Skip to main content

ഖാലിദുബ്‌നുല്‍ വലീദ്(റ)

മക്കയിലെ ഖുറൈശ് ഗോത്രത്തിലെ പുകള്‍പെറ്റ മഖ്‌സൂം കുടുംബത്തിലാണ് ഖാലിദിന്റെ പിറവി. ജാഹിലിയ്യത്തിലെ സാഹിത്യവിസ്മയം വലീദുബ്‌നു മുഗീറയാണ് പിതാവ്. സ്വന്തമായി കഅ്ബയെ പട്ടണിയിച്ചിരുന്ന ഒറ്റയാള്‍ (അല്‍വാഹിദ്).

ഖത്താബിന്റെ മകന്‍ ഉമറും അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമയും ത്വല്‍ഹയുടെ മകന്‍ ഉസ്മാനുമായിരുന്നു ഖാലിദിന്റെ കളിക്കൂട്ടുകാര്‍. അബൂസുലൈമാന്‍ എന്ന വിളിപ്പേരും ഖാലിദിനുണ്ടായിരുന്നു. വാള്‍ പയറ്റ് വിനോദമാക്കി ജീവിതം മുഴുക്കെ കുതിരപ്പുറത്ത് വാളുകളുടെ തീപ്പൊരികള്‍ക്കിടയില്‍ യുദ്ധങ്ങളില്‍ മുന്‍നിരയില്‍ ചെലവഴിച്ച ഖാലിദുബ്‌നുല്‍ വലീദ് മുഹമ്മദ് നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെയും യുദ്ധം നയിച്ചു.

ബദ്‌റില്‍ പങ്കെടുത്തിട്ടില്ല ഖാലിദ്. ഉഹ്ദില്‍ പങ്കെടുത്തെന്ന് മാത്രമല്ല മുസ്‌ലിംകളുടെ പരാജയ ത്തിന്റെ സൂത്രധാരനായിരുന്നു ഖാലിദ്. നബി(സ്വ) നിയോഗിച്ച അമ്പെയ്ത്തുകാരുടെ പിഴവ് മുതലെടുത്ത് മുസ്‌ലിംകളെ പിന്നിലൂടെ അക്രമിച്ചുകൊണ്ടാണ് ഖാലിദ് മുന്നേറിയത്. ഹിജ്‌റ വര്‍ഷം ആറില്‍ ഉംറ ചെയ്യാനിറങ്ങിയ ദൂതരെയും സംഘത്തെയും നേരിടാന്‍ ഖാലിദ് ഇറങ്ങിയെങ്കിലും അവസരം കിട്ടിയില്ല. അടുത്ത വര്‍ഷം മുസ്‌ലിംകള്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയും ചെയ്തു.

പല സമയത്തും ഖാലിദിന്റെ മനസ്സില്‍ ഉരുവംകൊണ്ടിരുന്ന ചോദ്യങ്ങള്‍ ചിന്തയായി മാറി. മുഹമ്മദിനെയും സംഘത്തെയും തടയാനെന്തേ തങ്ങള്‍ക്കു കഴിയുന്നില്ല? 'ബദ്‌റും ഉഹ്ദും ഖന്‍ദഖും എല്ലാം മേല്‍ക്കൈ അവര്‍ക്ക് തന്നെ. ഇപ്പോള്‍ യുദ്ധം വേണ്ടെന്ന ഹുദൈബിയ സന്ധിയും. പിന്നാലെ അവര്‍ ഉംറക്കായി മക്കയിലുമെത്തിയിരിക്കുന്നു. ജൂതരെ നാടുകടത്തുന്നു. അയല്‍ രാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുന്നു'. ഖാലിദ് ചിന്തിച്ചു: 'യുദ്ധരംഗത്ത് നമ്മെക്കാളധികം പാടവം ഇവര്‍ക്കില്ല. സാമ്പത്തിക ഭദ്രതയില്ല. അംഗസംഖ്യയും കുറവാണവര്‍. എന്നിട്ടും വിജയം അവര്‍ക്കു തന്നെ'. നബിയുടെയും ഇസ്‌ലാമിന്റെയും വശ്യത ഖാലിദ് തിരിച്ചറിയുകയായിരുന്നു. ഇതിനിടയിലാണ് മുമ്പേ മുസ്‌ലിമായിരുന്ന തന്റെ സഹോദരന്‍ ഖലീദി(റ)ന്റെ കത്ത് ലഭിക്കുന്നത്. റസൂല്‍ താങ്കളെപ്പറ്റി അന്വേഷിച്ചതായും താങ്കള്‍ക്ക് ഇസ്‌ലാം അന്യമായതെങ്ങനെ എന്ന് അത്ഭുതം കൂറിയതായും ഖലീദ് കത്തില്‍ എഴുതി.

