Skip to main content

കെ. മൊയ്തു മൗലവി

കുറ്റ്യാടി ഇസ്‌ലാമിയ കോളെജ്, കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ എന്നിവയുടെ പ്രിന്‍സിപ്പലും കുറ്റ്യാടി ഖാദിയും പ്രമുഖ അറബി കവിയുമായിരുന്നു കെ.മൊയ്തു മൗലവി. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ ഹാജി സാഹിബ് ഉള്‍പ്പടെയുള്ള പണ്ഡിതരോടൊപ്പം പ്രസ്ഥാന വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മൗലവി, വര്‍ഷങ്ങളോളം കൂടിയാലോചന സഭയിലും കേന്ദ്രപ്രതിനിധി സഭയിലും അംഗമായിരുന്നിട്ടുമുണ്ട്.

1923 ജൂണ്‍ ഒന്നിന് കോഴിക്കോട് ജില്ലയിലെ വാണിമേലില്‍ ജനിച്ചു. കോറോത്ത് കുട്ട്യാലിയുടെയും തെങ്ങലക്കണ്ടി ആയിശ ഹജ്ജുമ്മയുടെയും മകന്‍. പ്രാഥമിക പഠനാനന്തരം നാദാപുരം, കരിയാട്, വില്ല്യാപ്പള്ളി എന്നിവിടങ്ങളിലെ ദറസുകളില്‍ മതപഠനം നടത്തി. വാഴക്കാട് ദാറുല്‍ ഉലൂം, കാസര്‍കോഡ് ആലിയ, ഉമറാബാദ് ദാറുസ്സലാം എന്നീ കോളേജുകളില്‍ ഉപരിപഠനം. അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതരായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, ശൈഖ് മുഹമ്മദ് മൗലവി, എം.സി.സി സഹോദരന്‍മാര്‍, ഇ.കെ.മൗലവി, ടി.മുഹമ്മദ് സാഹിബ്, കെ.സി.അബ്ദുല്ല മൗലവി തുടങ്ങിയവരായിരുന്നു ഗുരുനാഥന്‍മാരില്‍ ചിലര്‍. 

മുഹ്‌യിദ്ദീന്‍ ആലുവായ്, കെ.എന്‍.ഇബ്രാഹീം മൗലവി തുടങ്ങിയവര്‍ സഹപാഠികളില്‍ ചിലരുമാണ്. പഠനം കഴിഞ്ഞ് കര്‍ണ്ണാടകത്തിലെ ഉപ്പിനങ്ങാടിയില്‍ ദീര്‍ഘകാലം പള്ളി ഇമാമായി സേവനം ചെയ്തു. ഇതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവര്‍ത്തകനുമായി. ഉത്തരമേഖല നാസിമായി മലബാര്‍ ജില്ലകളില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഏറെ പരിശ്രമിച്ചു.

ജമാഅത്തിന്റെ പ്രമുഖ സ്ഥാപനങ്ങളായ ശാന്തപുരം ഇസ്‌ലാമിയ കേളെജ് (ഇപ്പോള്‍ അല്‍ ജാമിഅ ശാന്തപുരം), ചേന്ദമംഗലൂര്‍ ഇസ്‌ലാമിയ കോളെജ്, കാസര്‍കോട് ആലിയ കോളെജ്, കുറ്റ്യാടി ഇസ്‌ലാമിയ കോളെജ് എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. കുറ്റ്യാടി ഉള്‍പ്പടെ എട്ടോളം മഹല്ലുകളുടെ ഖാദിയായി കാല്‍ നൂറ്റാണ്ടു കാലം നേതൃത്വം നല്‍കിയ മൗലവി, മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവു കൂടിയായിരുന്നു. 

അറബി കവി

പ്രഭാഷകനും എഴുത്തുകാരനും പ്രബോധകനുമായി നിറഞ്ഞു നില്‍ക്കുമ്പോഴും കവിതയെ അതിരറ്റു സ്‌നേഹിക്കുകയും കേരളത്തിലെ അറബിക്കവികളില്‍ അഗ്രിമസ്ഥാനത്തിരിക്കാനും മൊയ്തു മൗലവിക്കു സാധിച്ചു. പ്രശംസാ കാവ്യം(മദ്ഹ്), അനുശോചന കാവ്യം(റസാഅ്) എന്നിവയില്‍ മൗലവി രചിച്ച നിരവധി കവിതകള്‍ മലയാളികളുടെ സഹൃദയത്തെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. ഫലസ്തീന്‍, ബാബരി മസ്ജിദ് ധ്വംസനം എന്നിവയിലുള്ള വിലാപകാവ്യങ്ങളും മൗലാനാ മൗദൂദി ഉള്‍പ്പടെയുള്ള സതീര്‍ഥ്യരുടെ നിര്യാണത്തിലുള്ള അനുശോചന കാവ്യങ്ങളും ഏറെ ചൊല്ലിപ്പതിഞ്ഞവയാണ്. 

കമലാസുറയ്യ ആവശ്യപ്പെട്ടതനുസരിച്ച് 'യാ അല്ലാഹ്' എന്ന അവരുടെ കവിത അറബിയിലേക്ക് മൊഴിമാറ്റം നടത്തി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രരേഖ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഓര്‍മ്മക്കുറിപ്പുകള്‍' മൊയ്തു മൗലവിയുടെ ആത്മകഥയാണ്.

2005 മാര്‍ച്ച് മൂന്നിന് മൊയ്തു മൗലവി അന്തരിച്ചു. മുസ്‌ല്യാരകത്ത് റുഖിയ, കുന്നോത്ത് ഖദീജ എന്നിവര്‍ ഭാര്യമാരാണ്. ആറു മക്കളുണ്ട്.


 

Feedback