Skip to main content

മുഗീറത്തുബ്നു ശുഅ്ബ(റ)

ജാഹിലിയ്യ കാലത്ത് ബിംബാരാധകനും മദ്യപാനിയും കൊലയാളിയുമായി ജീവിതം നയിച്ച മുഗീറ ഇസ്‌ലാം സ്വീകരിച്ചത് വലിയ പരിവര്‍ത്തനമായിരുന്നു. അദ്ദേഹം തന്നെപറയുന്നു: മാലിക് ഗോത്രത്തിലെ ചില വ്യക്തികള്‍ ഈജിപ്തിലെ മുഖൗഖിസ് രാജാവിന്റെ അടുത്തേക്ക് സൗഹൃദ സന്ദര്‍ശനത്തിന് പുറപ്പെടാന്‍ ഒരുങ്ങി. കൂട്ടത്തില്‍ ഞാനും. രാജസദസ്സില്‍ വെച്ച് മുഖൗഖിസ് മാലിക് ഗോത്രക്കാരെ അടുത്തിരുത്തി എല്ലാവരും മാലിക്കുകാര്‍ തന്നെയാണോയെന്ന് ചോദിച്ചു. ഒരാളൊഴികെയെന്ന് പറഞ്ഞ് എന്നെ ചൂണ്ടിക്കാണിച്ചു. എല്ലാവര്‍ക്കും അദ്ദേഹം നല്ല പാരിതോഷികങ്ങള്‍ നല്‍കിയപ്പോള്‍ എനിക്ക് സമ്മാനമാണ് നല്‍കിയത്. നാട്ടിലെത്തിയാല്‍ തനിക്കും കുടുംബത്തിനുമുണ്ടായ മാനക്കേട് എല്ലാവരുമറിഞ്ഞാല്‍ ക്ഷീണമാവുമെന്ന് ഞാന്‍ കരുതി. അതിനാല്‍ കൂടെയുള്ളവരെ വകവരുത്തി അവരുടെ സമ്മാനങ്ങളെടുക്കാന്‍ തീരുമാനിച്ചു. ബുസാഖ് എന്ന സ്ഥലത്തെത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് മദ്യം കുടിച്ചു. തലവേദനയാണെന്നും താന്‍ കുടിക്കുന്നില്ലെന്നും പറഞ്ഞ് മറ്റുള്ളവര്‍ക്കെല്ലാം ബോധം നഷ്ടമാവുന്നതുവരെ ഒഴിച്ചു കൊടുത്തു. തുടര്‍ന്ന് ഒരോരുത്തരെയായി വകവരുത്തി  അവരുടെ കൈവശമുണ്ടായിരുന്ന സമ്മാനങ്ങളെല്ലാം കൈവശപ്പെടുത്തി.

ഞാന്‍ നേരെ പ്രവാചകന്റെ പള്ളിയിലേക്കാണ് പോയത്. അവിടെ ചെന്ന് സത്യവാചകം ഉച്ചരിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന അബൂബക്കര്‍ താങ്കളുടെ കൂടെയുണ്ടായിരുന്ന മാലിക്കുകാര്‍ എവിടെയെന്ന് അന്വേഷിച്ചു. 

ഞങ്ങള്‍ ശിര്‍ക്കിന്റെ മതത്തിലായിരുന്നല്ലോ? ചില പ്രശ്‌നങ്ങളുടെ പേരില്‍ അവരെ ഞാന്‍ കൊന്നുവെന്ന് അറിയിച്ചു. 

പ്രവാചകന്‍ പറഞ്ഞു: 'നിന്റെ ഇസ്ലാം ആശ്ലേഷണം ഞാന്‍ സ്വീകരിക്കുകയോ നിന്റെ ആ സമ്മാനങ്ങള്‍ വീതിക്കുകയോ ചെയ്യില്ല. കാരണം ഇത് ചതിയാണ്, ചതിയില്‍ നന്‍മയില്ല'. 

ഇതുകേട്ട് വിഷമിച്ച അദ്ദേഹം പറഞ്ഞു: 'റസൂലേ, പഴയ മതത്തിലായിരുന്നപ്പോഴാണ് ഞാന്‍ അവരെ കൊന്നത്. അങ്ങയുടെ അടുക്കല്‍ വന്ന സമയം മുതല്‍ ഞാന്‍ മുസ്ലിമായിരിക്കുന്നു'.

ഇസ്ലാം മുന്‍ചെയ്തികളെ മായ്ക്കുമെന്നായിരുന്നു ഇതിന് പ്രവാചകന്റെ മറുപടി.

മുഗീറത്തുബ്‌നു ശുഅ്ബയുടെ ജാഹിലിയ്യത്തില്‍ നിന്ന് ഇസ്‌ലാമിലേക്കുള്ള മാറ്റം പെട്ടെന്നായിരുന്നു. ഹുദൈബിയ്യ ഉടമ്പടിക്ക് തൊട്ടുമുമ്പുള്ള ഈ മാറ്റത്തോടെ മുഗീറ പുതിയൊരു മനുഷ്യനായിത്തീര്‍ന്നു.

ഹുദൈബിയ സംഭവത്തില്‍ നബിയോടൊപ്പം സജീവമായി നിലകൊണ്ടു. നബിയോട് അനുരഞ്ജനത്തിന് വന്ന ഖുറൈശി പ്രതിനിധി ഉര്‍വ ഈ മുഗീറയുടെ പിതൃവ്യ പുത്രനായിരുന്നു. ബൈഅത്തുര്‍റിദ്‌വാനില്‍ മുഗീറ നബിക്കൊപ്പം ഉണ്ടായിരുന്നു.

ഹുദൈബിയ്യ സംഭവത്തിന് ശേഷം നടന്ന എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്ത് ആത്മാര്‍ത്ഥതയും ധീരതയും ത്യാഗസന്നദ്ധതയുമെല്ലാം പ്രകടിപ്പിച്ചയാളായിരുന്നു മുഗീറ.

റോമക്കാരുമായുള്ള ഘോരമായ യുദ്ധത്തില്‍ മുഗീറക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങളില്‍ പങ്കെടുത്ത ചുരുക്കം ആളുകളില്‍പ്പെട്ടയാളാണ് മുഗീറ. മുസ്‌ലിം പടത്തലവനായ സഅ്ദ്ബ്നു അബീവഖ്ഖാസ് പേര്‍ഷ്യന്‍ സൈന്യാധിപനായ റുസ്തമിന്റെ അടുക്കലേക്ക് തന്റെ പ്രതിനിധിയായി അയച്ചത് മുഗീറയെയാണ്.

വിജ്ഞാനം, ബുദ്ധിശക്തി, ആര്‍ജവം എന്നീ ഗുണങ്ങളെല്ലാം അടങ്ങിയ മുഗീറത്തുബ്നു ശുഅ്ബയെ ഖലീഫ ഉമര്‍ ആദ്യം ബസ്വറയിലും പിന്നീട് കൂഫയിലും ഗവര്‍ണറായി നിയമിക്കുകയുണ്ടായി. 

അബൂഅബ്ദില്ല എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. താഇഫ് ആയിരുന്നു സ്വദേശം. ഹിജ്റ അന്‍പതാം വര്‍ഷത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്.


 

Feedback