Skip to main content

അബുസ്സബാഹ് അഹ്മദലി മൗലവി

കൊടുംകാടും കുന്നുകളും നിറഞ്ഞ് ഇരുള്‍മൂടിയ ഫറോക്കിലെ കരിങ്കല്ലായിക്കുന്ന്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുര്‍ക്കിത്തൊപ്പിയും പൈജാമയും ധരിച്ചെത്തിയ ഒരു മഹാനുഭാവന്‍ വിജനമായ ഈ പെരുംകാട്ടിലേക്ക് ഒരു നടപ്പാത വെട്ടിത്തെളിച്ചു. അക്ഷരാര്‍ഥത്തില്‍ അറിവിന്റെ പൂങ്കാവനമായി (റൗദത്തുല്‍ ഉലൂം) മാറിയ ഫാറൂഖാബാദിന്റെ പിറവി അങ്ങനെയായിരുന്നു.

1906ല്‍ ചാവക്കാടിനടുത്ത വമ്പേനാട് എന്ന സ്ഥലത്താണ് ജനനം. അനാഥത്വത്തിന്റെ കയ്പുറ്റ ജീവിതസാഹചര്യത്തിലായിരുന്നു ശൈശവം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പതിവനുസരിച്ച് കോക്കൂര്‍ പള്ളിദര്‍സിലും തുടര്‍ന്ന് മാഹിയിലും പഠനം നടത്തി. വെല്ലൂരിനെക്കാള്‍ ഉന്നത നിലവാരമുള്ള മദ്രാസ് ജമാലിയ്യ കോളജിലേക്കാണ് അബുസ്സബാഹ് മൗലവിയെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടെത്തിച്ചത്. 1923ല്‍ പതിനെട്ടാം വയസ്സില്‍ അവിടെ പ്രവേശനം ലഭിച്ചു. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം കൊളമ്പോയിലേക്ക് പോയി. അവിടെ വച്ച് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ചിലരെ പരിചയപ്പെട്ടതോടെ അല്‍ അസ്ഹര്‍ മോഹമായി മനസ്സിലുദിച്ചു. പൈതൃകമായി കിട്ടിയ ഭൂസ്വത്ത് വിറ്റ് അദ്ദേഹം ആഗ്രഹസാക്ഷാത്കാരത്തിനായുള്ള പണമുണ്ടാക്കി. 

ബോംബെയില്‍ വിസക്കായി കാത്തുകഴിഞ്ഞ നാളുകളില്‍ അവിടെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് ഉര്‍ദു പഠിച്ചു. 1924ല്‍ മൗലവി ഈജിപ്തിലേക്ക് കപ്പല്‍ കയറി. അല്‍ അസ്ഹറില്‍ പ്രവേശനം നേടി. സംഘടിത ബോധം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നല്ല വിദ്യാര്‍ഥിയായി. വിദ്യാര്‍ഥികളെ അല്‍ റാബിത്വത്തുശ്ശര്‍ഖിയ്യ എന്ന പേരില്‍ സംഘടിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന വലിയൊരു മെമ്മൊറാണ്ടം തയ്യാറാക്കിഅന്നത്തെ ശൈഖുല്‍ അസ്ഹര്‍ ആയിരുന്ന മുസ്ത്വഫ മറാഗിക്ക് സമര്‍പ്പിച്ചു. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമായ മൗലാന മുഹമ്മദലിയുമായി അല്‍അസ്ഹറില്‍ വെച്ചാണ് മൗലവി ബന്ധപ്പെടുന്നത്. 1928ല്‍ തുടങ്ങിയ ഈ ബന്ധം മൗലാനയുടെ മരണംവരെ തുടര്‍ന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലുമായി പഠനകാലത്തു തന്നെ ബന്ധമുണ്ടായിരുന്നു. സയ്യിദ് റശീദ് രിദ, മൗലാന മുഹമ്മദലിയെഎതിര്‍ത്തു ലേഖനമെഴുതിയപ്പോള്‍ അബുസ്സബാഹ് മൗലവി അഖ്ബാറുല്‍ യൗം പത്രത്തില്‍ എഴുതിയ മറുപടി അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. മൗലാന മുഹമ്മദലിയുമായുള്ള ബന്ധം മൗലവിയുടെ ദേശീയ ബോധത്തിന് കരുത്തുപകര്‍ന്നു.

