Skip to main content

മുആദ് ബിൻ ജബല്‍(റ)

ഖലീഫാ ഉമറിന്റെ ഭരണകാലം. ഒരിക്കല്‍ നബിയുടെ ഏതാനും ശിഷ്യന്മാരുടെകൂടെ പള്ളിയില്‍ കടന്നുചെന്ന ആഇദുല്ലാഹിബ്‌നു അബ്ദില്ലാഹ് കണ്ട ഒരു രംഗം അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു: മുപ്പതില്‍പ്പരം വ്യക്തികളിരിക്കുന്ന സദസ്സില്‍ ഞാനും ചെന്നിരുന്നു. എല്ലാവരും നബി(സ്വ)യുടെ ഓരോ ഹദിസ് വീതം ഉദ്ധരിക്കുന്നുണ്ട്. സൗന്ദര്യവും വാഗ്‌വൈഭവവുമുള്ള ഒരാള്‍ സദസ്സില്‍ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹമാണ് ഏറ്റവും പ്രായം കുറഞ്ഞ ആള്‍. സംശയങ്ങളുണ്ടാകുമ്പോള്‍ സദസ്യര്‍ അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം സംശയം തീര്‍ത്തുകൊടുക്കുകയും ചെയ്യുന്നു. ചോദിച്ചാലല്ലാതെ അദ്ദേഹം സംസാരിച്ചിരുന്നില്ല. സദസ്സ് പിരിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് പേര് ചോദിച്ചു. 'ഞാന്‍ മുആദ്ബ്‌നു ജബല്‍' എന്ന് അദ്ദേഹം പരിചയപ്പെടുത്തി. 

മുആദുബ്‌നു ജബലുള്ള സദസ്സില്‍ സ്വഹാബികള്‍ ഹദീസ് ഉദ്ധരിക്കുമ്പോള്‍ അവര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ വീക്ഷിച്ചു കൊണ്ടിരിക്കും.  ഖലീഫാ ഉമര്‍ പല കാര്യങ്ങളിലും മുആദിന്റ വിദഗ്ധാഭിപ്രായം തേടാറുണ്ടായിരുന്നു. 'മുആദില്ലെങ്കില്‍ ഉമര്‍ നശിച്ചതുതന്നെ'എന്ന് ചിലപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നു. നബിയില്‍ നിന്ന് ഖുര്‍ആനും ഇസ്‌ലാമിന്റെ വിധികളും പഠിച്ച അദ്ദേഹം മതവിജ്ഞാനത്തില്‍ നബിയുടെ ശിഷ്യന്മാരുടെ മുന്‍നിരയില്‍ എത്തി.

ബുദ്ധിയിലും വാക്ചാതുരിയിലും അദ്ദേഹം മികച്ചുനിന്നു. അഴകുള്ള മുഖവും ആകര്‍ഷണമുള്ള കണ്ണുകളും പവിഴപ്പല്ലുകളും ചുരുണ്ട തലമുടിയും അദ്ദേഹത്തെ സുമുഖനാക്കി. മക്കയില്‍ നിന്നു വന്ന ഇസ്‌ലാമിക പ്രബോധകനായ മുസ്അബുബ്‌നു ഉമൈര്‍ മുഖേനയാണ് യസ്‌രിബുകാരനായ മുആദ് മുസ്‌ലിമായത്.  

മക്കാവിജയാനന്തരം ഖുറൈശികള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു കൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് മതവിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമായി വന്നു. പ്രവാചകന്‍ ഈ ദൗത്യം ഏല്‍പ്പിച്ചത് മുആദുബ്ദു ജബലിനെയായിരുന്നു.

