Skip to main content

അബ്ദുല്ലാഹിബിനു അംരിബ്‌നി ഹറാം(റ)

അബ്ദുല്ലാഹിബിന്‍ അംരിബിന്‍ ഹറാമിന്റെ മകന്‍ ജാബിറിനെ വിളിച്ച് ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) പറഞ്ഞു. ''ജാബിര്‍, മറയുടെ പിറകിലൂടെയല്ലാതെ അല്ലാഹു ആരോടും സംസാരിച്ചിട്ടില്ല. എന്നാല്‍ നിന്റെ പിതാവിനോട് അല്ലാഹു നേരിട്ടു സംസാരിച്ചു. 

ദാസാ, നീ എന്നോട് ചോദിക്കൂ, ഞാന്‍ തരാം എന്ന് അല്ലാഹു അദ്ദേഹത്തോട് (അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ഹറാം) പറഞ്ഞു. നാഥാ നിന്റെ മാര്‍ഗത്തില്‍ രണ്ടാമതും വധിക്കപ്പെടുവാന്‍ എന്നെ നീ ഭൂമിയിലേക്ക് തിരിച്ചയക്കണമെന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു എന്നദ്ദേഹം പറഞ്ഞു. അല്ലാഹു അറിയിച്ചു: മരിച്ചവരെ തിരിച്ചയക്കുകയില്ലെന്ന് എന്റെ നിശ്ചയമാണ്. തുടര്‍ന്നദ്ദേഹം ആവശ്യപ്പെട്ടു. 'രക്ഷിതാവേ, നീ എനിക്കു തന്ന അനുഗ്രഹം എന്റെ പിറകെയുള്ളവരെ നീ അറിയിക്കണം'. തത്സമയം അല്ലാഹു ഇറക്കിയ ആയത്താണ് ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കു ന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നു. അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്കിയതില്‍ ആഹ്ലാദിച്ച് തങ്ങള്‍ക്കുപിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദു:ഖിക്കാനോ സംഗതിയാവുന്നില്ല എന്നോര്‍ത്ത് സന്തോഷിക്കുന്നവരുമാകുന്നു അവര്‍''(3:169,170).

ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായ പിതാവിനെക്കുറിച്ച് മകന്‍ ജാബിറിനോടാണ് മുഹമ്മദ് നബി(സ്വ) ഈ സന്തോഷ വാര്‍ത്ത നേരിട്ട് അറിയിച്ചത്. രണ്ടാം അഖബ ഉടമ്പടിക്കായി നബി തിരുമേനിയുടെ അരികിലെത്തിയ മദീനാമുസ് ലിംകളുടെ പ്രതിനിധിസംഘത്തിലെ അംഗമായിരുന്നു അബ്ദുല്ലാഹിബിന്‍ അംരിബിന്‍ ഹറാം. തന്റെ ഗോത്രം കൂടിയായ ബനൂ സലമക്കാരുടെ മതമേല്‍നോട്ടം വഹിക്കാന്‍ പ്രവാചകന്‍ നിയോഗിച്ചത് ഇദ്ദേഹത്തെയായിരുന്നു. പുതിയ ആവേശത്തോടെ അദ്ദേഹം തന്റെ ധനവും സമയവും ഇസ്‌ലാമിക പ്രബോധനത്തിനായി ചെലവഴിച്ചു. പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്ത് എത്തിയ ശേഷം നബിയുടെ സന്തതസഹചാരിയായി രാപകല്‍ അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാനാണ് അബ്ദുല്ലാഹിബിന്‍ അംറ് ശ്രമിച്ചത്.

