Skip to main content

കഅ്ബ്‌ ബിൻ മാലിക്(റ)

ഒരു പശ്ചാത്താപത്തിന്റെ കഥയാണിത്. സത്യം കൊണ്ട് മോചനവും വിജയവും നേടിയ സംഭവം. തത്ക്കാലം വിഷമതകള്‍ ഉണ്ടാകാമെങ്കിലും അന്തിമവിജയം കൈവരിക തന്നെ ചെയ്യുമെന്നതിന് ഉദാഹരണമായിരുന്നു കഅ്ബുബ്‌നു മാലിക്ക്.

തബൂക്ക് യുദ്ധമാണ് പശ്ചാത്തലം. ദുര്‍ഘടം പിടിച്ച കാലഘട്ടം. മദീനയില്‍ ക്ഷാമം കൊടുമ്പിരികൊള്ളുന്നു. കഠിന ചൂട്, ഭക്ഷണവും വെള്ളവും കുറവ്. ഈ അവസ്ഥയിലാണ് ശക്തനായ ശത്രുവെ നേരിടുന്നതിനായി പുറപ്പെടാന്‍ പ്രവാചക തിരുമേനി ആവശ്യപ്പെടുന്നത്. ആരും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ മടിക്കുന്ന കാലാവസ്ഥ. സത്യവിശ്വാസികളുടെ ആത്മാര്‍ഥത പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു. ഒരു ഈത്തപ്പഴത്തിന്റെ പകുതി വായിലിട്ട് നുണച്ചിറക്കി വെള്ളം കുടിച്ചാണ് ഓരോ സമരഭടനും ഒരു ദിവസം കഴിച്ചിരുന്നത് എന്നുവരുമ്പോള്‍ ആ യാത്രയുടെ ക്ലേശം ഊഹിക്കാവുന്നതാണ്. ഇത്രയേറെ വിഷമതകളുണ്ടായിട്ടും മുപ്പതിനായിര ത്തോളം പേര്‍ തിരുമേനിയെ അനുഗമിച്ചു. 

ഈ യുദ്ധത്തില്‍ കഅ്ബുബ്‌നു മാലിക് നബിതിരുമേനിയെ അനുഗമിക്കാതിരുന്ന സംഭവത്തെ ക്കുറിച്ച് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. കഅ്ബ് പറയുകയാണ്:     'തിരുമേനിയും മുസ്്‌ലിംകളും സന്നാഹങ്ങളില്‍ മുഴുകി. അവരോടൊപ്പം ഇറങ്ങാന്‍ ഞാന്‍ പലതവണ ഒരുങ്ങിയെങ്കിലും തിരിച്ചുകയറുകയാണുണ്ടായത്. ഒരു ഉറച്ച തീരുമാനം ഞാന്‍ എടുത്തില്ല. വേണമെങ്കില്‍ എനിക്ക് ഇനിയും അതിന് കഴിയും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു'.

അവസാനം നബിയും അനുചരന്‍മാരും യാത്രയായി. ഞാനാണെങ്കില്‍ പോകാനുള്ള തീരുമാനം എടുത്തിട്ടുപോലുമില്ല. തബൂക്കിലെത്തിയപ്പോള്‍ കഅ്ബുബ്‌നു മാലിക്ക് എന്തുചെയ്തുവെന്ന് തിരുമേനി ചോദിച്ചു. ബനൂസലമയിലെ ഒരാള്‍ അതിനു നല്‍കിയ മറുപടി, ഭൗതിക സുഖാനുഭൂതി അവനെ തടവിലിട്ടിരിക്കുന്നു എന്നാണ്. എന്നാല്‍ ഇത് കേട്ട മുആദുബ്‌നു ജബല്‍ അയാളെ എതിര്‍ത്തു: 'നീ പറഞ്ഞത് വളരെ മോശമായിപ്പോയി. റസൂലേ, അല്ലാഹുവാണ് സത്യം, അദ്ദേഹത്തെക്കുറിച്ച് നന്‍മയല്ലാതെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല'. നബി ഒന്നും മിണ്ടിയില്ല.

