Skip to main content

ഉമൈർ ബിൻ സഅ്ദ്(റ)

ഉമൈര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പത്തുവയസ്സിലധികം പ്രായമുണ്ടായിരുന്നില്ല. സത്യ വിശ്വാസവും ഇസ്‌ലാമിക ദര്‍ശങ്ങളും ആ ബാലനില്‍ വേരൂന്നി. കുട്ടിക്കാലം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെതുമായിരുന്നെങ്കിലും പിതാവിന്റെ മരണശേഷം ഉമ്മയുടെ രണ്ടാം വിവാഹത്തി ലൂടെ അതിനെല്ലാം അറുതിയായി. ഔസ് ഗോത്രത്തിലെ പണക്കാരനായ ജുലൈസുബ്‌നു സുവൈദായിരുന്നു അവരെ പുനര്‍വിവാഹം ചെയ്തത്. ജുലൈസ് തന്റെ മകനെപ്പോലെയും ഉമൈര്‍ തന്റെ പിതാവിനെപ്പോലെയും പരസ്പരം സ്‌നേഹിച്ചു. ശാന്തവും സുഖകരവുമായിരുന്നു ഉമൈറുബ്‌നുസഅ്ദിന്റെ ജീവിതം.

പക്ഷേ, ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാക്കാരുമായി തബൂക്കില്‍ ഏറ്റുമുട്ടാനുള്ള തീരുമാനം നബി പ്രഖ്യാപിക്കുന്നു. പ്രബലരായ ശത്രുക്കളും ദുര്‍ഘടമായ യാത്രയും കഷ്ടപ്പാടുകളും മുന്നില്‍. ലക്ഷ്യസ്ഥാനം മുന്‍കൂട്ടി അറിയിക്കാന്‍ ഇതു പ്രവാചകനെ പ്രേരിപ്പിച്ചു. ഉഷ്ണകാലം, കായ്കനികളുടെ വിളവെടുപ്പ് കാലം തുടങ്ങിയ സാഹചര്യങ്ങളാല്‍ വന്നുചേര്‍ന്ന മാന്ദ്യം എല്ലായിടത്തും അനുഭവപ്പെട്ടു. അതോടൊപ്പം ഒരു വിഭാഗം കപട വിശ്വാസികള്‍ മുസ്‌ലിംകളുടെ ആത്മവീര്യം കെടുത്തുന്ന പ്രചാരണങ്ങളിലേര്‍പ്പെടുകയും നബിയെ വിമര്‍ശിക്കുകയും ചെയ്തു.

മുസ്‌ലിംകള്‍ ആത്മവീര്യത്തോടെ യുദ്ധസന്നാഹങ്ങളൊരുക്കി. ഇത് ഉമൈറുബ്‌നു സഅ്ദിനെ വല്ലാതെ ഉത്സാഹഭരിതനാക്കി. സ്ത്രീകള്‍ ആഭരണങ്ങള്‍ നല്കുന്നു, ഉസ്മാനുബ്‌നു അഫ്ഫാന്‍ ആയിരം സ്വര്‍ണനാണയങ്ങളുള്ള കിഴി നല്‍കുന്നു, അബ്ദുറഹ്മാനുബ്‌നു ഔഫ് സ്വര്‍ണ്ണക്കിഴികള്‍ ചുമലിലേറ്റി പ്രവാചകന്റെ മുന്നില്‍ ചൊരിയുന്നു. ഒരാള്‍ തന്റെ ശയ്യ വിറ്റുകിട്ടുന്ന പണം യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്നറിയിക്കുന്നു.

