Skip to main content

ബറാഉബ്‌നു ആസിബ്(റ)

ബദ്‌റിലേക്ക് പോകാനുള്ള സംഘത്തിന്റെ ഒരുക്കം നടക്കുകയാണ്. സംഘത്തില്‍ ചേരാന്‍ പലരും മുന്നോട്ടുവന്നുകൊണ്ടിരുന്നു. കൂട്ടത്തിലതാ രണ്ട് കുട്ടികളും. പ്രവാചകന്‍ അവരുടെ അടുത്തെത്തി, അവരോട് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്ത ആ രണ്ട് ബാലന്‍മാരായിരുന്നു ബറാഉബ്‌നു ആസിബും ഇബ്നു ഉമറും. 

ഉഹ്ദ് യുദ്ധത്തിലും ഇതേ അനുഭവം തന്നെയായിരുന്നു ബറാഇന് ഉണ്ടായത്. അന്നും പ്രായമായിട്ടില്ലെന്ന കാരണത്താല്‍ പിന്‍മാറേണ്ടിവന്നു അദ്ദേഹത്തിന്. ഖന്‍ദഖ് യുദ്ധം മുതലാണ് ബറാഇനെ ഒരുസൈനികനായി പ്രവാചകന്‍ അംഗീകരിച്ചത്. ചെറുപ്പം മുതല്‍തന്നെ ഇസ്്‌ലാമികാധ്യാപനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു ബറാഉബ്നു ആസിബ്.  മദീന നിവാസിയായ ഇദ്ദേഹം മുസ്അബുബ്നു ഉമൈര്‍ മുഖേന കുടുംബത്തോടൊപ്പമാണ് ഇസ്‌ലാമിലേക്ക് വന്നത്. 

ഹദീസ് റിപ്പോര്‍ട്ടര്‍, പ്രാമാണികനായ മതപണ്ഡിതന്‍, ധീരനും തന്ത്രജ്ഞനുമായ പടത്തലവന്‍ എന്നീ നിലകളിലെല്ലാം ബറാഅ് അറിയപ്പെട്ടിരുന്നു. യുവത്വകാലത്ത് പ്രഗത്ഭനായ കുതിരപ്പടയാളിയായിരുന്നു. പ്രവാചകനോടൊപ്പം പതിനഞ്ചോളം യുദ്ധങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പ്രവാചകന്റെ മരണശേഷം പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി ചേര്‍ന്നപ്പോള്‍ അലിയ്യുബ്നു അബീത്വാലിബിനെ ഖലീഫയാക്കണമെന്ന അഭിപ്രായമായിരുന്നു ബറാഇനുണ്ടായിരുന്നത്. അതിനായി അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അബൂബക്‌റിനെ ഖലീഫയാക്കാന്‍ സമിതി തീരുമാനിച്ചതോടെ തന്റെ അഭിപ്രായം മറന്ന് അബൂബക്‌റിനെ ബൈഅത്ത് ചെയ്തു. ഇതിലെല്ലാം ഇസ്ലാമികരീതി അദ്ദേഹം മുറുകെപിടിക്കുകയായിരുന്നു. അബൂബക്‌റിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഖലീഫയായി തെരഞ്ഞെടുത്ത ശേഷം ഭരണത്തില്‍ വളരെ താല്‍പര്യത്തോടെ തന്നെ അദ്ദേഹം സഹായം നല്‍കിപ്പോന്നു. തനിക്കെതിരെ അഭിപ്രായം പറഞ്ഞവനാണെന്നരൂപത്തില്‍ അബൂബക്‌റും പെരുമാറിയില്ല. ആ യുവസേവകന്റെ കഴിവുകളെയും ആത്മാര്‍ഥതയെയും അംഗീകരിക്കാന്‍ ഖലീഫയും തയ്യാറായി. 

ശത്രുക്കളോട് പൊരുതാന്‍ മുസ്ലിം സൈന്യത്തിന്റെ കൂടെ ഇറാഖിലേക്ക് പോയ ബറാഅ് കൂഫയില്‍ ഒരു വീട് പണിത് അവിടെ താമസമാക്കി. മുഗീറത്തുബ്നു ശുഅ്ബ കൂഫയില്‍ ഗവര്‍ണറായപ്പോള്‍ ഖസ്‌വീന്‍ (കാസ്പിയന്‍ കടല്‍ത്തീരത്തുള്ള പട്ടണം) കീഴടക്കാന്‍ ബറാഇനെ അധികാരപ്പെടുത്തി. അവിടം കീഴടക്കികഴിഞ്ഞാല്‍ അവിടെനിന്ന് ദൈലമിലേക്കും സൈനികനീക്കം നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഭദ്രമായ കോട്ടകളാല്‍ വലയം ചെയ്തുകിടക്കുന്ന ഈ പട്ടണം മാസങ്ങളോളം നീണ്ട മുസ്ലിംകളുടെ ഉപരോധത്തിന് വിധേയമായി. ഖസ്‌വീന്‍ സൈന്യവുമായുള്ള നീണ്ട യുദ്ധത്തില്‍ ബറാഇന്റെ ധീരമായ നിലപാടും ക്ഷമയും തന്ത്രവുമൊക്കെയാണ് മുസ്ലിംകള്‍ക്ക് വിജയം നേടാന്‍ പര്യാപ്തമാക്കിയത്. അവിടെനിന്ന് ദൈലമായിരുന്നു ലക്ഷ്യം. മുസ്ലിംകള്‍ ഒന്നിനുപിറകെ ഒന്നായി കോട്ടകളും ഭൂപ്രദേശങ്ങളും അധീനപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ന്ന് ജീലാന്‍, സിഞ്ചാന്‍ എന്നീ പട്ടണങ്ങളും അദ്ദേഹത്തിന്റെ അധീനതയിലായി. 

കണ്ണെത്താത്ത ദൂരത്ത് ശത്രുക്കളോട് ഏറ്റുമുട്ടിയും ജൈത്രയാത്ര നടത്തിയും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ബറാഅ് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെല്ലാം പോയത് അറിഞ്ഞതേയില്ല. ഇതിനിടക്ക് ഇസ്ലാമിന്റെ തലസ്ഥാനനഗരിയില്‍ പല ചരിത്രമാറ്റങ്ങളും നടന്നിരുന്നു. അബൂബക്ര്‍ (റ)മരണപ്പെട്ടു. രണ്ടാം ഖലീഫയായി ഉമര്‍(റ) ഭരണമേറ്റെടുത്തു. അദ്ദേഹവും കൊല്ലപ്പെട്ടു. തുടര്‍ന്ന് ഉസ്ന്‍(റ) അധികാരമേറ്റു. അദ്ദേഹവും കൊല്ലപ്പെട്ടു. ഈ സംഭവങ്ങളിലൊന്നും ദൃക്‌സാക്ഷിയാവാന്‍ ബറാഇന് സാധിച്ചില്ല. തുടര്‍ന്ന് അലിയ്യുബ്‌നു അബീത്വാലിബ് ഖലീഫയായി ചുമതലയേറ്റപ്പോഴാണ് പ്രവാചകകുടുംബത്തോടുള്ള അതിരറ്റ സ്നേഹത്താല്‍ അദ്ദേഹം സഹായത്തിനെത്തുന്നത്. അലിയുടെ സഹായിയായ ബറാഅ് അലിയുടെ മരണശേഷം കൂഫയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 

മൂന്നൂറിലധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 81ാമത്തെ വയസില്‍ ഹിജ്‌റ എഴുപത്തി ഒന്നിലാണ് മരണപ്പെടുന്നത്. 


 
 

Feedback