Skip to main content

അദിയ്യുബ്‌നു ഹാതിമിത്വാഈ

തിരുനബിയോടൊപ്പം അദിയ്യും ആ കുടിലിലേക്ക് കയറി. തോലുറയില്‍ ഈത്തപ്പനനാര് നിറച്ച തലയണ അദിയ്യിന് നേരെ നീട്ടി അതില്‍ ഇരിക്കാന്‍ നബി ആവശ്യപ്പെട്ടു. മടിച്ചുനിന്ന അദ്ദേഹത്തെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. തലയണ നിലത്തുവെച്ച് അദിയ്യ് ഇരുന്നതിന് ശേഷം അഭിമുഖമായി തിരുനബിയും ഉപവിഷ്ടനായി; വെറും മണല്‍ത്തറയില്‍. അദിയ്യിന്റെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.

'ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണല്ലോ ഇത്രയും കാലം ഞാന്‍ വെറുപ്പോടെ കണ്ടിരുന്നത്' അദ്ദേഹം ആത്മഗതം ചെയ്തു.

നബി സംസാരം തുടങ്ങി. അദിയ്യിനെ കുറിച്ച്, പിതാവ് ഹാതിമുത്വാഇയെക്കുറിച്ച്, അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച്. ദൂതരുടെ കൃത്യമായ വാചകങ്ങളോരോന്നും അദ്ദേഹം സശ്രദ്ധം കേട്ടു. രണ്ടു പതിറ്റാണ്ടു കാലം മുഹമ്മദ് എന്ന നാമം പോലും കേള്‍ക്കാനറച്ചിരുന്നു അദിയ്യ്. എന്നാല്‍ ഇപ്പോള്‍ വെറുപ്പ് മാറി. പകരം ഇഷ്ടമായി. എന്നാലും ശഹാദത്ത് ചൊല്ലാന്‍ നാടുവാഴിയായ അദിയ്യ് മടിച്ചുനിന്നു. 

സംസാരത്തിനൊടുവില്‍ തിരുനബി മൂന്ന് കാര്യങ്ങള്‍ കൂടി അദ്ദേഹത്തെ ഉണര്‍ത്തി.

'അദിയ്യ്, ഞങ്ങളിലെ ദാരിദ്ര്യവും  പട്ടിണിയുമാണ് സത്യമതം പുല്‍കാന്‍ താങ്കളെ തടയുന്നതെങ്കില്‍ അറിയുക, ആവശ്യക്കാരില്ലാത്ത വിധം സമ്പത്ത് മുസ്‌ലിംകളില്‍ കുന്നുകൂടുന്ന കാലം വരാനിരിക്കുന്നു.

adiyy bin hathimi twai

മുസ്‌ലിംകള്‍ എണ്ണത്തില്‍ കുറവാണെന്നതാണ് താങ്കളെ പിന്തിരിപ്പിക്കുന്നതെങ്കില്‍, അല്ലാഹുവാണ, അങ്ങ് ദൂരെ ഖാദിസിയ്യയില്‍ നിന്ന് ഒരു പെണ്ണ് തനിച്ച്, ഒരാളെയും പേടിക്കാതെ കഅ്ബ കാണാനെത്തി എന്ന് താങ്കള്‍ കേള്‍ക്കുക തന്നെ ചെയ്യും.

ശക്തിയും പ്രതാപവും ശത്രുക്കള്‍ക്കാണ് എന്ന തോന്നലാണ് താങ്കളെ ദൈവികമതത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെങ്കില്‍ കേള്‍ക്കുക, ബാബിലോണിയന്‍ വെളളക്കൊട്ടാരം മുസ്‌ലിംകള്‍ പിടിച്ചടക്കുന്നത് നിങ്ങള്‍ കാണും. കിസ്‌റായുടെ ഖജനാവ് അവര്‍ ഏറ്റെടുക്കുന്നതിന് താങ്കള്‍ സാക്ഷിയാവും, അല്ലാഹു സത്യം!

ഈത്തപ്പനയോലകൊണ്ട് മേഞ്ഞ കുടിലിലെ മണല്‍ത്തറയില്‍ ചമ്രം പടിഞ്ഞിരുന്ന് പ്രവാചകന്‍ പ്രവചനത്തിന്റെ വിസ്മയച്ചെപ്പ് തുറന്നതിന് പിന്നാലെ തോല്‍തലയണയില്‍ നിന്ന് അദിയ്യ് അറിയാതെ എഴുന്നേറ്റു.

'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വ അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്'- അദ്ദേഹം പറഞ്ഞു. പ്രിയ നബി അല്ലാഹുവിനെ സ്തുതിച്ചു.

