Skip to main content

എ എന്‍ കോയക്കുഞ്ഞി

കണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും ഏറ്റവും ശക്തനായ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു കോയിക്ക എന്ന പേരില്‍ പ്രശസ്തനായ കോയക്കുഞ്ഞി. ഓത്തുപുരകളില്‍ പലകമേല്‍ അക്ഷരം എഴുതി പഠിക്കുന്ന രീതിക്ക് മാറ്റം വരുത്തിക്കൊണ്ട് 1895ല്‍ ആദ്യമായി അദ്ദേഹം കണ്ണൂരില്‍ മ്രദസാ പ്രസ്ഥാനം ആരംഭിച്ചു. 

കോയക്കുഞ്ഞി ചരിത്രത്തില്‍ ചിരപതിഷ്ഠ നേടുന്നത് മ്രദസ പ്രസ്ഥാനത്തിലൂടെയാണ്. 1895ലാണ് അദ്ദേഹം തന്റെ വീടിന്റെ ഒരു ഭാഗത്ത് മഅ്ദിനുല്‍ ഉലൂം എന്ന പേരില്‍ മ്രദസ സ്ഥാപിച്ച് മത വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ നാന്ദി കുറിക്കുന്നത്. അക്കാലത്ത് മുസ്‌ലിം കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത് പലക മേല്‍ എഴുതി വായിപ്പിച്ചിട്ടായിരുന്നു. ഈ സമ്പ്രദായം കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കിയിരുന്നില്ല. നോക്കിപ്പഠിച്ചത് ഉരുവിടാന്‍ മാത്രമേ ഉപകരിച്ചിരിന്നുള്ളൂ. ഈ നിലക്ക് മാറ്റം വരുത്തി എളുപ്പത്തില്‍ അക്ഷര ബോധത്തോടൊപ്പം ഖുര്‍ആന്‍ പഠിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയൊരു പഠന രീതിയുമായ കോയക്കുഞ്ഞി മുന്നോട്ട് വരുന്നത്.

രണ്ടു പെണ്‍കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മാത്രമാണ് തുടക്കത്തില്‍ ഈ സമ്പ്രദായത്തില്‍ പഠിക്കാന്‍ ചേര്‍ന്നത്. ഈ രീതിക്കെതിരെ പരിഹാസങ്ങളും എതിര്‍പ്പുകളും പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. പക്ഷേ, അദ്ദേഹം നിരാശനായില്ല. ക്രമേണ പരീക്ഷണം വിജയിക്കുന്നത് അദ്ദേഹം കണ്ടു. നവീന രീതിയില്‍ ഖുര്‍ആന്‍, ദീനിയാത്ത്, അമലിയാത്ത് മുതലായവ കുട്ടികള്‍ക്ക് പഠിക്കാന്‍ വളരെ ലളിതമാണെന്ന് സമൂഹം മനസിലാക്കാന്‍ തുടങ്ങി. 

നാള്‍ക്കുനാള്‍ കുട്ടികള്‍ വര്‍ധിച്ചുവന്നു, ഒറ്റക്ക് മ്രദസ നടത്തുവാന്‍ പ്രയാസമായിത്തീര്‍ന്നു. 1917ല്‍ സിറ്റിയില്‍ സ്ഥിതി ചെയ്തിരുന്ന വിശാലമായ കെട്ടിടത്തിലേക്ക് മാറി. യാെതാരു വാടകയും ഈടാക്കാതെയാണ് കെട്ടിടം ഉടമ വിട്ടു നല്‍കിയത്. പുത്തന്‍ പഠന സമ്പ്രദായം മാഹി, തലശ്ശേരി, വടകര, കാസര്‍കോഡ് എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള ശ്രമം നടത്തി. 

മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതികമായ അറിവും അത്യാന്താപേക്ഷിതമാണെന്ന് മനസിലാക്കിയ കോയക്കുഞ്ഞി മ്രദസയില്‍ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാന്‍ അധ്യാപകന്‍മാരെ നിയമിച്ചു. അങ്ങനെ 1921ല്‍ നാലാം തരം വരെയുള്ള ക്ലാസുകേളാട് കൂടി ഒരു ലോവര്‍ പ്രൈമറി സ്‌കൂളായി ഗവണ്‍മെന്റിനെ കൊണ്ട് അംഗീകരിപ്പിക്കുവാന്‍ കഴിഞ്ഞു. സ്ഥല പിരിമിതി പരിഹരിക്കാന്‍ അറക്കല്‍ രാജകുടുംബത്തിലെ അന്നത്തെ സുല്‍ത്താനായിരുന്ന ആലി രാജ അഹ്മദലി 'പാലമഠം' എന്ന രാജകീയ കൊട്ടാരത്തിന്റെ മുകള്‍ ഭാഗം മ്രദസക്ക് സൗജന്യമായി നല്‍കി.

