Skip to main content

പി കെ മൂസ മൗലവി

1950 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം. കോഴിക്കോട്ട് കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഓഫീസില്‍ സുപ്രധാനമായ ചര്‍ച്ച നടക്കുകയാണ്. ഇസ്വ്‌ലാഹീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു മലയാള പത്രം ആരംഭിക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടു. കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ ജിഹ്വയാകാതെ, യഥാര്‍ഥ ഇസ്‌ലാമിന്റെ നാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്നതാണ് ലക്ഷ്യം. അവിടെ ചേര്‍ന്ന കമ്മിറ്റി രണ്ടാമതൊന്നാലോചിക്കാതെ 'അല്‍ മനാര്‍' എന്ന ദ്വൈവാരികയുടെ പത്രാധിപരായി തെരഞ്ഞെടുത്തത് പി കെ മൂസ മൗലവിയെയായിരുന്നു. മാനേജരായി ഹാജി കെ ഉമര്‍(മാഹി)യെയും തെരഞ്ഞെടുത്തു.

pk moosa moulavi

''അല്‍മനാര്‍ യാതൊരു കക്ഷിയുടെയും പത്രമല്ല. യാതൊരു കക്ഷിയോടും അതിന് വഴക്കമില്ല. എന്നാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും, മറ്റൊരു ഭാഷയില്‍ പറയുകയാണെങ്കില്‍ ദീനുല്‍ ഇസ്‌ലാമിന്റെ കക്ഷിയാണ്. (അല്‍ മനാര്‍ പു.1, ല.1) നാലര പതിറ്റാണ്ടുകാലം അല്‍മനാറിന്റെ പത്രാധിപസ്ഥാനത്ത് തുടര്‍ന്ന മൂസ മൗലവി അതിനെ ഈ പ്രഖ്യാപിത നയത്തില്‍ ഉറപ്പിച്ച് നിര്‍ത്തി.

ഹിജ്‌റ 1307 ശവ്വാല്‍ 12 ബുധനാഴ്ചയാണ് മൗലവിയുടെ ജനനം. പാണമ്പാറ കൊട്ടംപറമ്പത്ത് കോയയുടെ മകനായി മലപ്പുറം ജില്ലയില്‍ ഐക്കരപ്പടിക്കടുത്ത് കുറിയേടത്താണ് അദ്ദേഹം ജനിച്ചത്. അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യ എട്ടാം വയസ്സില്‍ തന്നെ പഠിച്ചു. തലേക്കര, ഫറോക്ക്, കൊണ്ടോട്ടി, മൊറയൂര്‍, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളില്‍ പഠനം നടത്തി. ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കൊല്ലോളി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്‍മാര്‍. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വത്തില്‍ പിന്നീട് അഞ്ചു വര്‍ഷവും പഠിച്ചു. 

കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ അറബിക് അധ്യാപകനായാണ് പൊതു ജീവിതം ആരംഭിച്ചത്. മലയാളം, അറബിക്, ഉറുദു ഭാഷകളില്‍ പ്രാവീണ്യം നേടിയ മൗലവിയുടെ പ്രഥമ ഖുര്‍ആന്‍ പരിഭാഷ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ഭാഷാ നൈപുണ്യത്തിനും ഉത്തമ ഉദാഹരണമാണ്. 1930ല്‍  സൂറത്തുല്‍ ഫാത്തിഹയുടെ പരിഭാഷ പ്രസിദ്ധീകരിച്ചു കൊണ്ടാണ് മൗലവി ഖുര്‍ആന്‍ പരിഭാഷാ രംഗത്തേക്ക് കാലെടുത്ത് വെച്ചത്. ഫാതിഹക്ക് ശേഷം അല്‍ബഖറയുടെ പതിനാല് സുക്തങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. സുറതുല്‍ ഇഖ്‌ലാസിന്റെ പരിഭാഷ അറബി മലയാളത്തില്‍ 1933ല്‍ പുറത്തിറങ്ങി. 1937ലാണ് അമ്മ ജുസ്അ് പരിഭാഷ പുറത്തിറക്കിയത്. സൂറത്തു യാസീന്റെ പരിഭാഷയും പിന്നീട് പുറത്തിറക്കി. ജെ ഡി ടിയില്‍ ജോലി ചെയ്യുമ്പോഴാണ് 'തഫ്‌സീറു മുഅവ്വദതൈന്‍' പുറത്തിറക്കുന്നത്.

