Skip to main content

ഇ.വി. ആലിക്കുട്ടി മൗലവി

പണ്ഡിത കുടുംബത്തില്‍ ജനിച്ച, പണ്ഡിതനായി വളര്‍ന്ന് പാണ്ഡിത്യത്തോടെ തന്നെ മരണപ്പെട്ട ഇ.വി. ആലിക്കുട്ടി മുസ്‌ലിയാര്‍ ഒരു സമ്പൂര്‍ണ ജമാഅത്ത് സഹയാത്രികനായിരുന്നു. ജമാഅത്തിന്റെ നേതാവും പ്രാസംഗികനുമായിരുന്ന അദ്ദേഹം ഗവണ്‍മെന്റിന്റെ സര്‍വീസില്‍ നിന്നു വിരമിച്ചതിനുശേഷം തന്റെ സമയം ചെലവഴിച്ചത് ജമാഅത്തിനു വേണ്ടിയായിരുന്നു.

മാറഞ്ചേരിയിലെ എളേടത്ത് കുടുംബത്തില്‍ സ്വാതന്ത്ര സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ അനന്തരിവനായിട്ടാണ് ഇ.വി. ആലിക്കുട്ടി മുസ്‌ലിയാര്‍ 1932ല്‍ ജനിക്കുന്നത്. വല്യുപ്പയും അമ്മാവന്മാരും അന്നത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. മുജാഹിദ് പ്രസ്ഥാനം സജീവമാകുന്നതിന് മുന്‍പ് തന്നെ അമ്മാവനായ ഇബ്രാഹിം മുസ്‌ലിയാര്‍ മലയാളത്തില്‍ ഖുതുബ നിര്‍വഹിച്ചിരുന്നു.

രണ്ടാം വയസ്സില്‍ ഉമ്മയും എട്ടാം വയസ്സില്‍ ഉപ്പയും മരണപ്പെട്ടതോടെ പിന്നീട് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് ഇദ്ദേഹം വളര്‍ന്നത്. നാട്ടിലെ ദര്‍സുകളിലെ പഠനത്തിന് ശേഷം 1946 ല്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ചേര്‍ന്നു. പിന്നീട് 1948ല്‍ തിരൂരങ്ങാടിയില്‍ നിന്ന് പുളിക്കല്‍ മദീനതുല്‍ ഉലൂമിലേക്ക് മാറി. കോളേജ് പഠനകാലത്ത് തന്നെ ശക്തമായ ജമാഅത്ത് ആഭിമുഖ്യം പ്രകടമാക്കിയ ഇദ്ദേഹം റൗദത്തുല്‍ ഉലൂം അറബിക് അറബിക് കോളേജില്‍ നിന്നാണ് പ്രിലിമിനറിയും ഫൈനലും പൂര്‍ത്തിയാക്കുന്നത്. പഠനം കഴിഞ്ഞ ഉടനെത്തന്നെ ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു.

തന്റെ ജന്മസമീപപ്രദേശമായ എടവനക്കാടായിരുന്നു ആലിക്കുട്ടി മൗലവി പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത്. എടവനക്കാട്ടെ ദീനീ സംരംഭമായ നജാത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു ഇവി. എം. ഇബ്‌റാഹീം മൗലവി ആരംഭിച്ച 'അറബിക് ടീച്ചേഴ്‌സ് ട്രെയിനിംഗ്' കോഴ്‌സില്‍ അധ്യാപകനായും ഇ.വി. സേവനമനുഷ്ഠിച്ചു.

അറബി കവിതകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇ.വി. വാലകി, എന്‍.കെ, അബൂലൈല എന്നിവരോടൊപ്പം കവിതാരചനയിലും ചര്‍ച്ചകളിലും സജീവമായി പങ്കെടുത്തു. 2011 ഒക്‌ടോബര്‍ 16ന് ഇ.വി. ആലിക്കുട്ടി മൗലവി ഇഹലോകവാസം വെടിഞ്ഞു.
 

Feedback