Skip to main content

ബറാഉബ്‌നു മാലിക്(റ)

നബി(സ്വ)യുടെ  പരിചാരകനായിരുന്ന അനസ്ബുനു മാലികിന്റെ സഹോദരനാണ് ഖസ്‌റജ് ഗോത്രക്കാരനായിരുന്ന ബറാഉബ്‌നു മാലിക്. പിതാവ് മാലികുബ്‌നു നദ്ര്‍. ധീരനും ദ്വന്ദ്വയുദ്ധ വിദഗ്ധനുമായിരുന്നു അദ്ദേഹം. ജടകുത്തിയ തലമുടിയും പൊടിപുരണ്ട വേഷവുമുള്ള കൃശഗാത്രന്‍. അല്ലാഹുവിന്റെ സ്വര്‍ഗം, അതായിരുന്നു ബറാഇന്റെ ചിന്തയും സ്വപ്നവും.

അബൂബക്ര്‍(റ) നേതൃത്വം ഏറ്റെടുത്തതിന് ശേഷം മുസ്‌ലിംകളില്‍ ചിലര്‍ മതത്തില്‍ നിന്ന് പുറത്ത് പോകുന്ന സാഹചര്യത്തില്‍ ധീരമായ ചെറുത്തുനില്‍പ്പിലൂടെ തൗഹീദിനെ സംരക്ഷിക്കാന്‍ ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തില്‍ ബറാഉബ്‌നു മാലികിന്റെ പോരാട്ടം ശ്രദ്ധേയമാണ്. വ്യാജനബിയായി സ്വയം പ്രഖ്യാപിച്ച മുസൈലിമയായിരുന്നു ശത്രുപക്ഷത്തിന്റെ കരുത്ത്. നജ്ദിലെ യമാമയില്‍ നടന്ന പോരാട്ടത്തില്‍ കോട്ടയില്‍ അഭയം പ്രാപിച്ച മുസൈലിമയെയും കൂട്ടരെയും തന്ത്രത്തിലൂടെ കോട്ടവാതില്‍ തുറന്ന് ആക്രമിക്കുകയും കള്ളവാദങ്ങളെ നാമാവശേഷമാക്കുകയും ചെയ്തു. എണ്‍പതില്‍ പരം മുറിവുകളുള്ള ബറാഉബ്‌നു മാലിക്കിന്റെ ശരീരത്തെ ചികിത്സിക്കാന്‍ സൈന്യത്തലവന്‍ ഖാലിദുബ്‌നുവലീദ് നേരിട്ട് നേതൃത്വം നല്‍കി എന്നത് അദ്ദേഹത്തിന്റെ പ്രധാന്യം സൂചിപ്പിക്കുന്നു.

'ഖലീഫ ഉമറിന്റെ കാലത്ത് പേര്‍ഷ്യയില്‍പ്പെട്ട 'തുസ്തര്‍' എന്ന സ്ഥലത്തുവെച്ചുണ്ടായ യുദ്ധത്തില്‍ പേര്‍ഷ്യക്കാരും അബ്‌വാസുകാരും മുസ്‌ലിംകള്‍ക്കെതിരായി യുദ്ധസന്നാഹം ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോള്‍ കൂഫയിലുള്ള സഅ്ദുബ്‌നു അബീവഖ്ഖാസിനും ബസ്വറയിലുള്ള അബൂമൂസല്‍ അശ്അരിക്കും ഖലീഫ കത്തെഴുതി. സൈന്യത്തലവനായി സുബൈലുബ്‌നു അദിയ്യിനേയും സഹായിയായി ബറാഉബ്‌നുമാലികിനേയും നിയമിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കത്തിന്റെ ഉള്ളടക്കം.

സുശക്തമായി കോട്ടക്കുള്ളില്‍ നിന്ന് തിളപ്പിച്ച ചൂണ്ടകള്‍ പുറത്തേക്കിട്ട് മുസ്‌ലിംകളെ തൂക്കിയെടുത്ത് കൊല്ലുന്ന ക്രൂരവിനോദത്തിനിടയില്‍ തന്റെ സഹോദരന്‍ അനസുബ്‌നു മാലിക് ചൂണ്ടയില്‍ കുടുങ്ങിയത് കണ്ട് ബറാത് കൊളുത്ത് വേര്‍പ്പെടുത്തി സഹോദരനെ രക്ഷപ്പെടുത്തിയത് ചരിത്രത്തിലെ അവിസ്മരണീയ രംഗമാണ്. മുസ്‌ലിംകള്‍ ആ യുദ്ധത്തില്‍ വിജയികളാവുകയും ബറാഉബ്‌നു മാലിക് രക്തസാക്ഷിയാവുകയും ചെയ്തു.


 

Feedback