നജ്ദിലെ നാടുവാഴി ഗോത്രമായിരുന്നു ത്വയ്യ്. എക്കാലത്തും ലോകത്തെ അദ്ഭുതപ്പെടുത്തിയ കുറെ പ്രതിഭകള്‍ ഈ കുലത്തില്‍ ജന്‍മമെടുത്തിട്ടുണ്ട് .ജാഹിലിയ്യ കവി ഇംറുല്‍ ഖൈസ്, പ്രഭാഷക പ്രതിഭ അംറുബ്‌നു മഅ്ദീകരിബ്, ദാനശീലം ജീവിതസന്ദേശമാക്കിയ ഹാതിമുത്വാഈ എന്നിവര്‍ ത്വയ്യുകാരാണ്. ഈ ഹാതിമുത്വാഈയുടെ മകനാണ് അദിയ്യ്. പിതാവിന്റെ മരണശേഷം അദിയ്യ് ത്വയ്യ് ഗോത്രത്തിന്റെ നാടുവാഴിയായി. അദിയ്യ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയുമായിരുന്നു.

തന്റെ അധികാരത്തിനും പദവിക്കും ഭീഷണിയാണ് മുഹമ്മദ് എന്ന് അദിയ്യ് ഉറച്ചു വിശ്വസിച്ചു. എന്നാല്‍ മദീനയില്‍ ഇസ്‌ലാം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നത് അദിയ്യിനെ പരിഭ്രാന്തനാക്കി. വൈകാതെ മുഹമ്മദ് നജ്ദിലുമെത്തും എന്ന് അയാള്‍ ഉറപ്പിച്ചു. അതുകൊണ്ടാവാം ഏതുസമയവും നാടുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു അദിയ്യ്.

അങ്ങനെയിരിക്കെയാണ് മുസ്‌ലിം സൈന്യം നജ്ദിലെത്തുന്നു എന്ന വിവരം അദിയ്യിന് ലഭിക്കുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ അയാള്‍ സിറിയയിലേക്ക് നാടുവിട്ടു. എടുക്കാവുന്നതിന്റെ പരമാവധി സമ്പത്ത് വാരിയെടുത്തും ഭാര്യയെയും മക്കളെയും കൂടെക്കൂട്ടിയും തിടുക്കത്തിലുള്ള ആ യാത്രയില്‍ സഹോദരി സഫാനത്തിനെ മാത്രം അദിയ്യ് മറന്നുപോയി; ഈ സഹോദരിയാണ് ഒടുവില്‍ അദ്ദേഹത്തെ തിരുനബിയുടെ മുന്നിലെത്തിച്ചത്.

സൈന്യം നജ്ദിലെത്തി. നാടുവാഴി നാടുവിട്ടോടിയതിനാല്‍ സൈന്യത്തിന് നജ്ദില്‍ എതിരാളികളുണ്ടായില്ല. സ്ത്രീകളെയും അരക്ഷിതരെയും ബന്ദികളാക്കി സൈന്യം മദീനയിലേക്ക് മടങ്ങി. ബന്ദികളില്‍ സഫാനത്തും ഉണ്ടായിരുന്നു. സഹോദരന്റെ ചെയ്തിയില്‍ വിലപിക്കുകയായിരുന്നു അവള്‍. അദിയ്യിന്റെ സഹോദരിയാണെന്നറിഞ്ഞ സ്വഹാബിമാര്‍ സഫാനത്തിനെ തിരുനബിയുടെ മുന്നിലെത്തിച്ചു.

മുഹമ്മദിനെ ക്കുറിച്ച് സഹോദരനില്‍നിന്ന് അവള്‍ കുറെ കേട്ടിട്ടുണ്ട്. ആദ്യമായാണ് നേരില്‍ കാണുന്നത്. ശാന്തതയും വിനയവും സ്ഫുരിച്ചുനില്‍ക്കുന്ന ആ മുഖം അവളിലെ ഭയം മാറ്റി. സങ്കടവതിയായി കണ്ണീരണിഞ്ഞു നില്ക്കുന്ന സഫാനത്ത് തിരുനബിയെ വല്ലാതെയാക്കി. തിരുദൂതര്‍ ചോദിച്ചു:

'നിനക്കായി ഞാന്‍ എന്താണ് ചെയ്തു തരേണ്ടത്?'

'സഹോദരന്‍ അദിയ്യ് സിറിയയിലുണ്ട്. അങ്ങോട്ട് പോകാന്‍ അനുമതി വേണം'.

