Skip to main content

സൈദുബ്‌നുദ്ദസിന്ന(റ)

ഉറച്ച കാല്‍വെപ്പുകളോടെയാണ് സൈദുബ്നുദ്ദസിന്ന കൊലക്കളത്തിലേക്ക് നടന്നത്. കൈകള്‍ രണ്ടും പിന്നോട്ട് ബന്ധിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും മല്ലന്‍മാരായ രണ്ട് കിങ്കരന്‍മാരും. ഖുറൈശിപ്രമുഖരും സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങിയ വന്‍ജനാവലി സൈദിനെ കൊലപ്പെടുത്തുന്നത് കാണാന്‍ തടിച്ചുകൂടിയിട്ടുണ്ട്. 

സൈദിന്റെ അചഞ്ചലമായ മുഖത്തേക്ക് നോക്കി അബൂസുഫ്‌യാന്‍ ചോദിച്ചു: 'സൈദ്, ദൈവത്തെ മുന്‍നിര്‍ത്തി പറയൂ, നിന്റെ ഈ സ്ഥാനത്ത് ഞങ്ങള്‍ മുഹമ്മദിനെ നിര്‍ത്തി അവന്റെ കഴുത്തുവെട്ടുകയും നീ നിന്റെ കുടുംബത്തില്‍ കഴിയുകയും ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലേ.' ധീരമായിരുന്നു അതിനുള്ള സൈദിന്റെ മറുപടി: 'അല്ലാഹു സത്യം, ഞാന്‍ എന്റെ കുടുംബത്തില്‍ ഇരുന്നുകൊണ്ട് മുഹമ്മദിന്റെ കാലില്‍ ഒരു മുള്ളുപോലും തറക്കുന്നത് എനിക്ക് ഇഷ്ടമല്ല.'

ധീരനായിരുന്നു സൈദുബ്നുദ്ദസിന്ന. ഖസ്‌റജ് ഗോത്രക്കാരനായ ഒരു അന്‍സ്വാരി. ആഡംബരത്തില്‍ മതിമറന്ന് ജീവിച്ചിരുന്നയാള്‍. മുസ്അബുബ്‌നു ഉമൈര്‍ സത്യപ്രബോധനവുമായി മദീനയിലെത്തിയപ്പോള്‍ സൈദിന്റെ ജീവിതത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശി. ഇസ്ലാമിന്നുവേണ്ടി ജീവിക്കുക, ഇസ്‌ലാമിന്നുവേണ്ടി മരിക്കുക. ഈ കാഴ്ചപ്പാട് സ്വീകരിച്ചതോടെ മുമ്പൊരിക്കലുമില്ലാത്ത ആനന്ദവും സംതൃപ്തിയും സൈദിന്റെ ജീവിതത്തിലുണ്ടായി. 

മദീന പള്ളിയുടെ നിര്‍മാണത്തില്‍ തിരുമേനിയോടൊപ്പം മറ്റു തൊഴിലാളികളെപ്പോലെ സൈദും സജീവമായി പ്രവര്‍ത്തിച്ചു. പള്ളിയുണ്ടായതിനു ശേഷവും അവിടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും അദ്ദേഹം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. തന്റെ സേവനം വേണ്ടിടത്തെല്ലാം സൈദ് ഓടിയെത്തി. 

അദ്ല്‍, ഖാറ എന്നീ ഗോത്രങ്ങളിലേക്ക് മതാധ്യാപകരെ പറഞ്ഞയക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ആ ആറംഗ സംഘത്തില്‍ സൈദിനെയും തെരഞ്ഞെടുത്തിരുന്നു. വളരെ സന്തോഷത്തോടെയാണ് സൈദ് ഇത് ഏറ്റെടുത്തത്. ഇസ്‌ലാമിനെ പഠിപ്പിച്ചുകൊടുക്കാന്‍ കിട്ടുന്ന അവസരം. പക്ഷേ അത് മരണത്തിലേക്കുള്ള യാത്രയായിരുന്നുവെന്ന് ആര്‍ക്കും മനസ്സിലായില്ല. ചതിക്കുകയായിരുന്നു ആ രണ്ട് ഗോത്രക്കാരും. തങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ ചിലരെ അയച്ചുതരണമെന്നാണവര്‍ പ്രവോചകനോട് ആവശ്യപ്പെട്ടത്. ഇത് സത്യമാവുമെന്ന് വിശ്വസിച്ചാണ് സൈദ് അടങ്ങുന്ന ആറംഗ സംഘത്തെ പ്രവാചകന്‍ അയക്കാന്‍ തീരുമാനിക്കുന്നത്. സുഫ്‌യാനുബ്‌നു ഖാലിദ് എന്ന തങ്ങളുടെ നേതാവിനെ കൊന്നതിലുള്ള പ്രതികാരം ചെയ്യാന്‍ ഹുദൈല്‍ ഗോത്രക്കാര്‍ പണം നല്‍കി പ്രേരിപ്പിച്ചുവിട്ടതായിരുന്നു ഇവരെ. കൂടാതെ ബദ്റില്‍ കൊലചെയ്യപ്പെട്ട കുടുംബാംഗങ്ങളുടെ ചോരക്ക് പകരംവീട്ടാന്‍ മുസ്ലിംകളെ ജീവനോടെ പിടിച്ചുതന്നാല്‍ ഇനാം കൊടുക്കാമെന്ന ഒരു രഹസ്യധാരണ ഖുറൈശികളും ഹുദൈല്‍ ഗോത്രക്കാരും തമ്മിലുണ്ടായിരുന്നു.

