Skip to main content

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രസ്ഥാനമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. വിപ്ലവ നായകന്‍, പരിഷ്‌കര്‍ത്താവ്, നവോത്ഥാന നായകന്‍ എന്നീ പേരുകളെല്ലാം അദ്ദേഹത്തിന് അനുയോജ്യമാണ്. ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്ന പേരിന് ഏറ്റവും യോഗ്യനായ വ്യക്തി. 

കേരളക്കരയില്‍ ഉണ്ടായ വിപ്ലവകരമായ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരാനുള്ള ധിഷണാപരമായ അടിത്തറ രൂപപ്പെടുന്നത് ചാലിലകത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മുസ്‌ലിംകളുടെ സ്വത്വവും സംസ്‌കാരവും നിര്‍ണയിക്കുന്നതില്‍ ചാലിലകത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വലിയ പങ്കുണ്ട്. അദ്ദേഹം തന്റെ മൂശയില്‍ വാര്‍ത്തെടുത്ത ശിഷ്യഗണങ്ങളാണ് പിന്നീട് കേരള മുസ്‌ലിം സമുദായത്തിന്റെ മാര്‍ഗദര്‍ശകരായി മാറിയത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാണമങ്കല്ലൂര്‍ സുലൈമാന്‍ മുസ്‌ലിയാര്‍ കെ എം മൗലവി, ഇ കെ മൗലവി, പി കെ മൂസ മൗലവി, ഇ മൊയ്തുമൗലവി, കെ സി  അബ്ദുല്ല മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍,  തുടങ്ങി ഒരു വലിയ നീണ്ട ശിഷ്യനിര തന്നെ ഉണ്ട്. 

പരമ്പരാഗത രീതിയായ ദര്‍സ് പഠനരീതിയില്‍ വ്യത്യസ്തമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനത്തിന് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഈ മാതൃകയെ പിന്‍പറ്റിയാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നത്. മക്തിതങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പൊന്മുണ്ടം ആദൃശ്ശേരിയിലെ മുത്താട്ടുകാള മൊയ്തീന്‍ കുട്ടി ഹാജിയുടേയും പ്രമുഖ പണ്ഡിതന്‍ ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്വിമയുടേയും മകനായിട്ട് 1886ല്‍ ജനിച്ചു. മാതാപിതാക്കള്‍ വിവാഹമോചിതരായതു കൊണ്ട് ഉമ്മയുടെ കൂടെയാണ്  വളര്‍ന്നത്. അങ്ങനെയാണ് മാതൃ കുടുംബ നാമമായ ചാലിലകത്തിന്റെ പേരില്‍ അറിയപ്പെട്ടത്. അന്നത്തെ കാലത്തെ പതിവ് രീതിയായ പള്ളി ദര്‍സ് പഠനത്തില്‍ നിന്ന് വ്യത്യസ്മായി നാലു വര്‍ഷം സ്‌കൂള്‍ പഠനം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ശേഷമാണ് പള്ളി ദര്‍സ് പഠനമാരംഭിച്ചത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ടായിരുന്നു. മാതുലനും പ്രഗത്ഭ പണ്ഡിതനുമായ അലി ഹസ്സന്‍ മൗലവി, കോടഞ്ചേരി മമ്മത് കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കിയത്. പിന്നീട് പൊന്നാനിയിലെയും കോഴിക്കോട്ടെയും ദര്‍സുകളില്‍ പഠനം നടത്തി. ഉപരിപഠനത്തിനായി തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലത്തീഫിയ്യാ കോളേജില്‍ ചേര്‍ന്നു. കേരളത്തില്‍ നിന്ന് പഠനത്തിനായി അവിടെയെത്തുന്ന ആദ്യ മലയാളിയാണ് ചാലിലകത്ത്. വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പലായിരുന്ന മൗലവി അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ചാലിലകത്തിന്റെ സഹപാഠിയായിരുന്നു. അവിടെത്തന്നെ അധ്യാപകനാവാന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടില്‍ തിരിച്ച് പോയി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടന്നായിരുന്നു മറുപടി. ഈ തീരുമാനം കേരളമുസ്‌ലിം നവോത്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതായി മാറി. 