റസൂല്‍ തബൂക്കില്‍ നിന്ന് യാത്രതിരിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോള്‍ എനിക്ക് വിഭ്രാന്തിയായി. നാളെ തിരുമേനിയുടെ അടുത്തുനിന്ന് എങ്ങനെ രക്ഷപ്പെടും. ഞാന്‍ പല നുണകളും ആലോചിച്ചുകൊണ്ടിരുന്നു. പലരോടും അഭിപ്രായം തേടി. ഒന്നുകൊണ്ടും അദ്ദേഹത്തില്‍ നിന്ന് രക്ഷപ്പെടുകയില്ലെന്ന് എനിക്ക് മനസ്സിലായി. സത്യം പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

കാലത്താണ് നബി തിരുമേനി എത്തിയത്. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ആദ്യമായി അദ്ദേഹം ചെയ്യാറുള്ളത് പള്ളിയില്‍ കയറി രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണ്. തുടര്‍ന്ന് ജനങ്ങള്‍ക്കുവേണ്ടി ഇരിക്കും. ഇങ്ങനെ ചെയ്തപ്പോള്‍ യുദ്ധത്തിന് പോകാതെ മാറിനിന്നവര്‍ കാരണങ്ങള്‍ ബോധിപ്പിച്ചു. അവര്‍ എണ്‍പതില്‍പരം വ്യക്തികളുണ്ടായിരുന്നു. അവര്‍ പറഞ്ഞ കാരണങ്ങള്‍ മുഖവിലക്കെടുത്ത് പ്രവാചകന്‍ അവര്‍ക്കുവേണ്ടി മാപ്പിനായി പ്രാര്‍ഥിക്കുകയും അവരുടെ രഹസ്യങ്ങള്‍ അല്ലാഹുവിന് വിട്ടുകൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ ഞാനും ചെന്ന് സലാം പറഞ്ഞു. ദേഷ്യഭാവത്തില്‍ തിരുമേനി ഒന്ന് മന്ദഹസിച്ചിട്ട് എന്നോട് വരൂ എന്ന് പറഞ്ഞു. നീ എന്തുകൊണ്ട് ഒഴിഞ്ഞുനിന്നു. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ലോകത്ത് മറ്റാരുടെയെങ്കിലും മുമ്പിലാണ് ഞാന്‍ ഈ ഇരിക്കുന്നതെങ്കില്‍ ഉപായം പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അത് സമര്‍ഥിക്കാനുള്ള കഴിവും എനിക്കുണ്ട്. അങ്ങയോട് കളവ് പറഞ്ഞ് തൃപ്തിപ്പെടുത്തിയാല്‍ അധികം വൈകാതെ അല്ലാഹു അങ്ങേക്ക് എന്നോട് അരിശമുണ്ടാക്കു മെന്നും എനിക്കറിയാം. ഞാന്‍ സത്യം തുറന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ അങ്ങേക്ക് എന്നോട് വിരോധവുമുണ്ടാവാം. അല്ലാഹു സത്യം, എനിക്ക് യാതൊരു പ്രതിബന്ധവുമുണ്ടായിരുന്നില്ല. ഇതുകേട്ട നബിതിരുമേനി പറഞ്ഞു.'ഇവന്‍ സത്യം പറഞ്ഞു. പൊയ്‌ക്കോളൂ, നിന്നെപ്പറ്റി അല്ലാഹു ഒരു തീരുമാനം എടുക്കട്ടെ'.

താങ്കളെപ്പോലെ മറുപടി പറഞ്ഞവരാണ് മുറാറത്തുബ്നു റബീഉം ഹിലാലുബ്‌നു ഉമയ്യയും എന്ന് ബനൂസലമക്കാരായ ചിലര്‍ പറഞ്ഞു. ഇവര്‍ രണ്ടുപേരും ബദ്‌റില്‍ പങ്കെടുത്തുവരായിരുന്നു.

നബി തിരുമേനിയെ അനുഗമിക്കാതിരുന്ന ഞങ്ങള്‍ മൂന്നുപേരോടും സംസാരിക്കരുതെന്ന് തിരുമേനി ജനങ്ങളെ വിലക്കി. തുടര്‍ന്ന് അവര്‍ ഞങ്ങളെ ബഹിഷ്‌കരിച്ചു. ഭൂമിയില്‍ ഞാന്‍ അപരിചിതനാണെന്നുവരെ തോന്നിപ്പോയി. ഈ രീതിയില്‍ അന്‍പത് രാവുകള്‍ ഞങ്ങള്‍ പിന്നിട്ടു. എന്റെ കൂട്ടുകാര്‍ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ പള്ളിയില്‍പോയി നമസ്‌കരിക്കുകയും അങ്ങാടിയില്‍ പോവുകയും ചെയ്തു. അപ്പോഴൊന്നും ആരും തന്നെ എന്നോട് മിണ്ടിയില്ല. ബഹിഷ്‌കരണം നീണ്ടപ്പോള്‍ എനിക്ക് പ്രിയങ്കരനായ എന്റെ പിതൃവ്യപുത്രന്‍ അബൂഖതാദയുടെ വീട്ടിലെത്തി. സലാം ചൊല്ലിയെങ്കിലും അദ്ദേഹം സലാം മടക്കിയില്ല. അബൂഖതാദാ, അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ താങ്കളോട് കേണപേക്ഷിക്കുന്നു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നുണ്ടെന്ന് താങ്കള്‍ക്കറിഞ്ഞുകൂടേ?. അദ്ദേഹം ഒന്നും മിണ്ടിയില്ല. മൂന്നാമത്തെ തവണയും ചോദിച്ചപ്പോള്‍ അല്ലാഹുവിനും റസൂലിനും അറിയാം എന്നുമാത്രം അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

