Skip to main content

സുഹൈല്‍ ബിന്‍ അംറ്(റ)

ഖുറൈശികള്‍ക്കിടയിലെ പ്രമുഖനേതാവും അവരുടെ നാവുമായിരുന്നു സുഹൈല്‍. ഇസ്‌ലാമിനും പ്രവാചകനുമെതിരെ നാവുകൊണ്ട് പടവെട്ടിയിരുന്ന സുഹൈല്‍ മക്കാവിജയാനന്തരമാണ് ഇസ്ലാമിലെത്തുന്നത്. തുടര്‍ന്ന് ഇസ്ലാമിന് വേണ്ടി പോരാടുവാന്‍ ശരീരവും മനസ്സും പാകപ്പെടുത്തുകയും ഇതിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. 

സുഹൈലിന്റെ ബുദ്ധിയും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് ഹുദൈബിയ്യ സന്ധിയില്‍ അദ്ദേഹത്തെ മക്കാമുശ്‌രിക്കുകള്‍ മുസ്ലിംകളുമായുള്ള സന്ധി സംഭാഷണത്തിന് അയക്കുന്നത്. എന്തുവന്നാലും മക്കയില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിച്ച് മടങ്ങണമെന്നതായിരുന്നു നബി(സ്വ) യുടെയും അനുചരന്മാരുടെയും തീരുമാനം. എന്നാല്‍ ഖുറൈശികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം ആ വര്‍ഷം തങ്ങളുടെ മോഹം പൂര്‍ത്തീകരിക്കാതെ മുസ്‌ലിംകള്‍ക്ക് മടങ്ങേണ്ടി വരികയായിരുന്നു. ഈ സന്ധി സംഭാഷണത്തിന് ഖുറൈശീ പക്ഷത്ത് നേതൃത്വം വഹിച്ചയാളാണ് സുഹൈല്‍. ഖുറൈശികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ചര്‍ച്ചാവേളയില്‍ സുഹൈല്‍ കിണഞ്ഞു ശ്രമിച്ചു. സന്ധി സംഭാഷണങ്ങളില്‍ മുഹമ്മദ് നബി അനുവര്‍ത്തിക്കാറുള്ള മഹത്തായ സഹിഷ്ണുതയും വിട്ടുവീഴ്ച്ചയും സുഹൈല്‍ പരമാവധി മുതലെടുത്തു.

കാലം നീങ്ങി. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ ഖുറൈശികള്‍ തന്നെ സന്ധി വ്യവസ്ഥ ലംഘിച്ചു. രക്തച്ചൊരിച്ചില്‍ കൂടാതെ മക്ക ഇസ്ലാമിന് കീഴിലായി. എങ്ങും തക്ബീര്‍ ധ്വനികള്‍. തങ്ങള്‍ മര്‍ദിച്ചും ചുട്ടെരിച്ചും നശിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിന് ഇപ്പോള്‍ തങ്ങളുടെ മേല്‍ അധീശത്വം ലഭിച്ചിരിക്കുകയാണെന്ന ചിന്ത ഖുറൈശികളെ വിറ കൊള്ളിച്ചു. 'നിങ്ങളെ ഞാന്‍ എന്തു ചെയ്യുമെന്നാണ് വിചാരിക്കുന്നത്?.' നബി ഖുറൈശികളോടായി ചോദിച്ചു. സുഹൈലുബ്‌നു അംറാണ് ഇതിന് മറുപടി നല്‍കിയത്. 'നന്മയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മഹാമനസ്‌കനായ സഹോദരന്‍, മഹാമനസ്‌കനായ സഹോദരന്റെ മകന്‍'. 

ഈ സമയം പ്രവാചകന്‍ അവരോടായി പറഞ്ഞത് ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രഖ്യാപനമാണ്. ''നിങ്ങള്‍ക്ക് പോകാം, നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു.''