സാധാരണക്കാര്‍ക്ക് ഇസ്‌ലാമിക വിജ്ഞാനം നല്‍കുക എന്ന ലക്ഷ്യത്തോടെ 1935ല്‍ ആരംഭിച്ച ഇസ്‌ലാമിക് ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ പ്രധാന പങ്കു വഹിച്ചത് മൂസ മൗലവിയാണ്. അന്നത്തെ മുസ്‌ലിം നവോത്ഥാന ശില്പികളില്‍ പ്രമുഖരായ കെ എം മൗലവി, കെ എം സീതി സാഹിബ്, കെ ഉപ്പി സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, മൗലവി അറബി ഷംനാട്, മുഹമ്മദ് ശറുല്‍ സാഹിബ്, ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവരെല്ലാം മൗലവിയോടൊപ്പം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടായിരുന്നു. 1940 ആയപ്പോഴേക്കും മുപ്പത് ജുസ്ഉകളുടെയും പരിഭാഷ തയ്യാറായി. കെ എം മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് പരിഭാഷക്ക് സഹായികളായിരുന്നത്. കെ എം സീതീ സാഹിബ്, കെ എം മുഹമ്മദലി സാഹിബ് എന്നിവരാണ് മലയാള ഭാഷ പരിശോധിച്ചത്. 1940ല്‍ 'അല്‍ ഖിസ്സാസുല്‍ മുസ്തഖീം' എന്ന അറബി ഗ്രന്ഥം 'ഇസ്‌ലാമിക വിശ്വാസങ്ങളും കര്‍മങ്ങളും' എന്ന പേരില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ നിരവധി സ്വതന്ത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ഉറുദുവിലുള്ള മൗലാന അബ്ദുല്‍ഹഖ് ഗഹ്‌ലവി തഫ്‌സീറെ ഹഖാനി അദ്ദേഹം പരിഭാഷപ്പെടുത്തിയതാണ്.

ഫറോക്ക് റൗദത്തുല്‍ ഉലൂം അസോസിയേഷന്‍, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, തിരൂരങ്ങാടി മുസ്‌ലിം യത്തീംഖാന, മലപ്പുറം മുസ്‌ലിം ഹൈസ്‌കൂള്‍ തുടങ്ങിയവയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു മൗലവി. കലാപരിപാടികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മൗലവി റേഡിയോയില്‍ വന്നിരുന്ന ശാസ്ത്രീയ സംഗീതത്തിന്റെ പതിവ് ശ്രോതാവായിരുന്നു. 1991 ജൂണ്‍ 27 വ്യാഴാഴ്ചയാണ് മരണം.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ കുഞ്ഞാഇശയാണ് മൂസ മൗലവിയുടെ ആദ്യഭാര്യ. നേവി ഓഫീസറായിരുന്ന പി കെ അഹ്മദ്, ടി കെ ഹുസൈന്‍ മൗലവിയുടെ ഭാര്യ ഖദീജ, ബീഫാത്തിമ, മുഹമ്മദലി എന്നിവരാണ് ഈ ബന്ധത്തിലുള്ള മക്കള്‍ ഫാത്വിമക്കുട്ടിയാണ് മൂസാ മൗലവിയുടെ രണ്ടാമത്തെ ഭാര്യ. എന്‍ കെ മുഹമ്മദ് സാഹിബിന്റെ ഭാര്യ മറിയുമ്മ പി കെ അഹ്മദ് സാഹിബ്, സുബൈദ എന്നിവരാണ് ഈ ബന്ധത്തിലുള്ള മക്കള്‍.


 

Feedback