Skip to main content

അബ്ബാദ് ബിൻ ബിശ്ര്‍(റ)

തിരുനബി(സ്വ) അന്ന് ആഇശ(റ)യുടെ വീട്ടിലായിരുന്നു. രാത്രിയുടെ പ്രഥമയാമം പിന്നിട്ടപ്പോള്‍ അവിടുന്ന് നമസ്‌കാരത്തിനായി എഴുന്നേറ്റു അംഗശുദ്ധി വരുത്തി നമസ്‌കാരത്തിനൊരുങ്ങവെ ദൂരെ നിന്ന് ഒഴുകിവരുന്ന ശ്രവണ മധുരമായ ഖുര്‍ആന്‍ പാരായണം ദൂതരെ ആനന്ദത്തിലാഴ്ത്തി. ജിബ്‌രീല്‍ മാലാഖ തനിക്ക് ഓതിക്കേള്‍പ്പിച്ചു തരുന്ന അതേ ശൈലി. ഏറെ നേരം ആ വിശുദ്ധ പാരായണം കേട്ടുനിന്ന നബി(സ്വ), പത്‌നി ആഇശ(റ)യോടു ചോദിച്ചു: 'ആരാണ് ആ മധുര ശബ്ദത്തിനുടമ?' 'അബ്ബാദുബ്‌നു ബിശ്‌റാവും നബിയേ. ആഇശ(റ) സംശയം പറഞ്ഞു.

'അല്ലാഹുവേ, അബ്ബാദിന്റെ സര്‍വ പാപങ്ങളും നീ പൊറുത്തു കൊടുക്കണേ'  തഹജ്ജുദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കും മുമ്പ് തിരുനബി(സ്വ) പ്രാര്‍ഥിച്ചു. 

മദീനയില്‍ ഔസ് ഗോത്രത്തിലെ അബ്ദുല്‍ അശ്ഹല്‍ കുടുംബത്തില്‍ ബിശ്‌റുബ്‌നു വഖ്ശിന്റെ മകനായി ജനിച്ച അബ്ബാദ്(റ) അന്‍സാരികളില്‍ പ്രമുഖനായിരുന്നു. ഹിജ്‌റക്കു മുമ്പ് തന്നെ മുസ്അബ് ബ്‌നു ഉമൈര്‍(റ) വഴി ഇസ്‌ലാമിലെത്തി. 

ജീവിതത്തിലാദ്യമായി അബ്ബാദ് ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍ക്കുന്നത് മുസ്അബ് ബ്‌നു ഉമൈറില്‍ നിന്നാണ്. ആ മധുര ശബ്ദവും വിസ്മയ സൂക്തങ്ങളും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വെളിച്ചം പരത്തി. ഖുര്‍ആനിനോട് അന്നു തുടങ്ങിയ പ്രണയം അദ്ദേഹം ജീവിതാന്ത്യം വരെ നിലനിര്‍ത്തി. 'ഖുര്‍ആന്റെ സുഹൃത്ത്' എന്ന പേരും അബ്ബാദ്(റ)ന് കിട്ടി. 

അടിയുറച്ച വിശ്വാസവും ധീരതയുമാണ് അബ്ബാദ്(റ)ന്റെ പ്രത്യേകത. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ദാത്തുരിഖാഅ് യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഉണ്ടായ ഒരു സംഭവം അബ്ബാദ്(റ)നെ ചരിത്രത്തില്‍ വേറിട്ടവനാക്കി. അതിങ്ങനെയാണ്:

യുദ്ധം കഴിഞ്ഞ് മടങ്ങുന്ന സൈന്യം ഒരു കുന്നിന്‍ ചെരുവില്‍ വിശ്രമിക്കാനിരുന്നു. രാത്രിയായതിനാല്‍ സൈന്യത്തിന് കാവല്‍ വേണമെന്നു തിരുനബി തീരുമാനിച്ചു. 'ആര് കാവല്‍ നില്‍ക്കും?'  ദൂതരുടെ ചോദ്യം കേട്ട മാത്രയില്‍ അബ്ബാദ്(റ) എഴുന്നേറ്റു. ഒപ്പം അബ്ബാദ്(റ)ന്റെ ഇഷ്ടമിത്രം അമ്മാറും(റ).