പിന്നെ താമസിച്ചില്ല. കുതിരപ്പുറത്തേറി നേരെ മദീനയിലേക്ക്. വഴിയില്‍ വെച്ച് പഴയ കളിക്കൂട്ടുകാരായ അംറുബ്‌നുല്‍ ആസ്വിനെയും ഉസ്മാനുബ്‌നു ത്വല്‍ഹയെയും കിട്ടി. മൂവരും ദൂതരെക്കണ്ട് സത്യസാക്ഷ്യം ചൊല്ലി. സന്തുഷ്ടനായ തിരുനബി ഇങ്ങനെ പറഞ്ഞു: ''മക്കയിതാ അതിന്റെ കരളിന്റെ കഷണങ്ങളെ നിങ്ങള്‍ക്കെറിഞ്ഞു തന്നിരിക്കുന്നു'' അതേ, മക്കയുടെയും കഅ്ബയുടെയും താക്കോലുകള്‍ തന്നെയായിരുന്നു ഈ മൂവര്‍ സംഘം. ദീര്‍ഘകാലം ഇസ്‌ലാമിനെതിരില്‍ വാളേന്തിയ ഖാലിദിന്ന് അതേ വാളുകൊണ്ടുതന്നെ തന്റെ പാപം കഴുകിക്കളയണമെന്നുണ്ടായിരുന്നു.

പിന്നീട്, മക്ക വിജയ യാത്രയില്‍ വലതു വിഭാഗത്തിന്റെ നായകനായി ഖാലിദു(റ)ണ്ടായിരിന്നു. അതൊരു യുദ്ധ മുന്നേറ്റമായിരുന്നില്ല, ജൈത്രയാത്രയായിരുന്നു. മുഅ്ത്ത യുദ്ധത്തില്‍ നായകനായി, സൈന്യത്തെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. നബി(സ്വ)യുടെ മരണാനന്തരമുണ്ടായ ആഭ്യന്തരകലാപങ്ങള്‍ നേരിട്ട സൈന്യത്തിന്റെ അമരത്തും ഖാലിദുണ്ടായിരുന്നു. മുസൈലിമെയന്ന കള്ളവാദിയെ യമാമയില്‍ നാമാവശേഷമാക്കിയത് ഖാലിദാണ്.

പേര്‍ഷ്യന്‍ കൈയ്യൂക്കില്‍ നിന്ന് ഇറാഖിനെ ഇസ്‌ലാമിന്റെ തീരത്തേക്കണച്ച ഖാലിദ്(റ) ശാമിലെത്തി അവിടുന്ന് റോമക്കാരെയും കെട്ടുകെട്ടിച്ചു. യര്‍മൂക്കില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധത്തില്‍ റോമന്‍ ശക്തിയെ ദയനീയമായി തകര്‍ത്ത ഖാലിദ്(റ) മുസ്‌ലിംകളുടെ ജൈത്രയാത്രയ്ക്ക് നേതൃത്വം നല്കി.

യര്‍മൂക്ക് ഒരു വലിയ പ്രതിസന്ധിയായിരുന്നു മുസ്‌ലിംകള്‍ക്ക്. ഹിര്‍ഖലിന്റെ നായകത്വത്തില്‍ രണ്ടുലക്ഷം പേരടങ്ങുന്ന റോമന്‍ സൈന്യത്തിന് മുന്നില്‍ സൈദുബ്‌നു ഹാരിസ(റ)യും മൂവായിരം മുസ്‌ലിംകളും യുദ്ധസജ്ജരായി. മുഅ്ത്തയില്‍ ചൂടുപിടിച്ച രണാങ്കണത്തില്‍ നായകരായ സൈദും(റ) ജഅ്ഫറും(റ) അബ്ദുല്ല(റ)യും കൊടിയേന്തി ഓരോരുത്തരായി ശഹീദായി വീണു.