ബദ്‌റില്‍ പങ്കെടുത്ത ഇദ്ദേഹം ധീരതയോടെ പോരാടി. ഉഹ്്ദില്‍ മരണപ്പെടുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടു. മകന്‍ ജാബിറിനെ വിളിച്ച് അദ്ദേഹം ഇപ്രകാരം അറിയിച്ചു. ''ഈ യുദ്ധത്തില്‍ ഞാന്‍ വധിക്കപ്പെടുമെന്ന് ഉറപ്പാണ്. ഒരു വേള മുസ്ലിംകളില്‍ ആദ്യം രക്തസാക്ഷിയാവുക ഞാനായിരിക്കും. തിരുമേനിയെ കഴിച്ചാല്‍ എനിക്ക് നിന്നോളം സ്‌നേഹമുള്ളവര്‍ ആരുമില്ല. എനിക്ക് കടമുണ്ട്. എന്റെ കടം നീ വിട്ടണം. നിന്റെ സഹോദരന്മാരോട് നീ നല്ലനിലയില്‍ പെരുമാറണം.''

പിറ്റേന്ന് യുദ്ധത്തിന് പുറപ്പെട്ട അബ്ദുല്ലാഹിബിന്‍ അംറ് രണാങ്കണത്തില്‍ സധൈര്യം പോരാടി. ആദ്യഘട്ടത്തില്‍ വിജയം മുസ്‌ലിംകളുടെ കൂടെയായിരുന്നു. എന്നാല്‍ മലമുകളില്‍ നിര്‍ത്തിയ സ്വഹാബികള്‍ താഴെ യുദ്ധഭൂമിയിലേക്കിറങ്ങിവന്ന തക്കത്തില്‍ ഖാലിദ് ബിന്‍ വലീദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശത്രുസൈന്യം മലക്കു പിറകിലൂടെ എത്തി മുസ്‌ലിം സൈന്യത്തെ അക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതി മാറുകയും മുസ്‌ലിം സൈന്യം ചിന്നിച്ചിതറുകയും ചെയ്തു. യുദ്ധം നിലച്ചപ്പോള്‍ രക്തസാക്ഷികളുടെ കണക്കെടുക്കാനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാനുമായി മുസ്‌ലിംകള്‍ യുദ്ധക്കളത്തില്‍ തെരച്ചില്‍ നടത്തി. ഈ സമയം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ മരിച്ചു കിടക്കുന്ന അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ഹറാമിനെയാണ് മകന്‍ ജാബിറിന് കാണാനായത്.  

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവര്‍ തങ്ങളുടെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ വാഹനപ്പുറത്തേറ്റി ഖബറടക്കത്തിനായി മദീനയിലേക്ക് കൊണ്ടുപോയി. അബ്ദുല്ലാഹി ബിന്‍ അംറിന്റെ ഭാര്യ അംറിന്റെ മൃതദേഹത്തൊടൊപ്പം അവരുടെ സഹോദരന്റെ മൃതദേഹവും ഒരു ഒട്ടകപ്പുറത്തേറ്റി മദീനയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. വഴിയില്‍ വെച്ച് നബി തിരുമേനിയുടെ നിര്‍ദേശമെത്തി. മൃതദേഹങ്ങളെല്ലാം തിരിച്ചുകൊണ്ടുവരണമെന്നും രക്തസാക്ഷികളെ അവര്‍ കൊല്ലപ്പെട്ട സ്ഥലത്തു തന്നെയാണ് സംസ്‌കരിക്കേണ്ടതെന്നുമായിരുന്നു നബിയുടെ നിര്‍ദേശം. ഇതുമൂലം മറ്റു സ്വഹാബിമാര്‍ക്കൊപ്പം അംറിന്റെ ബന്ധുക്കളും മൃതദേഹം തിരികെയെത്തിച്ച് ഉഹ്ദില്‍ ഖബറടക്കി. 

മദീനയിലെ ഖസ്റജ് ഗോത്രത്തിലെ ബനൂ സലമ ഉപഗോത്രക്കാരനാണ് അബൂ ജാബിര്‍ എന്ന വിളിപ്പേരുള്ള അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ഹറാം. അംറുബിന്‍ ഹറാമിബിന്‍ സഅ്‌ലബയാണ് പിതാവ്. 

 
 

Feedback