Skip to main content

കെ.കെ സ്വദഖത്തുല്ല മൗലവി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മൂന്നാമത്തെ പ്രസിഡണ്ട്, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമായുടെ പിറവിക്കുശേഷം അതിന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറി, ഗ്രന്ഥ കര്‍ത്താവ്, പ്രഭാഷകന്‍, പണ്ഡിതശ്രേഷ്ഠന്‍. ഇതൊക്കെയായിരുന്നു ശൈഖുനാ എന്നറിയപ്പെട്ടിരുന്ന കെ.കെ. സദഖത്തുല്ലാ മൗലവി. ഫിഖ്ഹീ മസ്അലകളില്‍ ധാരാളം ഫത് വകള്‍ നല്കിയിട്ടുണ്ട്.

കൊല്ലവര്‍ഷം 1082 മേടം ഒന്ന്, ഹിജ്റ 1325, ക്രിസ്ത്വബ്ദം 1906ല്‍ ജനിച്ചു. പ്രഗത്ഭ മുദരിസും പണ്ഡിതനുമായ കറയക്കാട് കരിമ്പനക്കല്‍ കുടുംബത്തിലെ പോക്കര്‍ മുസ്ല്യാരാണ് പിതാവ്. മാതാവ് കോഡൂരിലെ മങ്കരത്തൊടി തറവാട്ടിലെ മമ്മു അധികാരിയുടെ മകള്‍ തിത്തിക്കുട്ടി. 

ഖുത്തുബി മുഹമ്മദ് മുസ്ല്യാര്‍, വെല്ലൂരിലെ ശാഹ് മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹള്റത്ത്, ശൈഖ് ആദം ഹളറത്ത് എന്നിവരില്‍ നിന്നാണ് മതപഠനം. കണ്ണിയത്ത് അഹ്മദ് മുസ്ല്യാരും സ്വദഖത്തുല്ല മൗലവിയും വാഴക്കാട് ഒന്നിച്ചു പഠിച്ചവരാണ്. സ്കൂള്‍ പഠനം അഥവാ ആര്യനെഴുത്ത് പഠിക്കുന്നത് അക്കാലത്ത് മുസ്ലിങ്ങള്‍ക്ക് പതിവില്ലായിരുന്നു. പിതാവില്‍ നിന്നാണ് പ്രാഥമിക പഠനം.

വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്നും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കി. മൗലാനാ കൈപ്പറ്റ  ബീരാന്‍ കുട്ടി മുസ്ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, എ.കെ. കുഞ്ഞറമുട്ടി മുസ്‌ലിയാര്‍, എം.സി.സി ഹസന്‍ മൗലവി തുടങ്ങിയവര്‍ ദാറുല്‍ ഉലൂമിലെ സഹപാഠികളായിരുന്നു.   

1930 മുതല്‍ ദര്‍സ് രംഗത്തേക്കു വന്നു. മലപ്പുറത്തിനടുത്തുള്ള ചെമ്മങ്കടവ്, മമ്പാട്, തിരൂരങ്ങാടി, വണ്ടൂര്‍, മറ്റത്തൂര്‍, തലക്കടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ദര്‍സ് നടത്തിയിരുന്നത്. ജാമിഅ വഹബിയ്യയില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.  വളവന്നൂര്‍ പരീക്കുട്ടി മുസ്‌ലിയാർ , പൂക്കയില്‍ പോക്കരുട്ടി മുസ്‌ലിയാർ , സയ്യിദ് അബ്ദുറഹ്മാന്‍ പൂക്കോയ തങ്ങള്‍, അബൂബക്കര്‍ ഹള്റത്ത്, മുസ്തഫാ ആലിം സാഹിബ്, വണ്ടൂര്‍ കുട്ട്യാമു മുസ്‌ലിയാർ , കോഴിക്കോട് വലിയ ഖാദി ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയ നിരവധി ശിഷ്യഗണങ്ങള്‍ മൗലവിക്കുണ്ട്.

