Skip to main content

അബൂബക്കര്‍ കാരക്കുന്ന്

മുജാഹിദ് യുവജനങ്ങളെ കാലത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തി പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിഭാധനനും പണ്ഡിതനുമായിരുന്നു അബൂബക്കര്‍ കാരക്കുന്ന്. പത്രാധിപര്‍, സംഘാടകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ അദ്ദേഹം തിളങ്ങി.

മലപ്പുറം ജില്ലയിലെ കാരക്കുന്നില്‍ കട്ടക്കാടന്‍ ഹസന്‍-മണ്ണില്‍ കടവ് ആയിശ ദമ്പതികളുടെ മകനായി 1964 ല്‍ ജനിച്ചു. പ്രാഥമിക പഠനത്തിനു ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ലിയു, സി.ബി.എ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായും പ്രവാസിയായും അല്പകാലം ചെലവഴിച്ചു. 

മുജാഹിദ് യുവജന സംഘടനയായ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി (1992-97), സംസ്ഥാന പ്രസിഡണ്ട് (1998-2006) എന്നീ പദവികള്‍ വഹിച്ചു. ഈ കാലയളവില്‍ പ്രസിദ്ധീകരണ വിഭാഗമായ 'യുവത ബുക്‌സി'ന്റെ ഡയരക്ടര്‍, 'ഇസ്‌ലാം അഞ്ചുവാള്യങ്ങളില്‍' ഗ്രന്ഥ പരമ്പരയുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍, ഖുര്‍ആന്‍ കാവ്യാവിഷ്‌കാരമായ 'ദിവ്യദീപ്തി'യുടെ എഡിറ്റര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 

ഐ.എസ്.എം മുഖപത്രവും മുജാഹിദ് പ്രസ്ഥാനത്തിന്റെ നാവുമായ ശബാബ് വാരികയില്‍ 1987 മുതല്‍ സബ് എഡിറ്ററായി വന്ന അബൂബക്കര്‍ കാരക്കുന്ന് 2003 വരെയുളള ഒരു വ്യാഴവട്ടക്കാലം പത്രാധിപരായി ശബാബിനെ നയിക്കുകയും ചെയ്തു. 

2002ല്‍ വര്‍ത്തമാനം ദിനപത്രം പുറത്തിറങ്ങിയപ്പോള്‍ അതിന്റെ ശില്പികളില്‍ പ്രമുഖനായിരുന്നു. പത്രത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍, എഡിറ്റോറിയല്‍ ഡയരക്ടര്‍ പദവികളും മരിക്കുന്നത് വരെ അദ്ദേഹം വഹിച്ചു. 

ഐ.എസ്.എം ഭാരവാഹിയായിരിക്കെ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും സാമൂഹിക നവോത്ഥാനത്തിന് വിത്തിടാനും അദ്ധേഹത്തിന് സാധിച്ചു.

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍, ഐ.എസ്.എം മെഡിക്കല്‍ സെന്റര്‍, ഇസ്‌ലാമിക് സെമിനാര്‍ പരമ്പര, അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, ആശയ സമന്വയം മാസിക, ബുക്‌സ് തുടങ്ങിയ സംരംഭങ്ങള്‍ അവയില്‍ ചിലതാണ്. 'മരം നടുക വളര്‍ത്തുക', 'എയ്ഡ്‌സിനെതിരെ', 'തീവ്രവാദത്തിനെതിരെ യുവശക്തി', 'കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക' തുടങ്ങിയ കാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചതും ഈ കാലയളവിലായിരുന്നു. 

എഴുത്തുകാരനായ അബൂബക്കര്‍ കാരക്കുന്നിന്റേതായി ഗ്രന്ഥങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. സംഘടനാ സ്‌കൂള്‍, വീടിനപ്പുറം ഒരു ലോകം, ലഘുചിന്തകള്‍ എന്നിവ അതില്‍പ്പെടുന്നു. 

നിലമ്പൂര്‍ യതീംഖാനയുടെ സെക്രട്ടറി, ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം ഡയരക്ടര്‍ എന്നീ പദവികളും വഹിച്ചു. 2011 ഫെബ്രുവരി 12ന് 48 ാം വയസ്സില്‍ അദ്ദേഹം നിര്യാതനായി.
ഭാര്യ: റബീബ. മക്കള്‍: സഫ, മര്‍വ.
 

Feedback