Skip to main content

ഹംസ ബിൻ അബ്ദില്‍ മുത്ത്വലിബ്(റ)

പതിവുപോലെ അന്നും അമ്പും വില്ലുമെടുത്ത് ഹംസ തന്റെ ഇഷ്ടവിനോദവും വ്യായാമവുമായ വേട്ടയ്ക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ കഅ്ബ ത്വവാഫ് ചെയ്തിട്ടേ അദ്ദേഹം വീട്ടിലേക്ക് തിരിക്കാറുള്ളൂ. അന്നും ആ പതിവ് തെറ്റിച്ചില്ല. കഅ്ബയുടെ സമീപം അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെ ഒരു ദാസി അദ്ദേഹത്തെ കണ്ടുമുട്ടി. കാണേണ്ട താമസം ആ സ്ത്രീ ഹംസയോട് ഇപ്രകാരം പറഞ്ഞു. 'അബൂ ഉമാറാ! അങ്ങയുടെ സഹോദര പുത്രന്‍ മുഹമ്മദിനെ അല്‍പം മുമ്പ് അബുല്‍ ഹകമിബ്‌നുഹിശാം ചെയ്തത് അങ്ങ് കണ്ടിരുന്നെങ്കില്‍! മുഹമ്മദ് ഇരിക്കുമ്പോള്‍ അയാള്‍ ചെന്ന് പുലഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.' അബൂജഹല്‍ ചെയ്തത് ദാസി വിവരിച്ചു.

ഹംസ എല്ലാം ശ്രദ്ധിച്ചു കേട്ടു. ഒരു നിമിഷം ചിന്തിച്ചുനിന്ന ശേഷം വില്ല് തോളിലിട്ട് കഅ്ബയെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു. ഏതാനും ഖുറൈശീ നേതാക്കന്മാരുടെ നടുവിലായി അയാള്‍ ഇരിക്കുന്നതു കണ്ടു. ഹംസ നേരെ ചെന്നു വില്ലെടുത്ത് അയാളുടെ തലക്ക് അടിച്ചു. തല പൊട്ടി ചോര ഒഴുകി. 'മുഹമ്മദിനെ പുലഭ്യം പറയുകയോ?  ഞാന്‍ അവന്റെ മതക്കാരനാണ് അവന്റെ വാദം തന്നെയാണ് എന്റേതും. നിങ്ങള്‍ എന്നെ പുലഭ്യം പറയൂ. കേള്‍ക്കട്ടെ.'

ഖുറൈശി  പ്രമുഖര്‍ തങ്ങളുടെ നേതാവിനു കിട്ടിയ പ്രഹരവും അവഹേളനവും ഒരു നിമിഷം വിസ്മരിച്ചു. ഹംസ മുഹമ്മദിന്റെ മതക്കാരനാണത്രേ! ആ പ്രഖ്യാപനം കേട്ട് അവര്‍ സ്തംഭിച്ചിരുന്നു പോയി. 

ഹംസ മുസ്‌ലിമാവുക! ഖുറൈശികളുടെ ധീരനും ശക്തനുമായ യോദ്ധാവ് തങ്ങളെ പിരിയുക! ഖുറൈശികള്‍ക്ക് അത് ചിന്തിക്കാന്‍ കഴിഞ്ഞില്ല. 

ഹംസ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ നടന്നകന്നു. പക്ഷേ, ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം നിറയെ. ക്ഷോഭം അടങ്ങിയപ്പോള്‍ ഹംസ ശാന്തമായി ചിന്തിച്ചു. ക്ഷോഭത്തിന്റെയും പ്രതികാരത്തിന്റെയും ഒരു ദുര്‍ബല നിമിഷത്തിലാണോ നിര്‍ണായകമായ ഈ തീരുമാനം കൈകൊള്ളേണ്ടത്. വികാരങ്ങള്‍ക്ക് വശംവദനാവാതെ അവധാനപൂര്‍വം ചിന്തിച്ചു വേണ്ടേ ഇത്തരം തീരുമാനത്തിലെത്താന്‍? അദ്ദേഹത്തിന്റ ഹൃദയത്തില്‍ പഴയതും പുതിയതുമായ ആശയങ്ങളുടെ സംഘട്ടനം നടക്കുകയായിരുന്നു.  പിന്നീടദ്ദേഹം കഅ്ബയില്‍ പോയി തനിക്ക് സത്യമാര്‍ഗം കാണിച്ചു തരണമേയെന്നു കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു. 'ദൈവം എന്റ പ്രാര്‍ഥന ചെവിക്കൊണ്ടു. എന്റ ഹൃദയത്തില്‍ ഉറപ്പുവന്നു. തുടര്‍ന്ന് ഞാന്‍ പ്രവാചക സന്നിധിയില്‍ ചെന്ന് എന്റ സ്ഥിതി ധരിപ്പിച്ചു. എന്റെ ഹൃദയത്തെ ഇസ്‌ലാമില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.' ഹംസ പിന്നീട് വിവരിച്ചു. 

