Skip to main content

എം.കെ അലി അക്ബര്‍ മൗലവി

നിഷ്‌കളങ്കതയും വിനയവും സമാസമം ചേര്‍ന്ന ലളിതമായ ജീവിതം നയിച്ച പണ്ഡിതവര്യനായിരുന്നു എം കെ അലി അക്ബര്‍ മൗലവി. 1924-ല്‍ മണ്ണില്‍ക്കടവന്‍ കമ്മുക്കുട്ടി സാഹിബിന്റെ മകനായി മലപ്പുറം മഞ്ചേരിക്കടുത്ത ആമയൂരില്‍ ജനനം. പ്രാഥമിക പഠനത്തിന് ശേഷം വിവിധ പള്ളി ദര്‍സുകളിലും എടവണ്ണ ജാമിഅ നദ്‌വിയ്യയിലുമായിരുന്നു പഠനം. 

പ്രമാണങ്ങളെ കൃത്യമായ സ്രോതസ്സില്‍ നിന്ന് മാത്രം അടുത്തറിയുക എന്നതായിരുന്നു മൗലവിയുടെ രീതി. കെട്ടുകഥകളെ ആസ്പദമാക്കിയുള്ള നാട്ടുനടപ്പുകളും പൂര്‍വിക സമ്പ്രദായങ്ങളും ഒരു സമൂഹത്തെ എവ്വിധം ദുര്‍മാര്‍ഗത്തില്‍ നിലനിര്‍ത്തുമെന്ന് അദ്ദേഹം സ്വന്തം കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും മനസ്സിലാക്കിയിരുന്നു. അതിനാല്‍ അത്തരം നാട്ടാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കെടുതികളില്‍ നിന്ന് എല്ലാവരെയും തെളിച്ചമുള്ള വിശ്വാസത്തിലേക്കു വഴിനടത്താന്‍ തന്നാലാവുന്നതെല്ലാം മൗലവി ചെയ്തു. അദ്ദേഹം ജാമിഅ നദവിയ്യയില്‍ ദീര്‍ഘകാലം അധ്യാപകനായും പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചതും ഈ ദൗത്യനിര്‍വഹണത്തിന്റെ ഭാഗം തന്നെയായിരുന്നു.

hh

അലി അക്ബര്‍ മൗലവി നിര്യാതനായപ്പോള്‍ ഹദീസ് പണ്ഡിതനും ജാമിഅ നദ്‌വിയ്യയില്‍ ദീര്‍ഘകാലം സഹപ്രവര്‍ത്തകനുമായിരുന്ന എ അബ്ദുസ്സലാം സുല്ലമി ശബാബ് വാരികയില്‍ എഴുതിയത് 'ഇസ്‌ലാഹി പ്രസ്ഥാനത്തിലെ അബൂദര്‍റില്‍ ഗിഫ്ഫാരി യാത്രയായി' എന്നായിരുന്നു. ധൈര്യവാനും ബുദ്ധിശാലിയും ദീര്‍ഘവീക്ഷണക്കാരനുമായി ഇസ്‌ലാമിക ചരിത്രത്തില്‍ പ്രശസ്തനായ ഗിഫ്ഫാരിയുടെ വിശേഷണങ്ങള്‍ അലി അക്ബര്‍ മൗലവിയിലും പ്രകടമായിരുന്നു.

ഇസ്‌ലാഹി പ്രസ്ഥാനവും ഇതര വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ പള്ളിദര്‍സുകളിലെ ഗ്രന്ഥങ്ങള്‍ കൊണ്ടുതന്നെ മറുപടി നല്‍കാന്‍ കഴിവുള്ള അത്യപൂര്‍വ പാണ്ഡിത്യമുണ്ടായിരുന്നു അലി അക്ബര്‍ മൗലവിക്ക്. ഭാഷാനിയമം, കര്‍മശാസ്ത്രം തുടങ്ങിയ മേഖലകളിലും അഗാധമായ അറിവുണ്ടായിരുന്നു. അനന്തരാവകാശ നിയമത്തില്‍ മൗലവിക്കുണ്ടായിരുന്ന ആഴത്തിലുള്ള വിജ്ഞാനത്തെ മുസ്‌ലിംകളിലെ എല്ലാ വിഭാഗത്തിലെയും പണ്ഡിതന്മാര്‍ ഒരുപോലെ ഉപയോഗപ്പെടുത്തിയിരുന്നു.

ജാമിഅ നദ്‌വിയ്യ അലി അക്ബര്‍ മൗലവിയുടെ പ്രധാന തട്ടകമായിരുന്നു. ഇഷ്ടംപോലെ കിതാബ് നോക്കാനാണ് ഞാന്‍ ജാമിഅയില്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. എടവണ്ണ അലവി മൗലവിയുമായുള്ള ആത്മബന്ധമാണ് തനിക്ക് ലഭിച്ച വിജ്ഞാനത്തിന് കാരണമെന്ന് സന്തോഷത്തോടെ മൗലവി പങ്കുവെക്കുകയും ചെയ്തിരുന്നു.

