Skip to main content

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി

 ആറു പതിറ്റാണ്ടു കാലം ഇസ്‌ലാമിക പ്രഭാഷണ വേദികളില്‍ ജ്വലിച്ചു നിന്ന തെക്കന്‍ കേരളത്തിലെ പണ്ഡിതനും പഴയകാല പ്രഭാഷകനുമായിരുന്നു വൈലിത്തറ കുഞ്ഞ് മുഹമ്മദ് മൗലവി. വൈലിത്തറ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

വൈലിത്തറ മുഹമ്മദ് മുസ്‌ല്യാരുടെ മകനായി 1924 ല്‍ ആലപ്പുഴയിലെ തൃക്കുന്നപ്പുഴ പാനൂരില്‍ ജനിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസ്‌ല്യാരില്‍ നിന്നും ഹൈദ്രോസ് മുസ്‌ല്യാരില്‍ നിന്നും ഖുര്‍ആന്‍ പാഠങ്ങളും ആലി മുസ്‌ല്യാര്‍, വടുതല കുഞ്ഞുവാവ മുസ്‌ല്യാര്‍ എന്നിവരില്‍ നിന്നും കര്‍മശാസ്ത്ര പാഠങ്ങളും നേടി. 

vailithara

1935 ല്‍ തകഴിക്കടുത്തുള്ള കുന്നുമ്മലിലെ പള്ളിയില്‍ ദര്‍സ് പഠനത്തിനു ശേഷം ഹറമിലേക്ക് പോയി താമസമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം 1938 ല്‍ വാഴക്കാടന്‍ മുഹമ്മദ് മുസ്‌ല്യാരുടെ ദര്‍സിലും പഠിച്ചു.

1942 ല്‍ പതിനെട്ടാം വയസ്സിലാണ് പ്രഭാഷണ രംഗത്തേക്കെത്തുന്നത്. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ ജ്ഞാനോദയ വായനശാലയുടെ വാര്‍ഷിക പരിപാടിയില്‍ വൈലിത്തറ പ്രസംഗിച്ചു. അന്ന് സദസ്സിലുണ്ടായിരുന്ന ആത്മവിദ്യ സംഘത്തിന്റെ ആത്മീയാചാര്യന്‍ ആര്യഭട്ട സ്വാമിക്ക് വൈലിത്തറയുടെ പ്രഭാഷണം ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. വൈലിത്തറയുടെ കന്നിപ്രഭാഷണമായിരുന്നു ഇത്. 

ശേഷം നിരവധി വേദികള്‍ വൈലിത്തറയെ തേടി വന്നു. അവയില്‍ പലതും പ്രഭാഷണ പരമ്പരകളായിരുന്നു. അക്കാലത്ത് അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്തിയുള്ള പ്രഭാഷണങ്ങള്‍ വളരെ കുറവായിരുന്നു. പത്തും പന്ത്രണ്ടും ദിവസത്തെ ദീര്‍ഘനേര വയദ്വ് പരമ്പരകളായിരുന്നു അന്നത്തെ മതപ്രഭാഷണ രീതി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ മലബാറിലടക്കം നിരവധി പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസമാഹരണം നടത്തി. പാണ്ഡിത്യവും ആകര്‍ഷകമായ ശബ്ദവും വാഗ്‌ധോരണിയും വൈലിത്തറയുടെ സവിശേഷതകളായിരുന്നു.

തെക്കന്‍ കേരളത്തിലായിരുന്നു ജനിച്ചതെങ്കിലും കേരളത്തിലാകെയും പ്രത്യേകിച്ച് മലബാറിലെ കോഴിക്കോട് ജില്ലയില്‍ വൈലിത്തറയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ രാത്രികാലങ്ങളില്‍പ്പോലും സ്ത്രീകളടക്കം തടിച്ചു കൂടുമായിരുന്നു. മതപ്രഭാഷണത്തിന്റെ പരമ്പരാഗത ശൈലിയില്‍ നിന്നുമാറി സ്വന്തമായ ഒരു ശൈലിയിലായിരുന്നു പ്രസംഗം. ഭഗവത്ഗീതയും ഉപനിഷത്തുകളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ആശയങ്ങള്‍ കടമെടുത്തും വിശാലമായ കാഴ്ചപാടുകളായിരുന്നു ഓരോ പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നത്. 1964 ല്‍ മലയാള രാജ്യം എന്ന പ്രസിദ്ധീകരണത്തില്‍ കെ.കെ വാസുദേവന്‍ നായര്‍ വൈലിത്തറയുടെ പ്രസംഗത്തെ അപഗ്രഥിച്ച് ലേഖനമെഴുതിയിരുന്നു.

ഖുര്‍ആനുള്ളപ്പോള്‍ പിന്നെന്തിന്  മദ്ഹബ്  എന്ന ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. ഭാര്യ ഖദീജ നേരത്തെ മരണപ്പെട്ടിരുന്നു. അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍ തസ്‌നി എന്നിവര്‍ മക്കളാണ്. 2023 ജനുവരി 31 ന് വിടവാങ്ങി.
 

Feedback