ഹംസക്ക് ദൃഢമായ ഇസ്‌ലാമിക വിശ്വാസം കൈവന്നു. ഇസ്‌ലാമിന് ഒരു വിജയമായിരുന്നു അത്. നബിയെയും ദുര്‍ബലരായ അനുയായികളെയും സഹായിക്കാന്‍ അദ്ദേഹം ശക്തിദുര്‍ഗമായി നിലകൊണ്ടു.  ഇസ്‌ലാമില്‍ വന്നതു മുതല്‍ ഹംസ തന്റെ ആരോഗ്യവും ശക്തിയും ആയുസ്സും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കുമെന്നു ശപഥം ചെയ്തു. 'അല്ലാഹുവിന്റെയും റസൂലിന്റെയും സിംഹം' എന്ന കീര്‍ത്തിനാമം തിരുമേനി അദ്ദേഹത്തിനു നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ ആ സിംഹം അത്ഭുതങ്ങള്‍ കാഴ്ചവെച്ചു.

ഉഹ്ദ് യുദ്ധത്തിനു കളമൊരുങ്ങി. പ്രധാനമായും രണ്ടു വ്യക്തികളായിരുന്നു ഈ യുദ്ധത്തില്‍ ഖുറൈശിനേതാക്കന്‍മാരുടെ ഉന്നം. നബിയും ഹംസയും. ഹംസയെ കൊല്ലാന്‍ ശത്രുക്കള്‍ ഉളിയേറില്‍ വിദഗ്ധനായ വഹ്ശി എന്ന നീഗ്രോ അടിമയെ കാലേകൂട്ടി ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യം സാധിച്ചാല്‍ അടിമയായ വഹ്ശിക്ക് മോചനം വാഗ്ദാനം ചെയ്യപ്പട്ടിരുന്നു. 

അല്ലാഹുവിന്റെയും പ്രവാചകന്റെയും സിംഹമായ ഹംസ രക്തസാക്ഷിയായി നിലംപതിച്ചു. അദ്ദേഹം മരിച്ചിട്ടും ശത്രുക്കള്‍ക്ക് അരിശം തര്‍ന്നില്ല. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിന്റെ നിര്‍ദേശപ്രകാരം വഹ്ശി അദ്ദേഹത്തിന്റ നെഞ്ച് കുത്തിപ്പിളര്‍ത്തി കരള്‍ എടുത്തുകൊടുത്തു. ഇനാമായി വഹ്ശിക്ക് അവരുടെ സ്വണാഭരണങ്ങളും വൈരമാലയും കിട്ടി. കരള്‍ ചവച്ചുതുപ്പി പ്രതികാരദാഹം ശമിപ്പിക്കുമ്പോള്‍ 'ബദ്‌റിനു ഞങ്ങള്‍ നിങ്ങളോട് പകരം വീട്ടി. പിതാവും സഹോദരനും പിതൃവ്യനും പുത്രനും കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ ചെയ്ത ശപഥം നിറവേറ്റി. വഹ്ശി എന്റെ പ്രതികാര ദാഹം തീര്‍ത്തു.' എന്നിങ്ങനെ ഹിന്ദ് പാടികൊണ്ടിരുന്നു. വഹ്ശി പിന്നീട് മുസ്‌ലിമായി. എങ്കിലും ഹംസയെ കൊന്ന അയാളുടെ മുഖത്ത് നോക്കാന്‍ പ്രവാചകന് പ്രയാസമായിരുന്നു. 

യുദ്ധക്കളത്തില്‍ ചേതനയറ്റ് കിടക്കുന്ന ഹംസയെ നോക്കി പ്രവാചകന്‍(സ്വ) പറഞ്ഞു. 'അല്ലാഹുവിന്റെ കാരുണ്യം താങ്കള്‍ക്കുണ്ടാവട്ടെ. എന്റെ അറിവില്‍ താങ്കള്‍ കുടുംബ സ്‌നേഹമുള്ളവനും സത്ക്കര്‍മനിരതനുമായിരുന്നു'. 

ഹംസതുബ്‌നു അബ്ദില്‍ മുത്തലിബ്. കീര്‍ത്തിനാമം അസദുല്ലാ (അല്ലാഹുവിന്റെ സിംഹം). സ്വദേശം മക്ക. ഗോത്രം ഖുറൈശ്(ഹാശിം). പിതാവ് അബ്ദുല്‍ മുത്തലിബിബ്‌നുഹാശിം. മരണം ഹിജ്‌റ 3ല്‍ (ക്രി.625) ഉഹ്ദ് യുദ്ധത്തില്‍.

Feedback