാറുല്‍ ഇസ്‌ലാം (അബുദാബി), അല്‍ ബഅ്‌സുല്‍ ഇസ്‌ലാമി (ഇന്ത്യ), അദ്ദഅ്‌വ (ഈജിപ്ത്) തുടങ്ങിയ പത്രങ്ങളിലെ കോളമിസ്‌റ്റോ, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമോ ലേഖകനോ മറ്റോ ആയി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും വിവിധ സെമിനാറുകളില്‍ പങ്കെടുക്കുകയും വിപുലമായ പര്യടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 

ഗ്രന്ഥങ്ങള്‍

അറബി, ഇംഗ്ലീഷ്, മലയാള ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 
അറബി ഗ്രന്ഥങ്ങള്‍: ഇസ്‌ലാമും ലോക പരിവര്‍ത്തനവും,  ഇസ്‌ലാമും മാനുഷിക പ്രശ്‌നങ്ങളും, മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഓറിയന്റലിസ്റ്റ് ജല്‍പനങ്ങളും, സമകാലിക ഇന്ത്യന്‍ സാഹിത്യം, ഇസ്‌ലാമിക പ്രബോധനവും വളര്‍ച്ചയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, അറബ് സംസ്‌കാരം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരുടെ അറബ് കൃതികള്‍, ഇസ്‌ലാമിക ലോകത്ത് ഫലസ്തീനിന്റെ സ്ഥാനം, ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചതെങ്ങനെ, ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി ഇസ്‌ലാം ചെന്നെത്തിയ സ്ഥലം, ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന രംഗത്തെ അതികായകന്‍മാര്‍, സമകാലിക ഇന്ത്യയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അവസ്ഥ, തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിന്റെ അറബ് പരിഭാഷ, ഇസ്‌ലാമിക പ്രബോധനത്തിന്റെ സവിശേഷതകള്‍, ഇസ്‌ലാമിക പ്രബോധനത്തിലെ അനശ്വരതയുടെ മൂലകങ്ങള്‍, പ്രബോധകന്റെ മാര്‍ഗം, അനറബികള്‍ക്ക് അറബി ഭാഷ അഭ്യസിപ്പിക്കുന്നതില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, 

ഇംഗ്ലീഷ് കൃതികള്‍: 1. The Essence of islam (part 1+2), 2. Al Azhar, 3. Shahada and salih (pillars of islam- serial), 4. Islamic knowleges, 5. The principles of islam,

ഇതര ഭാഷകളില്‍: അറബ് ദുന്‍യാ (ഉര്‍ദു), അറബ് ലോകം (മലയാളം), അല്‍ബറൂണി കണ്ട ഇന്ത്യ (വിവര്‍ത്തനം), ഇസ്‌ലാമിന്റെ മൂലതത്വം.

മരണം: 1996 ജൂലായ് 23ന്


 

Feedback