Skip to main content

കെ.കെ. മുഹമ്മദ് സുല്ലമി

യുവസഹജമായ ആവേശത്തോടെ ഇസ്വ്‌ലാഹീ പണ്ഡിത നിരയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കോഴിക്കോട് ജില്ലയിലെ കരുവമ്പൊയില്‍ സ്വദേശിയും ഉജ്വല പ്രഭാഷകനും കഴിവുറ്റ അധ്യാപകനുമായിരുന്ന കെ.കെ.മുഹമ്മദ് സുല്ലമി. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ വ്യാപനത്തില്‍ വലിയ പങ്ക് വഹിച്ചിരുന്ന അദ്ദേഹം തുടര്‍ച്ചയായി ആഴ്ചകളോളം ഇസ്വ്‌ലാഹീ പ്രബോധന ദ്യത്യവുമായി കേരളമെങ്ങും തുടര്‍ച്ചയായി യാത്ര ചെയ്തിരുന്നു. ഖുര്‍ആനും ശാസ്ത്രവും സമന്വയിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ക്ലാസുകളും പ്രസംഗങ്ങളും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ളതായിരുന്നു. ഐ.എസ്.എമ്മിന്റെ സ്ഥാപക കാലം മുതലേ യുവമുജാഹിദുകളുടെ നേതൃനിരയില്‍ തിളങ്ങിയ അദ്ധേഹം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയായും കെ.എന്‍.എം സംസ്ഥാന കാര്യദര്‍ശിയായും പ്രവര്‍ത്തിക്കുകയുണ്ടായി. അരീക്കോട് സുല്ലമുസ്സലാമിലെ പഠനത്തിനു ശേഷം അവിടെ അധ്യാപകനായും പിരിയുമ്പോള്‍ പ്രിന്‍സിപ്പലായും സേവനം ചെയ്തു. സുല്ലമിന്റെ പുരോഗതിക്ക് തന്റെ ഗുരുനാഥനും കെ.എന്‍.എം ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി.മുഹമ്മദ് മൗലവിയുടെ വലം കൈയായി പ്രവര്‍ത്തിച്ചു. വളരെക്കാലം കോഴിക്കോട് കടപ്പുറം മുജാഹിദ് പള്ളിയിലെ ഖത്വീബായി സേവനം ചെയ്യുകയുണ്ടായി. ഗഹനമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടുള്ളതായിരുന്നു ഖുത്വുബകള്‍.  ഇതിലൂടെ നിരവധി പേര്‍ ഇസ്വ്‌ലാഹീ ദര്‍ശനത്തിലേക്ക് കടന്നുവരികയും സത്യമാര്‍ഗ്ഗത്തിന്റെ പടയാളികളായി മാറുകയുമുണ്ടായി.

രചനാരംഗത്തും ശ്രദ്ധേയനായിരുന്നു. ഖുര്‍ആനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ശബാബ്, അല്‍മനാര്‍ എന്നിവയായിരുന്നു തന്റെ കാന്‍വാസുകള്‍. മലയാളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംവിധാനമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളി(QLS)ന്റെ ഉപജ്ഞാതാവുംപ്രയോക്താവുമായിരുന്നു കെ.കെ. വിദ്യാര്‍ഥികളുടെ ഇഷ്ടപ്പെട്ട അധ്യാപകനും സഹപ്രവര്‍ത്തകരുടെ സ്‌നേഹഭാജനവുമായിരുന്ന കെ.കെ.മുഹമ്മദ് സുല്ലമി 2005 ജൂലൈ 28ന് ഈ ലോകം വിട്ടുപിരിഞ്ഞു.

 

Feedback