Skip to main content

അനസ് ബിൻ മാലിക്(റ)

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ് സഫലമാക്കി മരുഭൂമിയുടെ അങ്ങേത്തലക്കല്‍ പൊട്ടുപോലെ രണ്ടു രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തക്ബീറുകള്‍ ഉയര്‍ന്നു തുടങ്ങി. ആ സന്തോഷ സാഗരത്തിലേക്ക് ഒട്ടകപ്പുറത്തേറി കടന്നുവന്ന തിരുനബി(സ്വ)യുടെ പുഞ്ചിരി വഴിയുന്ന വദനം അനസ് ഒരു നോക്കു കണ്ടു. മദീനക്കാരുടെ ആഹ്ലാദാരവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് അവന്‍ ഓടി; തന്നെ അക്ഷമയോടെ കാത്തിരിക്കുന്ന മാതാവ് ഉമ്മുസുലൈമിന്റെയടുത്തേക്ക്.

എട്ടുവയസ്സുകാരന്‍ അനസിന്റെ വിവരണം ആ മാതാവില്‍ ആകാംക്ഷ നിറച്ചു. ഭര്‍ത്താവ് മാലിക്കിനോട് വിവരം പറഞ്ഞപ്പോള്‍ അയാള്‍ ക്ഷുഭിതനാവുകയായിരുന്നു. പുതിയ മതവും മുഹമ്മദും ഇവിടെ വേണ്ട. നിനക്ക് അതാണ് വേണ്ടതെങ്കില്‍ ഞാനിവിടെയുണ്ടാവില്ല. എന്നാല്‍ കാത്തിരിക്കാന്‍ ഉമ്മുസുലൈമിന് ക്ഷമയുണ്ടായിരുന്നില്ല. ഭര്‍ത്താവ് പോകുന്നെങ്കില്‍ പോകട്ടെ. സത്യമതത്തെ പുല്‍കാന്‍ ഇനിയും വൈകിക്കൂടാ. അവര്‍ ശഹാദത്ത് ചൊല്ലി. അടുത്തിരിക്കുന്ന മകന് ചൊല്ലിക്കൊടുത്തു. അവനും അത് ഏറ്റുചൊല്ലി. ഈ എട്ടുവയസ്സുകാരനാണ് പിന്നീട് തിരുനബിയുടെ സേവകനും പ്രസിദ്ധ പണ്ഡിതനുമായിത്തീര്‍ന്ന അനസുബ്‌നു മാലിക്(റ).

ഖസ്‌റജ് ഗോത്രത്തിലെ ബനുന്നജ്ജാര്‍ കുടുംബത്തില്‍ മാലിക്കുബ്‌നു നസ്‌റിന്റെയും ഉമ്മുസുലൈം ബിന്‍ത് മില്‍ഹാന്റെയും മകനായി ഹിജ്‌റയുടെ എട്ടുവര്‍ഷം മുമ്പ് മദീനയില്‍ ജനനം. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാതാവിനെ രണ്ടാമത് വിവാഹം ചെയ്ത അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരി(റ)യുടെ സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള ജീവിതം.

എട്ടു വയസ്സുകാരനായ അനസിന്റെ കൈയും പിടിച്ച് തിരുദൂതരെ സന്ദര്‍ശിച്ച ഉമ്മുസുലൈം(റ) തന്റെ കഥ ദൂതരെ കേള്‍പ്പിച്ചു. ഒടുവില്‍ ഇങ്ങനെ പറഞ്ഞു. ''ദൂതരേ, ഇത് എന്റെ അനസ്, ഇവനെ ഞാന്‍ അങ്ങയെ ഏല്പിക്കുന്നു. അങ്ങയെ സേവിച്ചും അവിടുന്ന് അറിവ് പഠിച്ചും അവന്‍ വളരട്ടെ. അവന് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുമല്ലോ.

ദൂതര്‍ ആ ബാലനെ സ്വീകരിച്ചു. അവന്റെ നെറ്റിയില്‍ ചുംബിച്ചു. ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു. ''നാഥാ നീ അനസിന് സമ്പത്തും സന്താനങ്ങളും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹി ക്കണേ. അവനെ സ്വര്‍ഗാവകാശിയാക്കുകയും ചെയ്യേണമേ''.

അന്നുമുതല്‍ അനസുബ്‌നു മാലിക് എന്ന ബാലന്‍ തിരുനബിയുടെ പരിചാരകനായി. അവര്‍ ഒപ്പം നടന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചു. അവന് അറിയാത്തത് പറഞ്ഞുകൊടുത്തു. അവന് തെറ്റു പറ്റുമ്പോള്‍ തിരുത്തിക്കൊടുത്തു. അങ്ങനെ ദൂതര്‍ വിട പറയുന്നതുവരെയുള്ള പത്തുവര്‍ഷക്കാലം അനസ്(റ) ദൂതരെ സേവിച്ചു.

ജീവിതം ഹദീസുകളുടെ ലോകത്ത്

തിരുസേവകനായുള്ള ഒരു ദശാബ്ദക്കാലം അനസുബ്‌നുമാലികി(റ)നെ വിജ്ഞാനിയാക്കി. നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത നബിചര്യകള്‍ കൃത്യമായി പുറംലോകത്തെത്തിയ അനസില്‍ നിന്ന് 2286 ഹദീസുകളാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ മിക്കതും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമാണ്.

തിരുനബി(സ്വ)യുടെ സ്വഭാവം ഇത്രമാത്രം അനുഭവിച്ചറിഞ്ഞ മറ്റൊരു സ്വഹാബിയുണ്ടാവില്ല. അത് സാക്ഷ്യപ്പെടുത്തിക്കൊണ്ട് അനസ്(റ) പറയുന്നു. '' ഞാന്‍ തിരുദൂതരെ പത്തുകൊല്ലം പരിചരിച്ചു. ഇക്കാലത്തിനിടക്ക് എന്റെ പിഴവ് കാണുമ്പോള്‍പോലും എന്നോട് ദൂതര്‍ നീരസം കാണിച്ചിട്ടില്ല. വീട്ടുകാരില്‍ ആരെങ്കിലും എന്നെപ്പറ്റി പരാതി പറഞ്ഞാല്‍ ''അവനെ എന്തിന് കുറ്റം പറയണം '' എന്ന് മാത്രം പറയും തിരുനബി.''

നബി(സ്വ)യുടെ പ്രാര്‍ഥനയും അനസി(റ)ന്റെ കാര്യത്തില്‍ സത്യമായി പുലര്‍ന്നു. മക്കളും പേരമക്കളുമായി വലിയ കുടുംബമുണ്ടായി. 98 പേര്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ കുടുംബത്തില്‍ നിന്ന് മരിച്ചു. വിശാലമായ തോട്ടങ്ങളും കാലി സമ്പത്തും സ്വന്തമായുണ്ടായിരുന്നു. ഹിജ്‌റ 99ല്‍ നൂറ്റിഒന്നാം വസ്സിലായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.
 

Feedback