Skip to main content

ഹബീബ് ബിൻ സൈദ്(റ)

അനുയായികള്‍ വര്‍ധിച്ച് ശക്തിയാര്‍ജിച്ചപ്പോള്‍ നബിക്ക് കള്ളപ്രവാചകന്‍ മുസൈലിമ ഒരു കത്തെഴുതി. 'ദൈവദൂതന്‍ മുസൈലിമ ദൈവദൂതന്‍ മുഹമ്മദിന് എഴുതുന്നത്. താങ്കള്‍ക്ക് സലാം. താങ്കളെപ്പോലെ ഒരു പങ്കാളിയാണ് ഞാനും. പകുതി രാജ്യം ഞങ്ങള്‍ക്കും പകുതി രാജ്യം ഖുറൈശികള്‍ക്കും അവകാശപ്പെട്ടതാണ്. പക്ഷേ, ഖുറൈശികള്‍ കൈയേറ്റം നടത്തുന്നു.'

രണ്ട് അനുയായികളുടെ പക്കലാണ് കത്ത് കൊടുത്തയച്ചത്. നബി മുസൈലിമക്ക് മറുപടി എഴുതി ആഗതരുടെ പക്കല്‍ തന്നെ കൊടുത്തയച്ചു. മുസൈലിമയുടെ ഭീഷണി വളരുകയും വളരെപ്പേര്‍ വഴി തെറ്റുകയും ചെയ്യുന്നതുകണ്ടപ്പോള്‍ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിയണമെന്ന് ശക്തിയായി ആവശ്യപ്പെട്ടുകൊണ്ടും താക്കീത് നല്‍കികൊണ്ടും അയാള്‍ക്ക് നബി വീണ്ടും ഒരു കത്തെഴുതി. അതെത്തിക്കാന്‍ ഹബീബുബ്‌നു സൈദിനെയാണ് അധികാരപ്പെടുത്തിയത്.

നബിയുടെ കല്പനയനുസരിച്ച് ധൈര്യത്തോടെ, കുന്നുകളും താഴ്‌വരകളും താണ്ടി ഹബീബ്, ബനൂ ഹനീഫക്കാരുടെ വാസകേന്ദ്രത്തില്‍ചെന്ന് മുസൈലിമക്ക് കത്തുകൊടുത്തു. അതിന്റെ ഉള്ളടക്കം അയാളെ രോഷാകുലനാക്കി. മുഖം ക്രുദ്ധമായി. ഹബീബുബ്‌നു സൈദിനെ പിടിച്ചുകെട്ടാനും പിറ്റേന്ന് കാലത്ത് തന്റെ മുമ്പില്‍ ഹാജരാക്കാനും അയാള്‍ ഉത്തരവിട്ടു. പിറ്റേദിവസം ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ തലയുയര്‍ത്തിപ്പിടിച്ചു നിന്ന അദ്ദേഹത്തോട് മുസൈലിമ ചോദിച്ചു. 'മുഹമ്മദ് ദൈവദൂതനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?' അതേ, മുഹമ്മദ് ദൈവദൂതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'. അരിശത്തോടെ മുസൈലിമ വീണ്ടും ചോദിച്ചു. ഞാന്‍ ദൈവദൂതനാണെന്ന് നിനക്ക് വിശ്വാസമുണ്ടോ?' നിന്റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ എന്റെ കാത് ബധിരമാണ്.' ഹബീബ് പരിഹാസത്തോടെ പ്രതിവചിച്ചു. തന്റെ ആരാച്ചാരോട് ഇവന്റെ ശരീരത്തില്‍ നിന്ന് ഒരു കഷണം വെട്ടിയെടുക്കാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തു. ഓരോ ചോദ്യത്തിനും 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു'എന്ന് മറുപടി നല്‍കും. അപ്പോഴൊക്കെയും ഓരോ കഷ്ണം ശരീരത്തില്‍ നിന്നും വെട്ടിയെടുത്ത് താഴെയിടും. ഒടുവില്‍ ആ സദസ്സില്‍ വെച്ചുതന്നെ ഹബീബ് അന്ത്യശ്വാസം വലിച്ചു.

ഹബീബുബ്‌നു സൈദ് അല്‍ അന്‍സാരി. സ്വദേശം മദീന. ഗോത്രം ഖസ്‌റജ് (ബനുന്നജ്ജാര്‍). പിതാവ് സൈദുബ്‌നു ആസ്വിം. മുസൈലിമ എന്ന കള്ള പ്രവാചകന്റെ കൈയാല്‍ ഹി.11ല്‍ രക്തസാക്ഷിയായി.

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446