1921ല്‍ മ്രദസ മഅ്ദിനുല്‍ ഉലൂം 'പാലമഠ'ത്തിലേക്ക് മാറ്റുകയും എട്ടാം തരം വരെയുള്ള അപ്പര്‍ പ്രൈമറി സ്‌കൂളായി അതിനെ ഉയര്‍ത്തുകയും ചെയ്തു. 1923ല്‍ അതൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി രൂപാന്തരം പ്രാപിച്ചു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോഷക സ്‌കൂളുകള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ മുഴുകി അദ്ദേഹം. കണ്ണൂര്‍ കോട്ടക്ക് താഴെ 'മ്രദസ ഹകീമിയ്യ', നേര്‍ച്ചാലില്‍ 'മ്രദസ ഹുറൈനിയ്യ', തയ്യില്‍ 'മ്രദസ ഖുവ്വത്തുല്‍ ഇസ്‌ലാം', കാംബസാറില്‍ 'മ്രദസ തബീറുല്‍ ഇസ്‌ലാം' എന്നീ വിദ്യാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചവയാണ്.

അഗതികളായ ബാലന്‍മാരെ സഹായിക്കുന്നതിനായി 1935 ആഗസ്തില്‍ അദ്ദേഹം ഒരു അനാഥാലയ മന്ദിരം ആരംഭിച്ചു. വിവിധ ഭാഷാ  ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും വിദ്യാര്‍ഥികളുടെ ഉല്ലാസത്തിനും വൈജ്ഞാിനക വളര്‍ച്ചക്കും  വേണ്ടി അധ്യയന യാത്രകളും സംഘടിപ്പിക്കുകയുണ്ടായി. അങ്ങനെ സ്വന്തം കുഞ്ഞുങ്ങളുടെ കഴിവും യോഗ്യതയും പൊതുനജങ്ങള്‍ക്ക്  ബോധ്യപ്പെടുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.
ഉര്‍ദു ഭാഷാ പ്രേമിയായ അദ്ദേഹം തന്റെ വിദ്യാര്‍ഥികളില്‍ ഉര്‍ദു ഭാഷാ പഠനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തു. തന്‍മൂലം ലാഹോറിലെ അഞ്ചുമന്‍ തല്‍ഖിയ്യെ ഉര്‍ദു എന്ന സംഘടന അദ്ദേഹത്തിന്റെ സ്ഥാപനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ സിറ്റിയില്‍ പള്ളിയകത്ത് കുഞ്ഞമ്മദ് ഹാജിയുടെയും അറക്കകത്ത് നാലുപുരയില്‍ ആയിസുമ്മയുടെയും രണ്ടാമത്തെ പു്രതനായി 1858ലാണ് കോയക്കുഞ്ഞി ജനിച്ചത്. അക്കാലത്ത് നടപ്പുണ്ടായിരുന്ന സമ്പ്രദായമനുസിച്ച് വിവിധ പള്ളി ദര്‍സുകളില്‍ ചേര്‍ന്ന് മതപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൊന്നാനി വലിയ പള്ളിയില്‍ വെച്ച് ഉപരിപഠനവും നിര്‍വഹിച്ചു.
 
ആദ്യ കാലത്ത് കണ്ണൂര്‍ കാം ബസാറില്‍ ഒരു സ്‌റ്റേഷനറിക്കടയും ബേക്കറിയും ആരംഭിച്ച് വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും കച്ചവടം നന്നായി നടക്കുന്നതിനിടയില്‍ ജ്വരം ബാധിച്ച് രോഗശയ്യയില്‍ കിടക്കേണ്ടി വന്നു.  കച്ചവടം നടന്നു കൊണ്ടിരിക്കുമ്പോഴാണ് തലശേരി ചെറിയടി മൊയ്തീന്‍ കുട്ടി ഹാജിയുടെ പു്രതി ഖദീജയെ വിവാഹം കഴിക്കുന്നത്. വ്യാപാരത്തില്‍ അധോഗതി നേരിട്ടതോടെ കച്ചവടം വിട്ടു. ഈ ദാമ്പത്യത്തില്‍ ഒരു പു്രതിയുണ്ട്.
അക്ഷരമാല, മബാദിഉതരീഖതില്‍ ഇസ്‌ലാമിയ, ഹിദായത്തുല്‍ ഇസ്‌ലാമിയ്യ, അമലിയാത്ത്, സുല്ലമുദ്ദീനിയാത്തുല്‍ ഇസ്‌ലാമിയ തുടങ്ങിയ പാഠപുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി.

മരണം: 1957 ജൂണ്‍ മാസം 27ന് വെള്ളിയാഴ്ച

Feedback