Skip to main content

എന്‍ കെ മുഹമ്മദ് മൗലവി

ഇരുവഴിഞ്ഞിപ്പുഴയുടെ ഇക്കരെയും അക്കരെയുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളാണ് ചേന്ദമംഗല്ലൂരും കക്കാടും. കക്കാട്ട് നിന്ന് പ്രമുഖ ഹദീസ് പണ്ഡിതനായ എം. ശൈഖ് മുഹമ്മദ് മൗലവിയെ പ്പോലെ ചേന്ദമംഗല്ലൂര്‍ സംഭാവന ചെയ്ത പ്രശസ്ത പണ്ഡിതനായിരുന്നു എന്‍.കെ മുഹമ്മദ് മൗലവി. കൃത്യമായി അളന്നുമുറിച്ച വൈജ്ഞാനിക ഉപാസനകളും കഠിനാദ്ധ്വാനവുമായിരുന്നു എന്‍.കെ മൗലവിയുടെ ജീവിതത്തെ വ്യതിരിക്തമാക്കിയത്. പ്രഭാഷകന്‍, അധ്യാപകന്‍, പ്രബോധകന്‍ തുടങ്ങിയ പ്രതലങ്ങളില്‍ ഒരു നൂറ്റാണ്ടോളം അദ്ദേഹം കേരളക്കരയില്‍ കര്‍മനിരതനായി.

NK Muhammed Moulavi

കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ നെടുങ്കണ്ടത്തില്‍ കോയക്കുട്ടിയുടെയും നടുക്കണ്ടിയില്‍ ആയിശുമ്മയുടെയും മകനായി 1909ലാണ് എന്‍ കെ മുഹമ്മദ് മൗലവിയുടെ ജനനം. സ്വദേശത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രൈവറ്റ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് കൊടിയത്തൂര്‍ സ്‌കൂളില്‍ രണ്ട് വര്‍ഷം പഠിച്ചു. അവിടുന്ന് അഞ്ചാം ക്ലാസ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.

കൊടിയത്തൂരിലെ വളരെ പ്രസിദ്ധമായ പള്ളിദര്‍സില്‍ പത്തു വര്‍ഷത്തോളം മൗലവി പഠനം നടത്തി. പ്രശസ്ത പണ്ഡിതനായിരുന്ന കൊടിയത്തൂര്‍ എം എ അബ്ദുല്‍അസീസ് മൗലവിയായിരുന്നു പ്രധാന ഗുരുനാഥന്‍. ശേഷം വാഴക്കാട് ദാറുല്‍ഉലൂമില്‍ ഒരു വര്‍ഷം വിദ്യാര്‍ത്ഥിയായി. ദാറുല്‍ഉലൂമിലെ അധ്യാപകനായിരുന്ന വൈത്തല അഹമദ്കുട്ടി മുസലിയാര്‍ കൊടിയത്തൂര്‍ ദര്‍സിൻറെ ചുമതലയേറ്റതിനെ തുടര്‍ന്ന് എന്‍. കെ മൗലവിയും അദ്ദേഹത്തെ അനുഗമിച്ചു.

വൈത്തല അഹമദ് കുട്ടി മുസലിയാര്‍ക്ക് ശേഷം പ്രമുഖ പണ്ഡിതന്‍ എം സി സി ഹസന്‍ മൗലവി കൊടിയത്തൂര്‍ പള്ളിദര്‍സില്‍ അധ്യാപകനായെത്തി.  ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എം സി സി പുളിക്കല്‍ പള്ളിദര്‍സിൻറെ ചുമതലയേറ്റു. അദ്ദേഹത്തിൻറെ ശിഷ്യത്വം നഷ്ടമാവാതിരിക്കാന്‍ എന്‍ കെ മൗലവിയും പുളിക്കല്‍ പള്ളിദര്‍സിലേക്ക് മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം എം സി സി കൊടിയത്തൂര്‍ പള്ളിദര്‍സിലേക്ക് തന്നെ വീണ്ടും തിരിച്ചുവന്നപ്പോള്‍ കൂടെ എന്‍.കെ മൗലവിയും ഉണ്ടായിരുന്നു. ഈ ഗുരുനാഥനും ശിഷ്യനും തമ്മില്‍ അഗാധമായ ആത്മബന്ധമായിരുന്നു രൂപപ്പെട്ടിരുന്നത്.  ഇവിടുത്തെ പഠനശേഷം എന്‍ കെ മൗലവി രണ്ട് വര്‍ഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിച്ച് ബിരുദം നേടി. നാല് സ്ഥാപനങ്ങളിലായി ഇരുപത്തഞ്ച് വര്‍ഷത്തോളം ദീര്‍ഘിച്ച മതപഠനം നടത്തിയ വിജ്ഞാനദാഹിയായിരുന്നു എന്‍ കെ മൗലവി. 

കൊടിയത്തൂരില്‍ നടന്ന ഇസ്സുദ്ദീന്‍ മൗലവിയുടെ പഞ്ചദിന മതപ്രഭാഷണമായിരുന്നു എന്‍.കെയെ ഇസ്‌ലാഹീ രംഗത്തെത്തിച്ചത്.

കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ രണ്ടാമതായി സ്ഥാപിച്ചത് കൊടിയത്തൂരിലെ സിറാജുല്‍ ഇസ്‌ലാം മദ്‌റസയായിരുന്നു. ഇവിടെ വിദ്യാര്‍ത്ഥിയാവാന്‍ ഭാഗ്യം സിദ്ധിച്ച എന്‍ കെ മൗലവിക്ക് നവോത്ഥാന മൂല്യങ്ങളെ അടുത്തറിയാന്‍ ഈ കാലഘട്ടം നിമിത്തമായി. മുസ്‌ലിം മതവിദ്യാഭ്യാസത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ മികച്ച രീതി ആവിഷ്‌കരിക്കാന്‍ സാധിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും എന്‍ കെ മൗലവിയെ ശക്തമായി സ്വാധീനിച്ചു.  

എന്‍ കെ മൗലവി തന്റെ ജന്മനാടായ ചേന്ദമംഗല്ലൂരിലും നവോത്ഥാന ആശയങ്ങളുടെ വ്യാപനത്തിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ നടത്തി. പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ എന്‍ വി അബ്ദുസ്സലാം മൗലവി, എ അലവി മൗലവി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എം ശൈഖ് മുഹമ്മദ് മൗലവി തുടങ്ങിയവരുടെ പ്രഭാഷണ പരിപാടികള്‍ക്ക് നിരവധി തവണ ചേന്ദമംഗല്ലൂര്‍ സാക്ഷിയായി. എന്‍ കെ മൗലവിയും കൂട്ടുകാരും നവാത്ഥാന സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 

കൊടിയത്തൂര്‍ പള്ളിദര്‍സിലും പ്രദേശത്തെ രണ്ട് മദ്‌റസകളിലും ഒരേ സമയം അധ്യാപനവൃത്തിയില്‍ മുഴുകിക്കൊണ്ടാണ് അദ്ദേഹം ജോലിക്ക് തുടക്കമിട്ടത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് സ്ഥാപിതമായപ്പോള്‍ അതിൻറെ അക്കൗണ്ടൻറായി എന്‍ കെ മൗലവി ചുമതലയേറ്റു. പിന്നീട് മദീനത്തില്‍ തന്നെ അധ്യാപകനായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ അധ്യാപകനായി നിയമിതനായി. എന്നാല്‍ ക്ഷയരോഗ ബാധയെ തുടര്‍ന്ന് മൗലവിക്ക് ജോലിയില്‍നിന്ന് പിരിയേണ്ടിവന്നു. അസുഖം ഭേദമായ ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഏതാനും വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
 
ചേന്ദമംഗല്ലൂര്‍ മഹല്ല് ഖാദിയായും ഒതയമംഗലം  ജുമുഅത്ത് പള്ളിയുടെ ഖതീബായും എന്‍ കെ മുഹമ്മദ് മൗലവി ദീര്‍ഘകാലം സേവനം ചെയ്തു. ഇതിനിടെ, കൊടിയത്തൂരിലും പുളിക്കലും മൗലവി ഖതീബായി സേവനമനുഷ്ഠിച്ചിരുന്നു. വളരെ സരളവും ചിന്തോദീപകവുമായിരുന്നു മൗലവിയുടെ പ്രസംഗങ്ങള്‍. 

ചേന്ദമംഗല്ലൂര്‍ സലഫി മസ്ജിദ്, അല്‍ ഇസ് ലാം മദ്‌റസ, ഗുഡ് ഹോപ് ഇംഗ്ലീഷ് സ്‌കൂള്‍, സലഫി കള്‍ച്ചറല്‍ സെൻറര്‍ തുടങ്ങി ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിലെ സംരംഭങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മൗലവിയുടെ സൗമ്യസാന്നിധ്യങ്ങളുണ്ടായിരുന്നു.  അത്യാകര്‍ഷണീയമായിരുന്നു അദ്ദേഹത്തിൻറെ പൊതുജീവിതം. നാട്ടിലെ വ്യത്യസ്ത ആദര്‍ശക്കാര്‍ക്ക് പോലും മൗലവി ഏറെ പ്രിയങ്കരനായിരുന്നു. 

മതത്തെ വിവാദങ്ങളില്‍ തളച്ചിടാന്‍ ഒരിക്കലും കൂട്ടാക്കാത്ത പണ്ഡിതനായിരുന്നു എന്‍ കെ മൗലവി. അഭിപ്രായ വ്യത്യാസങ്ങളെ പര്‍വതീകരിക്കുന്ന സാമുദായിക സമ്പ്രദായങ്ങളോടും രീതികളോടും  അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മാനവിക മൂല്യങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും അദ്ദേഹം വിലകല്‍പ്പിച്ചു. 

2005 ഫെബ്രുവരി 15 ന്  96-ാം വയസ്സില്‍ എന്‍ കെ മുഹമ്മദ് മൗലവി നിര്യാതനായി. 

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445