വികാരനിര്‍ഭരമായ ഈ അവസ്ഥയില്‍ തന്റെ വളര്‍ത്തുപിതാവായ ജുലൈസിന്റെ അലംഭാവനയം ഉമൈറിനെ ആശയക്കുഴപ്പത്തിലാക്കി. പ്രവാചകനാണെന്ന മുഹമ്മദിന്റെ വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളേക്കാള്‍ മോശക്കാരാണ് എന്ന സംസാരം കൂടിയായപ്പോള്‍ ഉമൈര്‍ തന്റെ നീരസം ജുലൈസിനെ തുറന്നറിയിച്ചു. ഇസ്‌ലാമില്‍ നിന്ന് പ്രകടമായി പുറത്തുപോകുന്ന ഈ വാക്ക് പ്രവാചകന്റെ മുമ്പില്‍ താന്‍ അവതരിപ്പിക്കുമെന്ന് ഉമൈര്‍ പറഞ്ഞു.

ജുലൈസിനെ പള്ളിയിലേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഉമൈര്‍ കള്ളം പറയുകയാണെന്ന വാദമാണ് നബിക്ക് മുമ്പില്‍ വെച്ചത്. 'അല്ലാഹുവേ, എന്റെ സത്യാവസ്ഥക്ക് ഒരു തെളിവ് നിന്റെ പ്രവാചകന് നീ ഇറക്കിയാലും'' എന്ന് ഉമൈര്‍ പ്രാര്‍ഥിച്ചു.

തര്‍ക്കങ്ങള്‍ക്കിടയില്‍ നബിക്ക് വഹ്‌യിറങ്ങി. ''തങ്ങള്‍ പറഞ്ഞില്ലെന്ന് അവര്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യുന്നു. അവിശ്വാസത്തിന്റെ വാക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം അവിശ്വസിച്ചു. പശ്ചാത്തപിച്ചാല്‍ അവര്‍ക്ക് നല്ലത്. അവര്‍ വൈമുഖ്യം കാണിച്ചാല്‍ അല്ലാഹു അവര്‍ക്ക് നോവുറ്റ ശിക്ഷ കൊടുക്കും(9:74)'' ഈ ഖുര്‍ആന്‍ വചനം ജുലൈസില്‍ ഭയം നിറക്കുകയും ഞാന്‍ പശ്ചാത്തപിക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുകയും പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ കേണപേക്ഷിക്കുകയും ചെയ്തു. ഉമൈര്‍ തന്റെ സത്യാവസ്ഥ വെളിപ്പെട്ടതില്‍ അത്യധികം സന്തോഷിച്ചു.

ജുലൈസും ഉമൈറും തമ്മിലുള്ള ബന്ധം ഗാഢമായി. ''അല്ലാഹു അവന് പ്രതിഫലം നല്‍കട്ടെ, എന്നെ അവിശ്വാസത്തില്‍നിന്ന് രക്ഷിച്ചതും നരകത്തില്‍നിന്ന് മോചിപ്പിച്ചതും അവനാണ്'' എന്ന് ഉമൈറിനെ അനുസ്മരിക്കുമ്പോഴെല്ലാം ജുലൈസ് പറയുമായിരുന്നു.

ദീര്‍ഘമായ ആലോചനക്കൊടുവില്‍ ഖലീഫ ഉമര്‍ ഹിംസിലെ ഗവര്‍ണറായി ഉമൈറുബ്‌നു സഅ്ദിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. സിറിയയുടെ മധ്യഭാഗത്ത് ദമസ്‌കസിന്റെയും അലപ്പോയുടെയും ഇടയിലുള്ള ഒരു പട്ടണമാണ് ഹിംസ്. 

