Skip to main content

കെ പി മുഹമ്മദ് മൗലവി

1982ല്‍ ഫറോക്കില്‍ വെച്ചു നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനെ റാബിത്വയുടെ പ്രതിനിധിയായി സമ്മേളനത്തിലേക്ക് നിയോഗിക്കാന്‍ ശ്രമമുണ്ടായി. അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്വീകരിക്കില്ലെന്നും കെ എന്‍ എം ജനറല്‍ സെക്രട്ടറിയും സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറുമായ കെ പി മുഹമ്മദ് മൗലവി നിലപാട് വ്യക്തമാക്കി. ഉടന്‍ വന്നു, ഖത്തറില്‍ നിന്നുള്ള ഒരു ശെയ്ഖിന്റെ താക്കീത്, അമീറിനെ സ്വീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന്.

അപ്പോഴാണ് കെ.പി മുഹമ്മദ് മൗലവിയുടെ തനിനിറം പ്രകടമായത്. 'അറബികളുടെ സഹായം കണ്ട് തുടങ്ങിയതല്ല കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം. അറബികള്‍ക്ക് എണ്ണ കിട്ടുന്നതിന് മുമ്പുതന്നെ കേരളത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം ഉണ്ടായിട്ടുണ്ട്.' കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലയും നിലപാടുമായിരുന്നു ആ മറുപടി.

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് ബഹുജനാടിത്തറയും ഓജസ്സും ഉണര്‍വുമേകി നയിച്ച മഹാനായിരുന്നു കെ പി മുഹമ്മദ് മൗലവി. മലപ്പുറം വളവന്നൂരില്‍ കരിങ്കപ്പാറ അഹ്മദ് മുസ്‌ല്യാരുടെയും കാരംകുന്നില്‍ ബീവി ഉമ്മയുടെയും മകനായി 1921ലാണ് കെ പി ജനിച്ചത്. സ്വദേശത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അദ്ദേഹം പള്ളി ദര്‍സിലൂടെയാണ് മത രംഗത്തെത്തുന്നത്. അഞ്ചാം വയസ്സില്‍ അനാഥനായ കെ പി യുടെബാല്യകൗമാരങ്ങള്‍ അമ്മാവന്മാരുടെ സംരക്ഷണത്തിലായിരുന്നു. പൊന്‍മുണ്ടം പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാവുന്നതിന്മുമ്പുതന്നെ വല്ലിപ്പയുടെ കീഴില്‍ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ ഓതാന്‍ പഠിച്ചു. പൊന്‍മുണ്ടം ജുമുഅത്ത് പള്ളി ദര്‍സില്‍ ബന്ധുകൂടിയായ പോട്ടച്ചോല സൈതാലി മുസ്‌ല്യാരുടെ കീഴില്‍ മത പഠനവും തുടര്‍ന്നു. അച്ചടക്കവും പ്രായത്തില്‍ കവിഞ്ഞ പക്വതയും അസാമാന്യ ഓര്‍മശക്തിയും മതഭക്തിയും കെ പി മുഹമ്മദ് എന്ന ബാലനെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കി.

1942ലാണ് വാഴക്കാട് ദാറുല്‍ഉലൂമില്‍ പഠനം ആരംഭിച്ചത്. ഗുരുനാഥനായിരുന്ന സൈതാലി  മുസ്‌ലിയാരുടെ പ്രേരണയില്‍ എടുത്ത ഈ തീരുമാനം മൗലവിയുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. 1946ല്‍ കോളെജിന്റെ പടിയിറങ്ങിയ സാരഥി എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടൊപ്പം അവിടം വിട്ടവരില്‍ കെ പിയുമുണ്ടായിരുന്നു.

തിരൂരങ്ങാടി തറമ്മല്‍ പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഉന്നത മതവിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠനം തുടര്‍ന്നു. ഈ സ്ഥാപനം പിന്നീട് മദീനത്തുല്‍ഉലൂം അറബിക് കോളേജായി പുളിക്കലേക്ക് മാറ്റിയപ്പോള്‍ കെ പി അങ്ങോട്ടും തന്റെ ഗുരുനാഥന്മാരെ അനുഗമിച്ചു. 1947ല്‍ മദീനത്തുല്‍ ഉലൂമില്‍ അധ്യാപകനായി. 1949ല്‍ എന്‍ വി അബ്ദുസ്സലാം മൗലവി പ്രത്യേകം താല്‍പര്യമെടുത്ത് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ അധ്യാപകനായി നിയോഗിച്ചു. 1964ല്‍ കെ പി സുല്ലമുസ്സലാമിന്റെ പ്രിന്‍സിപ്പലായി. 1982 മെയ് മാസത്തില്‍ വിരമിക്കുംവരെ സുല്ലമിനെ അദ്ദേഹം നയിച്ചു.

