Skip to main content

സാബിത് ബിൻ ഖൈസ്(റ)

പ്രസംഗ വൈഭവം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ശ്രദ്ധേയനായ സ്വഹാബിയായിരുന്നു സാബിത്ബ്‌നു ഖൈസ്. പിതാവ് ഖൈസ്. ഖസ്‌റജ് ഗോത്രത്തില്‍പെട്ട ഇദ്ദേഹം ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ രക്തസാക്ഷിയായി. അപാരബുദ്ധി, ഭാഷാ നൈപുണ്യം എന്നിവ സാബിതിന്റെ പ്രത്യേകതകളായിരുന്നു. മുസ്അബുബ്‌നു ഉമൈറിന്റെ പ്രബോധനങ്ങളിലും ഖുര്‍ആന്‍ പാരായണങ്ങളിലും ആകൃഷ്ടനായാണ് സാബിത് ഇസ്‌ലാംമത വിശ്വാസിയായിത്തീര്‍ന്നത്.

പ്രവാചകന്‍ അഭയാര്‍ഥിയായി മദീനയിലെത്തിയപ്പോള്‍ സാബിത് നടത്തിയ ആവേശോജ്വലമായ സ്വീകരണ പ്രസംഗം തിരുമേനി സ്വന്തം പ്രസംഗകനായി സാബിതിനെ തെരഞ്ഞെടുക്കുന്നതിന് നിമിത്തമായി. അറബ് പ്രതിനിധി സംഘങ്ങള്‍ പ്രസംഗിക്കും. പ്രതാപത്തിന് കവികളെയും കലാകാരന്മാരെയും കുടെ കൊണ്ടുവരുമ്പോള്‍ കവികളെ നേരിടാന്‍ ഹസ്സാനുബ്‌നുസാബിതിനെയും പ്രഭാഷകരെ നേരിടാന്‍ സാബിതുബ്‌നു ഖൈസിനെയുമായിരുന്നു ചുമതലപ്പെടുത്തിയത്.

അഗാധമായ വിശ്വാസത്തിന്റെയും ദൈവഭക്തിയുടെയും ഉടമയായിരുന്നു. 'ഗര്‍വും പ്രൗഢിയും കാണിക്കുന്ന ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല, പ്രാവചകനേക്കാള്‍ നിങ്ങള്‍ നിങ്ങളുടെ ശബ്ദമുയര്‍ത്തരുത്' എന്നീ ഖുര്‍ആന്‍ വാക്യങ്ങള്‍ അദ്ദേഹത്തില്‍ മനഃപ്രയാസമുണ്ടാക്കിയിരുന്നു. പ്രവാചകന്‍ ഇടപെട്ട് ഈ രണ്ട് വിഷയങ്ങളിലും സാബിത് തെറ്റുകാരനല്ല എന്ന് ഉറപ്പു നല്കുകയാണുണ്ടായത്.

ബദ്‌റിലൊഴികെ എല്ലാ യുദ്ധങ്ങളിലും നബിയോടൊപ്പം പങ്കെടുത്തു. അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് മുസ്‌ലിംകളും മുസൈലിമതുല്‍ കദ്ദാബും തമ്മിലുള്ള യുദ്ധത്തില്‍ മുസ്‌ലിംകളിലെ അലസത മാറ്റുകയും ധീരമായ നീക്കങ്ങളിലൂടെ രക്തസാക്ഷിയാവുകയും ചെയ്തു. വിജയം മുസ്‌ലിംകള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.

ഒരു സ്വപ്നദര്‍ശനത്തിലൂടെ സാബിതിന്റെ വിലപിടിച്ച അങ്കി ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ കണ്ടെത്തുകയും അടമികളില്‍ രണ്ടു പേരെ മോചിപ്പിക്കാന്‍ അബൂബക്ര്‍ സിദ്ദീഖ്(റ) മുന്‍കൈ എടുക്കുകയും ചെയ്തു.

Feedback