Skip to main content

ഫൈറൂസ് അദ്ദൈലമി(റ)

നബി തിരുമേനി(സ്വ) രോഗബാധിതനായി എന്നറിഞ്ഞപ്പോള്‍ പലയിടങ്ങളിലായി തലപൊക്കിയകള്ളപ്രവാചകന്മാരുടെ കൂട്ടത്തില്‍ ശക്തനായിരുന്നു യമനിലെ അസ്‌വദുല്‍ അന്‍സി. വാചാലനും ജ്യോത്സ്യനും മായാജാലക്കാരനുമായിരുന്ന അദ്ദേഹം ജനങ്ങളെ വശീകരിക്കാന്‍ പല തന്ത്രങ്ങളും മെനഞ്ഞു.

യമനില്‍ അബ്‌നാഅ് എന്നറിയപ്പെട്ടിരുന്ന വിഭാഗത്തിന്നായിരുന്നു അന്ന് സ്വാധീനം. ഇവരുടെതലവനായിരുന്നു ഫൈറൂസ് അദ്ദൈലമി. ഇവരില്‍ പ്രമുഖനായിരുന്ന ബാദാന്‍ ഇസ്‌ലാമിന്റെഉദയകാലത്ത് യമനില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റായുടെ മേല്‌ക്കോയ്മ സ്വീകരിച്ച രാജാവായിരുന്നു. നബിയുടെ ജീവിതവും പ്രബോധനവും ഉള്‍ക്കൊണ്ട അദ്ദേഹം ഇസ്‌ലാമില്‍ അണിചേര്‍ന്നു. നബി അദ്ദേഹത്തെ രാജാവായി നിലനിര്‍ത്തി. അസ്‌വദുല്‍ അന്‍സിയുടെ രംഗപ്രവേശത്തിനു തൊട്ടുമുമ്പാണ് അധികാരത്തിലിരിക്കെ അദ്ദേഹം മരിച്ചത്.

ഈ കള്ളപ്രവാചകന്‍ തന്റെആക്രമണം വ്യാപിപ്പിച്ചു. സ്വന്‍ആയിലെ ഗവര്‍ണരായിരുന്ന ബാദാന്റെ മകന്‍ ശഹറിനെ കൊന്ന് പത്‌നി ദാസായെ നിര്‍ബന്ധിച്ച് തന്റെ ഭാര്യയാക്കിത്തീര്‍ത്തു. ഇദ്ദേഹത്തിന്റെ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പ്രവാചകന്‍ ഒരു ദൗത്യസംഘത്തെ നിയോഗിച്ചു. യമനില്‍ അസ്‌വദുല്‍ അന്‍സിയുടെ അന്ത്യം കുറിക്കാന്‍ ഔല്‍സുക്യത്തോടെ ഇറങ്ങിത്തിരിച്ചവരില്‍ ഫൈറൂസ് അദ്ദൈലമിയും അദ്ദേഹത്തിന്റെ വര്‍ഗക്കാരായ അബ്‌നാക്കളുമായിരുന്നു മുന്‍പന്തിയില്‍.

തനിക്ക് കൈവന്ന വിജയത്തില്‍ അസ്‌വദുല്‍ അന്‍സി മതിമറന്ന് അഹങ്കരിച്ചിരുന്നു. തന്റെ സൈന്യാധിപനായ ഖൈസുബ്നു അബ്ദുയഗൂസിനോട് അയാള്‍ ധാര്‍ഷ്ട്യം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഖൈസ് അസ്‌വദുല്‍ അന്‍സിയെഭയപ്പെട്ടാണ് ജീവിച്ചിരുന്നത്.വളരെ തന്ത്രപരമായി ഫൈറൂസ് അദ്ദൈലമിയും സംഘവും ഖൈസിനെ സഹായിക്കാമെന്നേറ്റു. ആ വാഗ്ദാനം അദ്ദേഹത്തിന് ലഭിച്ച വലിയ അനുഗ്രഹമായാണ് അനുഭവപ്പെട്ടത്.

