Skip to main content

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)

മുഹമ്മദ് നബി(സ്വ)യെ അതി സൂക്ഷ്മമായി പിന്തുടര്‍ന്ന ഒരു സ്വഹാബിയുണ്ടായിരുന്നു. ബാല്യത്തില്‍ തന്നെ തിരുനബിയുടെ ചാരത്ത് അവനുണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ അവന്‍ കുടുംബത്തോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി. 13ാം വയസ്സില്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവനെത്തി. എന്നാല്‍ സ്‌നേഹപൂര്‍വം തിരുനബി അവനെ തിരിച്ചയച്ചു. 

ഇസ്ലാമിക ചരിത്രത്തില്‍ സാത്വികനായും ജ്ഞാനിയായും ത്യാഗിവര്യനായും ഭൗതികവിരക്തനായും ധീരസേനാനിയായും വിശ്രുതനായ ഇബ്‌നു ഉമര്‍ എന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ആയിരുന്നു ആ മഹാന്‍. സാക്ഷാല്‍, രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഇഷ്ടപുത്രന്‍. 

യൗവനവും ജീവിതാന്ത്യവും മുഴുക്കെ ഇസ്്‌ലാമിന് സമര്‍പ്പിച്ച അദ്ദേഹം തിരുനബിയെ അക്ഷരത്തിലും അര്‍ഥത്തിലും അനുഗമിച്ചു. നബി(സ്വ) നമസ്‌കരിച്ച സ്ഥലത്തു തന്നെ നമസ്‌കരിക്കാന്‍ തിടുക്കം കാട്ടി. നബി(സ്വ) പ്രാര്‍ഥിച്ച അതേ സ്ഥലത്തു നിന്നു തന്നെ അദ്ദേഹവും പ്രാര്‍ഥിച്ചു. ദൂതര്‍ ഇരുന്ന സ്ഥലത്ത്് തന്നെ അദ്ദേഹവും ഉപവിഷ്ടാനാവാന്‍ ഔത്സുക്യം കാട്ടി. ദൂതര്‍ യാത്രയ്ക്കിടെ എവിടെ വിശ്രമിച്ചുവോ അവിടെ അദ്ദേഹവും ഇറങ്ങി വിശ്രമിച്ചു. തിരുദൂതരുടെ കാല്പാടുകള്‍ പതിഞ്ഞിടത്ത് അദ്ദേഹവും കാല്പാടുകള്‍ വെക്കാന്‍ ശ്രമിച്ചു. 

ഇബ്‌നു ഉമറിന് മതത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. നബി(സ്വ)യുടെയും പിതാവ് ഉമറി(റ)ന്റെയും ശിക്ഷണമായിരുന്നു കാരണം. തിരുദൂതരുടെ മരണശേഷം പല സ്വഹാബിമാരും മതവിധി ചോദിച്ചെത്തിയത് ഇബ്‌നു ഉമറിന്റെ അടുക്കലായിരുന്നു. ഫത്‌വാ നല്കുന്നതില്‍ ഇദ്ദേഹത്തെ പ്പോലെ അവധാനത കാട്ടിയ വ്യക്തികല്‍ ചുരുക്കമാണ്. ഹദീസ് പറഞ്ഞുകൊടുക്കുമ്പോള്‍ നബി(സ്വ) ഉപയോഗിച്ച അതേ പദങ്ങള്‍ തന്നെ അദ്ദേഹവും ഉപയോഗിച്ചു. അവയിലേതെങ്കിലും പദങ്ങള്‍ ഓര്‍മയില്ലെങ്കില്‍ ആ ഹദീസ് അദ്ധേഹം ഉദ്ധരിക്കുമായിരുന്നില്ല. 

വ്യക്തമായ ബോധ്യമില്ലാത്ത വിഷയങ്ങളില്‍ മതവിധി ചോദിച്ചെത്തുന്നവരെ 'അറിയില്ല' എന്ന് പറഞ്ഞ് സന്തോഷത്തോടെ മടക്കിവിടുമായിരുന്നു ഇബ്‌നു ഉമര്‍(റ).

ഖുറൈശ് ഗോത്രത്തിലെ അദിയ്യ് കുടുംബത്തില്‍ ഉമറുബ്‌നുല്‍ ഖത്താബിന്റെ മകനായി ജനനം. മക്കയിലെയും മദീനയിലെയും അവസാന സ്വഹാബിയായി ക്രി.വ. 69 (ഹി.73)ല്‍ മക്കയില്‍ മരണം. 

ജ്ഞാനിയായ പ്രവാചക ശിഷ്യന്‍

പിതാവ് ഉമറും തിരുനബിയും തമ്മിലുള്ള ബന്ധവും സഹോദരി ഹഫ്‌സ്വയെ ദൂതര്‍ വിവാഹം ചെയ്തതും ബാല്യം മുതല്‍ തന്നെ മുസ്‌ലിമായി എന്നതും ഇബ്‌നു ഉമറിനെ തിരുനബിയുടെ അടുപ്പക്കാരനാക്കി. കൗമാരവും യൗവനവും ദൂതരോടൊപ്പവും പള്ളിയിലുമായി ചെലവിട്ട അബ്ദുല്ലയെ 'പള്ളിവാസി' എന്നു സ്വഹാബിമാര്‍ വിശേഷിപ്പിച്ചിരുന്നു. നബി(സ്വ)യുടെ കാല്പാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരാന്‍ ഇതെല്ലാം ഇബ്‌നു ഉമറി(റ)ന് ഭാഗ്യമേകി. 

