Skip to main content

അബുല്‍ ആസ്വിബ്‌നുര്‍റബീഅ്(റ)

പ്രവാചകപുത്രി സൈനബിനെ വിവാഹം ചെയ്യാന്‍ മക്കയിലെ പല മഹാന്മാരും ആഗ്രഹിച്ചിരുന്നു. ഖുറൈശി ഗോത്രത്തിലെ യോഗ്യനായ താങ്കള്‍ക്ക് പിറന്ന കുലീനയും സല്‍സ്വഭാവിയും സദ്ഗുണസമ്പന്നയുമായ അവരെ ലഭിക്കുക എന്നത് വലിയ അനുഗ്രഹമായിരുന്നു. ഈ മഹാഭാഗ്യം സിദ്ധിച്ചത് അബ്ദുശംസിന്റെ സന്താനപരമ്പരയിലെപ്പെട്ട യുവകോമളനായ അബുല്‍ ആസ്വിനായിരുന്നു.

സമ്പത്തും കുലീനതയും ഒത്തിണങ്ങിയ യുവാവ്. ശീതകാലത്ത് യമനിലേക്കും വേനല്‍ കാലത്ത് ശാമിലേക്കും കൊല്ലംതോറും കച്ചവടയാത്ര ചെയ്തിരുന്നു. നൂറ് ഒട്ടകങ്ങളും ഇരൂനൂറ് ജീവനക്കാരുമടങ്ങിയ വന്‍ കച്ചവടവ്യൂഹം അബുല്‍ ആസ്വിബ്‌നുര്‍റബീഇന്ന് ഉണ്ടായിരുന്നു. നൈപുണ്യവും സത്യസന്ധതയും പലരെയും അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു.

അബുല്‍ ആസ്വിബ്‌നുര്‍റബീഉമായുള്ള വിവാഹം കഴിഞ്ഞ് ഏതാനും സംവത്സരം പിന്നിട്ടപ്പോഴേക്കും ഇസ്‌ലാം മക്കയില്‍ ഉദയം ചെയ്തു. പ്രവാചകന്റെ ഭാര്യ ഖദീജ, പുത്രിമാരായ റുഖിയ്യ, സൈനബ്, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവരും ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ പിന്‍തുടര്‍ന്നുവന്ന ആചാരാനുഷ്ഠാനങ്ങള്‍ വെടിയാനോ ഇസ്‌ലാം സ്വീകരിക്കാനോ അബുല്‍ ആസ്വിബ്‌നുര്‍റബീഅ് തയ്യാറായില്ല. ഖുറൈശികളുമായി പ്രവാചകന്‍ ആദര്‍ശസംഘട്ടനം മൂര്‍ച്ഛിച്ചപ്പോള്‍ ഖുറൈശികളുടെ ഭാഗത്തുനിന്നും മുഹമ്മദിന്റെ മകളെ ഉപേക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായി. അബുല്‍ ആസ്വിബ്‌നുര്‍റബീഇന്ന് സമ്മര്‍ദമേറി. പക്ഷേ, സൈനബിനെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 'ലോകത്തെ സ്ത്രീകളെ മുഴുവനും കിട്ടിയാലും സൈനബിനെ കൂടാതെ താന്‍ സംതൃപ്തനല്ലെന്നായിരുന്നു' അബുല്‍ ആസ്വിബ്‌നുര്‍റബീഅ് മറുപടി പറഞ്ഞത്.

മദീനയില്‍ പ്രവാചകന്റെ സ്വാധീനവലയം വിസ്തൃതമായപ്പോള്‍ ഇതിനെതിരില്‍ ഖുറൈശികള്‍ യുദ്ധത്തിനായി ബദ്‌റിലേക്ക് നീങ്ങി. ഇവരെ അനുഗമിക്കാന്‍ അബുല്‍ ആസ്വിബ്‌നുര്‍റബീഅ് നിര്‍ബന്ധിതനായി. മുസ്‌ലിംകളോട് ശത്രുതാമനോഭാവം അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നില്ല. സ്വസമൂഹത്തിലെ സ്ഥാനവും ഒറ്റപ്പെടുമെന്ന ഭീതിയുമായിരുന്നു ഖുറൈശികളോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