താങ്കളുടെ ഈമാനിന്റ അനിവാര്യഫലങ്ങളെന്താണ് എന്ന് നബി ഒരിക്കല്‍ മുആദിനോട് ചോദിച്ചു. 'വൈകുന്നേരംവരെ ജീവിച്ചിരിക്കുകയില്ല എന്നുചിന്തിക്കാത്ത ഒരു പ്രഭാതവും, പുലരുവോളം ജീവിച്ചിരിക്കില്ല എന്നുചിന്തിക്കാത്ത ഒരു സായാഹ്നവും എനിക്കുണ്ടാകാറില്ല. ഓരോ കാലടി വെക്കുമ്പോഴും അടുത്ത കാലടിവെക്കാന്‍ എനിക്കുകഴിയില്ല എന്നു ഞാന്‍ ഓര്‍ക്കാറുണ്ട്. സ്വര്‍ഗവാസികള്‍ സ്വര്‍ഗത്തില്‍ വിഹരിക്കുന്നതും നരകവാസികള്‍ നരകത്തില്‍ ശിക്ഷയനുഭവിക്കുന്നതും ഞാന്‍ കണ്ണില്‍ കാണുന്നതുപോലെയിരിക്കും'എന്ന് മുആദ് മറുപടി പറഞ്ഞു.

ഇസ്‌ലാമിക കാര്യങ്ങളില്‍ അഗാധജ്ഞാനം മാത്രമല്ല ചിന്താശേഷിയും ദീര്‍ഘ ദൃഷ്ടിയും ഉള്ള ആളായിരുന്നു മുആദുബ്‌നു ജബല്‍(റ). ഇതുകണ്ടറിഞ്ഞ നബി(സ്വ) യമനിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിന് തെരഞ്ഞെടുത്തത് മുആദിനെയായിരുന്നു. മുആദിനെ യാത്രയാക്കുമ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇസ്‌ലാമിക പ്രബോധനത്തിന്റെയും പ്രമാണ സ്വീകരണത്തിന്റെയും അടിസ്ഥാന സമീപന രീതിയായിരുന്നു.

നബി: മുആദ്, താങ്കള്‍ എങ്ങനെയാണ് വിധികല്പിക്കുക.
മുആദ്: അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട്.
നബി: അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കിലോ?
മുആദ്: അവന്റെ പ്രവാചകചര്യ കൊണ്ട്.
നബി: അവിടെയും കണ്ടില്ലെങ്കിലോ?
മുആദ്: ഞാന്‍ സ്വന്തമായി നിഗമനത്തിലെത്തും.
നബിയുടെ മുഖം പ്രസന്നമായി. അദ്ദേഹം പ്രതിവചിച്ചതിങ്ങനെ: അല്ലാഹുവിന്റെ ദൂതന്റെ ദൂതനെ അല്ലാഹുവിന്റെ ദൂതന്‍ തൃപ്തിപ്പെടുന്ന രീതിയിലാക്കിയ സര്‍വ്വശക്തന് സ്തുതി.

ഖലീഫാ ഉമറിന്റെ നിര്‍ദേശപ്രകാരം ജനങ്ങളെ ഖുര്‍ആനും മതവിജ്ഞാനങ്ങളും പഠിപ്പിക്കാന്‍ ശാമിലേക്കും തുടര്‍ന്ന് ഫലസ്തീനിലേക്കും മുആദ്  പോയി. ഫലസ്തീനില്‍വെച്ച് മുആദിന് കോളറ പിടിപെട്ടു. മരണാസന്നനായ അദ്ദേഹം ഖിബ്‌ലയുടെ നേരെതിരിഞ്ഞുകിടന്ന് 'മരണത്തിനു സ്വാഗതം. ചിരപ്രതീക്ഷിതമായ സുഹൃത്തിന് സ്വാഗതം' എന്നു പറഞ്ഞുകൊണ്ടിരുന്നു.  അങ്ങനെ മറുനാട്ടില്‍വെച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ ജ്ഞാനിയായ ആ സ്വഹാബി അന്ത്യശ്വാസം വലിച്ചു. മുആദ്ബ്‌നു ജബല്‍ അന്ത്യനാളില്‍ ജ്ഞാനികളുടെ ഇമാമാണ് എന്നു നബി പറഞ്ഞുകേട്ടതിനാല്‍ ഞാന്‍ അദ്ദേഹത്തെയാണ് നേതാവാക്കിയത് എന്ന് ഖലിഫാ ഉമര്‍ പ്രസ്താവിച്ചിട്ടുണ്ട്.

മുആദ്ബ്‌നു ജബല്‍. സ്വദേശം മദീന. ഗോത്രം ഖസ്‌റജ് (ബനു അദിയ്യ്). പിതാവ് ജബലുബ്‌നു അംറ്. മരണം ഹിജ്‌റ 18ല്‍ (ക്രി 639).

Feedback