നാല്‍പത് ദിവസം കഴിഞ്ഞപ്പോള്‍ നബി തിരുമേനിയുടെ ഒരു ദൂതന്‍ എന്റെടുക്കല്‍ വന്നു പറഞ്ഞു. 'ഭാര്യയെ പിരിഞ്ഞിരിക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ താങ്കളോട് കല്‍പിക്കുന്നു'. ഞാന്‍ അവളെ മൊഴി ചൊല്ലണോ?. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ വേണ്ട പിരിഞ്ഞുനിന്നാല്‍ മതി, ഒരിക്കലും അവളെ സമീപിച്ചുപോകരുത് എന്നായിരുന്നു മറുപടി. ഇതേ നിര്‍ദേശവുമായി എന്റെ മറ്റു രണ്ടുകൂട്ടുകാരുടെയും അടുത്തേക്ക് ആളെ അയച്ചിരുന്നു. ഭാര്യയോട് ഞാന്‍ പറഞ്ഞു.'നീ നിന്റെ കുടുംബത്തിലേക്ക് പോയ്‌ക്കോളൂ, ഈ വിഷയത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ അവിടെതന്നെ കഴിഞ്ഞോളൂ'.

ഞങ്ങളോട് ജനങ്ങള്‍ സംസാരിക്കരുതെന്ന് നബി വിലക്കിയിട്ട് ഇപ്പോഴേക്ക് അന്‍പത് രാത്രി പൂര്‍ത്തിയായി. പിറ്റേന്നുകാലത്ത് വീടിന്റെ മുകളില്‍ ഞാന്‍ ഫജ്ർ നമസ്‌കരിച്ചു. അപ്പോഴതാ സില്‍അ് കുന്നിന്‍മേല്‍നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ ഇപ്രകാരം വിളിച്ചുപറയുന്നു. 'കഅ്ബുബ്‌നു മാലിക്ക് സന്തോഷിക്കൂ! അതുകേട്ട് ഞാന്‍ സുജൂദില്‍ വീണു. മോചനം സമാഗതമായി എന്നെനിക്ക് മനസ്സിലായി. അല്ലാഹു ഞങ്ങള്‍ക്ക് മാപ്പ് നല്‍കിയതായി ഫജ്ർ നമസ്‌കരിച്ചപ്പോള്‍ പ്രവാചകന്‍ വിളംബരം ചെയ്തു. ഞങ്ങളെ സന്തോഷം അറിയിക്കാന്‍ ആളുകള്‍ പുറപ്പെട്ടു. അസ്‌ലമുകാരില്‍പെട്ട ഒരാള്‍ ആര്‍ത്തുവിളിച്ച് കുതിരപ്പുറത്ത് കുതിച്ചെത്തി. കുതിരയേക്കാള്‍ വേഗതയുണ്ടായിരുന്നു അയാളുടെ സന്തോഷത്തിന്. തിരുമേനിയുടെ അടുത്തേക്ക് പോകുന്ന വഴിയിലെല്ലാം, താങ്കള്‍ക്ക് അഭിനന്ദനം അല്ലാഹുവിന്റെ മാപ്പ് താങ്കള്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് അഭിനന്ദിച്ചുകൊണ്ടിരുന്നു. 

പ്രവാചകന്റെ അടുത്തെത്തി സലാം ചൊല്ലിയപ്പോള്‍ സന്തോഷത്തോടെ പ്രസന്നവദനനായി തിരുമേനി പറഞ്ഞു: 'താങ്കളുടെ ഉമ്മ താങ്കളെ പ്രസവിച്ചതു മുതല്‍ കഴിഞ്ഞുപോയതില്‍വെച്ച് ഏറ്റവും നല്ല ഒരു ദിനംകൊണ്ട് താങ്കള്‍ സന്തോഷിക്കുക. ഞാന്‍ ചോദിച്ചു: 'റസൂലേ, ഇത് അങ്ങയുടെ സ്വന്തം വകയാണോ അതോ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതോ?' അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന് നബിതിരുമേനി മറുപടി നല്‍കി. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ പശ്ചാത്താപത്തിന്റെ ഭാഗമായി എന്റെ സ്വത്ത് ഞാന്‍ അല്ലാഹുവിനും റസൂലിനും വിട്ടുതരുന്നു'. അപ്പോള്‍ പ്രവാചകന്‍ നിര്‍ദേശിച്ചു. 'കുറച്ച് സ്വത്ത് താങ്കള്‍ വെക്കണം. അത് താങ്കള്‍ക്ക് നല്ലതാണ്'. 'ഖൈബറിലെ എന്റെ ഓഹരി ഞാന്‍ വെക്കാം എന്ന് പറഞ്ഞു'. എന്നിട്ട് ഞാന്‍ പറഞ്ഞു: റസൂലേ സത്യം പറഞ്ഞതുകൊണ്ടു മാത്രമാണ് അല്ലാഹു എന്നെ രക്ഷപ്പെടുത്തിയത്. ജീവിച്ചിരിക്കുന്ന കാലത്തോളം ഞാന്‍ സത്യമേ പറയൂ എന്നത് എന്റെ പശ്ചാത്താപത്തിന്റെ ഒരു ഭാഗമാണ്.

