Skip to main content

അബൂ അയ്യൂബല്‍ അന്‍സാരി(റ)

ഹിജ്‌റയുടെ ദീര്‍ഘമായ വഴി താണ്ടി തിരുനബിയും സിദ്ദീഖും യസ്‌രിബിന്റെ മരുപ്പച്ചയിലെത്തി. ആഹ്ലാദം ആകാശത്തോളമുയര്‍ന്ന ആ നാള്‍ യസ്‌രിബുകാര്‍ക്ക് ആദ്യാനുഭവമായിരുന്നു. മന്ദം മന്ദം നടന്നു നീങ്ങുന്ന ഖസ്‌വായുടെ പുറത്ത് പുഞ്ചിരി തൂകിയിരിക്കുന്ന പുണ്യ റസൂലിനെ അവര്‍ കണ്‍നിറയെ കണ്ടു. കൈകള്‍ വീശി. ആബാലവൃദ്ധം ഉറക്കെയുറക്കെ ആഹ്ലാദ ഗീതങ്ങള്‍ ചൊല്ലി. 

'ഇവിടെയിറങ്ങൂ നബിയേ' എന്ന് ഓരോരുത്തരും പറഞ്ഞു. ദൂതരെ തനിക്ക് അതിഥിയായിക്കിട്ടാന്‍ ചിലര്‍ ഖസ്‌വയെ പിടിച്ചു നിര്‍ത്താന്‍വരെ ശ്രമിച്ചു. 'അവള്‍ അവളുടെ വഴിയേ പോകട്ടെ, അവളെ വിടൂ'  തിരുനബി പുഞ്ചിരി വിടാതെ പറഞ്ഞുകൊണ്ടിരുന്നു. 

ഓരോരുത്തരെയും ആകാംക്ഷാഭരിതനും പിന്നെ നിരാശനുമാക്കി നടന്നു നീങ്ങിയ ഖസ്‌വാഅ് ഒടുവില്‍ ഒരു കൊച്ചു വീടിന്റെ വിശാലമായ മുറ്റത്ത് മുട്ടുകുത്തി. പള്ള ഭാഗം മണ്ണില്‍ അമര്‍ത്തി വെച്ച അവളുടെ മുതുകില്‍ നിന്ന് പുണ്യനബി ഇറങ്ങി. അപ്പോള്‍ ആ വീട്ടില്‍ നിന്ന് ഒരാള്‍ ഓടിവന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ വിടരുകയും മുഖം ആഹ്ലാദഭരിതമാവുകയും ചെയ്തിരുന്നു. ഓരോ യസ്‌രിബ്‌വാസിയും അദ്ദേഹത്തെ അസൂയയോടെ നോക്കിക്കൊണ്ടിരുന്നു. തിരുനബിയെ വിരുന്നുകാരനായിക്കിട്ടിയ ആ ഭാഗ്യവാന്‍, ചരിത്രത്തില്‍ അബൂ അയ്യൂബ് അല്‍അന്‍സാരി എന്ന നാമത്തില്‍ അറിയപ്പെട്ടു. 

അബൂഅയ്യൂബ് ഖാലിദുബ്‌നുസൈദ് എന്നാണ് യഥാര്‍ഥ പേര്. ഖസ്‌റജ് ഗോത്രത്തിലെ ബനുന്നജ്ജാര്‍ കുടുംബാംഗമാണ്. തിരുനബിയെ മദീനയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള രണ്ടാം അഖബ ഉടമ്പടിയില്‍ തന്റെ കുലത്തിന്റെ പ്രതിനിധിയായി ദൂതര്‍ക്കുമുമ്പാകെ പ്രതിജ്ഞയെടുത്തിരുന്നു അബൂഅയ്യൂബ്. 

വീടിന്റെ താഴെ മുറി തിരുനബിക്കായി ഒരുക്കി നല്കിയ അബൂ അയ്യൂബും ഭാര്യയും മുകളിലെ മുറിയിലേക്ക് താമസം മാറി. പള്ളി നിര്‍മാണം പൂര്‍ത്തിയാവും വരെ ഏഴു മാസത്തോളം അബൂ അയ്യൂബിന്റെ അതിഥിയായി തിരുനബി ആ വീട്ടില്‍ കഴിച്ചു കൂട്ടി. അങ്ങനെ ചരിത്രത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യത്തിന്റെ ഉടമയായി അബൂ അയ്യൂബല്‍ അന്‍സാരി.