അടുത്തതാര്? ചോദ്യമുയരും മുമ്പ് ഉത്തരവും വന്നു. 'ഖാലിദ്', 'ഖാലിദുബ്‌നുല്‍ വലീദ്' സേനാംഗങ്ങള്‍ ഒന്നാകെ വിളിച്ചുപറഞ്ഞു. വാള്‍ പ്രയോഗം വിനോദമാക്കി മുസ്‌ലിംകള്‍ക്കെതിരെ രണപാടവം കാട്ടിയിരുന്ന ഖാലിദ് സത്യദീനിലേക്ക് വന്ന വര്‍ഷമായിരുന്നു അത്.

അന്ന് ഖാലിദിന്റെ വശം ഒമ്പത് വാളുകളുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നുപോലും അദ്ദേഹം ഊരിയില്ല. പകരം രണ്ടുലക്ഷം റോമന്‍ പടയാളികളില്‍ നിന്ന് മൂവായിരം മുസ്‌ലിംകളെ വിദഗ്ധമായി രക്ഷിച്ചെടുത്തു. ഖാലിദെന്ന രണതന്ത്രജ്ഞന്‍. പടയാളികളെ തിരിച്ചും മറിച്ചും അണിമാറ്റിയും സൈന്യത്തിന് പിന്നില്‍ പൊടിപടലങ്ങള്‍ ഇളക്കിയും റോമക്കാരെ ഭീതിപ്പെടുത്തി യായിരുന്നു പിന്‍മാറ്റം.

മദീനയിലെത്തിയ സൈന്യത്തെ ചൂണ്ടി ചിലര്‍ പരിഹസിച്ചു. 'യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞോയിടവര്‍' എന്നാല്‍ തിരുനബി(സ്വ) അത് തിരുത്തി. ''പിന്തിരിഞ്ഞോടിയവരല്ല ഇവര്‍, അല്ലാഹുവിന്റെ അനുമതിയോടെ തിരിച്ചുപോന്നവരാണ്''

ഖാലിദിനെ അടുത്ത് വിളിച്ച് ദൂതര്‍ പറഞ്ഞു ''ഇതാ ഖാലിദ്, സെയ്ഫുല്ലാഹ്(അല്ലാഹുവിന്റെ വാള്‍)'' പരിഹസിച്ചവരുടെ നാവിറങ്ങിപ്പോയി.

ഉമര്‍(റ) ഖലീഫയായതോടെ സൈനിക നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഖാലിദ്(റ) സൈനികരില്‍ ഒരാളായി പടപൊരുതി. തന്റെ മക്കളെയും അദ്ദേഹം സൈന്യത്തില്‍ ചേര്‍ത്തു.

മരണം, ഒളിഞ്ഞിരിക്കുന്ന യുദ്ധമുഖങ്ങളിലെല്ലാം ഖാലിദെ(റ)ന്ന പോരാളിയെത്തിയിരുന്നു. എന്നിട്ടും മരണം അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത് വീട്ടിലെ വിരിപ്പിലേക്കായിരുന്നു. നാലു വര്‍ഷക്കാലം ഹിംസ്വിലെ വീട്ടില്‍ കഴിഞ്ഞ ഖാലിദ് ഹിജ്‌റ വര്‍ഷം 21ല്‍ വീട്ടില്‍ കിടന്നാണ് മരിച്ചത്. 

യുദ്ധക്കുതിരയും നബി(സ്വ) സമ്മാനിച്ച ഒരു വാളും ഒരു ഭൃത്യനും മാത്രമേ മരിക്കുമ്പോള്‍ ഖാലിദു ബ്‌നുല്‍ വലീദി(റ)ന്റെ ഉടമസ്ഥതയിലുണ്ടായിരുന്നുള്ളൂ.
 

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446