Skip to main content

അബുദ്ദര്‍ദാഅ്(റ)

കഠിന തണുപ്പുള്ള ഒരു രാത്രി അബുദ്ദര്‍ദാഇനു ചില വിരുന്നുകാര്‍ വന്നു. 'ചൂടുള്ള ഭക്ഷണം അവര്‍ക്ക് നല്‍കി' പുതപ്പ് കൊടുത്തിരുന്നില്ല. പുതപ്പില്ലാതെ കിടക്കാന്‍ കഴിയാത്തതിനാല്‍ ഉറങ്ങാന്‍ നേരം അതിഥികള്‍ പുതപ്പന്വേഷിച്ച് അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ ചെന്നു. അദ്ദേഹം കിടക്കുന്നു. ഭാര്യ ഇരിക്കുന്നു. തണുപ്പ് തടുക്കാന്‍ കഴിയാത്ത ഒരു നേരിയ തുണിയാണ് പുതച്ചിട്ടുള്ളത്.

'ഞങ്ങളെപ്പോലെ തന്നെ നിങ്ങളുമോ? നിങ്ങളുടെ ശയ്യോപകരണങ്ങളെവിടെ?' ആഗതര്‍ ചോദിച്ചപ്പോള്‍ അബുദ്ദര്‍ദാഅ്(റ) ഇങ്ങനെ പറഞ്ഞു: ''ഞങ്ങള്‍ക്ക് മറ്റൊരു വീടുണ്ട് കിട്ടുന്ന സാമഗ്രികളൊക്കെ അങ്ങോട്ട് അയക്കുകയാണ്. ഈ വീട്ടില്‍ വല്ലതും ശേഷിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തരാതിരിക്കില്ല. മറ്റേ വീട്ടിലേക്കുള്ള വഴിയില്‍ ദുര്‍ഗമമായ ഒരു പര്‍വ്വതമുണ്ട്. ഭാരം കൂടുന്നതിനേക്കാള്‍ നല്ലത് കുറയുന്നതാണ്. അതിനാല്‍ യാത്ര സുഖകരമാക്കാന്‍ ഭാരം കുറയ്ക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം.'' അതിഥിയോട് ചോദിച്ചു. 'മനസ്സിലായോ' മനസ്സിലായി, താങ്കള്‍ക്ക് നല്ലതുവരട്ടെ. ഉത്തരം നല്‍കി അദ്ദേഹം.

ഐഹിക ജീവിതത്തിന്റെ നശ്വരത വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ സ്വഹാബിയായിരുന്നു അബൂദ്ദര്‍ദാഅ്. ഉവൈമിറുല്‍ ഖസ്‌റജി എന്ന് ശരിയായ നാമം. പിതാവ് സൈദുബ്‌നുഖൈസ്. വിഗ്രഹാരാധകനായ അബുദ്ദര്‍ദാഇന്റെ സുഹൃത്തായിരുന്നു മുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു റവാഹ. കച്ചവടക്കാരനായ തന്റെ സുഹൃത്തിനെ ഇസ്ലാമിലേക്കെത്തിക്കാന്‍ അബ്ദുല്ലാഹിബ്‌നു റവാഹ നിരന്തരം പ്രയത്‌നിച്ചു. ബദ്ര്‍ യുദ്ധാനന്തരം അബുദ്ദര്‍ദാഇന്റെ വീട്ടില്‍ പ്രവേശിച്ച് അദ്ദേഹം പൂജിച്ചിരുന്ന ബിംബങ്ങള്‍ തച്ചുടച്ച് അബ്ദുല്ലാഹിബ്‌നു റവാഹ സ്ഥലം വിട്ടു. സുഹൃത്തിനോടുള്ള പ്രതികാരദാഹത്തോടൊപ്പം ചില ചിന്തകള്‍ അദ്ദേഹത്തില്‍ നാമ്പെടുക്കുകയും ആക്രമണങ്ങളെ തടയാന്‍ കഴിയാത്ത വിഗ്രഹങ്ങളിലെ വിശ്വാസം അവസാനിപ്പിച്ചുകൊണ്ട് തിരുസന്നിധിയില്‍ വന്ന് മുസ്‌ലിമാവുകയും ചെയ്തു.

ഒരു യോഗിവര്യന്റെ സഹനശക്തിയോടെ ആരാധനയിലും ദാഹവിവശന്റെ ആര്‍ത്തിയോടെ ജ്ഞാന സമ്പാദനത്തിലും അബുദ്ദര്‍ദാഅ് ഏര്‍പ്പെട്ടു. ചിന്തകളെ പൂര്‍ണമായി നിയന്ത്രിച്ച് ഖുര്‍ആന്‍ മന:പാഠ മാക്കാനും അര്‍ഥം ആഴത്തില്‍ ഗ്രഹിക്കാനും തയ്യാറായി. കച്ചവടവും സുഖാഡംബരങ്ങളും പരലോകവിഷയത്തില്‍ നിന്നും മനുഷ്യനെ തെറ്റിച്ചുകളയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കച്ചവടം നിഷിദ്ധമാണെന്നും ലാഭമുണ്ടാക്കുന്ന വ്യാപാരവും വില്പനയും ദൈവ സ്മരണയില്‍ നിന്ന് വിമുഖരാക്കാത്തവരുടെ കൂട്ടത്തില്‍പ്പെട്ടതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉമറുല്‍ഫാറൂഖിന്റെ ഭരണകാലത്ത് അബൂദ്ദര്‍ദാഇനെ ശാമിലെ ഗവര്‍ണറാക്കാന്‍ ഒരു ശ്രമം നടത്തി. 'അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കാനും നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും ഞാന്‍ പോകാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗവര്‍ണര്‍ പദവി സുഖ ലോലുപതയിലേക്ക് മനസ്സിനെ മാറ്റുമോ എന്നതായിരുന്നു ഭയം. ദമസ്‌കസിലെ ജനങ്ങളുടെ ജീവിത രീതിയില്‍ മനംനൊന്ത അബൂദ്ദര്‍ദാഅ് അവരെ പള്ളിയില്‍ വിളിച്ചുകൂട്ടി ഇഹലോക ജീവിതത്തിന്റെ നശ്വരതെയക്കുറിച്ച് നടത്തിയ പ്രസംഗം ശ്രോതാക്കളെ കരയിപ്പിച്ചതായി ചരിത്രം  രേഖപ്പെടു ത്തുന്നു.

