Skip to main content

സുറാഖത് ബിൻ മാലിക്(റ)

ആ വാര്‍ത്ത ഖുറൈശികളില്‍ ഭയാനകതയും വിഭ്രാന്തിയും പരത്തി. 'ഇരുട്ടിന്റെ മറവില്‍ മുഹമ്മദ് മക്കയില്‍ നിന്ന് രക്ഷപ്പെട്ടു.' ഖുറൈശി നേതാക്കള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നബിയെ അന്വേഷിച്ച് അവര്‍ പലഭാഗത്തേക്കും ഓടി. ഹാശിം കുടുംബക്കാരുടെയും ശിഷ്യന്മാരുടെയും വീടുകള്‍ അരിച്ചുപെറുക്കി. നബി ഒളിച്ചുതാമസിച്ച സൗര്‍ ഗുഹാമുഖം വരെ അവരെത്തി. നബി അവരുടെ കണ്ണില്‍പെടാതെ രക്ഷപ്പെട്ടെങ്കിലും പ്രവാചകനെ പിടികൂടാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചില്ല.

കിനാന ഗോത്രക്കാരനായ സുറാഖത്തുബ്‌നു മാലിക് മക്കയുടെ സമീപം ഖുദൈദ് എന്ന സ്ഥലത്ത് സഭ കൂടിക്കൊണ്ടിരിക്കുമ്പോഴാണ് മുഹമ്മദിനെ ജീവനോടെ ഹാജറാക്കുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ ഇനാം കിട്ടുമെന്ന സന്ദേശമറിഞ്ഞത്. പാരിതോഷികത്തില്‍ മതിമറന്ന സുറാഖ മറ്റെല്ലാവരുടെയും ശ്രദ്ധയെ മറികടന്ന് പ്രവാചകനെ തിരയാന്‍ വേണ്ടി ആയുധങ്ങളുമായി കുതിരപ്പുറത്ത് യാത്ര തിരിച്ചു. ദീര്‍ഘകായനും സാഹസിക യാത്രക്കാരനും വഴിയടയാള വിദഗ്ദനുമായ സുറാഖ ബുദ്ധിമാനും കവിയും മികച്ച കുതിരസവാരിക്കാരനും കൂടിയായിരുന്നു.

കുറച്ചു ദൂരം പോയപ്പോള്‍ കുതിരയുടെ കാല്‍തെറ്റി സുറാഖ താഴെ വീണു. പിന്നീട് വീണ്ടും ഇതുതന്നെ സംഭവിച്ചപ്പോള്‍ യാത്രക്കെന്തോ ദുശ്ശകുനമുണ്ടെന്ന് കരുതിയെങ്കിലും നൂറ് ഒട്ടകങ്ങള്‍ മനസ്സില്‍ കിടന്ന് ആഹ്ലാദത്തിമിര്‍പ്പുണ്ടാക്കി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ നബിയും നാട്ടുകാരും സുറാഖയുടെ കണ്ണില്‍പെട്ടു. ഉടന്‍ അമ്പും വില്ലുമെടുക്കാന്‍ കൈ നീട്ടിയെങ്കിലും കുതിരയുടെ കാലുകള്‍ ഭൂമിയില്‍ താഴ്ന്നുപോവുകയും അതിശക്തമായ പുകപടലം കുതിരയുടെയും സുറാഖയുടെയും കണ്ണുകളെ മൂടുകയും ചെയ്തു. ഈ സമയം സുറാഖ നബിയെയും അബൂബക്‌റിനെയും വിളിച്ച് സഹായമപേക്ഷിച്ചു. ദ്രോഹിക്കുകയില്ലെന്ന് ഉറപ്പും നല്കി. നബി പ്രാര്‍ഥിച്ചു. കുതിരയുടെ കാലുകള്‍ രക്ഷപ്പെട്ടു.

പക്ഷേ, ദുരാഗ്രഹിയായ സുറാഖ നബിയെയും അബൂബക്‌റിനെയും ലക്ഷ്യമിട്ട് കുതിരയെ ഓടിച്ചു. മുമ്പത്തെക്കാള്‍ ആഴത്തില്‍ കുതിരക്കാലുകള്‍ ഭൂമിയിലാണ്ടു. വീണ്ടും സുറാഖ നബിയോട് സഹായമഭ്യര്‍ഥിച്ചു. ''എന്റെ ഭക്ഷണവും ആയുധവും നിങ്ങളെടുത്തുകൊള്ളുക. നിങ്ങളെ പിന്തുടരുന്നവരെ ഞാന്‍ പിന്തിരിപ്പിക്കാം.'' ഇതായിരുന്നു വാഗ്ദാനം. ആദ്യത്തേത് നിരസിച്ച പ്രവാചകന്‍, ഞങ്ങളെ പിടികൂടാന്‍ വരുന്നവരെ പിന്തിരിപ്പിക്കണമെന്ന് സുറാഖയോടാവശ്യപ്പെട്ടു.

നബി പ്രാര്‍ഥിച്ചു. കുതിര രക്ഷപ്പെട്ടു. സുറാഖ നന്ദി പറഞ്ഞു ''ദൈവം സാക്ഷി, എന്റെ ഭാഗത്ത് നിന്ന് ഒരുപദ്രവവും നിങ്ങള്‍ക്കുണ്ടാവില്ല. മുഹമ്മദേ, താങ്കളുടെ മതം പ്രചരിക്കുകയും താങ്കള്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുമെന്ന് എനിക്കറിയം. അതിനാല്‍ താങ്കളുടെ രാജ്യത്ത് വരുമ്പോള്‍എന്നെ സ്വീകരിക്കുമെന്ന് താങ്കള്‍ രേഖാമൂലം എനിക്ക് ഉറപ്പുതരണം'' എന്ന് സുറാഖ അഭ്യര്‍ഥിച്ചു.