1971ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ സാരഥ്യം ഏറ്റെടുത്തു. പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയുടെയും പ്രതാപത്തിന്റെയുമൊക്കെ ശില്പിയായി കാല്‍നൂറ്റാണ്ട് കാലം ആ ദൗത്യം ഉത്തരവാദിത്തത്തോടെയും അര്‍പ്പണബോധത്തോടെയും നിര്‍വഹിച്ചു. പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി, കേരള അറബിക് പ്രചാര സഭ ജനറല്‍ സെക്രട്ടറി, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, അന്‍സ്വാറുല്ലാ സംഘം സാരഥി, 'അല്‍ ബുശ്‌റ' എഡിറ്റര്‍, കേരള ഹജ്ജ് കമ്മിറ്റി അംഗം, അല്‍മനാര്‍ എഡിറ്റര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ ജെ യു വൈസ് പ്രസിഡന്റ്, ജാമിഅ സലഫിയ്യ വൈസ് ചാന്‍സലര്‍ തുടങ്ങി മുഴുസമയവും കര്‍മനിരതനായിരുന്നു മൗലവി. 

വിഖ്യാതമായ, അമാനി മൗലവിയുടെഖുര്‍ആന്‍ വിവരണം, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവിയും കുഞ്ഞിമുഹമ്മദ് മദനിയും തയ്യാറാക്കിയ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ കെ പി യാണ്പരിശോധന നടത്തിയത്. കെ പി മുഹമ്മദ് മൗലവിയും മയ്യേരി കുഞ്ഞഹമ്മദ് കുട്ടി ഹാജിയും മറ്റും മുന്‍കയ്യെടുത്ത് 1947ലാണ് വളവന്നൂര്‍ അന്‍സ്വാറുല്ലാ സംഘത്തിന് രൂപം നല്കിയത്. കെ പി അതിന്റെ പ്രസിഡന്റായിരുന്നു. 1964 ജൂണ്‍ 21ന് സംഘത്തിന് കീഴില്‍സ്ഥാപിച്ച അന്‍സ്വാര്‍ അറബിക് കോളജ് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണിന്ന്. ഇതിന്റെ വളര്‍ച്ചക്ക് പിന്നില്‍ കെ പിയുടെ കഠിനാധ്വാനമാണ് നിറഞ്ഞ് നില്ക്കുന്നത്. സംഘവും കോളജും സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം വീടിനടുത്തായി സിറാജുല്‍ ഇസ്‌ലാം മദ്രസ്സ എന്ന പേരില്‍ മദ്രസ്സ അദ്ദേഹം സ്ഥാപിച്ചിരുന്നു.

കെപിയുടെ കാലത്താണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ റാബിത്വയില്‍ അംഗത്വം നേടുന്നത്. തിരുവനന്തപുരം പാളയം പള്ളിയില്‍ റബീഉല്‍ അവ്വലില്‍ മുസ്‌ലിം പണ്ഡിതരുടെ പ്രഭാഷണ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ 'നമ്മുടെ ആശയം പറയാനുള്ള ഒരവസരമായി ആ വേദിയെ കാണണമെന്ന്' ഡോ. ഹുസൈന്‍ മടവൂരിനോട് നിര്‍ദ്ദേശിക്കുകയാണ് കെ.പി ചെയ്തത്. വ്യത്യസ്ഥ കഴിവുകളുടെ ഉടമയും കുസൃതി ക്കാരനുമായിരുന്ന തന്റെ ശിഷ്യന്‍ മുഹമ്മദില്‍ കെ കെ മുഹമ്മദ് സുല്ലമി എന്ന പ്രഗത്ഭനായ പണ്ഡിതനെ കണ്ടെത്തിയതും അദ്ദേഹമായിരുന്നു.
 
ആദര്‍ശപ്രബോധനരംഗത്ത് വ്യത്യസ്ഥമായ രചനയിലൂടെ ഏറെ സംഭാവനകളര്‍പ്പിച്ച തൂലികയുടെ ഉടമസ്ഥന്‍ ഇ കെ എം പന്നൂരിനെ, ഹിന്ദി അധ്യാപകനായ മായിന്‍ മാസ്റ്ററില്‍ നിന്നും വാര്‍ത്തെടുത്തതും മൗലവി തന്നെ. 'അല്‍മനാര്‍' മാസികയിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യാന്‍ വരെ ശിഷ്യനായ അബ്ദുസ്സലാം സുല്ലമിയെ മൗലവി ഒരിക്കല്‍ ഏല്പ്പിച്ചിട്ടുണ്ട്. ഒരു നേതാവിന്റെ ആര്‍ജ്ജവം കെ പിയില്‍ പ്രകടമായ മറ്റൊരു അവസരമായിരുന്നു ഗള്‍ഫ് യുദ്ധവേള. കെ പിയുടെ പ്രസ്താവന പത്രങ്ങളില്‍ വന്നു: സദ്ദാം അക്രമി! പലരും ഞെട്ടി.

ഇബാദത്തും ഇത്വാഅത്തും, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍, തവസ്സുലും ഇസ്തിഗാസയും, സൂഫിസം, എ പി അബ്ദുല്‍ ഖാദര്‍ മൗലവിയോടൊപ്പം എഴുതിയ 'തഖ്‌ലീദ് ഒരു പഠനം' തുടങ്ങിയവയാണ് കെ പിയുടെ പുസ്തകങ്ങള്‍. 

പൊട്ടച്ചിറ ഫാത്വിമക്കുട്ടിയാണ് ഭാര്യ. സല്‍മ ഏക മകളാണ്. എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് എം അഹ്മദ് സഈദ് ആണ് മരുമകന്‍. 1996 ജനുവരി 26ന് ഈ ലോകത്തോട് വിടവാങ്ങി.
 

Feedback