Skip to main content

വെട്ടം അബ്ദുല്ല ഹാജി

1932 ലെ മമ്പുറം നേര്‍ച്ച. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ ഭക്ത്യാദരപൂര്‍വ്വം ജാറത്തിലും പരിസരത്തുമായി തടിച്ചു കൂടിയിരിക്കുന്നു. അതിനിടെ ജാറത്തിന്റെയും മുമ്പറം തങ്ങളുടെ വീടിന്റെയും ഇടക്കുള്ള ഒഴിഞ്ഞ പറമ്പില്‍ നീളന്‍ വെള്ള കുപ്പായവും തലപ്പാവും ധരിച്ച വെളുത്ത് കുറുകിയ ഒരു യുവാവ് വശ്യമായ ശൈലിയില്‍ ഖുര്‍ആന്‍ ഓതി പ്രസംഗിക്കുന്നു. വെട്ടം അബ്ദുല്ല ഹാജി എന്ന കൂട്ടായി ഹാജിയായിരുന്നു അത്.

പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കൂടിയിട്ടുണ്ട്. ജാറവും നേര്‍ച്ചയും അനിസ്‌ലാമികവും കടുത്ത പാപവുമാണെന്ന് ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് പ്രസംഗം ചൂടുപിടിച്ചപ്പോള്‍ ആളുകള്‍ ഇളകി. പ്രസംഗകനായ യുവാവിനെ കൈയേറ്റം ചെയ്യുമെന്ന ഘട്ടത്തില്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തെ അവിടെ നിന്ന് രക്ഷപ്പെടുത്തി പിടിച്ചുവലിച്ചു കൊണ്ടു പോകുമ്പോഴും ആ അധരങ്ങളില്‍ നിന്ന് തൗഹീദിന്റെ സന്ദേശങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു.

മതപ്രബോധന വീഥിയില്‍ ത്യാഗോജ്വലമായ ഒറ്റയാള്‍ പോരാട്ടം നടത്തിയ വെട്ടം അബ്ദുല്ലഹാജി 1895 നും 1900 നും മധ്യേ വളപ്പില്‍ തട്ടാത്ത് കുട്ടിമുഹമ്മദ് കുട്ടി എന്ന കുട്ട്യാമുട്ടിയുടെയും പാത്തുമ്മുവിന്റെ മകനായിട്ടാണ് ജനനം. ബന്ധു കൂടിയായിരുന്ന കൂട്ടായി ബാവ മുസ്‌ലിയാരുടെ കീഴില്‍ പ്രാഥമിക പഠനം പൂര്‍ത്തീകരിച്ച ശേഷം വെട്ടത്ത് പുതിയങ്ങാടി, വടകര, കുരിമുഴി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം തുടര്‍ന്നു. വെട്ടം കുഞ്ഞായിന്‍ മുസ്‌ല്യാര്‍, കൂട്ടായി അബ്ദുല്ല മുസ്‌ല്യാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാര്‍. വടകരയില്‍ കെ.പി മുഹമ്മദ് മൗലവിയുടെ പിതാവ് അഹമ്മദ് മുസ്‌ല്യാര്‍ സഹപാഠിയായിരുന്നു.

വിശുദ്ധഖുര്‍ആന്‍ വിശദമായി പഠിക്കാനും തഫ്‌സീറുകള്‍ പരിശോധിക്കാനും സൗകര്യമുണ്ടായിരുന്ന കോട്ടക്കല്‍ ദര്‍സില്‍ പഠിക്കുമ്പോള്‍, അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി അന്ധമായ അനുകരണത്തിന്റെ പിന്നാലെ പോയ സമുഹത്തിന്റെ പതിതോവസ്ഥ അദ്ദേഹത്തെ വേദനിപ്പിച്ചു. അജ്ഞതയില്‍ നിന്ന് അവരെ മോചിപ്പിക്കുകയാണ് പോംവഴിയാണ് തിരിച്ചറിഞ്ഞു. അതേസമയം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, മരക്കാര്‍ മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരുമായുള്ള ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത് തൗഹീദി പ്രസ്ഥാനത്തിലേക്ക് വെട്ടം അബ്ദുല്ല ഹാജിയുടെ കടന്നുവരവിന് വേഗം കൂട്ടുകയായിരുന്നു. വെട്ടം അബ്ദുല്ലാ ഹാജി നടത്തിയ ഉജ്ജ്വലമായ പ്രഭാഷണങ്ങളും ഖണ്ഡനപ്രസംഗങ്ങളും സമൂഹത്തില്‍ വന്‍ ചലനമാണുണ്ടാക്കിയത്. വാരണാക്കര, മലപ്പുറം, കോട്ടക്കല്‍, മമ്പാട്, ഒതായി, പറവണ്ണ, ചേന്നര തുടങ്ങിയ പ്രദേശങ്ങളില്‍ ഏകദൈവാരാധനയുടെ വെള്ളിവെട്ടം കൊളുത്തിയത് വെട്ടം അബ്ദുല്ല ഹാജിയുടെ ഉജ്വല പ്രഭാഷണങ്ങളായിരുന്നു.

