Skip to main content

അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തും(റ)

ഹിജ്‌റ വര്‍ഷം 14 പേര്‍ഷ്യന്‍ ഭീഷണിക്ക് മറുപടി നല്‍കാന്‍ ഖലീഫ ഉമര്‍(റ) ഉറച്ചു. സൈന്യം ചെറുതുപോരാ. അതിനാല്‍ ഖലീഫയുടെ പ്രഖ്യാപനം വന്നു.

''ആയുധവും കുതിരയും യുദ്ധ ശേഷിയുമുള്ളവര്‍  മുഴുവന്‍ പടയണിയില്‍ ചേരണം.''

സ്വഹാബിമാര്‍ ഒഴുകിയെത്തി. 20,000 പേര്‍. നേതൃത്വം ഖലീഫ ഉമര്‍(റ) തന്നെ ഏറ്റെടുത്തു. എന്നാല്‍ പ്രമുഖരായ സ്വഹാബിമാര്‍ ഖലീഫയെ പിന്തിരിപ്പിച്ചു. അങ്ങനെയാണ് സഅ്ദുബ്‌നു അബീവഖ്ഖാസ് പടനായകനായത്. യസ്ദജര്‍ദിന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഖാദിസിയ്യയിലേക്ക് നീങ്ങിയ ആ സേനയുടെ മുമ്പില്‍ കൊടിയും പിടിച്ച് മറ്റൊരാളും കൂടിയുണ്ടായിരുന്നു. മദീനാ പള്ളിയിലെ തിരുനബിയുടെ ഇഖാമത്തുകാരന്‍, അന്ധനായ അബ്ദുല്ല! ഉമ്മുമക്ത്തൂമിന്റെ മകന്‍.

ശാരീരിക വൈകല്യമുള്ളവര്‍ക്ക് യുദ്ധ മുന്നണിയില്‍ ചേരേണ്ടതില്ല, എന്നാലും അബ്ദുല്ല(റ) പിന്‍മാറിയില്ല. 

പേര്‍ഷ്യയുടെ കരുത്തിനെ തടഞ്ഞ് മുസ്‌ലിംകള്‍ വിജയക്കൊടി പാറിച്ചെങ്കിലും നിരവധി പേര്‍ രക്തസാക്ഷികളായി. ഖാദിസിയ്യയുടെ കളത്തില്‍ പതാക മുറുകെ പിടിച്ച് കിടക്കുന്ന അബ്ദുല്ലയുടെ ശരീരം കണ്ട് സഅ്ദ്(റ) കണ്ണീര്‍ വാര്‍ത്തു.

ഖദീജ(റ)യുടെ അമ്മാവന്‍ ഖൈസുബ്‌നു സാഇദിന്റെയും ആത്തികബിന്‍ത് അബ്ദില്ലയുടെയും മകനായി ഖുറൈശ് ഗോത്രത്തില്‍ മക്കയിലാണ് അബ്ദുല്ലയുടെ ജനനം. അന്ധനായ കുഞ്ഞിന് ജന്മം നല്‍കിയ ആത്തിക പിന്നീട് ഉമ്മുമക്തൂം എന്നും അവരിലേക്ക് ചേര്‍ത്തി അബ്ദുല്ല, ഇബ്‌നു ഉമ്മിമക്തൂം എന്നും അറിയപ്പെട്ടു.

അന്ധനായ അബ്ദുല്ല ഇസ്‌ലാമിക ചരിത്രത്തിലെ നിറസാന്നിദ്ധ്യമാണ്. തിരുനബിയെ അല്ലാഹു ശാസിക്കാന്‍ കാരണമായവന്‍, പ്രാര്‍ഥനയെ തുടര്‍ന്ന് അല്ലാഹുവില്‍ നിന്ന് അനുകൂല വിധി ലഭിച്ചയാള്‍, മദീനാപള്ളിയിലെ ബാങ്കുവിളിക്കാരിലൊരാള്‍, മദീനാഹിജ്‌റയിലെ രണ്ടാമന്‍. പത്തിലേറെ തവണ മദീനയുടെ ചുമതല ഏല്പിക്കപ്പെട്ടയാള്‍, ഇസ്‌ലാമിലെ ആദ്യത്തെ അന്ധനായ രക്ഷസാക്ഷി. അബ്ദുല്ല(റ) ചരിത്ര പുരുഷന്‍ തന്നെ.

ഇസ്‌ലാമിലേക്ക് ആദ്യം തന്നെ കടന്നുവന്നു. അര്‍ഖമിന്റെ വീട്ടിലെ തിരുനബിയുടെ പാഠശാലയില്‍ നിന്നാണ് അബ്ദുല്ല ഖുര്‍ആന്‍ പഠിച്ചത്. കാഴ്ചയെന്ന അനുഗ്രഹം ലഭിക്കാതിരുന്ന ഇദ്ദേഹത്തിന് കേള്‍ക്കുന്നതെന്തും അപ്പടി ഓര്‍മിച്ചുവെക്കാനുള്ള ഹൃദയം അല്ലാഹു പകരം നല്‍കി. അതുകൊണ്ടായിരുന്നു മദീനക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കാന്‍ ഇദ്ദേഹത്തെ ദൂതര്‍ നിയോഗിച്ചത്.