ഫൈറൂസ് അദ്ദൈലമിയും പിതൃവ്യപുത്രനായ ദാസവൈഹിയും ഖൈസും ചേര്‍ന്ന് അസ്‌വദുല്‍ അന്‍സിയെ അകത്തുനിന്നു നേരിടുവാനും അതേസമയം അനുചരര്‍ പുറത്ത് നിന്ന് ആക്രമിക്കാനും പദ്ധതിയിട്ടു. ഇതിന് സഹായകമായി തന്റെ പിതൃവ്യപുത്രിയും അന്‍സിയുടെ ഭാര്യയുമായ ദാസായെ കൂട്ടുപിടിക്കാന്‍ ഫൈറൂസ് തിരുമാനിച്ചു.

ദാസാ ഈ കാര്യത്തില്‍ പൂര്‍ണ പിന്തുണ മുസ്‌ലിംകള്‍ക്കു നല്കി. തന്റെ ഭര്‍ത്താവിനെ കൊന്ന നീചനും ഭുഷ്ടനുമാണ് അസ്‌വദുല്‍ അന്‍സിയെന്നും അയാളുടെ കൂടെയുള്ളത് നരക ജീവിതമാണെന്നും അവര്‍ തുറന്നടിച്ചു. ആസൂത്രണം ചെയ്ത പദ്ധതി പ്രകാരംജാഗരൂകമായ അരമനയുടെ ഭിത്തി തന്ത്രപരമായി തുരക്കാനും ആരുമറിയാതെ അകത്തുകടന്ന് അസ്‌വദുല്‍ അന്‍സിയെ നേരിടാനും ഫൈറൂസ് അദ്ദൈലമിയെയും കൂട്ടരെയും അവര്‍ സഹായിച്ചു.

രാത്രിയായി, അരമനയില്‍ നിന്ന് പുറത്തേക്കുണ്ടാക്കിയ ദ്വാരത്തിലൂടെ ഫൈറൂസും രണ്ട് കൂട്ടുകാരും അകത്തുകടന്ന് ദാസാ നിര്‍ദ്ദേശിച്ചതനുസരിച്ച് ഉറങ്ങിക്കിടന്ന ദുഷ്ടനും കള്ള പ്രവാചകനുമായിരുന്ന അസ്‌വദുല്‍ അന്‍സിയുടെ കഥ കഴിച്ചു. മരണവെപ്രാളത്തിന്റെ ശബ്ദം കേട്ട് ഓടിവന്ന പാറാവുകാരോട് ദാസാ പറഞ്ഞു.''നിങ്ങളുടെ പ്രവാചകന്ന് വെളിപാടിറങ്ങുന്ന സമയമാണ് എല്ലാവരും ദൂരെ പോകുക''.

പുലരുന്നതുവരെ അരമനയില്‍ കഴിച്ചുകൂട്ടിയ ഫൈറൂസും സംഘവും പുലര്‍ച്ചെ ഭിത്തിയില്‍ കയറി നിന്ന് ബാങ്കു വിളിച്ചു. അതിനൊപ്പം അസ്‌വദുല്‍ അന്‍സി കള്ളനാണെന്നും വിളിച്ചുപറഞ്ഞു. ഇതൊരടയാള വാക്കായിരുന്നു. ദൗത്യം വിജയിച്ചെന്നു മനസ്സിലാക്കിയ മുസ്‌ലിംകള്‍ അരമനയെ ലക്ഷ്യമാക്കി നീങ്ങി. സൂര്യോദയത്തിനു മുമ്പെ ശത്രുക്കളെ മുഴുവന്‍ നശിപ്പിച്ചു.

അസ്‌വദുല്‍ അന്‍സിയുടെ മേല്‍ നേടിയ വിജയമറിയിക്കാന്‍ ഫൈറൂസ് അദ്ദൈലമി പ്രവാചകന്റെ അരികിലേക്ക് ആളെ വിട്ടു.പക്ഷേ തലേന്ന് രാത്രി പ്രവാചകന്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അല്ലാഹു വഹ്‌യ് മുഖേനെ ആ വിജയം പ്രവാചകനെ അറിയിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞു. തത്സമയം തിരുമേനി അനുചാരന്മാരോട് പറഞ്ഞുവത്രെ; അസ്‌വദുല്‍ അന്‍സി കൊല്ലപ്പെട്ടു. അനുഗൃഹീതമായ ഒരു കുടുംബത്തിലെ അനുഗൃഹീതനായ ഒരു വ്യക്തിയാണ് അവനെ കൊന്നത്.

ആ വ്യക്തിത്വമായിരുന്നു ഫൈറൂസ് അദ്ദൈലമി.
 

Feedback