ശുദ്ധ പ്രകൃതക്കാരനായിരുന്ന മൗലവി ഇസ്‌ലാഹി പ്രഭാഷണവേദികളിലെ ഉജ്വല വാഗ്മിയായിരുന്നു. തനി നാടന്‍ഭാഷയിലും ശൈലിയിലുമുള്ള മൗലവിയുടെ പ്രഭാഷണങ്ങള്‍ സാധാരണക്കാര്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതായി. പ്രസംഗങ്ങളില്‍ സന്ദര്‍ഭോചിതമായി പരാമര്‍ശിക്കേണ്ടുന്ന ആധികാരിക ഉദ്ധരണികള്‍ എല്ലാം മൗലവിക്ക് ഹൃദിസ്ഥമായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

പ്രഭാഷണസിദ്ധി പോലെ എഴുത്തുകലയും നന്നായി വഴങ്ങിയിരുന്നു അലി അക്ബര്‍ മൗലവിക്ക്. പ്രസംഗവേദികളിലെ അടിസ്ഥാന വിഷയങ്ങള്‍ തന്നെയായിരുന്നു ഗ്രന്ഥരചനയിലും അദ്ദേഹം തെരഞ്ഞെടുത്തത്.

വിശുദ്ധ ഖുര്‍ആനിലെ നൂറിലധികം സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് എഴുതപ്പെട്ട 'തൗഹീദ് ഒരു സമഗ്രപഠനം' എന്ന ഗ്രന്ഥത്തിന് മറുപടിയായി അലി അക്ബര്‍ മൗലവിയും എ അബ്ദുസ്സലാം സുല്ലമിയും ചേര്‍ന്ന് എഴുതിയ അത്തൗഹീദുല്‍ മുസ്തഖീം എന്ന ഗ്രന്ഥം കേരളക്കരയില്‍ വലിയ വൈജ്ഞാനിക വിപ്ലവത്തിന് നിമിത്തമായി. ഇസ്‌ലാം മതത്തിന്റെ മൗലികാശയങ്ങളെ വസ്തുനിഷ്ഠമായും ആധികാരികമായും ഈ ഗ്രന്ഥം ലളിതമായ ഭാഷയില്‍ പഠനവിധേയമാക്കി. യാഥാസ്ഥിതിക പണ്ഡിതരുടെ അര്‍ഥശൂന്യമായ ധാരണകളെയും ആദര്‍ശ വ്യതിയാനങ്ങളെയും കൃത്യമായി പോസ്റ്റുമോര്‍ട്ടം ചെയ്ത ഈ ഗ്രന്ഥത്തിന് സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മൗലവി എഴുതിയ സുന്നത്തും ബിദ്അത്തും, മുഹ്‌യുദ്ദീന്‍ മാല: നിരൂപണ പഠനം എന്നീ ഗ്രന്ഥങ്ങളും ശ്രദ്ധേയമായ പഠനങ്ങളാണ്.

അസാമാന്യ ധീരതയും ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടും മൗലവിയുടെ മുഖമുദ്രയായിരുന്നു. തന്റെ ശ്രദ്ധയില്‍ പെടാത്ത വൈജ്ഞാനിക കാര്യങ്ങള്‍ ഏതെങ്കിലും കിതാബുകളില്‍ നിന്ന് ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിക്കൊടുക്കുന്നതിനേക്കാള്‍ വലിയ മറ്റൊരു സന്തോഷവും മൗലവിക്ക് ഉണ്ടായിരുന്നില്ല. ഉടനെ ആ അറിവുകള്‍ അദ്ദേഹം നോട്ട്പുസ്തകത്തില്‍ എഴുതി വെക്കുമായിരുന്നു.

ജാമിഅ നദവിയ്യ സ്ഥാപനങ്ങളുടെ നടത്തിപ്പിന് സാമ്പത്തികമായി വളരെയേറെ പ്രയാസമനുഭിച്ച ഒരു കാലഘട്ടത്തിലാണ് അലി അക്ബര്‍ മൗലവി കോളജിന്റെ പ്രിന്‍സിപ്പല്‍ പദവിയിലെത്തിയത്. എല്ലാ അര്‍ഥത്തിലുമുള്ള വൈതരണികള്‍ ക്ഷമയോടെ നേരിടാനും സ്ഥാപനത്തെ അഭിമാനത്തോടെ പുരോഗതിയിലേക്ക് നയിക്കാനും അദ്ദേഹം വിശ്രമമില്ലാതെ യത്‌നിച്ചു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും ആത്മാര്‍ഥതയും അക്ഷീണ പരിശ്രമവും നിശ്ചയദാര്‍ഢ്യവുമൊക്കെ തങ്കലിപികളില്‍ കുറിക്കപ്പെടേണ്ടവയാണ്. മൗലവിയുടെ നിശ്ചയദാര്‍ഢ്യം പര്‍വത തുല്യമായിരുന്നു. യഥാര്‍ഥ മതവിശ്വാസം പ്രചരിപ്പിക്കുന്നതിന് വിദ്യാഭ്യാസത്തിന് മാത്രമേ സാധിക്കൂ എന്നതിനാല്‍ ജാമിഅയെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചു. ശിഷ്യര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുകള്‍ പരിചയപ്പെടുത്തുന്നതില്‍ ദത്തശ്രദ്ധനായിരുന്നു മൗലവി.

നവോത്ഥാന ആശയങ്ങളുടെ വിപുലമായ വ്യാപനത്തിന് ആരുടേയും പച്ചക്കൊടികള്‍ക്ക് കാത്തുനില്‍ക്കാതെ സത്യമെന്ന് വിശ്വസിച്ച കാര്യങ്ങള്‍ മൗലവി തുറന്നുപറഞ്ഞു. വൈജ്ഞാനിക തൃഷ്ണ ജീവിതസപര്യയാക്കിയ അലി അക്ബര്‍ മൗലവി 2000 ആഗസ്ത് അഞ്ചിന് എഴുപത്തിയഞ്ചാം വയസ്സില്‍ ആമയൂരില്‍ നിര്യാതനായി.
 

Feedback