1940 കളില്‍ 'അല്‍ വിലായത്തു വല്‍ കറാമ' എന്ന കെ.എം.മൗലവിയുടെ ഗ്രന്ഥം പുറത്തു വന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലെ സുന്നീ നിലപാട് വിശദീകരിച്ചു കൊണ്ടും പുസ്തകത്തെ ഖണ്ഡിച്ചുകൊണ്ടും 'അല്‍ മുഅ്ജിസത്തു വല്‍ കറാമ' എന്ന അറബി മലയാള കൃതി രചിച്ചു. നമസ്കാരത്തില്‍ കൈ കെട്ടുന്ന വിഷയത്തില്‍ ശാഫി മദ്ഹബുകാരുടെ നിലപാട് വിശദീകരിച്ചു കൊണ്ട്  'തക്ബീറത്തുല്‍ ഇഹ്റാമിന്‍റെ ശേഷമുള്ള രണ്ടു കൈകളുടെ ശട്ടം' എന്ന ഗ്രന്ഥം സമസ്തയുടെ പ്രസിഡണ്ടായിരുന്ന (ഹി:1308-13996) കുഞ്ഞായിന്‍ മുസ്‌ലിയാർ  പുറത്തിറക്കിയിരുന്നു. ഇതിന് എം.സി.സി അബ്ദുറഹ്മാന്‍ മൗലവി ഒരു ഖണ്ഡനകൃതി പുറത്തിറക്കി. 'നെഞ്ചത്തു കൈ വെക്കണം അഥവാ ശട്ടത്തിനൊരു ചൊട്ട്' എന്നായിരുന്നു അതിന്‍റെ പേര്. ശൈഖുന സ്വദഖത്തുല്ലാ മൗലവി ഇതിനൊരു ഖണ്ഡനമെഴുതി. 'ദഫ്ഉശ്ശുബഹി വന്നളര്‍ ഫീ വള്ഇല്‍ യദി തഹ്തസ്സ്വദ്ര്‍ അഥവാ ചൊട്ടിനൊരു തട്ട്' എന്നാണതിന്‍റെ പേര്. 1948 ഫെബ്രുവരി 22 നാണ് ഇത് പുറത്തിറങ്ങിയത്.

സമസ്തയുടെ മുഖപത്രമായ അല്‍ബയാന്‍ മാസികയില്‍ തുടര്‍ച്ചയായി ലേഖനമെഴുതിയിരുന്നു. 1969 ജനുവരി മുതല്‍ 1985 ന് മരണപ്പെടുന്നതു വരെയും നുസ്രത്തുല്‍ അനാം മാസികയുടെ പത്രാധിപരായിരുന്നു. 1929 ല്‍ കോഴിക്കോട് നിന്നാരംഭിച്ച അല്‍ ബയാനിലും 1950 ല്‍ രണ്ടാമതാരംഭിച്ച അല്‍ ബയാനിലും ഹിദായത്തുല്‍ മുഅ്മിനീന്‍, സുബുലുസ്സലാം, നൂറുല്‍ ഇസ്ലാം എന്നീ പ്രസിദ്ധീകരണങ്ങളിലും ലേഖനമെഴുതിയിട്ടുണ്ട്. നുസ്റത്തുല്‍ അനാമില്‍ പ്രസിദ്ധീകരിച്ചു വന്ന എണ്ണൂറോളം ഫത്‌വകളുടെ  സമ്പൂര്‍ണ ഫതാവായും പ്രസിദ്ധീകൃതമായി.

വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ചെയ്യുന്നത് ഹറാമാണെന്നാണ് ശൈഖുനായുടെ അഭിപ്രായം. ജുമുഅ ഖുതുബക്ക് ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നത് ഹറാമാണെന്ന ഫത്‌വയും പ്രസിദ്ധമാണ്.

ശൈഖുനാ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. മലപ്പുറത്തിനടുത്തുള്ള ചെമ്മങ്കടവത്തു നിന്ന് സൂപ്പി കുരിക്കളുടെ  മകള്‍ ഫാത്വിമയാണ് ആദ്യ ഭാര്യ. അതില്‍ 6 പുത്രന്‍മാരും 3 പുത്രിമാരുമുണ്ട്. കടലുണ്ടിയിലെ സൈനബാണ് രണ്ടാം ഭാര്യ. ഇവരില്‍ 2 പുത്രന്‍മാരും 4 പുത്രിമാരുമുണ്ട്. 

1985 മെയ് 9, 1406 ശഅബാന്‍ 18 ന് 79ാമത്തെ വയസ്സില്‍ ശൈഖുനാ വിടവാങ്ങി..
 

Feedback