സ്വസ്ഥമായുറങ്ങുന്ന സൈന്യത്തിന്റെ സുരക്ഷയേറ്റെടുത്ത് അവരിരുവരും കണ്ണിലെണ്ണയൊഴിച്ചിരുന്നു. ഇടക്ക് അമ്മാറിനോടുറങ്ങാന്‍ ആവശ്യപ്പെട്ട് അബ്ബാദ് പ്രശാന്തമായ ആ രാവിനെ തഹജ്ജുദ് നമസ്‌കാരം കൊണ്ട് ധന്യമാക്കി. ഖുര്‍ആനിന്റെ ആത്മീയാനന്ദത്തില്‍ ലയിച്ചുള്ള ആ നിമിഷത്തില്‍ പൊടുന്നനെ ഒരു അമ്പ് വന്ന് അബ്ബാദിന്റെ മേനിയില്‍ തറച്ചു. 

ദിവ്യവചനങ്ങള്‍ നല്കിയ നിര്‍വൃതിയില്‍ നിന്ന് പുറത്തുവരാന്‍ മടിച്ച അബ്ബാദ്(റ) അമ്പ് സ്വയം പറിച്ചെടുത്തു. വീണ്ടും വന്നു രണ്ടു അമ്പുകള്‍ കൂടി. രക്തം ഒലിച്ചിറങ്ങി അദ്ദേഹം വീഴുമെന്നായപ്പോഴാണ് അമ്മാറി(റ)നെ തട്ടിവിളിച്ചത്. അതോടെ അക്രമി ഓടിയകന്നു. 

തന്നെ ഉണര്‍ത്താന്‍ വൈകിയതില്‍ ക്ഷുഭിതനായ അമ്മാറിനോട് അബ്ബാദ് പറഞ്ഞു: 'സൂറ. അല്‍കഹ്ഫില്‍ എന്റെ ഹൃദയം ലയിച്ചുപോയിരുന്നു. അപ്പോള്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കാന്‍ എനിക്കായില്ല. നബി(സ്വ) നമ്മെ ഏല്പിച്ച ചുമതലക്ക് ഭംഗം വരും എന്ന പേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ വചനങ്ങള്‍ പാരായണം ചെയ്യവെ തന്നെ മരിച്ചു വീഴുമായിരുന്നു'.

യുദ്ധമുന്നണിയില്‍ നബി(സ്വ)യുടെ ഒപ്പം മുന്നിലുണ്ടായിരുന്ന അബ്ബാദ്(റ) പക്ഷേ, യുദ്ധാര്‍ജിത സമ്പത്ത് ഓഹരിവെക്കുന്നിടത്ത് പിന്നിലാവും ഉണ്ടാവുക. നബി(സ്വ) നല്‍കുന്നതില്‍ സദാ തൃപ്തനായിരുന്നു അദ്ദേഹം.

തിരുനബി(സ്വ) വിടപറഞ്ഞു. സിദ്ദീഖുല്‍ അക്ബര്‍ ഖലീഫയായ കാലം. യമാമയിലെ കുപ്രസിദ്ധനായ മുസൈലിമ വ്യാജപ്രവാചകനായി രംഗപ്രവേശം ചെയ്തത് ഇക്കാലത്താണ്. അയാളെ തുരത്താന്‍ ഖലീഫ ഒരു സൈന്യത്തെ നിയോഗിച്ചു ക്രി. 633 ല്‍. അതില്‍ അബ്ബാദു(റ)മുണ്ടായിരുന്നു. 

യുദ്ധത്തലേന്ന് അബ്ബാദുബ്‌നു ബിശ്ര്‍(റ) ഒരു സ്വപ്‌നം കണ്ടു. ആകാശം ഭൂമിയിലേക്കിറങ്ങി വരുന്നു. അതില്‍ ഒരു ചെറിയ വിള്ളല്‍ വീഴുന്നു. അതൊരു പിളര്‍പ്പായി അബ്ബാദ്(റ)നെ ആകാശം വിഴുങ്ങുന്നു. 

ഉറക്കില്‍ നിന്നുണര്‍ന്ന അബ്ബാദ്(റ) ഉറപ്പിച്ചു. യമാമയില്‍ താന്‍ രക്തസാക്ഷിയാവും. 

ആ സ്വപ്‌നം സത്യമായിപ്പുലര്‍ന്നു. മുസൈലിമയെന്ന കള്ളവാദിക്കെതിരില്‍ നടന്ന രക്തരൂക്ഷിത യുദ്ധത്തില്‍ അബ്ബാദുബ്‌നു ബിശ്ര്‍(റ) സ്വര്‍ഗ ലോകത്തേക്കു യാത്രയായി. നാല്‍പത്തിയഞ്ച് വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
 

Feedback