Skip to main content

ഉമൈർ ബിൻ വഹബ്(റ)

ബദ്ര്‍ യുദ്ധവേളയില്‍ ബന്ധനസ്ഥനായ മകന്‍ വഹബിന്റെ മോചനത്തിനും ബദ്‌റിലെ ഖലീബ് കിണറ്റില്‍ മൂടപ്പെട്ട തന്റെ നേതാക്കള്‍ക്ക് പകരം ചോദിക്കാനും വാളണച്ച് വിഷം പുരട്ടി മദീനയിലെത്തി, ലക്ഷ്യം  മാറ്റിവെച്ച് ഇസ്‌ലാം ആശ്ലേഷിച്ച സ്വഹാബിയാണ് ഉമൈറുബ്‌നു വഹബ്. അബൂഉമയ്യ എന്നായിരുന്നു വിളിപ്പേര്. ഖുറൈശി ഗോത്രത്തില്‍ വഹബുബ്‌നു ഖലഫിന്റെ മകന്‍ ഉസ്മാന്‍(റ)ന്റെ ഭരണാരംഭത്തില്‍ മരണപ്പെട്ടു.

ബദ്‌റിലെ രഹസ്യങ്ങള്‍ ചോര്‍ത്തിവരാന്‍ ഖുറൈശികള്‍ നിശ്ചയിച്ചത് ബുദ്ധിമാനും തന്ത്രശാലിയും പ്രഗത്ഭനുമായിരുന്ന ഉമൈറുബ്‌നുവഹബ് അല്‍ ജുഹമിയെയായിരുന്നു. 'ഖുറൈശികളുടെ ചെകുത്താന്‍' എന്ന് ജാഹിലിയ്യ കാലത്ത് വിശേഷിപ്പിക്കപ്പെട്ടു.

മകന്റെ വേര്‍പാടിന് ശേഷം ആകുലചിത്തനായ ഉമൈര്‍ കഅ്ബ ത്വവാഫ്  ചെയ്യാന്‍ പോകവെ സ്വഫ്‌വാനുബ്‌നു ഉമയ്യയുമായി സന്ധിക്കുകയും പ്രവാചകനെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ മെനയുകയും ചെയ്തു. സ്വഫ്‌വാന്റെ പിതാവ് ഉമയ്യതുബ്‌നു ഖലഫ് ബദ്‌റില്‍ കൊല്ലപ്പെട്ടിരുന്നു. പിഴയടച്ച് ബന്ധുക്കളെ മോചിപ്പിക്കാന്‍ ഖുറൈശികള്‍ മദീനയിലേക്ക് പോയിക്കൊണ്ടിരുന്ന സന്ദര്‍ഭം ഉമൈര്‍ അനുകൂല ഘടകമായി കണ്ടു.

മദീന പള്ളിയില്‍ പ്രവാചകനെ അന്വേഷിച്ചെത്തിയ ഉമൈറിനെ ഉമര്‍(റ) തടയുകയും വിവരം പ്രവാചകനെ അറിയിക്കുകയും ചെയ്തു. പ്രവാചകന്റെ നിസ്‌തോഭമായ ചോദ്യം ചെയ്യലില്‍ മകനെ വിട്ടുകിട്ടാന്‍ മാത്രമാണ് തന്റെ ആഗമനമെന്നായിരുന്നു ഉമൈറിന്റെ മറുപടി. അതിന്ന് ഈ വാളെന്തിന് എന്ന ചോദ്യത്തിനുമുമ്പില്‍ ഉമൈര്‍ പകച്ചപ്പോള്‍ കഅ്ബയില്‍ വെച്ച് സ്വഫ്‌വാനുബ്‌നു ഉമയ്യയുമായി ഉണ്ടാക്കിയ ഗൂഢാലോചന അക്ഷരം തെറ്റാതെ പ്രവാചകന്‍ പറഞ്ഞുകേള്‍പ്പിച്ചു. ഇത് കേട്ട് സ്തബ്ധനായ ഉമൈര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. പ്രവാചകസന്നിധിയില്‍ വെച്ച് മതവിജ്ഞാനം നേടാനും ഖുര്‍ആന്‍ പഠിക്കാനും ഏര്‍പ്പാടുണ്ടായി. മകന്‍ മോചിതനായി.

ആത്മീയ ഉണര്‍വ്വു നേടിയ ഉമൈര്‍ മക്കയിലേക്ക് തിരിച്ചുപോകുകയും ശക്തമായ പ്രബോധന പ്രവര്‍ത്തനത്തിലൂടെ ധാരാളം പേരെ ഇസ്‌ലാമിലേക്ക് കൊണ്ടുവരികയും ചെയ്തു. വലിയ ഒരു സംഘത്തോടൊപ്പം വീണ്ടും മദീനയിലെത്തി. ജ്ഞാനം തേടുകയും മറ്റു യുദ്ധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മക്കാവിജയത്തോടെ സ്വദേശത്തെത്തിയ ഉമൈര്‍ തന്റെ സഹചരനായ സ്വഫ്‌വാനെ കൂടി ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിന് കാരണക്കാരനായി. ജീവിതത്തില്‍ അദ്ദേഹം ഏറെ സന്തോഷിച്ച ഒരു അനുഭവമായിരുന്നു അത്.
 

Feedback