ആറംഗ സംഘവും പ്രബോധനത്തിനായി ഇറങ്ങിത്തിരിച്ചു. റജീഅ് എന്ന തടാകത്തിന്റെ സമീപമെത്തിയപ്പോള്‍ ഹുദൈല്‍ ഗോത്രക്കാരായ കുതിരപ്പടയാളികള്‍ വളഞ്ഞു. കീഴടങ്ങാന്‍ ശത്രുക്കള്‍ അവരോട് പറഞ്ഞു. അപ്പോഴാണ് ചതി അവര്‍ക്ക് മനസ്സിലായത്. മുശ്‌രിക്കുകള്‍ക്ക് കീഴടങ്ങി ജീവിക്കുന്ന പ്രശ്‌നമില്ലെന്ന ഉറച്ച തീരുമാനത്തോടെ ആസ്വിമിബ്‌നു സാബിത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ധീരമായി പോരാടി വീരമൃത്യുവരിച്ചു. എന്നാല്‍ ശത്രുക്കളുടെ വാഗ്ദാനങ്ങളെ വിശ്വസിച്ച് കുറച്ചുപേര്‍ അവരോടൊപ്പം പോയി. ഇവരില്‍ സൈദുബ്‌നുദ്ദസിന്നയുമുണ്ടായിരുന്നു. 

പ്രതീക്ഷകള്‍ക്ക് വിപരീതമായി അദ്ദേഹത്തെ ഹുദൈല്‍ ഗോത്രക്കാര്‍ പിടിച്ചുകെട്ടി മക്കയിലെ തെരുവില്‍ കൊണ്ടുപോയി വിറ്റു. സ്വഫ്‌വാനുബ്നു ഉമയ്യ എന്ന നേതാവ് അദ്ദേഹത്തെ വിലയ്ക്കുവാങ്ങി, ബദ്‌റില്‍ കൊലചെയ്യപ്പെട്ട തന്റെ പിതാവിന്റെ മരണത്തിന് പകരംവീട്ടാന്‍.

ഹിജ്‌റ മൂന്നാംവര്‍ഷം ദുല്‍ഖഅ്ദ മാസമായിരുന്നു അത്. അറബികള്‍ക്ക് യുദ്ധം നിഷിദ്ധമായ മാസം. ഇക്കാലയളവില്‍ യുദ്ധം ചെയ്യാനോ രക്തം   ചിന്താനോ പാടില്ല. അതിനാല്‍ ഇതു കഴിയുന്നതുവരെ സൈദിനെ തടവില്‍ പാര്‍പ്പിച്ചു. ഈ സമയമെല്ലാം സൈദ് പ്രാര്‍ഥനയിലും ദൈവസ്മരണയിലും വ്യാപൃതനായി. മരിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും തോന്നിയില്ല. പക്ഷേ ആസ്വിമും കൂട്ടരും ചെയ്തതുപോലെ ശത്രുക്കളോട് ധീരമായി പോരാടി മരിക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖമായിരുന്നു അദ്ദേഹത്തിന്.

നേതാക്കളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ കൊല നടത്താന്‍ തീരുമാനിച്ചു. മക്കയുടെ പ്രാന്തപ്രദേശമായ തന്‍ഈം എന്ന വിജനസ്ഥലമായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. കൊലക്കുവേണ്ടി നിര്‍ത്തിയപ്പോള്‍ യാതൊരു പേടിയുമില്ലാത്ത സൈദിന്റെ മുഖം കണ്ടപ്പോഴാണ് അബൂസുഫ്‌യാന്‍ ഈ സ്ഥാനത്ത് മുഹമ്മദായിരുന്നുവെങ്കില്‍ നീ ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചത്. തങ്ങളുടെ ജീവനെക്കാളേറെ മുഹമ്മദിനെ ഇഷ്ടപ്പെടുന്നുവെന്ന മറുപടി കേട്ടപ്പോള്‍ അബൂസുഫ്‌യാന്‍ പറഞ്ഞു: 'മുഹമ്മദിന്റെ കൂട്ടുകാര്‍ മുഹമ്മദിനെ സ്്‌നേഹിക്കുന്നതുപോലെ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'

ഒടുവില്‍ നേതാക്കളുടെ കല്പ്പന വന്നതും നസ്്താസ് എന്ന മുശ്‌രിക്ക് ഓടിവന്ന് സൈദിനെ കുന്തംകൊണ്ട് കുത്തിയതും ഒന്നിച്ചായിരുന്നു. 'അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വഅന്ന മുഹമ്മദര്‍റസൂലുല്ലാഹ്' എന്ന് ഉരുവിട്ട് അദ്ദേഹം മരിച്ചുവീണു. തന്റെ ആരാധ്യന്‍ അല്ലാഹു മാത്രമാണ് എന്ന് വിശ്വസിച്ചു എന്നതല്ലാതെ ഒരു കുറ്റവും ചെയ്യാത്ത നിരപരാധിയുടെ ശഹാദത്ത്. 

സൈദിനെ കൊലപ്പെടുത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്ന അബൂസുഫ്‌യാനും സ്വഫ്‌വാനുബ്‌നു ഉമയ്യയുമെല്ലാം പിന്നീട് ഇസ്ലാമില്‍ അഭയം പ്രാപിച്ചു. എങ്കിലും ഇതിനെല്ലാം കാരണമായത് സൈദിനെപ്പോലെയുള്ള ധീരരായ സ്വഹാബികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ആദര്‍ശത്തിന്റെ മഹത്വമായിരുന്നു.

പിതാവ് അദ്ദസിന്നത്തുബ്നു മുആവിയ. ഹിജ്‌റ മൂന്നാം വര്‍ഷത്തിലാണ് മരണം.


 
 

Feedback
  • Sunday May 5, 2024
  • Shawwal 26 1445