Skip to main content

ത്വുഫൈൽ ബിൻ അംരിദ്ദൗസി(റ)

നബിയും ഖുറൈശികളും തമ്മില്‍ എതിര്‍പ്പ് രൂക്ഷമായ കാലഘട്ടം. പിന്തുണ വര്‍ധിപ്പിച്ച് ശക്തിയാര്‍ജിക്കാനാണ് എല്ലാവരുടെയും ശ്രമം. ഈ സാഹചര്യത്തിലാണ് തുഫൈല്‍, സ്വദേശമായ തിഹാമയില്‍ നിന്നു മക്കയിലേക്ക് യാത്രതിരിക്കുന്നത്. നബിയെക്കുറിച്ചോ ഖുറൈശികളെക്കുറിച്ചോ ഇതിന് മുമ്പ് അദ്ദേഹം ചിന്തിച്ച് അലോസരപ്പെട്ടിട്ടുമില്ല.

താന്‍ മക്കയിലെത്തിയ ശേഷം സംഭവിച്ച കാര്യങ്ങള്‍ ത്വുഫൈല്‍ പറയുന്നു: നബിയെപ്പറ്റി ഖുറൈശികള്‍ കൗതുകകരങ്ങളായ പല കഥകളും പറഞ്ഞുതന്നു. അതുകേട്ടപ്പോള്‍ എനിക്ക് ഭീതിതോന്നി. നബിയെ കാണുകയോ അദ്ദേഹവുമായി സംസാരിക്കുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യരുതെന്ന് ഞാന്‍ നിശ്ചയിച്ചു. 

പിറ്റേന്നുകാലത്ത്, ത്വവാഫ്‌ചെയ്യാനും വിഗ്രഹത്തില്‍ നിന്ന് മോക്ഷം നേടാനും ഞാന്‍ കഅ്ബയില്‍ പോയത് നബിയുടെ സ്വരം കേള്‍ക്കരുതെന്ന് കരുതി രണ്ടുകാതിലും പഞ്ഞി നിറച്ചാണ്. പക്ഷേ, പള്ളിയില്‍ കയറിയപ്പോള്‍ അദ്ദേഹമുണ്ട് കഅ്ബക്കു സമീപം നമസ്‌കരിക്കുന്നു. ഞങ്ങളുടേതില്‍നിന്നും തികച്ചും ഭിന്നമായ പ്രാര്‍ഥനയും ആരാധനയും. ആ കാഴ്ച എന്നില്‍ കൗതുകം ജനിപ്പിച്ചു. അതിന്റെ വശ്യത ഞാനറിയാതെ എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ ശബ്ദം എന്റെ കാതുകളില്‍ പതിയണമെന്നായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. ഞാന്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അദ്ദേഹത്തിന്റെ ആദര്‍ശം കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേട്ടു, ഞാന്‍ മുസ്‌ലിമായി.

മതപഠനവുമായി തുഫൈല്‍ കുറെകാലം മക്കയില്‍കഴിഞ്ഞു. തിരിച്ചുപോകുമ്പോള്‍ നാട്ടുകാര്‍ക്ക് മുന്‍പില്‍ തെളിവായി കൊടുക്കാവുന്ന ഒരു അടയാളം പ്രവാചകന്റെ പ്രാര്‍ഥന പ്രകാരം അദ്ദേഹത്തിന് അല്ലാഹു നല്‍കി. മുതുകത്ത് ഒരു പ്രകാശം. പിതാവും ഭാര്യയും ഇസ്‌ലാമില്‍ വിശ്വസിച്ചു. എന്നാല്‍ പലരും വിശ്വസിച്ചില്ല. അടുത്തേക്ക് വിളിക്കുംതോറും അവര്‍ അകന്നു. നിരാശനായ തുഫൈല്‍ മരുഭൂമി താണ്ടി നബിയുടെ അടുക്കലെത്തി സങ്കടം ബോധിപ്പിച്ചു. 'അല്ലാഹുവേ! ദൗസുകാരെ നീ നേര്‍മാര്‍ഗത്തിലാക്കണേ. മുസ്‌ലിംകളായി അവരെ ഇവിടെകൊണ്ടുവരണേ!'

തുഫൈല്‍ വീണ്ടും പ്രബോധനത്തില്‍ മുഴുകി. നാളുകള്‍ നീങ്ങി. അതോടൊപ്പം ഇസ്‌ലാമിലെ പല നിര്‍ണായക ചരിത്രസംഭവങ്ങളും പിന്നിട്ടു. നബിയുടെ മദീനായാത്രയും ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് യുദ്ധങ്ങളും കഴിഞ്ഞു. നബി ഖൈബറില്‍ താമസിക്കുമ്പോഴുണ്ട് ഒരാള്‍ക്കൂട്ടം തക്ബീര്‍മുഴക്കി വരുന്നു. ത്വുഫൈലിന്റ നേതൃത്വത്തില്‍ എണ്‍പത് ദൗസ് കുടുംബങ്ങള്‍. ദൗസ് ഗോത്രജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ഇവര്‍ നബിയെ നേരില്‍ കണ്ട് പ്രതിജ്ഞയെടുത്തു. 

ദൗസ് ഗോത്രത്തലവനായ തുഫൈലുബ്‌നു അംറ്, ജാഹിലിയ്യാകാലത്തെ സമുന്നതരായ സദ്ഗുണ സമ്പന്നരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ അടുപ്പില്‍ എപ്പോഴും തീ എരിഞ്ഞുകൊണ്ടിരിക്കും. വിശന്നവന് ആഹാരവും വിഹ്വലന് അഭയവും സഹായാര്‍ഥിക്ക് ദാക്ഷിണ്യവും അവിടെ ലഭിച്ചു. വിവേകിയും കുശാഗ്രബുദ്ധിയുമായ അദ്ദേഹം സാഹിത്യത്തിലും കവിതയിലും തനതായ മുദ്രപതിപ്പിച്ചു. ഉക്കാദ് ഉത്സവത്തില്‍, കഴിവും മേന്‍മയും പ്രകടിപ്പിക്കാനായി നാനാദിക്കില്‍ നിന്ന് കവികളും സാഹിത്യകാരന്മാരും സമ്മേളിക്കുമ്പോള്‍ ത്വുഫൈല്‍ മുന്‍നിരയിലുണ്ടാവും. 

വ്യാജ നബിയായി രംഗത്തുവന്ന മുസൈലിമയോട് യുദ്ധം ചെയ്യാന്‍ ഖലീഫ അബൂബക്ര്‍ നിയോഗിച്ച സൈന്യത്തിന്റെ കൂടെ സ്വപുത്രന്‍ അംറിനെയും കൂട്ടി ത്വുഫൈലും പുറപ്പെട്ടു. യമാമ യുദ്ധത്തില്‍ അദ്ദേഹം പോര്‍ക്കളത്തില്‍ വീണ് രക്തസാക്ഷിയായി.  

ത്വുഫൈലുബ്‌നു അംരിദ്ദൗസി. പിതാവ് അംറുബ്‌നു ഹുമമ. സ്വദേശം തിഹാമ. മരണം ഹിജ്‌റ 12 (ക്രി.633) യമാമ യുദ്ധത്തില്‍.
 

Feedback