'നബിക്കും, വിഷമഘട്ടത്തില്‍ അദ്ദേഹത്തെ അനുഗമിച്ച മുഹാജിറുകള്‍ക്കും അന്‍സ്വാരികള്‍ക്കും അല്ലാഹു പൊറുത്തുകൊടുത്തു. അവരില്‍ ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍(സത്യമാര്‍ഗത്തില്‍ നിന്ന്) വ്യതിചലിക്കാറായ ശേഷം, അനന്തരം അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിച്ചു. അവരോട് വളരെ വാത്സല്യമുള്ളവനും കരുണയുള്ളവനുമത്രെ അവന്‍. തീരുമാനമെടുക്കാതെ നിര്‍ത്തിയ ആ മൂവര്‍ക്കും അവന്‍ മാപ്പു നല്‍കി. വിശാലമായ ഭൂമി അവര്‍ക്ക് ഇടുങ്ങിയതായി. തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ദുര്‍വഹമായിത്തീര്‍ന്നു. അല്ലാഹുവിന്റെ ശിക്ഷയില്‍ അവനോടല്ലാതെ അഭയം തേടാനില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. പിന്നീട് അവരുടെ ഖേദം അവന്‍ സ്വീകരിച്ചു. ആ പശ്ചാത്താപബോധത്തില്‍ അവര്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ടി. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാവാരിധിയുമത്രെ. (9: 117,118)

ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആദര്‍ശ എതിരാളികള്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. വ്യക്തികളെ പീഡിപ്പിക്കല്‍, ജീവിതം ദുസ്സഹമാക്കല്‍, ഉന്‍മൂല നാശത്തിനായി പടയൊരുക്കം, നബിയെ തേജോഹത്യ ചെയ്യല്‍ തുടങ്ങിയ പലതും. പണവും പ്രതാപവും ആയുധങ്ങളും മാത്രമല്ല. സര്‍ഗശേഷിയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ തിരിച്ചുവിട്ടു. അക്കാലത്തെ ഏറ്റവും വലിയ ആയുധമായിരുന്നു കവിത. സമൂഹ മനസ്സാക്ഷിയെ ചൂടുപിടിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കാനും തപ്ത ഹൃദയങ്ങളെ സാന്ത്വന തീരത്തേക്കാനയിക്കാനും കവിത അവര്‍ ഉപയോഗിച്ചിരുന്നു. സര്‍ഗശേഷി ഇസ്‌ലാമിനുവേണ്ടിയും പ്രവാചകനെ പ്രതിരോധിക്കാന്‍ വേണ്ടിയും ഉപയോഗിച്ച അനുഗൃഹീത കവികളില്‍ ഒരാളായിരുന്നു കഅ്ബുബ്‌നു മാലിക്. ഹസ്സാനുബ്‌നുസാബിത്, അബ്ദുല്ലാഹിബ്‌നുറവാഹ എന്നിവര്‍ മറ്റു രണ്ട് കവികള്‍.

പ്രവാചക വിയോഗത്തിനു ശേഷം നാല് പതിറ്റാണ്ട് ജീവിച്ച കഅ്ബ് തന്റെ പിന്‍തലമുറയിലേക്ക് പ്രവാചകാധ്യാപനങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. മുപ്പതിലേറെ ഹദീസുകള്‍ അദ്ദേഹത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ പേര്: അബൂകഅ്ബില്‍ അന്‍സ്വാരി. പിതാവ്: മാലികുബ്‌നു അബീകഅ്ബിബ്‌നില്‍ഖൈല്‍. സ്വദേശം: മദീന. ഗോത്രം. ഖസ്റജ്. ഹിജ്റ 50 ലാണ് മരണം. 

 
 

Feedback