Skip to main content

വെളിയങ്കോട് ഉമര്‍ ഖാദി

ചാവക്കാട്ടെ തുക്ടി കച്ചേരിയില്‍ ഒറ്റയ്ക്ക് വന്ന് കയറുമ്പോള്‍ ഉമറിന്റെ മുഖത്ത് ബ്രിട്ടീഷ് വിരോധം നുരയുന്നുണ്ടായിരുന്നു. അനുവാദം പോലും ചോദിക്കാതെ നിബു സായിപ്പിന്റെ മുറിയില്‍ കസേരയില്‍ ചെന്നിരുന്നു ഉമര്‍.

''നിങ്ങള്‍ എന്നെ വിളിപ്പിച്ചത് എന്തിനാണ്?'' ഉമറിന്റെ ചോദ്യം കേട്ട്സായിപ്പ് ആദ്യം അമ്പരന്നു. ''നിങ്ങളല്ലേ, ഞങ്ങള്‍ക്കെതിരെ മതവിധി നല്‍കിയ അരാജകവാദിയായ ഉമ്മര്‍ ഖാദി?'' സായിപ്പ് ചോദിച്ചു. ''അതേ, ഞാന്‍ തന്നെയാണ് നിങ്ങളുടെ ഭരണത്തെയും നികുതിയെയും എതിര്‍ക്കുന്ന ഉമര്‍'.' ഖാദിയുടെ മറുപടി ഉറച്ചതായിരുന്നു.

സംസാരം നീണ്ടപ്പോള്‍ നീബു സായിപ്പിന് ദേഷ്യം മൂത്തു. ''വാട്ട് ഡു യു സേ'' അയാള്‍ അലറിക്കൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റു. ഖാദിയും അതേനാണയത്തില്‍ തിരിച്ചടിച്ചു: ''മാദാ തഖൂലു യാ ശൈത്താന്‍?''. 
ഓടിയടുത്ത പൊലീസുകാരനെ ഖാദി തടഞ്ഞുവെച്ചു. അപ്പോഴേക്കും പൊലീസ് പടയെത്തി, കൈയാമം വെച്ച് ഖാദിയെ തുറങ്കിലടച്ചു. നികുതി നിഷേധത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുകയും നികുതിയടക്കാത്തതിനാല്‍ ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ മതപണ്ഡിതന്‍, അത് വെളിയങ്കോട് ഉമര്‍ഖാദിയെന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.

ഇതേക്കുറിച്ച് കോഴിക്കോട് കലക്ടര്‍മെക്‌ളിന്‍ സായിപ്പിനോട് പിന്നീട് ഉമര്‍ ഖാദി പറഞ്ഞു: ''നിങ്ങള്‍ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്റെ ഭൂമിക്ക് ഞാന്‍ നികുതി കൊടുക്കില്ല. എന്നെ അപമാനിച്ച ബ്രിട്ടീഷ് പോലീസിനോട് ഞാന്‍ കയര്‍ത്തിട്ടുണ്ട,് തുക്ക്ടി നിബുസായിപ്പ് എന്നോട് അപമര്യാദയോടെ പെരുമാറിയപ്പോള്‍ ആ ദുഷ്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും എനിക്ക് ഖേദമില്ല. ഞാനാരോടും മാപ്പു ചോദിക്കുകയുമില്ല''.

വെളിയങ്കോട്ടെ പ്രസിദ്ധ പണ്ഡിതനും സമുദായ നേതാവുമായിരുന്ന ഖാസിയാരകത്ത് കാക്കത്തറയില്‍ അലി മുസ്‌ലിയാരുടെ മകനായി 1757 ലാണ് ജനനം. മാലിക് ദീനാറില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച ഹസന്‍ ഉമര്‍ ഖാദിയുടെ പിതാമഹനാണ്. മതപണ്ഡിതന്‍, പ്രഗത്ഭ തൂലികാകാരന്‍, അനുപമനായ കവി, നിര്‍ഭയനായ സ്വതന്ത്ര്യസമര പോരാളി എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഖാദി. അക്കാലത്തെ പ്രധാനിയും പൊന്നാനിയിലെ പ്രധാനാധ്യാപകനുമായിരുന്ന മമ്മിക്കുട്ടി ഖാദിയുടെ കീഴിലായിരുന്നു പഠനം. മമ്മിക്കുട്ടി ഖാദി തിരൂരങ്ങാടിയിലെയും കൊണ്ടോട്ടിയിലെയും ഖാദിയായിരുന്നു. ഖാദിയുടെ സമ്പര്‍ക്കമാണ് ഉമര്‍ഖാദിയുടെ വ്യക്തിത്വവികാസത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാ ഉലൂമിദ്ദീന്‍' ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയ ഉമര്‍ ഖാദിപിന്നീട് മുസ്‌ലിം സമൂദായത്തിന്റെ നേതൃത്വം ഏറ്റെടുത്തു. വെളിയങ്കോട്ടെ ഖാദി സ്ഥാനവും വഹിച്ചു. പൊന്നാനിയിലും പരിസരങ്ങളിലും നിലനിന്നിരുന്ന തറവാടിന്റെ പേരിലുള്ള മിഥ്യാഭിമാനം നടിക്കലിനെതിരെയും സമൂഹത്തില്‍ മൂടുറച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെയും നാവും തുലികയും പടവാളാക്കി ഉമര്‍ ഖാദി. ജീവിതത്തില്‍, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലികനും മക്തി തങ്ങളുടെ പിതാവ് അഹ്മദ് തങ്ങളുടെ ഗുരുവുമായിരുന്നു ഈ പരിഷ്‌കര്‍ത്താവ്. അഗാധമായ ഭക്തിയിലൂടെ കൈവന്ന അസാമാന്യമായ നിര്‍ഭയത്വമായിരുന്നു ഉമര്‍ ഖാദിയുടെ സവിശേഷത.