അബ്ദുല്ലയും തിരുദൂതരും

ഒരിക്കല്‍ അബൂജഹ് ല്‍, ഉമയ്യ, വലീദ് തുടങ്ങിയ ഖുറൈശി നേതൃവരേണ്യര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു ദൂതര്‍. അവരത് ഉള്‍ക്കൊണ്ടെങ്കില്‍ എന്ന അദമ്യമോഹത്തോടെ. അവിടേക്കാണ് അന്ധനായ അബ്ദുല്ല സംശയനിവാരണത്തിനായി എത്തുന്നത്. അബ്ദുല്ലയെ വേണ്ടത്ര പരിഗണിക്കാതിരിക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്ത നബി(സ്വ) ഖുറൈശി പ്രമുഖരുമായുള്ള സംസാരം തുടര്‍ന്നു.

അല്പനേരം കഴിഞ്ഞു ദൂതര്‍ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അതാ ഇറങ്ങുന്നു വഹ്‌യ്. ''അദ്ദേഹം നെറ്റിചുളിച്ചു, പിന്‍തിരിയുകയും ചെയ്തു. അന്ധന്‍ തന്റെയടുക്കല്‍ വന്നതിന്റെ പേരില്‍. നിനക്കെന്തറിയാം, അയാള്‍ വിശുദ്ധിയാര്‍ജിച്ചേക്കാം...'' എന്നു തുടങ്ങി 16 വചനങ്ങള്‍. പ്രവാചകന്‍ അങ്ങേയറ്റം സങ്കടപ്പെട്ടു. അന്നുമുതല്‍ അവിടുന്ന് അബ്ദുല്ലയെ ആദരിക്കുകയും എവിടെ വെച്ചുകണ്ടാലും വിളിച്ചു വരുത്തി വിവരങ്ങള്‍  അന്വേഷിക്കുകയും ചെയ്തിരുന്നു.

മുസ്അബി(റ)നു പിന്നാലെ രണ്ടാമത്തെ മുഹാജിറായി മദീനയിലെത്തിയ അബ്ദുല്ലയെ നബി(സ്വ) ബിലാലിന്റെ കൂടെ മദീന പള്ളിയില്‍ ബാങ്കുകാരനാക്കി. ബിലാല്‍ ബാങ്കുവിളിക്കും, അബ്ദുല്ല ഇഖാമത്തും വിളിക്കും. ചിലപ്പോള്‍ തിരിച്ചും.

തിരുദൂതര്‍ മദീനയില്‍ നിന്ന് വിട്ടുനിന്ന അവസരങ്ങളില്‍ മിക്കതിലും മദീനയുടെ ചുമതല നല്‍കിയിരുന്നത് ഇബ്‌നു ഉമ്മിമക്ത്തൂമിനായിരുന്നു. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നതും അദ്ദേഹം തന്നെ.

ബദ്‌റില്‍ പങ്കെടുത്തവരെ ശ്ലാഘിച്ചുകൊണ്ടിറങ്ങിയ സൂക്തത്തിലെ(4:95)''യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാത്തവരേക്കാള്‍ പദവി കൂടുതലാണ്'' എന്ന പരാമര്‍ശം അബ്ദുല്ലയെ ദു:ഖിതനാക്കി.

''ദൂതരേ, അന്ധനായതുകൊണ്ടാണല്ലോ എനിക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. തങ്ങളുടെതല്ലാത്ത കാരണം കൊണ്ട് ഞങ്ങള്‍ക്ക് പുണ്യം നഷ്ടപ്പെടുമോ?'' എന്ന അബ്ദുല്ലയുടെ ചോദ്യം വന്നു. ഇതിന്ന് പിന്നാലെയാണ് ആ സൂക്തത്തില്‍ ''ഗൈറു ഊലി ദററി'' (വിഷമതകള്‍ ഉള്ളവരൊഴികെ) എന്ന വിശദീകരണം കൂടി അല്ലാഹു അവതരിപ്പിച്ചതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതിന്ന് ശേഷം പലപ്പോഴും യുദ്ധങ്ങളില്‍ പങ്കെടുക്കാനും ത്യാഗം ചെയ്യാനും അബ്ദുല്ല ഒരുങ്ങിയെങ്കിലും ദൂതര്‍ അദ്ദേഹത്തെ മദീനയില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് ഉമറി(റ)ന്റെ കാലത്ത് ഖാദിസിയ്യയിലേക്ക് പോകാനാണ് അവസരം കിട്ടിയത്. അതില്‍ വീരചരമം പ്രാപിക്കുകയും ചെയ്തു. 
 

Feedback