ഹിംസിലെ തന്റെ ഗവര്‍ണര്‍ പദവി നീതിയുക്തമായി നിര്‍വ്വഹിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ഭരണത്തിന്റെ ശക്തി ചാട്ടവാറുകൊണ്ട് അടിക്കലോ വാളുകൊണ്ടു വെട്ടലോ അല്ല, നീതികൊണ്ട് വിധിക്കുകയും സത്യത്തെ അംഗീകരിക്കലുമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മപ്പെടുത്തി. നീണ്ട ഒരു വര്‍ഷം ഈ നയം പിന്‍തുടര്‍ന്ന് അദ്ദേഹം ഭരണം നടത്തി. കേന്ദ്രത്തിലേക്ക് ഇക്കാലയളവില്‍ നികുതിയോ റിപ്പോര്‍ട്ടുകളോ അദ്ദേഹം നല്‍കിയില്ല. ഇത് ഉമറില്‍ സംശയമുണര്‍ത്തി. ഖലീഫ ഗവര്‍ണരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. അദ്ദേഹം കാല്‍നടയായി ഭക്ഷണപ്പൊതിയും വുദു എടുക്കാനുളള തോല്പാത്രവും തോളിലേറ്റിയാണ് മദീനയിലേക്ക് പുറപ്പെട്ടത്.

എന്തൊക്കെയാണ് കൊണ്ടുവന്നതെന്ന ഉമറിന്റെ ചോദ്യത്തിന് ഞാന്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന തളികയും വുദൂഇനും കുടിക്കാനും വെള്ളമെടുക്കുന്ന പാത്രവുമുണ്ട് എന്ന് ഉമൈര്‍ മറുപടി പറഞ്ഞു. ഹിംസില്‍ നിന്ന് പിരിച്ച നികുതി അവരുടെ തന്നെ നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ഉമൈര്‍ ചെയ്തത്. ഇതുപ്രകാരം കാലാവധി നീട്ടാന്‍ ഉമര്‍(റ) ഉത്തരവിട്ടെങ്കിലും ഉമൈര്‍ ശിഷ്ടകാലം മദീനക്ക് വെളിയിലുള്ള ഒരു ഗ്രാമത്തില്‍ താമ സമാക്കുകയാണ് ഉണ്ടായത്.

ഉമൈറിനെ പരീക്ഷിക്കാന്‍ വേണ്ടി ഹാരിസിലൂടെ ഖലീഫ നടത്തിയ ശ്രമത്തില്‍ ഉമൈറിന്റെ സത്യസന്ധത കൂടുതല്‍ വെളിപ്പെടുകയാണുണ്ടായത്. പാരിതോഷികമായി ഏല്‍പ്പിച്ച പണക്കിഴി വാങ്ങാന്‍ പോലും ഉമൈര്‍ വിസമ്മതിച്ചു. പക്ഷേ, ഹാരിസ് ഈ പണക്കിഴി അവിടെ ഉപേക്ഷിച്ചുപോയി. അത് മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉമൈറും കുടുംബവും ദാനം ചെയ്തു.

താന്‍ നല്‍കിയ ഈ പണക്കിഴിയുടെ വിനിയോഗമറിയാന്‍ ഉമൈറിനെ ഖലീഫ തന്റെ അരികിലേക്ക് വിളിപ്പിച്ചു. 'സ്വത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിവസം ഉപയോഗപ്പെടുത്താന്‍ ഞാന്‍ അത് സൂക്ഷിച്ചിട്ടുണ്ട്''എന്ന് ഉമൈര്‍ മറുപടി നല്‍കി. ഇതും ഖലീഫയില്‍ ഉമൈറിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ഭക്ഷണപദാര്‍ഥങ്ങളും രണ്ട് തുണിയും ഖലീഫ ഉമൈറിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തതില്‍ തുണി മാത്രമാണ് ഉമൈര്‍ സ്വീകരിച്ചത്. ഭാര്യക്ക് ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല.

ഇഹലോകത്ത് ഭാരമില്ലാത്ത സത്ക്കര്‍മങ്ങളോടുള്ള വന്‍ശേഖരവുമായി അദ്ദേഹം മരണപ്പെട്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഖലീഫ ഉമര്‍ ഇപ്രകാരം പറഞ്ഞു: മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങ ളില്‍ എന്നെ സഹായിക്കാന്‍ ഉമൈറുബ്‌നു സഅ്ദിനെപ്പോലുള്ള ഏതാനും വ്യക്തികളെ കിട്ടിയെ ങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
 

Feedback