ബദ്ര്‍ യുദ്ധത്തില്‍ ഖുറൈശികള്‍ക്ക് കനത്ത നാശമുണ്ടായി. കുറെ പേര്‍ കൊല്ലപ്പെട്ടു. ചിലര്‍ ഓടി രക്ഷപ്പെട്ടു. ചിലരെ മുസ്‌ലിംകള്‍ യുദ്ധത്തടവുകാരായി പിടികൂടി. ഇതില്‍ അബുല്‍ ആസ്വിബ്‌നുര്‍ റബീഅ് ഉണ്ടായിരുന്നു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ പ്രവാചകന്‍ കല്പിച്ചു. ഭര്‍ത്താവിന്റെ മോചനമൂല്യവുമായി സൈനബ് ദൂതനെ അയച്ചു. അവരുടെ വിവാഹ സുദിനത്തില്‍ ഉമ്മ ഖദീജ സമ്മാനിച്ച മാലയായിരുന്നു മോചനദ്രവ്യം. ഇത് കണ്ട പ്രവാചകന് ദു:ഖം നിയന്ത്രിക്കാനായില്ല. പ്രവാചകന്‍ അനുചരന്മാരോട് അഭിപ്രായപ്പെട്ട പ്രകാരം അബുല്‍ ആസ്വിബ്‌നുര്‍റബീഇനെ മോചിപ്പിക്കുകയും മോചനദ്രവ്യം തിരിച്ചുനല്‍കുകയും ചെയ്തു.

സൈനബിനെ തനിക്കരികിലേക്ക് അയക്കണമെന്ന വ്യവസ്ഥ പ്രവാചകന്‍ അബുല്‍ ആസ്വിബ്‌നുര്‍റബീഇനെ അറിയിച്ചു. അദ്ദേഹമത് സമ്മതിച്ചു. എല്ലാവിധ സൗകര്യങ്ങളോടും കൂടി യാത്രാ വാഹനമൊരുങ്ങി. ഭാര്യ സൈനബിനെ പിതാവിന്റെ അടുക്കലേക്ക് യാത്രയാക്കിയെങ്കിലും അബുസുഫ്യാന്റെ നേതൃത്വത്തിലൂടെ സംഘം ആ യാത്ര മുടക്കി. സൈനബിന്റെ സുരക്ഷക്ക് അബൂല്‍ആസ്വിനെ നിയോഗിച്ചിരുന്നു. ഇത്ര സ്വതന്ത്രമായി തങ്ങള്‍ക്ക് മുമ്പിലൂടെ ഇന്ന് തന്നെ പറഞ്ഞയക്കുന്നത് തങ്ങള്‍ക്ക് മാനക്കേടായിരുന്നു എന്നായിരുന്നു ഖുറൈശികളുടെ പക്ഷം. അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ ഓര്‍ത്ത് അവര്‍ സൈനബിനെ മടക്കിയയക്കുകയും രഹസ്യ വ്യവസ്ഥ പ്രകാരം അല്പദിവസം കഴിഞ്ഞ് പ്രവാചകന്റെ ആശ്രിതര്‍ക്ക് കൈമാറുകയും ചെയ്തു.

ഭാര്യാവേര്‍പാടിന് ശേഷം അല്പകാലം അബുല്‍ ആസ്വിബ്‌നുര്‍റബീഅ് മക്കയില്‍ താമസിച്ചു. മക്ക വിജയത്തിന് തൊട്ടുമുമ്പ് ശാമില്‍ പോയിവരുന്ന അബുല്‍ആസ്വിന്റെ കച്ചവടസംഘത്തെ മുസ്‌ലിംകള്‍ പിടികൂടി. അബൂല്‍ ആസ്വ് രക്ഷപ്പെട്ട് സൈനബിന്റെയടുക്കല്‍ അഭയം തേടി. അഭയം കൊടുത്ത വിവരം പ്രവാചകന്‍ അറിയുന്നത് ഒരു പ്രഭാത നമസ്‌കാരവേളയിലായിരുന്നു. വീട്ടില്‍ ചെന്ന് സൈനബിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അഭയം കൊടുക്കാം. പക്ഷേ, നിനക്ക് നിയമാനുസൃതനല്ല അബൂല്‍ ആസ്വ്. പ്രവാചകന്‍ ഓര്‍മ്മിപ്പിച്ചു.

മുസ്‌ലിംകള്‍ പിടിച്ചെടുത്ത അബുല്‍ ആസ്വിബ്‌നുര്‍റബീഅ്‌ന്റെ സ്വത്ത് പ്രവാചകന്‍ നിര്‍ദേശിച്ച തനുസരിച്ച് മുസ്‌ലിംകള്‍ തിരിച്ച് കൊടുത്തു. ഈ സമയം അവര്‍ അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. മക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം ഖുറൈശികളുടെ കടമിടപാടുകളെല്ലാം തീര്‍ത്ത ശേഷം സത്യസാക്ഷ്യം ചൊല്ലി മുസ്‌ലിമായി. പിന്നീട് തിരുന്നിധിയില്‍ ചെന്നു, ആഹ്ലാദപൂര്‍വം നബി അദ്ദേഹത്തെ സ്വീകരിക്കുകയും സൈനബിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

ശരിയായ പേര് ലഖീത്. പിതാവ് റബീഉബ്‌നുഅബ്ദില്‍ ഉസ്സാ. മരണം ഹിജ്‌റ 12ല്‍.
 

Feedback