'നിന്റെ സുരക്ഷ നമ്മുടെ ബാധ്യതയാണ്. അവസരം ഒത്തുവന്നാല്‍ നിന്നെ സിറിയയിലേക്ക് അയക്കാം. അതിന് പറ്റിയ ആരെയെങ്കിലും ലഭിക്കുമ്പോള്‍ വിവരം പറയുക. അതുവരെ കാത്തിരിക്കുകയും ചെയ്യുക. 'സഫാനത്തിന്  ആശ്വാസമായി.

സാഹചര്യം ഒത്തുവന്നപ്പോള്‍ യാത്രാവാഹനവും വസ്ത്രവും ചെലവിനുള്ള തുകയും നല്‍കി ദൂതര്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി. നന്ദിവാക്ക് പകരം നല്‍കി അവള്‍ മദീന വിട്ടു.

സിറിയയിലെത്തിയ സഫാനത്ത് സഹോദരനോട് ഏറെ രോഷം കൊണ്ടു. കുറ്റബോധത്തോടെ അദ്ദേഹം അത് കേട്ടുനില്‍ക്കുക മാത്രം ചെയ്തു. അവസാനം ഇങ്ങനെ കൂടി അവള്‍ പറഞ്ഞു: 'നിന്റെ വിഭാവനയിലുള്ള മനുഷ്യനല്ല പ്രവാചകന്‍ മുഹമ്മദ്. ഞാന്‍ അദ്ദേഹത്തില്‍ പിതാവിന്റെ വാല്‍സല്യം കണ്ടു. സഹോദരന്റെ സുരക്ഷിതത്വം അനുഭവിച്ചു. സര്‍വോപരി ഒരു ദൈവദൂതന്റെ പ്രകാശം ദര്‍ശിച്ചു. അതുകൊണ്ട് ആ മഹാനുഭാവനെ നീ അടുത്തറിയണം. നീ മദീനയില്‍ പോകണം'.

കൂടപ്പിറപ്പിന്റെ വാക്കുകള്‍ അദിയ്യിന്റെ ഹൃദയത്തിലാണ് പതിച്ചത്. അങ്ങനെയാണ് അദ്ദേഹം തിരുനബിയെ കാണാനെത്തുന്നതും ഇസ്‌ലാം സ്വീകരിക്കുന്നതും.

നബിയുടെ മരണശേഷവും അദിയ്യ് ദീര്‍ഘകാലം ജീവിച്ചു. തിരുനബിയുടെ പ്രവചനങ്ങളില്‍ ആദ്യത്തേതൊഴികെ മറ്റു രണ്ടും പുലരുന്നത് അദ്ദേഹം കണ്‍മുന്നില്‍ കണ്ടു.

ഉമറിന്റെ ഭരണകാലം. സഅ്ദുബ്‌നു അബീവഖ്ഖാസിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം കുതിരപ്പട ഖാദിസിയ്യ ജയിച്ചടക്കുമ്പോള്‍ അശ്വഭടനായി അദിയ്യുമുണ്ടായിരുന്നു. ടൈഗ്രീസ് നദി നീന്തിക്കടന്ന് ഹുര്‍മുസിന്റെ വെണ്ണക്കല്‍ കൊട്ടാരത്തിലേക്ക് ആ സൈന്യം തിരമാല കണക്കെ ഇരച്ചുകയറി. രത്‌നങ്ങള്‍, വജ്രങ്ങള്‍, സ്വര്‍ണക്കൂമ്പാരങ്ങള്‍, പട്ട് പരവതാനികള്‍. അദിയ്യ് നബിയുടെ പ്രവചനം ഓര്‍ത്തു.

ഇതേ ഖാദിസിയ്യയില്‍ നിന്ന് അനേകം കാതങ്ങള്‍ താണ്ടി തങ്ങളുടെ ഒട്ടകപ്പുറത്തേറി കഅ്ബ കാണാനെത്തുന്ന സ്ത്രീകളെയും അദിയ്യ് കണ്ടു. ഉമറിന്റെ ഭരണകാലത്തെ അതിവിശാലമായ ഇസ്‌ലാമിക ഭരണത്തില്‍ ആ സ്ത്രീകള്‍ക്ക് ആരെയും ഭയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ആദ്യ പ്രവചനം യാഥാര്‍ഥ്യമായത് ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഭരണത്തിലാണ്. സകാത്ത് വാങ്ങാന്‍ ആളില്ലാത്തത്ര സമ്പദ്‌സമൃദ്ധി മുസ്‌ലിം സമൂഹത്തിന് കൈവന്നു അക്കാലത്ത്. 

കൂഫയില്‍ താമസമാക്കിയ അദിയ്യ് സി.ഇ 687 ലാണ് മരിച്ചത്.
 

Feedback