തൗഹീദ് ഉള്‍കൊണ്ടപ്പോള്‍ സ്വന്തം കുടുംബത്തോടാണ് ആദ്യം അത് പ്രസംഗിച്ചത്. കടുത്ത ഭാഷയില്‍ അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ച് പ്രസംഗിക്കുമ്പോഴും നാട്ടിലെ യാഥാസ്ഥിതിക വിഭാഗവുമായി നല്ല സൗഹൃദം പുലര്‍ത്തി. ഏലസ്സ് കണ്ടാല്‍ അത് പൊട്ടിച്ചെറിയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഖുര്‍ആന്‍ ആയത്തുകള്‍ മനോഹരമായി പാരായണം ചെയ്തും പ്രവാചക കഥകളില്‍ നിന്ന് ഗുണപാഠങ്ങള്‍ വിവരിച്ചും അബ്ദുല്ല ഹാജി നടത്തുന്ന പ്രസംഗങ്ങള്‍ പല പ്രദേശങ്ങളുടെയും ചരിത്രം തന്നെ മാറ്റിയെഴുതി.

പ്രസ്ഥാനത്തില്‍ സജീവമായിരുന്നിട്ടും വെട്ടം സംഘടനയുടെ സ്ഥാനമാനങ്ങളില്‍ നിന്നകന്ന് ജീവിക്കാന്‍ ശ്രദ്ധിച്ചു. പുളിക്കല്‍, ഫറോക്ക്, കുറ്റിപ്പുറം മുജാഹിദ് സമ്മേളനങ്ങളിലൊക്കെ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്റര്‍ ഉദ്ഘാടനം ചെയ്തത് വെട്ടം അബ്ദുല്ലഹാജിയായിരുന്നു. വിശാലമായ വായനയായിരുന്നു അദ്ദേഹത്തിന്റെ ഹോബി. നല്ല ഒരു കാര്‍ഷികനും കഠിനാധ്വാനിയുമൊക്കെ ആയിരുന്ന അദ്ദേഹം കായികാഭ്യാസി കൂടിയായിരുന്നു. 
 
ഭാര്യ: വെട്ടം വട്ടിയംവീട്ടില്‍ ഖദിജക്കുട്ടി. അബ്ദുറഹ്മാന്‍, മജിദ് മാസ്റ്റര്‍, ബീമു, കാദിയാമു എന്നിവര്‍ക്ക് പുറമെ പരേതയായ പാത്തുമ്മു, ആമിന, മറിയക്കുട്ടി, പരേതനായ അബ്ദുല്‍ ഗഫൂര്‍, എന്നിവരാണ് ഹാജിയുടെ മക്കള്‍. നാടിന്റെ നാനാദിക്കുകളില്‍ ഏകദൈവാരാധനയുടെ സന്ദേശം മാറ്റൊലി കൊള്ളിച്ച മൗലവിക്ക് അവസാന കാലത്ത് സംസാരശേഷി നഷ്ടപ്പെട്ടു.  ത്യാഗോജ്വല ജിവിതത്തിന്റെ തിളക്കമുള്ള വാദമുദ്രകള്‍ ബാക്കിയാക്കി 1987 ഡിസബര്‍ 4 ന് വെട്ടം ഈ ലോകത്തോട് വിടപറഞ്ഞു 
 

Feedback