ഈ കാലത്ത് നബി(സ്വ)യെ പരിചരിക്കാനും ഭക്ഷണം ഒരുക്കിക്കൊടുക്കാനും അബൂ അയ്യൂബിനും ഭാര്യക്കും കഴിഞ്ഞു. ദൂതര്‍ അവരെ സ്വന്തം വീട്ടുകാരായും ആ വീട് സ്വന്തം വീടായും കണ്ടു. അബൂ അയ്യൂബിന്റെ വീടിന് തൊട്ടടുത്തു തന്നെയാണ് നബി(സ്വ) തന്റെ പള്ളിയായ മസ്ജിദുന്നബവി പണി കഴിച്ചതും.

കോണ്‍സ്റ്റാന്റിനോപ്പിളിലെ രക്തസാക്ഷി 

ഇസ്്‌ലാമിക ചരിത്രത്തില്‍ ഒട്ടനവധി ഓര്‍മകള്‍ ബാക്കിയാക്കിയ അബൂ അയ്യൂബ് എട്ട് പതിറ്റാണ്ട് ജീവിച്ചിരുന്നിട്ടുണ്ട്. ഒരിക്കല്‍ നബി(സ്വ) വിശന്ന് അല്പം ഭക്ഷണത്തിനായി പുറത്തലഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ. പുറത്തിറങ്ങി നടക്കുമ്പോള്‍ തിരുനബി അബൂബക്ര്‍ സിദ്ദീഖി(റ)നെ കണ്ടുമുട്ടി. അദ്ദേഹത്തിനും വേണ്ടത് വിശപ്പകറ്റാനുള്ള ഭക്ഷണം തന്നെയായിരുന്നു. ഇരുവരും നടക്കവെ ഉമറുബ്‌നുല്‍ ഖത്താബി(റ)നെയും വഴിയില്‍ കാണുന്നു. ഉമറി(റ)നും അസഹ്യമായി വിശപ്പ്. 

അവരെയും കൂട്ടി തിരുനബി കയറിച്ചെന്നത് തന്റെ ആദ്യകാല ആതിഥേയന്‍ അബൂ അയ്യൂബി(റ)ന്റെ വീട്ടിലേക്ക്. അബൂ അയ്യൂബും ഭാര്യയും മൂന്ന് വിരുന്നുകാരെയെും സ്വീകരിച്ചിരുത്തി. ഈത്തപ്പനത്തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത ഏതാനും കുല ഈത്തപ്പഴങ്ങള്‍ അവര്‍ക്കായി നല്കി.

വൈകാതെ ഒരാടിനെ അറുത്ത്, റൊട്ടിയുമുണ്ടാക്കി വിഭവധന്യമായ സത്കാരവും ഒരുക്കി. വയറുനിറഞ്ഞ് പ്രാര്‍ഥനയും നടത്തിയാണ് ദൂതരും രണ്ട് കൂട്ടുകാരും അബൂ അയ്യൂബിന്റെ വസതി വിട്ടത്.   

മുആവിയയുടെ കാലം. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുകയെന്നത് മുസ്‌ലിംകളുടെ സ്വപ്‌നമായിരുന്നു. നാവിക സൈന്യം രൂപീകരിച്ചതു തന്നെ ഈയൊരു ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു.

പുത്രന്‍ യസീദിന്റെ നേതൃത്വത്തില്‍ വലിയൊരു നാവികപ്പടയെ മുആവിയ(റ) കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധത്തിനായി അയച്ചു. ക്രി.672(ഹി.52)ലായിരുന്നു അത്. ആ സൈന്യത്തില്‍ അബൂ അയ്യൂബും ചേര്‍ന്നു. 80 കളിലെത്തിയിരുന്നു അദ്ദേഹത്തിന്റെ പ്രായം. 

ഉപരോധം നടക്കവെ അബൂ അയ്യൂബ്(റ) രോഗിയായി. പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ആ ധീര സേനാനിക്ക്് കഴിഞ്ഞില്ല. നിരാശയുമായി കഴിയവെ മുതിര്‍ന്ന പടയാളിയെ കാണാന്‍ നായകന്‍ യസീദ് എത്തി. 

നായകനെ കണ്ട അബൂ അയ്യൂബ് ഒരാഗ്രഹം അദ്ദേഹവുമായി പങ്കുവെച്ചു. ''ഞാന്‍ മരിച്ചാല്‍ മുസ്‌ലിം സൈനികര്‍ക്ക് എന്റെ 'സലാം' എത്തിക്കണം. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കടല്‍ഭിത്തിക്കപ്പുറം എന്നെ മറമാടുകയും വേണം''.

തിരുനബിയെ മാസങ്ങളോളം വിരുന്നൂട്ടി അനുഗൃഹീതനായ ആ സ്വഹാബിവര്യന്റെ ആഗ്രഹം ധീരനായ യസീദ് സഫലമാക്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കാനായില്ലെങ്കിലും.
 

Feedback