ഈജിപ്തില്‍ തന്നെ ജോലി നോക്കാനാണ് മൗലവി ആഗ്രഹിച്ചതെങ്കിലും ഒത്തുതീര്‍പ്പുകള്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഫലസ്ത്വീന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പിന്നീട് ലാഹോറിലാണെത്തിയത്. അവിടെയും പിന്നീട് ബിഹാറിലും അറബിക്കോളജുകളില്‍ സേവനമനുഷ്ഠിച്ചെങ്കിലും അവിടത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരുമായി ഒത്തുപോവാന്‍ കഴിഞ്ഞില്ല. പിന്നീട് കല്‍ക്കത്തയിലെത്തി. ഒടുവില്‍ പണ്ട് ഉപരിപഠനം നടത്തിയിരുന്ന മദ്രാസ് ജമാലിയ്യ കോളജില്‍ എത്തിച്ചേര്‍ന്നു.

അസാമാന്യമായ നിശ്ചയ ദാര്‍ഢ്യമായിരുന്നു മൗലവിക്ക്. വിഖ്യാതനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും പരിഷ്‌കര്‍ത്താവുമെന്നതിനു പുറമെ വൈദ്യശാസ്ത്രത്തില്‍ നിപുണനുമായിരുന്നു അദ്ദേഹം. മൗലവിയുടെ കുറെകാലത്തെ ജീവിതം തികച്ചും ഒട്ടേറെ അപൂര്‍വതകളാല്‍ ശ്രദ്ധേയമായിരുന്നു. ബീഹാറിലെത്തിയ അദ്ദേഹം അവിടെ കാട്ടില്‍ ഏകാന്തവാസമനുഷ്ഠിച്ചു. മൈസൂരില്‍ വന്ന് മലയിലെ ഗുഹയില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചത്. കാട്ടുവാസത്തിനിടെ കടുത്ത പനി ബാധിച്ചു. നടുവിനു ചുറ്റും കമ്പിളി ചുറ്റി മലയിലൂടെ നിരങ്ങി നീങ്ങിയാണ് ചോലയിലിറങ്ങി വെള്ളമെടുത്തിരുന്നത്. പിന്നെ അതിനും സാധ്യമല്ലാതായി. ചോലയിലേക്ക് പോവന്‍ ശ്രമിക്കുന്നതിനിടെ വഴിമധ്യേ ബോധരഹി തനായി. അബോധാവസ്ഥയില്‍ കിടക്കുന്ന മൗലവിയെ കണ്ട  മലവാസികള്‍ അവര്‍ക്ക് അങ്ങാടിസാമാനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് സുല്‍ത്താന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

മുഹമ്മദ് സുല്‍ത്താന്റെ സഹായത്തോടെ ഗുണ്ടല്‍പേട്ടയിലെ ഇടിഞ്ഞുപൊളിഞ്ഞ് ഉപയോഗശൂന്യമായ ഒരു നമസ്‌കാരപ്പള്ളി കണ്ടെത്തി. ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ആ കെട്ടിടത്തില്‍ ഒരു മറയുണ്ടാക്കി മൗലവി അവിടെ താമസിച്ചു. അവിടെ വച്ചാണ് കുഞ്ഞാലിക്കുട്ടി ഹാജിയെ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയും കൃഷിയും സ്വന്തമായുണ്ടായിരുന്ന ആനക്കയം സ്വദേശിയായ ഹാജി വൈകാതെ മൗലവിയുടെ നിത്യസന്ദര്‍ശകനായി. ഈ ബന്ധമാണ് പിന്നീട് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു വിപ്ലവത്തിലേക്ക് വരെ എത്തിച്ചത്.

മറ്റുപേജുകള്‍:
റൗദത്തുല്‍ ഉലൂം പിറക്കുന്നു
 

Feedback