Skip to main content

ഉബാദതുബ്‌നു സ്വാമിത്(റ)

ഒന്നാം അഖബ ഉമ്പടിയില്‍ ചരിത്രപ്രസിദ്ധമായ പ്രതിജ്ഞയെടുത്ത പന്ത്രണ്ടംഗ മദീനാവാസികളില്‍ പ്പെട്ട ഒന്നാമനായിരുന്നു ഉബാദതുബ്‌നുസ്സ്വാമിത്(റ). ഓരോ ഗോത്രക്കാര്‍ക്കുമിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ആളെ തിരഞ്ഞെടുക്കുമ്പോള്‍ ഖസ്‌റജുകാരുടെ ചുമതല ഉബാദതുബ്‌നുസ്സ്വാമിതിനെയാണ് പ്രവാചകന്‍ ഏല്പിച്ചത്. സ്ത്രീകള്‍ക്കൊപ്പം രണ്ടാം അഖബ ഉടമ്പടിയിലും ഇദ്ദേഹമുണ്ടായിരുന്നു.

പൗരാണിക കാലം മുതല്‍ ഇദ്ദേഹത്തിന്റെ കുടുംബം മദീനയിലെ ഖൈനുഖാഅ് ഗോത്രവുമായി സഖ്യത്തിലായിരുന്നു. പ്രവാചകന്റെ മദീന ബന്ധത്തില്‍ ആദ്യകാലത്ത് ഈ ജൂതഗോത്രം താല്പര്യം പ്രകടിപ്പിച്ചെങ്കിലും ബദ്ര്‍ ഉഹ്ദ് യുദ്ധകാലത്തിനിടയില്‍ അവര്‍ക്ക് എതിര്‍പ്പുകള്‍ മുളപൊട്ടാനും തുടങ്ങി. ഈ ചതി മനസ്സിലാക്കിയ ഉബാദത് അവരുമായുള്ള ഏറെ കാലത്തെ ബന്ധം വിഛേദിച്ചുകൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു. ''അല്ലാഹുവിനെയും അവന്റെ ദൂതരെയും സത്യവിശ്വാസികളെയും മാത്രമേ ഞാന്‍ രക്ഷാധികാരികളാക്കുകയുള്ളൂ.'' ധീരമായ പ്രഖ്യാപനത്തെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ വാക്യമിറങ്ങി. 'അല്ലാഹുവിന്റെ കക്ഷി തന്നെയാണ് ജേതാക്കള്‍' ആ സൂക്തം വെളിപ്പെടുത്തി (58:22).

ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും ചുമതലകളെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചത് ഉബാദതിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. സൂക്ഷ്മതയ്ക്കുവേണ്ടി കൂടുതല്‍ ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം വിമുഖത കാണിച്ചു. മതവിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കാനായിരുന്നു ഉബാദത് താല്പര്യപ്പെട്ടത്. ഇതിനായി മുആദുബ്‌നു ജബലിന്റെയും അബൂദര്‍ദാഇന്റെയും കൂടെ സഞ്ചരിച്ചു. ഒടുവില്‍ ഫലസ്ത്വീനില്‍ താമസമുറപ്പിച്ച് ദീനീ പ്രവര്‍ത്തന ങ്ങളിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

അതുല്യവ്യക്തിത്വത്തിന്റെ ഉടമയായ ഉമറുബ്‌നുല്‍ ഖത്താബ് മദീനയില്‍ ഭരണാധിപനായിരി ക്കുമ്പോള്‍ താന്‍ നിവസിക്കുന്ന ഫലസ്ത്വീനിലും പരിസരപ്രദേശങ്ങളിലും മുആവിയ ഭരണം നിര്‍വ്വഹിക്കുന്നതില്‍ ഉബാദ അസന്തുഷ്ടനായി. ആയുസ്സിന്റെ ഗണ്യമായ ഒരു ഭാഗം നബിയുടെ ശിഷ്യനായിരുന്ന് ആത്മസംസ്‌കരണം നേടിയെടുത്ത ഉബാദത്തിന് ഈ അന്തരം വിലയിരുത്താതിരിക്കാന്‍ കഴിഞ്ഞില്ല. രണ്ട് ഭരണകൂടങ്ങള്‍ തമ്മില്‍ ആശയപരമായ സംഘട്ടനം അനിവാര്യമാകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്തു.

ഫലസ്ത്വീനില്‍ നിന്ന് മുആവിയക്കെതിരെ ഉബാദത്തിന്റെ പരസ്യമായ വിമര്‍ശമുയര്‍ന്നു. ഈ മൂര്‍ച്ചയുള്ള വിമര്‍ശങ്ങളെ നേരിടാന്‍ മുആവിയക്കായില്ല. അഭിപ്രായ വ്യത്യാസം പ്രകടമാവുകയും താങ്കളുടെ കൂടെ ഇനി ഈ നാട്ടില്‍ താമസിക്കുകയില്ല എന്ന് പറഞ്ഞ് ഉബാദത് മദീനയിലേക്ക് യാത്രയാവുകയുംചെയ്തു. മദീനയില്‍ തിരിച്ചെത്തിയ ഉടനെ ഖലീഫാ ഉമര്‍ ഉബാദത് മടങ്ങിയെത്തിയതിന്റെ കാരണം തിരക്കി. മുആവിയയുമായുള്ള അഭിപ്രായവ്യത്യാസം ഉബാദത് വിവരിച്ചു. 'താങ്കള്‍ അങ്ങോട്ട് തന്നെ പോകണം, താങ്കളെപ്പോലുള്ള വ്യക്തികളില്ലാത്ത ആ നാട് നശിച്ചതുതന്നെ' എന്നായിരുന്നു ഉമറിന്റെ മറുപടി. ഉബാദത് സ്വതന്ത്രനാണെന്നും താങ്കള്‍ക്ക് അദ്ദേഹത്തിന്റെ മേല്‍ അധികാരമില്ലെന്നും കാണിച്ച് ഉമര്‍ മുആവിയക്ക് കത്തെഴുതി.

ഉബാദത്തിനോട് ഖലീഫ ഉമറിനുള്ള ബന്ധമാണിത് കാണിക്കുന്നത്. ഹിജ്‌റ 34ല്‍ ഫലസ്ത്വീനിലെ റാമല്ലയില്‍ നിര്യാതനായി.
 

Feedback