സര്‍വാംഗീകൃതനായ വൈദ്യന്‍ കൂടിയായിരുന്നു ഉമര്‍ ഖാദി. പ്രവാചക വൈദ്യവുംആയുര്‍വേദവും സംലയിപ്പിച്ചുള്ള ചികിത്സാപദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. ശാരീരികവും മനസികവുമായ കാരണങ്ങളെ തിരിച്ചറിഞ്ഞ് നടത്തിയ അദ്ദേഹത്തിന്റെ ചികിത്സാരീതി സമൂഹമനസ്സില്‍ അംഗീകരിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്ന, ആദര്‍ശാധിഷ്ഠിത ജീവിതമാണ് മനോ-ശാരീരിക സൗഖ്യത്തിന്റെ മികച്ച വഴിയെന്ന് രോഗികളെ അദ്ദേഹം ബോധിപ്പിക്കുകയും ചെയ്തു.
അധിനിവേശ അഹങ്കാരങ്ങള്‍ക്കെതിരെ പൊരുതിയ ഉമര്‍ഖാദിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക രംഗമായ ക്രൈസ്തവവത്കരണത്തിനെതിരെ തീക്കാറ്റായി ജ്വലിച്ച സയ്യിദ് സനാഉല്ലാ മക്തി തങ്ങളും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ രണ്ട് പ്രതീകങ്ങളും രണ്ട് ധാരകളുടെ പ്രതിനിധികളുമാണെന്ന് വിലയിരുത്താം.

മഹനീയ തത്വങ്ങളടങ്ങിയ നഫാഇസു ദ്ദുറര്‍, ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമിയുടെ തുഹ്ഫയെ അവലംബിച്ച് ഇസ്‌ലാമിലെ വിവാഹനിയമങ്ങള്‍ വിശദീകരിക്കുന്ന 'മഖാസ്വിദുന്നികാഹ്', നബി(സ)യെ വാഴ്ത്തുന്ന 'സല്ലല്‍ ഇലാഹു ബൈത്ത്' (1801) എന്നിവ ഉമര്‍ ഖാദിയുടെ പ്രധാന കൃതികളാണ്. ബലിയെക്കുറിച്ച് എഴുതിയ ഉസ്വൂലുദ്ദബ്ഹ് ആണ് മറ്റൊരു രചന. ഖസ്വീദതുല്‍ ഉമരി ഫീ മദ്ഹി ഖൈരില്‍ ബരിയ്യ, ലാഹല്‍ ഹിലാല്‍, ലമ്മാ 'ദഹറാ, അല്ലഫന്‍ അസ്വി തുടങ്ങിയ സ്തുതി ഗീതങ്ങളുംആ പ്രതിഭയുടെ മികച്ച അടയാളങ്ങളാണ്. ഖസ്വീദതുന്‍ ബി അസ്മാഇല്‍ ഖുര്‍ആന്‍, ഖസ്വീദതുന്‍ ബില്‍ഹുറൂഫില്‍ മുജ്മഅ തുടങ്ങി വേറെയുംരചനകളുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങളെ അനുസ്മരിച്ചെഴുതിയ കാവ്യം അസാധാരണ പദശൃംഖലയുടെ ആവിഷ്‌കാരമാണ്.

അനുശോചന കാവ്യരചനയില്‍ അഗ്രഗണ്യനാണ് ഉമര്‍ ഖാദി.കോഴിക്കോട് ഖാദി മുഹ്‌യുദ്ദീനെ പ്രശംസിച്ചെഴുതിയ കവിത കുറ്റിച്ചിറ മിസ്‌കാല്‍ പള്ളിയുടെ ചുമരിലാണെഴുതിയത്. മമ്പുറം തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് എഴുതിയ വരികള്‍ ഏറെ ജനകീയമാണ്.

95ാം വയസ്സിലും കര്‍മനിരതനായിരുന്നു ഉമര്‍ഖാദി. റമദാനിലെ ഇഅ്തികാഫുകളൊന്നും ആ പ്രായത്തിലും മുടക്കിയില്ല.1854ലെ റമദാന്‍ 21ന് തറാവീഹ് നമസ്‌കരിച്ചുകൊണ്ടിരിക്കെ തല കറക്കം ബാധിച്ചതിനെ തുടര്‍ന്ന് ശയ്യാവലംബിയായി. ദുല്‍ഹിജ്ജ 23ന് ആ ഇതിഹാസം വിടവാങ്ങി. വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ മറവു ചെയ്തു. 

Feedback