Skip to main content

അമ്മാർ ബിൻ യാസിര്‍(റ)

ഒരു ദിവസം എല്ലാ ക്രൂരതകളും അമ്മാറിനെ കൂട്ടമായി ആക്രമിച്ചു. വരണ്ടു കീറിയ മുറിവുകളോടെ അദ്ദേഹത്തെ പൊള്ളുന്ന മണലില്‍കിടത്തി. പച്ചയിറച്ചി വെന്തുപോകുന്ന വെയില്‍. അനന്തരം അദ്ദേഹത്തെ വെള്ളത്തില്‍ മുക്കി. ബോധം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. തങ്ങളുടെ ദേവന്‍മാരെ വാഴ്ത്തിപ്പറയണമെന്നു മര്‍ദകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ട്, പറയേണ്ട വാക്കുകള്‍ ചൊല്ലിക്കൊടുത്തു. അര്‍ധബോധാവസ്ഥയില്‍ അദ്ദേഹം അത് ഏറ്റുപറഞ്ഞുപോയി. സ്വബോധം വീണ്ടുകിട്ടിയപ്പോള്‍, താന്‍ പറഞ്ഞത് അബദ്ധമായെന്ന് അമ്മാറിനു തോന്നി.  ഈ അവസ്ഥയില്‍ തിരുമേനി അമ്മാറിനെ കണ്ടുമുട്ടി. അദ്ദേഹം കരയുകയായിരുന്നു. കണ്ണുനീര്‍ തുടച്ചുകൊടുത്തുകൊണ്ട് തിരുമേനി ചോദിച്ചു.  'അവിശ്വാസികള്‍ താങ്കളെ പിടിച്ച് വെള്ളത്തില്‍ മുക്കി. അപ്പോള്‍ താങ്കള്‍ ഇന്നരൂപത്തില്‍ പറഞ്ഞു, അല്ലേ? തേങ്ങിക്കരഞ്ഞുകൊണ്ട് അദ്ദേഹം അതെ എന്ന് പറഞ്ഞപ്പോള്‍ നബി മന്ദസ്മിതത്തോടെ അറിയിച്ചു.  'ഇനിയും അവര്‍ ആവര്‍ത്തിച്ചാല്‍ അങ്ങനെത്തന്നെ പറഞ്ഞാല്‍ മതി.' ശേഷം തിരുമേനി ഖുര്‍ആനിലെ 16:106 വാക്യം ഓതിക്കേള്‍പ്പിച്ചു. അമ്മാറിനു സമാധാനമായി. 

ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗാവകാശികളായി പ്രഖ്യാപിക്കപ്പെട്ടവരാണ് അമ്മാറും മാതാവ് സുമയ്യയും പിതാവ് യാസിറും. 

ഇസ്‌ലാമിന്റ ആദ്യകാല വിശ്വാസികളില്‍പെട്ട അമ്മാറും കൂടുംബവും ഖുറൈശികളുടെ ക്രൂരവും പൈശാചികവുമായ മര്‍ദനമുറകള്‍ക്ക് ഇരയായി. യാസിര്‍, സുമയ്യ, അമ്മാര്‍ എന്നിവരെ തീക്കനല്‍ പോലെ പൊള്ളുന്ന മണലരണ്യത്തില്‍ കൊണ്ടുപോയി, മര്‍ദനങ്ങളുടെ ഭീകര രീതികള്‍ പ്രയോഗിച്ചു. ഇരുമ്പ് പഴുപ്പിച്ച് സുമയ്യയുടെ അടിവയറ്റിലേക്ക് കുത്തിക്കയറ്റി. ഇസ്‌ലാമില്‍ വിശ്വസിച്ചു എന്ന ഏക കാരണത്താല്‍ മര്‍ദനത്തിന്റെ തീച്ചൂളയില്‍ കിടന്ന് അവര്‍ അന്ത്യശ്വാസം വലിച്ചു. അങ്ങനെ ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായിത്തിര്‍ന്ന ആ മഹതി ലോകാന്ത്യം വരെയുള്ള ആദര്‍ശധീരരായ മുസ്‌ലിംകളുടെ രോമാഞ്ചമായി ചരിത്രത്തില്‍ ജീവിക്കുന്നു. 

നബിയുടെ പലായനത്തിനു ശേഷം മദീനയില്‍ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വം കൈവന്നു. ഒരു സമൂഹം എന്ന നിലക്ക് അതിവേഗം അവര്‍ വളരാന്‍ തുടങ്ങി. ഈ സമൂഹത്തില്‍ അമ്മാര്‍ സമുന്നത സ്ഥാനം നേടി. നബി അദ്ദേഹത്തെ അത്യധികം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെയും സന്‍മാര്‍ഗനിഷ്ഠയുടെയും പേരില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. 

കറുത്ത് പൊക്കംകൂടിയ ശരീരവും വിടര്‍ന്ന മാറിടവുമുള്ള അമ്മാര്‍ അധികസമയവും നിശ്ശബ്ദനായിരുന്നുവെന്നും അപൂര്‍വമായേ സംസാരിച്ചിരുന്നുള്ളൂവെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ്, തബൂക്ക് തുടങ്ങിയ പോരാട്ടങ്ങളില്‍ നബിയോടൊപ്പം അദ്ദേഹം പങ്കെടുത്തു. തിരുമേനിയുടെ ദേഹവിയോഗാനനന്തരവും തന്റെ കര്‍മോന്‍മുഖമായ ജീവിതം അദ്ദേഹം തുടര്‍ന്നു.

ഖലീഫാ ഉമര്‍ ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ സാത്വികനും സേവനനിരതനുമായ അമ്മാറിനെ വിസ്മരിച്ചില്ല. അദ്ദേഹത്തെ കൂഫയിലെ ഗവര്‍ണറാക്കി. അധികാരം അമ്മാറിനെ കൂടുതല്‍ വിനയാന്വിതനും സുഖപരിത്യാഗിയും ഭക്തനുമാക്കിയതേയുള്ളൂ. 

നാലാം ഖലീഫ അലിയും ശാം ഗവര്‍ണറായിരുന്ന മുആവിയയും തമ്മില്‍ നടന്ന സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലിപക്ഷത്തുനിന്ന് അടരാടിയ തൊണ്ണൂറ്റിമൂന്നുകാരനായ അമ്മാര്‍ പ്രസ്തുത യുദ്ധത്തില്‍ വധിക്കപ്പെട്ടു.

അമ്മാറുബ്‌നു യാസിര്‍. പിതാവ് യാസിറുബ്‌നു ആമിര്‍. മാതാവ് സുമയ്യ ബിന്‍ത് ഖയ്യാത്വ്. സ്വദേശം യമന്‍. ഗോത്രം കിനാന. മരണം ഹിജ്‌റ 7ാം വര്‍ഷം 94 ാംവയസ്സില്‍. 

Feedback