തന്റെ മകളെ ഗവര്‍ണര്‍ മുആവിയയുടെ മകനായ യസീദിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെ 'അബൂദ്ദര്‍ദാഇന്റെ മകളുടെ ഭാവിയോര്‍ത്ത് ഈ ആലോചന നിരസിക്കുന്നു' എന്ന് പറഞ്ഞ് ഉപേക്ഷിക്കുകയാണുണ്ടായത്. ഉമര്‍(റ) ശാമിലെ സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കാന്‍ വന്ന സമയം അബൂദ്ദര്‍ദാഇന്റെ വീട്ടിലുമെത്തി. വാതില്‍ പൂട്ടിയിരുന്നില്ല. ഇരുട്ടില്‍നിന്ന് അബുദ്ദര്‍ദാഅ് വരുന്നു. ഉമറിനെ സ്വീകരിച്ചിരുത്തി ഇതിനിടയില്‍ അവര്‍ അദ്ദേഹത്തിന്റെ തലയിണ പിടിച്ചുനോക്കി. ഒട്ടകത്തിന്പുല്ല് പറിക്കാനുപയോഗിക്കുന്ന തുണി മെത്തയാക്കി.  ഒരു നേരിയ തുണിയാണ് കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പ്. ഇതു കണ്ട് ആശ്ചര്യപ്പെട്ട ഉമറിനോട്;
'ദുനിയാവില്‍ നിങ്ങളുടെ ഓഹരി ഒരു സഞ്ചാരിയുടെ ഭക്ഷണപ്പൊതിപോലെയായിരിക്കണം എന്ന് തിരുമേനി പറയുകയുണ്ടായില്ലേ'' എന്ന് ചോദിക്കുകയാണുണ്ടായത്. തുടര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന ഇമകളോടെ സംഭാഷണം സുബ്ഹ്‌വരെ നീണ്ടുപോയി.
അബൂദ്ദര്‍ദാഅ്(റ)നോട് കൂടുതല്‍ ഇഷ്ടപ്പെട്ട പ്രവൃത്തി എന്താണെന്ന് അദ്ദേഹത്തിന്റെ മാതാവ് ചോദിച്ചപ്പോള്‍ 'ചിന്തിച്ച് സത്യം കണ്ടെത്തലാണ്' എന്നായിരുന്നു മറുപടി. ചിന്ത മനുഷ്യനെ നന്മയുടെ വഴിയിലെത്തിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒരു മണിക്കൂര്‍ ചിന്തിക്കുന്നത് ഒരു രാത്രി മുഴുവന്‍ ആരാധിക്കുന്നതിനേക്കാള്‍ ഉത്തമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഭൗതിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുളള അദ്ദേഹത്തിന്റെ ചില ചിന്തകള്‍.

'ദുന്‍യാവ് വെടിയാത്തവന് ദുന്‍യാവില്ല.'

'നീ നല്ലതേ തിന്നാവൂ, നല്ലതേ സമ്പാദിക്കാവൂ, നല്ലതേ നിന്റെ വീട്ടില്‍ കടത്താവൂ.'

'ഭക്തന്റെ കടുകുമണിത്തൂക്കം പുണ്യം സുഖലോലുപന്റെ പര്‍വതങ്ങളോളം വരുന്ന ഇബാദത്തിനേക്കാള്‍ ഫലപ്രദവും ഭാരം തുങ്ങുന്നതുമാണ്'.

'പണ്ഡിതനാവാതെ നിങ്ങള്‍ക്ക് ഭക്തനാവാന്‍ കഴിയില്ല, പ്രവര്‍ത്തിക്കാത്ത അറിവുകൊണ്ട് മഹത്വം കിട്ടുകയില്ല.'

'അന്യരെ ദ്രോഹിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അല്ലാഹുവിനോടല്ലാതെ ആശ്രയം തേടാനില്ലാത്ത നിരംലംബരെ ദ്രോഹിക്കുന്നത് ഞാന്‍ കുടുതല്‍ വെറുക്കുന്നു.'

'ഹൃദയ ശൈഥില്യത്തില്‍ നിന്ന് അല്ലാഹുവേ എന്നെ രക്ഷിക്കണേ' എന്ന് സദാസമയം അബുദ്ദര്‍ദാഅ്(റ)പ്രാര്‍ഥിക്കാറുണ്ടായിരുന്നു. 'എല്ലാ താഴ്‌വരയിലും എനിക്ക് സ്വത്തുണ്ടാവലാണ്' ഹൃദയ ശൈഥില്യത്തിന്റെ വിവക്ഷ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ദു:ഖിപ്പിക്കുന്ന കാര്യം 'എന്റെ നാഥന്റെ മാപ്പ്' എന്നും ആസന്നമരണനായ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ഹിജ്‌റ 32ല്‍ ദമസ്‌കയിലായിരുന്നു അന്ത്യം.
 

Feedback