Skip to main content

മുഹമ്മദ് അമാനി മൗലവി

അസാധരണമായ അര്‍പ്പണബോധവും അനിതരമായ കര്‍മശേഷിയും സംലയിച്ച മഹാപണ്ഡിതനായിരുന്നു മുഹമ്മദ് അമാനി മൗലവി (1909-1987). വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം രചിക്കാന്‍ തന്റെ ആയുഷ്‌ക്കാലം മുഴുക്കെ അദ്ദേഹം ഉഴിഞ്ഞുവെച്ചു.  

പ്രസിദ്ധ പണ്ഡിതന്‍ അമാനത്ത് ഹസന്‍കുട്ടി മുസ്‌ലിയാരുടെയും ആമിനയുടെയും മകനായി മലപ്പുറം ജില്ലയിലെ പട്ടിക്കാടാണ് മുഹമ്മദ് അമാനി മൗലവി ജനിച്ചത്. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. തഞ്ചാവൂരിലെ രാജഗിരി മദ്രസതുല്‍ ഖാസിമിയ്യയില്‍ ഉപരിപഠനം. നിരവധി പ്രദേശങ്ങളില്‍ ദര്‍സ് നടത്തി. സ്വന്തമായൊരു പ്രസാധനാലയം സ്ഥാപിച്ച് വിവിധ വിഷയങ്ങളില്‍ ഗ്രന്ഥങ്ങളും പുറത്തിറക്കി. 

amani moulavi

കെ എം മൗലവിയുടെ നിര്‍ദേശ പ്രകാരമാണ് ഗ്രന്ഥരചനയിലേക്ക് അമാനി മൗലവി എത്തിയത്. കോഴിക്കോട് കല്ലായിയിലുള്ള കെ പി സഹോദരന്മാരുടെതറവാട്ടില്‍, അരണ്ട റാന്തല്‍ വെളിച്ചത്തിനു മുന്നില്‍ പ്രാര്‍ഥനയോടെ തുടക്കമിട്ട ഖുര്‍ആന്‍ പരിഭാഷാരചന മലയാളി മുസ്‌ലിം സമൂഹത്തില്‍ അത്യപൂര്‍വമായ സ്വാധീനശക്തി നേടി. മഹാപണ്ഡിതന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുമായ എ അലവി മൗലവി, പി കെ മൂസാ മൗലവി എന്നിവരും അമാനി മൗലവിയുടെ കൂടെ തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ പണിപ്പുരയിലിരിക്കെ രണ്ടു പേരും നാഥനിലേക്ക് തിരിച്ചു പോയി.

കെ.പി.മുഹമ്മദ് സാഹിബിന്റെ (ഒലവക്കോട്) പ്രേരണയും സാമ്പത്തിക സഹായവും കെ.എം.മൗലവിയുടെ നേതൃത്വവും ഒത്തിണങ്ങിയപ്പോള്‍ 1960 സെപ്തംബര്‍ ഏഴിന് ദുഹ്ര്‍ നമസ്‌കാരശേഷം പരിഭാഷാ രചനയ്ക്ക് തുടക്കമിട്ടു. 1985 വരെയുള്ളഇരുപത്തഞ്ച് വര്‍ഷങ്ങള്‍ നീണ്ട ധ്യാനനിഷ്ഠമായരചന. അവസാനത്തെവരിയും എഴുതിക്കഴിഞ്ഞ തോടെ അമാനി മൗലവി രോഗിയുമായി. മുഴുവന്‍ ഭാഗങ്ങളും പുറത്തിറങ്ങിയത് കണ്‍നിറയെ കണ്ട് അല്ലാഹുവെ സ്തുതിച്ചാണ് ആ ഉന്നത ജീവിതം 1987 നവംബര്‍ രണ്ടിന് അസ്തമിച്ചത്.

ഭക്തിയായിരുന്നു അമാനി മൗലവിയുടെ കരുത്ത്. കിഴക്കന്‍ ഏറനാട്ടില്‍ ഇന്നും തുടിക്കുന്ന നവോത്ഥാന സംരംഭങ്ങളുടെയെല്ലാം പിന്നില്‍ ആ നിശ്ശബ്ദ ജീവിതത്തിന്റെ ധന്യമാതൃകയുണ്ട്. ഭൂമിശാസ്ത്രവും ഗോളശാസ്ത്രവുമുള്‍പ്പെടെ വിഷയങ്ങളെല്ലാം അമാനി മൗലവിയുടെ തൊടികപ്പുലം ദര്‍സിലെ പാഠ്യവിഷയങ്ങളായി. ടൈംടേബിള്‍, സിലബസ്, പീരിയഡ്, അസൈന്‍മെന്റ്, പ്രൊജക്ട് വര്‍ക്കുകള്‍, ഹോംവര്‍ക്ക് തുടങ്ങിയവയൊക്കെ മതപഠനത്തിന്റെ മാധ്യമങ്ങളായി അദ്ദേഹം സ്വീകരിച്ചു. കേരള നദ്‌വത്തുല്‍ മുജാഹീദീന്റെവിദ്യാഭ്യാസ ബോര്‍ഡ് ശാസ്ത്രീയമായി പരിഷ്‌കരിച്ചതും മൗലവിയാണ്. കെ.എന്‍.എം വിദ്യാഭ്യാസ ബോഡിന്റെ പ്രഥമ ചെയര്‍മാനും അദ്ദേഹം തന്നെയായിരുന്നു. തിരൂരങ്ങാടി യതീംഖാന മാനേജറും ഫാറൂഖ് റൗദത്തുല്‍ ഉലൂംഅറബിക് കോളെജിലെ ആദ്യ അധ്യാപകനുമായി. നിരവധി ഗ്രന്ഥങ്ങളിലൂടെ ഇസ്‌ലാമിക സാഹിത്യത്തെ സമ്പുഷ്ടമാക്കി.