നബി കല്പിച്ചതനുസരിച്ച് സിദ്ദീഖ് ഒരു എല്ലിന്‍ കഷണത്തില്‍ പ്രമാണം എഴുതി സുറാഖയ്ക്കു നല്കി. പോകാന്‍ നേരം; ഹുര്‍മുസിന്റെ മകന്‍ കിസ്‌റായുടെ രണ്ടുവള സുറാഖത്ത് അണിഞ്ഞാല്‍ എങ്ങനെയുണ്ടാകും എന്ന് പ്രവാചകന്‍ ചോദിച്ചു. സുറാഖ ആശ്ചര്യപ്പെട്ടു. പ്രവാചകന്‍ തീര്‍ത്തു പറഞ്ഞു: ''അതേ, കിസ്‌റായുടേതു തന്നെ.'' സുറാഖ മടങ്ങി. പ്രവാചകനെ തേടിയിറങ്ങിയവരെ പിന്തിരിപ്പിച്ചു. 

ഹിജ്‌റ എട്ടാം വര്‍ഷം. മക്ക വിജയ ദിനം. നബി സര്‍വ്വസന്നാഹത്തോടും കൂടി മക്കയില്‍ തിരിച്ചെത്തി. പേടിച്ചു വിറച്ചുനില്ക്കുന്ന ശത്രുപക്ഷത്തോട്, ''പോവുക; നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു'' എന്ന ചരിത്ര പ്രഖ്യാപനം വന്നു. ഈ സമയം സുറാഖത്തുബ്‌നു മാലിക് ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കാന്‍ എട്ടുകൊല്ലം മുമ്പ് കിട്ടിയ പ്രമാണവുമായി കുതിരപ്പുറത്തേറി പുറപ്പെട്ടു. പ്രവാചകനരികിലേക്ക് പ്രയാസപ്പെട്ട്നീങ്ങിയ സുറാഖ സ്വയംപരിചയപ്പെടുത്തി. പ്രവാചകന്‍അദ്ദേഹത്തെ സ്വീകരിക്കുകയും തിരുസന്നിധിയില്‍ വെച്ച് സുറാഖ ഇസ്‌ലാം തന്റെ മതമായി പ്രഖ്യാപിക്കുകയും ചെയ്തു.

കാലം പിന്നെയും മുന്നോട്ടുനീങ്ങി. പ്രവാചകന്‍ പരലോകം പൂകി. സുറാഖ അത്യധികം ദു:ഖിച്ചു. പഴയ കാല അനുഭവങ്ങള്‍ ഓരോന്നായി ഓര്‍മകളില്‍ തെളിഞ്ഞു. കിസ്‌റായുടെവള അണിയുന്നതിനെപ്പറ്റി പ്രവാചകന്‍ പറഞ്ഞത് ഓര്‍ത്തു. വിശ്വാസിയായതിനാല്‍ അതില്‍ സംശയിച്ചില്ല.

ഖലീഫാ ഉമറിന്റെ ഭരണകാലത്ത് മുസ്‌ലിംകള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ജൈത്രയാത്ര നടത്തി. ഗംഭീര വിജയത്തില്‍ കിസ്‌റാ ചക്രവര്‍ത്തിയുടെ ഭരണപരിധിയില്‍പെട്ടഎല്ലാ രാജ്യങ്ങളും മുസ്‌ലിംകള്‍ക്കധീനമായി. ഒരു ദിവസം യുദ്ധത്തില്‍ നിന്ന് പൊതു ഖജനാവിലേക്ക് അവകശപ്പെട്ട അഞ്ചിലൊരു ഭാഗവുമായി സഅ്ദുബ്‌നു അബീവഖാസിന്റെ ദൂതന്മാര്‍ മദീനയിലെത്തി. യുദ്ധമുതല്‍ ഖലീഫ ഉമര്‍ കൗതുകപൂര്‍വം പരിശോധിച്ചുകൊണ്ടിരുന്നു. അതില്‍ കിസ്‌റായുടെ വൈരം പതിച്ച കിരീടവും സ്വര്‍ണനൂലു കൊണ്ട് നെയ്ത വസ്ത്രങ്ങളും രത്‌ന ഖചിതമായ പട്ടയും അമൂല്യമായ രണ്ട് വളകളും മറ്റനേകം വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഖലീഫാ ഉമര്‍, ഇത് കൊടുത്തയച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തി. അവിടെയുണ്ടായിരുന്ന അലിയ്യുബ്‌നു അബീത്വാലിബ് അഭിപ്രായപ്പെട്ടു:

''അങ്ങ് വിശ്വസ്തനാണ് അതുകൊണ്ട് അങ്ങയുടെ ഭരണീയരും വിശ്വസ്തരായി. അങ്ങ് മേഞ്ഞാല്‍ അവരും മേയും''.

ഉമറുല്‍ ഫാറൂഖ് സുറാഖയെ വിളിച്ച് കിസ്‌റായുടെ ആഭരണങ്ങളണിയാന്‍ കല്പിച്ചു. മുസ്‌ലിംകള്‍ അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കി. തത്സമയം ഉമര്‍ സുറാഖത്തിനെ നോക്കി പറഞ്ഞു:  ''ഭേഷ്! ഭേഷ്! ബനൂമദ്‌ലജിലെ ഒരു സാധാരണ അറബിയുടെ തലയില്‍ കിസ്‌റായുടെ കിരീടം, കൈകളില്‍ കിസ്‌റായുടെ വളകള്‍.'' പ്രവാചകന്റെ പ്രഖ്യാപനം പുലര്‍ന്നു.

Feedback