ഖിബ്‌ല ജിഹത്ത് സംവാദം

നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം അധ്യാപനവൃത്തിയാരംഭിച്ചു. തിരൂരങ്ങാടിയില്‍ ചാലിലകത്ത് തറവാട്ടുകാര്‍ സ്ഥാപിച്ച തറമ്മല്‍ പള്ളിയിലായിരുന്നു ആദ്യ ദര്‍സ്. ഇതാണ് തിരൂരങ്ങാടി വലിയ പള്ളിയായി മാറിയത്. കുറച്ച് കാലം മയ്യഴിയിലും വളപട്ടണത്തും പുളിക്കലിലും ദര്‍സ് നടത്തി. പുളിക്കലില്‍ ദര്‍സ് നടത്തുന്ന കാലത്താണ് അദ്ദേഹം പള്ളികളുടെ ഖിബ്‌ല ശാസ്ത്രീയമായി പരിശോധിക്കുന്നത്. പരിശോധിച്ചപ്പോള്‍ അധിക പള്ളികളുടെയും ഖിബ്‌ല കഅ്ബയുടെ നേര്‍ ദിശയിലല്ലെന്ന് കണ്ടെത്തി. ഇതാണ് പിന്നീട് മുസ്‌ലിം കേരളത്തെ ഇളക്കി മറിച്ച ചരിത്ര പ്രസിദ്ധമായ 'ഖിബ്‌ല ജിഹത്ത് സംവാദ'ത്തിന് കാരണമായത്. ചാലിലകത്തിന്റെ വാദം 'കണക്കനുസരിച്ച് ഖിബ്‌ല കൃത്യമായി കഅ്ബയുടെ നേര്‍ദിശയിലായിരിക്കണമെന്നാ'ണ്. ഇതിന് ഖിബ്‌ലഐന്‍ വാദമെന്ന് പറയും. ഭൂരിപക്ഷം പണ്ഡിതന്മാരുടേയും അഭിപ്രായം 'കഅ്ബയുടെ ദിശയിലേക്കായിരിക്കണമെന്നേയുള്ളൂ, കണക്കനുസരിച്ച് കൃത്യമാകണമെന്നില്ലെന്നാ'ണ്. ഇതിന് ഖിബ്‌ല ജിഹത്ത് വാദമെന്ന് പറയും. രണ്ട് വാദക്കാരും തമ്മില്‍ വലിയ സംവാദം തന്നെ പുളിക്കലില്‍ വെച്ച് നടന്നു. സംവാദത്തില്‍ അദ്ദേഹം മക്കയിലേയും മറ്റും പണ്ഡിതന്മാരില്‍ നിന്ന് കത്തെഴുതി വരുത്തിച്ച ഫത്‌വകളും പൗരാണിക ഗ്രന്ഥങ്ങളിലുള്ള തെളിവുകളും വെച്ച്  തന്റെ വാദം ശക്തമായി സമര്‍ഥിച്ചു. പിന്നീട് ഈ തെളിവുകളെല്ലാം ഉള്‍കൊള്ളിച്ച് അറബിയില്‍ അദ്ദഅ്‌വ എന്നൊരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ വിപ്ലവം

ചാലിലകത്തിന്റെ കഴിവും പാണ്ഡിത്യവും കേട്ടറിഞ്ഞ വാഴക്കാട് തന്മിയത്തുല്‍ഉലൂം ട്രസ്റ്റ് മാനേജര്‍ 1909ലാണ് വാഴക്കാട് പളളി ദര്‍സ് മുദര്‍രിസായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. അങ്ങനെയാണ് മഹത്തായ മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ചാലിലകത്ത് ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം സാക്ഷാത്കരിക്കാനുള്ള മണ്ണും അന്തരീക്ഷവും ഒത്തുവന്നത് വാഴക്കാടാണ്. തന്മിയത്തുല്‍ ഉലൂമിനെ ചരിത്രത്തിന്റെ തങ്ക ലിപികളില്‍ എഴുതപ്പെട്ട ദാറുല്‍ ഉലൂമാക്കി മാറ്റിയത് അദ്ദേഹമാണ്. മികച്ച സിലബസും പഠനരീതിയും അവിടെ നടപ്പിലാക്കി. തഫ്‌സീര്‍, ഫിഖ്ഹ്, തസവ്വുഫ്, മആനി, ബദീഅ് എന്നീ പരമ്പരാഗതമായ വിഷയങ്ങള്‍ക്ക് പുറമേ ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സയന്‍സ്,  ഗണിതം തുടങ്ങിയ വിഷയങ്ങള്‍ സമന്വയിച്ച സിലബസായിരുന്നു അത്. കുറഞ്ഞകാലം കൊണ്ട് അദ്ദേഹത്തിന്റെ ദര്‍സ് പ്രസിദ്ധിയാര്‍ജ്ജിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുളള വിജ്ഞാന കുതുകികള്‍ ഈ ഗുരുവര്യന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വിജ്ഞാനത്തിന്റെ പൂന്തോപ്പിലേക്ക് ചേക്കേറി. ഈ ശിഷ്യഗണങ്ങളാണ് പിന്നീട് കേരള മുസ്‌ലിം സമൂഹത്തിന് വഴികാട്ടികളായി മാറിയത്. ദര്‍സ് പരിഷ്‌കരണം വിജയകരമായി പൂര്‍ത്തിയായതിന് ശേഷമാണ് കേരളത്തിലെ ആദ്യത്തെ മദ്രസയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പള്ളിയില്‍ നിന്ന് വേറിട്ടു കൊണ്ട് മദ്രസ കെട്ടിടം തയ്യാറാക്കി. ക്ലാസില്‍ ബെഞ്ചും ഡെസ്‌കും ബോര്‍ഡും ചോക്കും ആദ്യമായിട്ട് തയ്യാറാക്കപ്പെട്ടു. മുതഅല്ലിമീങ്ങള്‍(വിദ്യാര്‍ഥികള്‍)ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍, മുദര്‍രിസുമാര്‍ക്കായി താമസിക്കാന്‍ പ്രത്യേക വീടുകളും പിന്നീട് തയ്യാറാക്കപ്പെട്ടു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ സിലബസും കരിക്കുലവും തയ്യാറാക്കി. 