ഏതൊരു മനുഷ്യഹൃദയത്തെയും തരളിതമാക്കുന്നതും മാനസാന്തരപ്പെടുത്തുന്നതുമായ സ്വഭാവഗുണവും പ്രഖ്യാപനവുമാണത്. സുഹൈല്‍ ബിന്‍അംറിന്റെ മനസ്സിലും ഇത് വിപ്ലവമുണ്ടാക്കി. തല്‍ക്ഷണം അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. തുടര്‍ന്ന് തന്റെ കഴിവും പ്രാപ്തിയും ഇസ്ലാമിക പ്രബോധനരംഗത്താണ് അദ്ദേഹം വിനിയോഗിച്ചത്. നബിതിരുമേനി മരണപ്പെടുമ്പോള്‍ മക്കയിലായിരുന്നു സുഹൈല്‍ താമസിച്ചിരുന്നത്. നബിയുടെ നിര്യാണം പലരുടെയും മനസ്സില്‍ ഇളക്കമുണ്ടാക്കിയെങ്കിലും അബൂബക്ര്‍ സിദ്ദീഖ്(റ)യുടെ ധീരമായ സംസാരം എല്ലാവരെയും ആശയക്കുഴപ്പത്തില്‍ നിന്ന് മുക്തരാക്കി. ഇതുപോലെ മക്കയില്‍ ഇതേ സമയം സുഹൈല്‍ ബിന്‍ അംറും മക്കയിലെ മുസ്ലിംകളെ വിളിച്ചുചേര്‍ത്ത് ഉജ്വലപ്രസംഗം നടത്തിയത് ആകസ്മികം മാത്രം. 

മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് തിരുമേനി വിടവാങ്ങിയതെന്നും ഇനി തിരുമേനിയുടെ കാല്‍പാടുകള്‍ സസൂക്ഷ്മം പിന്തുടരലാണ് മുസ്‌ലിംകളുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു. നബി തിരുമേനിയുടെ നിര്യാണം ഉമര്‍(റ)യെ പോലും സ്തബ്ധനാക്കിയപ്പോഴാണ് കാര്യപ്രാപ്തിയോടെ വസ്തുനിഷ്ഠമായി സുഹൈല്‍ ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് ശ്രദ്ധേയമാണ്. 

ബദ്ര്‍ യുദ്ധവേളയില്‍ തടവിലാക്കപ്പെട്ടപ്പോള്‍ സുഹൈലിന്റെ മുന്‍പല്ലുകള്‍ തട്ടിക്കൊഴിക്കാന്‍ അനുമതി തേടി ഉമര്‍(റ) നബി(സ്വ)യെ സമീപിച്ചിരുന്നു. എന്നാല്‍ പ്രവാചകന്‍ ഇതിന് വിസമ്മതിക്കുകയാണ് ചെയ്തത്. സുഹൈല്‍ എന്നെങ്കിലും താങ്കളെ സന്തോഷിപ്പിക്കുന്ന പ്രസംഗം നടത്തിക്കൂടായ്കയില്ല എന്ന നബിയുടെ പ്രവചനമാണ് നബിയുടെ വിയോഗസമയത്ത് അന്വര്‍ഥമായത്. മക്കയില്‍ സുഹൈല്‍ നടത്തിയ പ്രസംഗം അറിഞ്ഞയുടന്‍ ഉമര്‍(റ) ബദ്‌റിലെ പഴയ സംഭവവും ദീര്‍ഘദര്‍ശിയായ പ്രവചാകന്റെ വാക്കുകളും ഓര്‍ത്തു.

ജാഹിലിയ്യാ കാലത്ത് ഇസ്ലാമിനെതിരെ എത്രത്തോളം പ്രവര്‍ത്തിച്ചുവോ അത്രയും ഇസ്ലാമിലും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതുപ്രകാരം തുടര്‍ന്നുള്ള ഓരോ യുദ്ധത്തിലും അദ്ദേഹം പോരാടി. നിരന്തരം നമസ്‌കാരത്തിലും നോമ്പനുഷ്ഠാനത്തിലും മുഴുകി. ശാമിലെ യുദ്ധത്തില്‍ അദ്ദേഹവും സധൈര്യം പോരാടി. യര്‍മൂക്ക് യുദ്ധത്തില്‍ ശക്തമായ എതിര്‍പ്പാണ് മുസ്ലിംകള്‍ക്ക് നേരിടേണ്ടി വന്നത്. തന്റെ പാപക്കറ കഴുകിക്കളയാന്‍ പറ്റിയ അവസരമിതാണെന്ന് കരുതി സുഹൈല്‍ ഏറെ സന്തോഷിച്ചു. ശാമില്‍ വിജയം വരിച്ച ശേഷമേ താനിനി നാട്ടിലേക്കുള്ളൂവെന്ന് പ്രഖ്യാപിച്ച സുഹൈല്‍ ആ യുദ്ധത്തില്‍ റോമക്കാരോട് പൊരുതി മരിക്കുകയായിരുന്നു.

ഖത്വീബു ഖുറൈശ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സുഹൈല്‍ ബിന്‍ അംറ് മക്കയിലെ ബനൂ ആമിര്‍ ഗോത്രക്കാരനാണ്. അംറ് ബിന്‍ അബ്ദിശ്ശംസാണ് പിതാവ്. 

 
 

Feedback