Skip to main content

ഉസാമ ബിൻ സൈദ്(റ)

ഉമ്മുഐമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രവാചകന്റെ പോറ്റുമ്മ അബ്‌സീനിയക്കാരി ബറക്കത്തിന്റെയും പ്രവാചകന്റെ സന്തത സഹചാരി സൈദുബ്‌നുഹാരിസയുടെയും പുത്രനായി രുന്നു ഉസാമ. ഉസാമയുടെ ജനനം ഈ രണ്ട് കാരണങ്ങളാല്‍ പ്രവാചകന് മന:ക്ലേശങ്ങള്‍ക്കിടയില്‍ ഏറെ സന്തോഷം നല്‍കി. ഹിജ്‌റക്ക് ഏഴ് വര്‍ഷം മുമ്പ് മക്കയില്‍ ജനനം. ഹിജ്‌റ 54ല്‍ മദീനക്കടുത്ത ജുര്‍ഫില്‍ മരണം.

പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവന്റെ മകന്‍ എന്നീ വിശേഷണങ്ങള്‍ നബി(സ്വ) ഉസാമക്കു നല്‍കി. തിരുമേനിയുടെ പേരക്കുട്ടി ഹസന്റെ പ്രായക്കാരനായിരുന്നു ഉസാമ. രണ്ട് പേരെയും ഒരേപോലെ പ്രവാചകന്‍ വാത്‌സല്യപൂര്‍വ്വം പരിഗണിച്ചു. ഖുറൈശി പ്രമുഖനായ ഹകീമുബ്‌നു ഹസാമിന് വില നല്‍കി സ്വീകരിച്ച ഒരു മുന്തിയ മേലങ്കി ഒരു പ്രാവശ്യം ജുമുഅക്ക് ഉപയോഗിച്ചതിന് ശേഷം ഉസാമക്ക് പാരിതോഷികമായി നല്‍കി. അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും തന്റേടവും കാര്യപ്രാപ്തിയും ഉസാമതുബ്‌നു സൈദിന്റെ പ്രത്യേകതകളായിരുന്നു. നിര്‍മലവും ഭക്തിനിര്‍ഭര വുമായ ജീവിതം കൂടി ഒത്ത് ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനീയനായിത്തീര്‍ന്നു.

ഉഹ്ദ് യുദ്ധാവസരത്തില്‍ പ്രായപരിഗണനയില്‍ യുദ്ധാനുമതി കിട്ടിയില്ല. ഖന്‍ദഖില്‍ യോദ്ധാക്കളെ തെരഞ്ഞെടുക്കാന്‍ അണിനിരന്നപ്പോള്‍ വലിപ്പം തോന്നിക്കാന്‍ പെരുവിരലില്‍ ഉയര്‍ന്നു നിന്നു. പതിനഞ്ചുവയസ്സുള്ള ഉസാമയെ പ്രവാചകന്‍ കൂടെക്കൂട്ടി. ഹുനൈനില്‍ പ്രമുഖരോടൊപ്പം ധീരമായി ഉസാമ നിലയുറപ്പിച്ചു. മുഅ്തയില്‍ 18 വയസ്സുള്ളപ്പോള്‍ പിതാവിന്റെ നേതൃത്വത്തില്‍ ഉസാമ യുദ്ധം ചെയ്തു. ഹിജ്‌റ പതിനൊന്നാം വര്‍ഷം റോമക്കാരുടെ വെല്ലുവിളി രൂക്ഷമായപ്പോള്‍ സ്വഹാബി പ്രമുഖന്മാരടങ്ങിയ സൈന്യത്തിന്റെ നേതൃത്വം 20 വയസ്സു തികയാത്ത ഉസാമ ക്കായിരുന്നു.

ഉസാമയുടെ നായകത്വത്തിന് അബൂബക്ര്‍(റ)വിന്റെ ഭരണകാലത്ത് അഭിപ്രായ വ്യത്യാസമുണ്ടാ യിരുന്നു. മറുപക്ഷത്തിന്റെ അഭിപ്രായവുമായി ഉമര്‍ വന്നപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് പ്രവാചകന്റെ തിരൂമാനത്തെ ശരിവെക്കുകയാണുണ്ടായത്. ഫലസ്തീനില്‍പ്പെട്ട ഖാളയും ദാറുമിലും മുസ്‌ലിംകള്‍ ഉസാമയുടെ നേതൃത്വത്തില്‍ കാലൂന്നി. ശാം, ഈജിപ്ത്, ഇരുട്ടുകടല്‍ വരെ നീണ്ടുകിടക്കുന്ന ഉത്തരാഫ്രിക്ക എന്നീ രാജ്യങ്ങള്‍ കീഴടക്കാന്‍ വഴിയൊരുക്കാനും ഉസാമക്കു കഴിഞ്ഞു. ഉസാമയുടെ സൈന്യത്തെപ്പോലെ സുരക്ഷിതവും യുദ്ധസ്വത്ത് സമ്പാദിച്ചതുമായ മറ്റൊരു സൈന്യമുണ്ടായിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.
 

Feedback
  • Friday Sep 29, 2023
  • Rabia al-Awwal 14 1445