യാത്ഥാസ്ഥികവാദികള്‍ ചാലിലകത്തിന്റെ പുതിയ പ്രസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളി. ബാലിശവും വിചിത്രവുമായ ആരോപണങ്ങള്‍ 'മദ്രസ'ക്കെതിരെ നടത്തി. ഖുര്‍ആന്‍ വാക്യങ്ങള്‍ ചോക്ക് കൊണ്ട് ബോര്‍ഡില്‍ എഴുതുന്നത് ഹറാമാണെന്നും അതില്‍ നിന്ന് നിലത്ത് വീഴുന്ന പൊടിയില്‍ കാല് കൊണ്ട് ചവിട്ടുന്നത് കുറ്റകരമാകുമെന്നും തുടങ്ങി പിന്തിരിപ്പന്‍ വാദങ്ങള്‍ നിരത്തിയാണ് ജനങ്ങളെ എതിര്‍ചേരിയിലേക്ക് ചേര്‍ത്തത്. എതിര്‍പ്പ് കൂടിക്കൂടി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ 1914ന് ചാലിലകത്തിന് ഈ മഹാദൗത്യം വഴിയില്‍ ഉപേക്ഷിച്ച് വാഴക്കാട് വിട്ടു പോകേണ്ടി വന്നു. 

ഇഷ്ടശിഷ്യനും പുതുതായി മദ്രസയില്‍ ചേര്‍ന്ന അധ്യാപകനുമായ കെ എം മൗലവിയടക്കമുള്ളവരും അദ്ദേഹത്തിന്റെ കൂടെ വാഴക്കാട് വിട്ടു. ശേഷം പരിഷ്‌കൃത രീതിയിലുള്ള മദ്രസകള്‍ സ്ഥാപിക്കുന്നതിലായിരുന്നു മുഴുവന്‍ ശ്രദ്ധ. അങ്ങനെ വളപട്ടണത്ത് തുടങ്ങിയ മദ്‌റസയില്‍ കെ എം മൗലവി, വടകരയില്‍ പി എന്‍ മുഹമ്മദ് മൗലവി, പുളിക്കലില്‍ ഉണ്ണീന്‍കുട്ടി മൗലവി, കൊടുങ്ങല്ലൂരില്‍ ഇ കെ മൗലവി എന്നിവരുടെ നേതൃത്വത്തില്‍ മദ്‌റസകള്‍ ആരംഭിച്ചു. 

രചനകള്‍

മദ്‌റസ പരിഷ്‌കരണത്തിന്റെ ഭാഗമായി ധാരാളം പാഠ പുസ്തകങ്ങള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി രചിച്ചു. തഅ്‌ലീമുല്‍ ഖുര്‍ആന്‍, ദീനിയ്യാത്ത്, അമലിയ്യാത്ത്, അക്ഷരമാല, മബാദിഉല്‍ ഖിറാഅ, കിതാബുസ്സര്‍ഫ്, നഹ്‌വുല്‍ കബീര്‍, അല്ലുഗത്തുല്‍ അറബിയ്യഃ. ഉര്‍ദു പഠനത്തിന് വേണ്ടി ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ഖാദിയാനികളുടെ വാദങ്ങള്‍ക്ക് ഖണ്ഡനമായി 'തുഹ്ഫത്തുല്‍ മലബാര്‍' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
വാഴക്കാട് വിട്ടതിന് ശേഷം മണ്ണാര്‍ക്കാട് ദര്‍സ് ആരംഭിച്ചു. ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മരണം അദ്ദേഹത്തെ പിടികൂടി. 1919 ല്‍ മരിക്കുമ്പോള്‍ 63 വയസ്സായിരുന്നു. 
 

Feedback