1960 മുതലുള്ള മൗലവിയുടെ ജീവിതം ഖുര്‍ആന്‍ വിവര്‍ത്തനത്തിനുള്ളതായിരുന്നു. പട്ടിക്കാടും ഒലവക്കോടും വാണിയമ്പലത്തും വെച്ച് എഴുത്തില്‍ വ്യാപിച്ചു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അമാനി മൗലവി പേന താഴെ വച്ചില്ല.  എഴുത്ത് മാത്രമല്ല, പ്രസ്സിലേക്കു പോകലും പ്രൂഫ് വായിക്കലും പ്രസാധന ചുമതലയും കത്തിടപാടുകളും സാമ്പത്തിക കാര്യങ്ങളും മൗലവി തന്നെ നിര്‍വഹിച്ചു. സ്വദേശമായ പട്ടിക്കാട്ടു നിന്ന് മാറി വാണിയമ്പലത്താണ് മൗലവിയുടെ താമസസ്ഥലമായി തെരഞ്ഞെടുത്തത്. ഇരുപത്തിയഞ്ചു വര്‍ഷം കൊണ്ടാണ് 'വിശുദ്ധ ഖുര്‍ആന്‍ വിവരണം' എന്ന ദൗത്യം പൂര്‍ണ്ണമായത്.

ഭാര്യ: തായുമ്മ, മക്കള്‍: മഹ്മൂദ് ഹുസൈന്‍ അമാനി, അഹ്മദ് സലീം അമാനി, മുബാറക് അമാനി, അബ്ദുല്‍ കരീം അമാനി, മൈമൂന, മര്‍യം.
     

ഖുര്‍ആന്‍ പരിഭാഷയുടെ വഴി

പതിനേഴാം നൂറ്റാണ്ടിനു ശേഷമാണ് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷാ രംഗം സജീവമായത്. അതുവരെ അറബി ഭാഷയിലൂടെ തന്നെ ഖുര്‍ആന്‍ പഠിക്കുന്ന രീതിയാണ് മുസ്‌ലിം ലോകം സ്വീകരിച്ചത്. ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍, മാനുഷികമായപരിമിതികള്‍ക്കകത്തു നിന്ന് പരിഭാഷപ്പെടുത്തുന്നത് അനര്‍ഥങ്ങള്‍ക്ക് കാരണമായിത്തീരുമോ എന്ന ആശങ്കയായിരുന്നു പ്രധാനമായും അതിനു പിന്നില്‍.

ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളിലേക്കും ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഉറുദുവിലും മലയാളത്തിലുമാണ് കൂടുതല്‍. കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ മുഹ്‌യിദ്ദീനിബ്‌നു അബ്ദില്‍ ഖാദര്‍(മായിന്‍കുട്ടി എളയ) ആണ് ആദ്യമായി മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കിയത്. 1866ലായിരുന്നു ഇത്. അറബി-മലയാള ലിബിയിലെഴുതിയ ഈ പരിഭാഷക്കു ആറു വാല്യങ്ങളുണ്ടായിരുന്നു. 'തര്‍ജമതു തഫ്‌സീരില്‍ ഖുര്‍ആന്‍' എന്നായിരുന്നു ഗ്രന്ഥനാമം. 'തഫ്‌സീറുല്‍ജലാലൈനി'യെ അവലംബിച്ചുകൊണ്ടാണ് ആദ്യപരിഭാഷ തയ്യാറാക്കിയത്.

1950-70 കാലഘട്ടത്തിലാണ് മലയാള ഭാഷയില്‍ കൂടുതല്‍ ഖുര്‍ആന്‍ പരിഭാഷകളുണ്ടായത്. സി എന്‍ അഹ്മദ് മലൗവി (1905-1993) ആണ് ഖുര്‍ആന്റെ സമ്പൂര്‍ണ പരിഭാഷ ആദ്യമെഴുതിയത്. 1959ല്‍ അറബി മലയാളത്തിലുള്ള മറ്റൊരു പരിഭാഷ കെ ഉമര്‍ മൗലവി തയ്യാറാക്കിയിരുന്നു. മുട്ടാണിശ്ശേരിയില്‍ കോയാക്കുട്ടി മൗലവി 1965ല്‍ പരിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ തയ്യാറാക്കി.

1960-85 കാലയളവിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്റെമേല്‍നോട്ടത്തില്‍ പി കെ മൂസാ മൗലവിയും എ അലവി മൗലവിയും മുഹമ്മദ് അമാനി മൗലവിയും ചേര്‍ന്ന് 12 വാല്യങ്ങളുള്ള ബൃഹത്തായതഫ്‌സീര്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. മലയാളി സമൂഹത്തില്‍ അനിതരമായസ്വീകാര്യത നേടിയെടുക്കാന്‍ ഈ തഫ്‌സീറിന് സാധിച്ചു. 

Feedback