Skip to main content

അബുല്‍ ഹൈസമബ്‌നിത്തൈഹാന്‍(റ)

സമയം അര്‍ധരാത്രിയോടടുക്കുന്നു. നബി തിരുമേനിക്ക് കിടന്നിട്ടുറക്കം വരുന്നില്ല. പുതപ്പ് വിട്ടെഴുന്നേറ്റു. വിശപ്പാണ് പ്രശ്‌നം. സഹിക്കാന്‍ കഴിയുന്നതിലുമപ്പുറം. പ്രവാചകന്‍ പുറത്തിറങ്ങി. അപ്പോഴതാ അബൂബക്‌റും ഉമറും ഉറങ്ങാതെ അവരുടെ വീടിന്റെ പുറത്തിറങ്ങി നടക്കുന്നു. തിരുമേനി ചോദിച്ചു: 'നിങ്ങള്‍ ഇരുവരും ഈ സമയത്ത് പുറത്തിറങ്ങാന്‍ കാരണം?. വിശപ്പായിരുന്നു കാരണം. മൂവരുടെയും പ്രശ്‌നം കഠിനമായി വിശപ്പ് തന്നെ.

അപ്പോഴാണ് അബുല്‍ ഹൈസമിന്റെ വീട്ടിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചത്. വിശപ്പടക്കാന്‍ വല്ലതും കിട്ടിയാലോ. അവിടെയെത്തി. സലാം പറഞ്ഞു. മറുപടിയില്ല. നബി വീണ്ടും സലാം പറഞ്ഞു. മറുപടിക്കായി കാതോര്‍ത്തു. അപ്പോഴതാ അകത്തുനിന്ന് ഒരു സ്ത്രീയുടെ ശബ്ദം: വഅലൈക്കുമുസ്സലാം യാ റസൂലുല്ലാ. ആദ്യം സലാം മടക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഞങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് താങ്കളുടെ സലാം കൂടുതല്‍ തവണ കിട്ടുമല്ലോ എന്നു കരുതിയാണെന്ന് അവര്‍ മറുപടി പറഞ്ഞു. 

''

മൂവരും വീട്ടിലേക്ക് കയറി. വീട്ടുകാരി നല്കിയ ഈത്തപ്പഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അബുല്‍ ഹൈസമും സലാം ചൊല്ലി കടന്നുവന്നു. നബിയെയും സഹപ്രവര്‍ത്തകരെയും ഉചിതമായി സത്ക്കരിക്കാതെ വിട്ടുകൂടെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. വീട്ടാവശ്യത്തിനുള്ള ആടുകളില്‍ ഒന്നിനെ അറുക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇതു മനസിലാക്കിയ നബി ഉപദേശിച്ചു, പാലുള്ള ആടിനെ അറുക്കുന്നത് സൂക്ഷിക്കണമെന്ന്. തുടര്‍ന്ന് നാലുപേരും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. 

അബുല്‍ ഹൈസമിനെക്കുറിച്ച് നബിക്ക് നന്നായി അറിയാം. സമ്പന്നനല്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയും വിശക്കുന്നവന് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നവന്‍. ഗനീമത്ത് വല്ലതും  വരുമ്പോള്‍ തന്റെ അടുക്കല്‍ വരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടാണ് പ്രവാചക നും കൂട്ടുകാരും ആ വീട്ടില്‍ നിന്നു മടങ്ങിയത്. 

മാസങ്ങള്‍ കടന്നുപോയി. യുദ്ധാനന്തരം ലഭിച്ച ഗനീമത്ത്  എത്തിയെന്നറിഞ്ഞപ്പോള്‍ അബുല്‍ ഹൈസം എത്തി. നബി പറഞ്ഞു: 'രണ്ട് അടിമകളെയാണ് ആകെ കിട്ടിയത്. ഇവരില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം' താങ്കള്‍ തെരഞ്ഞെടുത്തുതരണമെന്ന് പറഞ്ഞപ്പോള്‍ 'ഇവരില്‍ ഒരാള്‍ ഭക്തന്‍, മറ്റൊരാള്‍ ശക്്തന്‍. താങ്കള്‍ ഭക്തനെ തെരഞ്ഞെടുത്തുകൊള്ളൂ'വെന്ന് പ്രവാചകന്‍ പറഞ്ഞു. 

അടിമയെയും കൊണ്ട് അബുല്‍ ഹൈസം വീട്ടിലെത്തി. അതുകണ്ട ഭാര്യ ചോദിച്ചു: 'താങ്കള്‍ ഇതുവരെ ചെയ്തതെല്ലാം കേവലം ഒരു അടിമക്കുവേണ്ടിയായിരുന്നോ?. അതോ അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തിന് വേണ്ടിയോ. ഇവനെ മോചിപ്പിച്ച് വിട്ടയച്ചാലും'. ഇതുകേട്ട അബുല്‍ ഹൈസം അടിമയെ മോചിപ്പിച്ചു. പ്രവാചകനോട് കാര്യം ബോധിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹു ഒരാള്‍ക്ക് നല്ലത് ഉദ്ദേശിച്ചാല്‍, നന്‍മ നിര്‍ദേശിക്കുകയും സത്ക്കര്‍മത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നല്ല സഹധര്‍മ്മിണിയെ അല്ലാഹു അവന് നല്‍കുന്നതാണ്.'

മദീനക്കാരനായിരുന്നു അബുല്‍ ഹൈസം. മക്കയില്‍വെച്ച് ഇസ്്‌ലാം സ്വീകരിച്ച അദ്ദേഹം മദീനയില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് തുടങ്ങിയ യുദ്ധങ്ങളിലെല്ലാം നബിയുടെ കൂടെ പങ്കെടുത്തിരുന്നു. ഖൈബറിലേക്ക് അബുല്‍ ഹൈസമിനെ ഉദ്യോഗസ്ഥനായി പ്രവാചകന്‍ പറഞ്ഞയച്ചത് അദ്ദേഹത്തിന്റെ നിസ്വാര്‍ഥത തെളിയിച്ച സന്ദര്‍ഭമായിരുന്നു. അര്‍ഹമായ അവകാശങ്ങള്‍കൂടി ത്യജിച്ച് കഠിനാധ്വാനത്തിലൂടെയായിരുന്നു അദ്ദേഹവും ഭാര്യയും ജീവിച്ചിരുന്നത്. ആഴക്കിണറില്‍ നിന്ന് വെള്ളം കോരിയെടുത്തായിരുന്നു കൃഷി അദ്ദേഹം നനച്ചിരുന്നത്. നാടും ജനങ്ങളും തന്നെ സേവിക്കുകയല്ല. മറിച്ച് ഞാന്‍ നാടിനെയും ജനങ്ങളെയും സേവിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.

മാലികുബ്‌നുത്തൈഹാന്‍ എന്നാണ് ശരിയായ പേര്. ഔസ് ഗോത്രക്കാരനായിരുന്നു. ഹിജ്‌റ 20ല്‍ മദീനയിലായിരുന്നു മരണം.

 
 

Feedback