Skip to main content

ഖുബൈബ്‌ ബിൻഅദിയ്യ്(റ)

രണ്ട് റക്അത്ത് നമസ്‌കാരം എന്ന അവസാനത്തെ ആഗ്രഹവും നിറവേറി ഖുബൈബ്(റ) അന്ത്യയാത്രക്കൊരുങ്ങി. ''മരണത്തെ ഞാന്‍ ഭയക്കുകയാണെന്ന് നിങ്ങള്‍ ധരിക്കുകയില്ലാ യിരുന്നുവെങ്കില്‍, അല്ലാഹു സത്യം, ഞാന്‍ വീണ്ടും നമസ്‌കരിക്കുമായിരുന്നു.'' തനിക്കായി ഒരുക്കിവെച്ച ഈത്തപ്പനക്കുരിശിന് താഴെ നിന്ന് അദ്ദേഹം പറഞ്ഞു. തന്റെ മരണത്തിനായി കാത്തിരിക്കുന്നവരുടെ ആരവത്തില്‍ ആ മനസ്സ്  ഉലഞ്ഞതേയില്ല.

കുരിശില്‍ വരിഞ്ഞുകെട്ടിയ ഖുബൈബിന്റെ കൈകാലുകളില്‍ വില്ലാളികള്‍ എയ്തുവിട്ട അമ്പുകള്‍ ചെന്ന് തറച്ചു. അദ്ദേഹം കിടന്നു പിടഞ്ഞു. ജീവന്‍ പൊലിയുന്ന വേദനാനിര്‍ഭരമായ ആ അന്ത്യനിമിഷത്തിലും  ഖുബൈബി(റ)ന്റെ ചുണ്ടില്‍ വിരിഞ്ഞത് കവിതാ ശകലങ്ങള്‍. അതിങ്ങനെ,

''മരണം ദൈവമാര്‍ഗ്ഗത്തിലാണ്
അത് എങ്ങനെ ആയാലെന്താ
രോമകൂപങ്ങളിലും എല്ലിന്‍ തരികളിലും
റബ്ബിന്റെ കാരുണ്യമുണ്ടല്ലോ
എനിക്കതു മതി, അതുമാത്രം.''

ചുറ്റും കൂടിനിന്ന് മരണം ആസ്വദിച്ച് ആഹ്ലാദിക്കുന്ന അബൂസുഫ്‌യാന്‍ ഉള്‍പ്പെടെയുള്ള പ്രമാണിമാരുടെ മുഖങ്ങള്‍ ആ കവിത കേട്ട് മഞ്ഞളിച്ചുപോയി. വാശി മൂത്ത അവര്‍ ശബ്ദമേറ്റി; വിറയാര്‍ന്ന ആ ശരീരം നിലക്കുന്നതുവരെ.

ഖുബൈബിന്റെ അവസ്ഥ അല്ലാഹു തിരുനബിക്ക് അറിയിച്ചുകൊടുത്തു. കുരിശില്‍ അനാഥമായി ക്കിടക്കുന്ന തന്റെ പ്രിയ സുഹൃത്തിന്റെ ജഡം മറവുചെയ്യാന്‍ ദൂതര്‍ രണ്ടുപേരെ മക്കയിലേക്കയച്ചു. മിഖ്ദാദി(റ)നെയും സുബൈറി(റ)നെയും. അവരെത്തിയാണ് ആ ധീരരക്തസാക്ഷിക്ക് ഖബറൊ രുക്കിയത്.

മദീനയിലെ ഔസ് ഗോത്രത്തില്‍ അദിയ്യിന്റെ മകനായി പിറന്ന ഖുബൈബ്(റ) ഹിജ്‌റയെ തുടര്‍ന്നാണ് തിരുദൂതരുടെ ഇഷ്ടഭാജനമായത്. യുവാവായ ഖുബൈബ്(റ)ന്റെ വിശ്വാസ ദൃഢതയും ധീരതയും ഒരുപോലെ സംഗമിച്ചു. ബദ്ര്‍ യുദ്ധത്തില്‍ പടച്ചട്ടയണിഞ്ഞു.  ഖുറൈശി പ്രമുഖനായിരുന്ന ഹാരിസുബ്‌നു ആമിര്‍ ഖുബൈബിന്റെ വാളിനിരയായി.

ഹിന്ദ് ഹംസ(റ)യെ നോട്ടമിട്ടതുപോലെ ഹാരിസിന്റെ മക്കള്‍ ഖുബൈബി(റ)നെയും നോട്ടമിട്ടു. അടുത്ത വര്‍ഷം, ഹിജ്‌റ മൂന്നില്‍ ബദ്‌റിനു പകരം വീട്ടാന്‍ ഖുറൈശികള്‍ ഒരുങ്ങുന്നതിന്റെ സൂചന പ്രവാചകന് ലഭിച്ചു. ഇത് ഉറപ്പുവരുത്താനായി പത്തംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു. നായകന്‍ ആസ്വിമുബ്‌നു സാബിത്താണ്. ഖുബൈബും(റ) ഇതില്‍ അംഗമായിരുന്നു. ഇവര്‍ മക്കയിലെത്തും മുമ്പ് ഹുദൈല്‍ ഗോത്രക്കാരിലെ വില്ലാളികള്‍ ഇവരെ വളഞ്ഞു. ഏറ്റുമുട്ടലില്‍ ആസ്വിമുള്‍പ്പെടെ ഏഴ് പേര്‍ വധിക്കപ്പെട്ടു. ഖുബൈബും(റ)മറ്റ് രണ്ടുപേരും കീഴടങ്ങി.

ഹാരിസിന്റെ മക്കള്‍ വിവരമറിഞ്ഞു. അവര്‍ പ്രതികാരത്തിനായി ഖുബൈബ്(റ)നെ വിലക്ക് വാങ്ങി. അല്പനാള്‍ തടവിലിട്ടശേഷം അവര്‍ ആ ദൈവദാസന് വിധിച്ചത് അറബികള്‍ക്ക് അത്ര പരിചിതമല്ലാത്ത കുരിശിലേറ്റലായിരുന്നു.

മുഹമ്മദി(സ്വ)നെ തള്ളിപ്പറയുകയും പിതാവിനെ വധിച്ചതിന് മാപ്പപേക്ഷിക്കുകയും ചെയ്താല്‍ വെറുതെ വിടാമെന്ന അവരുടെ വാഗ്ദാനം പുഛിച്ചു തള്ളിയ ഖുബൈബ്(റ), മരണത്തിന് മുമ്പ് ഒരാഗ്രഹം മാത്രം അറിയിച്ചു. 'രണ്ട് റക്അത്ത് നമസ്‌കരിക്കണം.' അന്ത്യാഭിലാഷം അംഗീകരിക്കപ്പെട്ടു. പിന്നീടവര്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു.

മുഹമ്മദി(സ്വ)ന്റെ അനുയായികള്‍ മുഹമ്മദി(സ്വ)നെ സ്‌നേഹിക്കുന്നതുപോലെ ലോകത്ത് ഒരാളും മറ്റൊരാളെ സ്‌നേഹിക്കുന്നില്ല എന്ന തിരിച്ചറിവ് ഖുബൈബി(റ)ല്‍ നിന്നാണ് ഖുറൈശികള്‍ക്കുണ്ടായത്.
 

Feedback
  • Friday Oct 4, 2024
  • Rabia al-Awwal 30 1446