യുവാവായിരിക്കെ, ഒരിക്കല്‍ മാസപ്പിറവി കണ്ട വിവരം ഇബ്‌നു ഉമര്‍(റ) നബി(സ്വ)യെ അറിയിച്ചു. അതിന്‍മേലാണ് ദൂതരും മുസ്്‌ലിംകളും നോമ്പു പിടിച്ചത്. മദ്യനിരോധനം സമ്പൂര്‍ണമാക്കിയുള്ള ഖുര്‍ആനിക സൂക്തമിറങ്ങിയപ്പോള്‍ തിരുനബി തന്നെ മദ്യപ്പാത്രങ്ങള്‍ നശിപ്പിക്കാന്‍ നേരിട്ടിറങ്ങി. ആദ്യത്തില്‍ കുറെ മദ്യക്കുപ്പികള്‍ നശിപ്പിച്ച നബി(സ്വ) പിന്നീട് ആയുധം ഇബ്‌നു ഉമറി(റ)നെ ഏല്പിക്കുകയും തുടര്‍ന്നുള്ളവ തകര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മദീനയിലെ, മദ്യം നിറച്ചുവെച്ച പാത്രങ്ങളെല്ലാം നശിപ്പിക്കാന്‍ ഇബ്‌നു ഉമറാണ് പിന്നീട് നേതൃത്വം നല്കിയത്. 

തിരുനബി നല്കിയ പ്രശസ്തങ്ങളായ പല ഉപദേശങ്ങളും ഇബ്‌നു ഉമറിനോടായിരുന്നു. അവയില്‍ ചിലത് ഇവയാണ്:

'നീ ദുനിയാവില്‍ ഒരു പരദേശിയെപ്പോലെ, അല്ലെങ്കില്‍ വഴിയാത്രക്കാരനെപ്പോലെ ജീവിക്കുക. നിന്റെ ശരീരത്തെ നീ ഖബറിടവാസികളില്‍ എണ്ണുകയും ചെയ്യുക.'

'നീ അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുക. അല്ലാഹുവിന് വേണ്ടി പിണങ്ങുക. അല്ലാഹുവിന് വേണ്ടി മിത്രമാവുക. അവനുവേണ്ടി തന്നെ ശത്രുവുമാവുക. അല്ലാഹുവുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ഇവ കൊണ്ടേ കഴിയൂ.'

ഈ ഉപദേശങ്ങള്‍ ജീവിതത്തില്‍ കണിശമായി പാലിച്ചുപോന്നു ആ മഹാന്‍. പരലോകചിന്തയും ദൈവസ്മരണയും അദ്ദേഹം മാറ്റി നിര്‍ത്തിയില്ല. അധികാര സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ഖലീഫമാര്‍ നിര്‍ബന്ധിച്ചു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഖാദ്വി പദവി വഹിക്കാന്‍ പോലും ആ മഹാനുഭാവന്‍ സന്നദ്ധനായിരുന്നില്ല. ഖലീഫ ഉസ്മാന്‍(റ) ഖാദ്വി സ്ഥാനം വഹിക്കാന്‍ ആവശ്യപ്പെട്ടു. ഇബ്‌നു ഉമര്‍(റ) വിസമ്മതിച്ചു. ഖലീഫ നിര്‍ബന്ധിച്ചപ്പോള്‍, അപേക്ഷയും മാപ്പഭ്യര്‍ഥനയുമായി അദ്ദേഹം ഖലീഫയെ സന്ദര്‍ശിക്കുകയാണുണ്ടായത്. 

അലി(റ)ക്കു ശേഷം ഖിലാഫത്ത് പദവി ഏറ്റെടുക്കാന്‍ ഇബ്‌നു ഉമറിനുമേല്‍ സമ്മര്‍ദമുണ്ടായി. അന്നത്തെ കലുഷമായ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'മുസ്‌ലിംകള്‍ പരസ്പരം ചിന്തുന്ന രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല.'

ഉമര്‍(റ) മരണാസന്നനായ സമയത്ത്, അടുത്ത ഖലീഫയെ തെരെഞ്ഞെടുക്കാനുള്ള സമിതി രൂപവത്കരിച്ചിരുന്നു. ആ ആറംഗ സമിതിയില്‍ പ്രമുഖ സ്വഹാബിമാരാണുണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഏഴാമനായി, ഖലീഫയായി തെരെഞ്ഞെടുക്കപ്പെടരുത് എന്ന വസ്വിയത്തോടെ ഉമര്‍(റ) തന്റെ മകനെയും ഉള്‍പ്പെടുത്തി. നീതിയില്‍ അണുഇട വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത രണ്ടാം ഖലീഫ സുപ്രധാന സമിതിയില്‍ തന്റെ മകനെ ഉള്‍പെടുത്തിയെങ്കില്‍ അത് അബ്ദുല്ലയുടെ കഴിവും അര്‍ഹതയും തന്നെയാണ് കാണിക്കുന്നത്. 

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ഭീതിജനകമായ ചേരിതിരിവ് മുസ്ലിം സമൂഹം നേരിട്ട നിര്‍ണായക സന്ധിയായിരുന്നു. നിഷ്പക്ഷത കൊണ്ട് അന്ന് അബ്ദുല്ല ശ്രദ്ധേയനായി. അനുരഞ്ജനത്തിനായി ഓടിനടക്കുകയും ചെയ്തു. 

ഉഹ്ദ് മുതലുള്ള പ്രവാചക കാലത്തെ എല്ലാ യുദ്ധങ്ങളിലും ഖലീഫ കാലഘട്ടങ്ങളിലെ യര്‍മൂക്ക്, ഈജിപ്ത്, ഉത്തരാഫ്രിക്കന്‍ പോരാട്ടങ്ങളിലും ആയുധമേന്തിയ അബ്ദുല്ല, അമവി ഖിലാഫത്തിന്റെ സുവര്‍ണഘട്ടത്തിലാണ് അന്ത്യയാത്രയാകുന്നത്.
 

Feedback